

‘ഒരു സത്യൻ അന്തിക്കാടൻ സ്റ്റൈൽ പ്രേതപ്പടം...’ നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘സർവ്വം മായ’ എന്ന സിനിമയുടെ പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നത് ഇത്തരമൊരു സിനിമയാണ്. ചിരിയും തമാശകളും, അൽപ്പം ഇമോഷണൽ നിമിഷങ്ങളും, എല്ലാം ചേർന്ന ഒരു മനോഹരമായ ഫീൽ-ഗുഡ് ഡ്രാമ. പിന്നീട് പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ബി.ടി.എസ്. വീഡിയോയുമെല്ലാം ഈ പ്രതീക്ഷ ഉറപ്പിക്കുന്നവ തന്നെയാണ്. ക്രിസ്മസ് റിലീസായി എത്തുന്ന സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു സംവിധായകൻ അഖിൽ സത്യൻ.
റിയലിസ്റ്റിക് പ്രേതപ്പടം
ഈ സിനിമയിൽ ഒരു പ്രേതമുണ്ട്. ആ പ്രേതം തന്നെയാണ് ഈ സിനിമയുടെ കാതൽ. എന്നാൽ ഒരു പോയിന്റിന് ശേഷം ആ പ്രേതത്തെ പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ സാധിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അമാനുഷിക സിദ്ധികളും ചോരകുടിയും ഒന്നുമില്ലാത്ത, നമ്മളെ പോലെ സംസാരിക്കുന്ന, പെരുമാറുന്ന ഒരു പ്രേതത്തെ ഒരുക്കുവാനാണ് ശ്രമിച്ചത്. ആ ശ്രമത്തിനിടയിൽ കുറേയധികം സിനിമാറ്റിക് ക്ലിഷേകൾ ഒഴിവായി. ഒരുപക്ഷേ മലയാള സിനിമയിലെ ഏറ്റവും റിയലിസ്റ്റിക് പ്രേതം ഇതായിരിക്കും. വളരെ റിയലിസ്റ്റിക് ആയതും, എന്നാൽ കുഞ്ഞുകുഞ്ഞു കൗതുകങ്ങൾ ഒളിപ്പിച്ചുവെച്ചതുമായ പ്രേതം — അതുതന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. അതിനൊപ്പം നിവിനും കൂടി വരുമ്പോൾ അതിന് മധുരം കൂടും.
നിവിൻ സോൺ ചിത്രം
നിവിൻ ആയാലും ഫഹദ് ആയാലും ‘ബോയ് നെക്സ്റ്റ് ഡോർ’ ആയി വരുന്നതാണ് എനിക്ക് ഇഷ്ടം. അത്തരം നായകന്മാരെ ഒരുക്കാനാണ് ഞാൻ ശ്രമിക്കുന്നതും. റിവഞ്ച് എടുക്കുന്നതോ വയലൻസ് കാണിക്കുന്നതോ ആയ നായകന്മാരെ ഒരുക്കാൻ എനിക്ക് സാധിക്കില്ല. ഞാൻ ആയാലും അനൂപ് ആയാലും അച്ഛൻ ആയാലും ചിന്തിക്കുന്നത് സാധാരണക്കാർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളെയാണ്. നിവിന്റെ അത്തരമൊരു വേർഷൻ തന്നെയാണ് ‘സർവ്വം മായ’യിൽ കാണാൻ കഴിയുക.
ഹ്യൂമറിൽ നിവിനെ വെല്ലാൻ ആരുമില്ല
അച്ഛനൊപ്പം വർക്ക് ചെയ്തത് ഉൾപ്പെടെ 15 വർഷങ്ങളായി ഞാൻ മലയാള സിനിമയുടെ ഭാഗമാണ്. ഈ കാലയളവിൽ ലാൽ സാറും നെടുമുടി വേണു അങ്കിളും ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഞാൻ വർക്ക് ചെയ്തിട്ടുള്ളവരിൽ ഏറ്റവും എഫോർട്ട്ലെസായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ ലാൽ സാർ തന്നെയാണ്. അതിൽ ഒരു സംശയവും വേണ്ട. ഈ പുതിയ തലമുറയിൽ അത്തരം ഒരു അനായാസത കണ്ടത് നിവിനിലാണ്. അത് ഒരു അനുഗ്രഹമാണ്. ഒരിക്കലും ലാൽ സാറുമായി താരതമ്യം ചെയ്യുകയല്ല, എന്നാലും പുതിയ തലമുറയിൽ ലാൽ സാറിനെപോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ നിവിൻ തന്നെയാണ്. അദ്ദേഹം ഒരു അണ്ടർറേറ്റഡ് ആക്ടറാണ്.
‘ഇമോഷണൽ രംഗങ്ങൾ അവതരിപ്പിക്കാൻ എളുപ്പമാണ്, എന്നാൽ ഡയലോഗുകളില്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുക പ്രയാസമാണ്’ എന്ന് ലാൽ സാർ ഒരിക്കൽ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്ന നടനാണ് നിവിൻ.
ഇപ്പോൾ ഞാനൊരു നിവിൻ ഫാൻ
ഒരാളോടൊപ്പം വർക്ക് ചെയ്യുമ്പോൾ അത് ജോലിയായി അനുഭവപ്പെടുന്നില്ലെങ്കിൽ, അതിൽപ്പരം നല്ല കാര്യം മറ്റെന്തുണ്ട്. അതിനാൽ അത് വീണ്ടും വീണ്ടും ആവർത്തിക്കാൻ നമുക്ക് തോന്നും. ജൂൺ ഒന്നിനാണ് ‘സർവ്വം മായ’യുടെ ചിത്രീകരണം ആരംഭിച്ചത്. ഡിസംബർ ആയപ്പോഴേക്കും ചിത്രം റിലീസ് ചെയ്യുകയാണ്. ഞങ്ങൾ അറിഞ്ഞിട്ടുപോലുമില്ല — അത്രത്തോളം ഹാപ്പിയായി ഈ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞു. ഞാനും നിവിനും ഈ പ്രോസസ് ഏറെ എൻജോയ് ചെയ്തിട്ടുണ്ട്.
എന്റെയും നിവിന്റെയും ഓർമ്മയിൽ ഇത്രത്തോളം സന്തോഷമായി ചെയ്ത മറ്റൊരു സിനിമയില്ല. ഷൂട്ട് കഴിഞ്ഞപ്പോൾ ലൈറ്റ് ബോയ്സ് ഉൾപ്പെടെ മുഴുവൻ ക്രൂവും സിനിമ തീർന്നതിന്റെ ദുഖത്തിലായി. അവർക്കും ഇത് സ്വന്തം സിനിമ പോലെയായിരുന്നു. ആ കംഫർട്ട് ഉള്ളതുകൊണ്ടുതന്നെ ഇപ്പോൾ എന്ത് കഥ എഴുതിയാലും നായകനായി നിവിന്റെ മുഖമാണ് മനസ്സിൽ വരുന്നത്. ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാനാണ്.
സർവ്വം മായയുടെ ക്വാളിറ്റിയിൽ വിശ്വാസമുണ്ട്
ഈ സിനിമ എട്ട് ഷെഡ്യൂളുകളായാണ് പൂർത്തിയായത്. ചിത്രത്തിലെ ഗാനങ്ങളുടെ ചിത്രീകരണത്തിന് സമയം കുറച്ച് ചെലവഴിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്ര വേഗം ഈ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞത്. ടെക്‌നിക്കലി കുറച്ച് ബുദ്ധിമുട്ടി തന്നെയാണ് ‘സർവ്വം മായ’ ഒരുക്കിയിരിക്കുന്നത്. നിവിന്റെയും അജുവിന്റെയും ഗ്രാമീണ സിനിമ എന്ന് തോന്നുമെങ്കിലും ഇത് സഞ്ചരിക്കുന്നത് വലിയൊരു ഏരിയയിലൂടെയാണ്. ഒരുപാട് സെറ്റുകൾ ഒരുക്കേണ്ടി വന്നു. സിനിമയിൽ നിങ്ങൾ കാണാൻ പോകുന്ന പലതും സെറ്റാണ്. ഒരു ഫീൽ-ഗുഡ് സിനിമയാണെങ്കിലും എഫോർട്ടും പണവും ചെലവഴിച്ചിട്ടുള്ള സിനിമ തന്നെയാണ് ‘സർവ്വം മായ’. ഈ സിനിമയുടെ ക്വാളിറ്റിയിൽ എനിക്ക് നല്ല വിശ്വാസമുണ്ട്.
പേടിക്കാതെ കാണാൻ പറ്റുന്ന ഹൊറർ സിനിമ
ആളുകളെ പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല ‘സർവ്വം മായ’. കുട്ടികൾക്ക് കാണാൻ കഴിയുന്ന പ്രേതപ്പടമാണ്. ഞാൻ അങ്ങനെ ഹൊറർ പടം കാണുന്ന ആളല്ല. പണ്ട് ‘കോൺജ്യൂറിംഗ്’ എന്ന സിനിമ തിയറ്ററിൽ പോയി കണ്ടതാണ്. പിന്നീട് ഒരു ഹൊറർ പടം പോലും കാണാൻ പോയിട്ടില്ല. വീട്ടിൽ വെച്ചാൽ പോലും ഞാൻ കണ്ണടച്ച് ഇരിക്കും. അങ്ങനെയുള്ള ഞാൻ ഒരു സിനിമ ചെയ്യുമ്പോൾ പേടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യില്ലല്ലോ.
‘സർവ്വം മായ’യിലേക്ക് എത്തിയ വഴി
ബഷീറിന്റെ കഥകൾ വായിക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് ഞാൻ. ഭാർഗ്ഗവീനിലയം എഴുതുവാൻ അദ്ദേഹത്തിന് പ്രചോദനമായത് ഒരു ചെറുകഥയാണ് എന്ന് ഒരു ആർട്ടിക്കിളിൽ ഞാൻ വായിച്ചു. അത് തേടി പോകുകയും ആ ചെറുകഥ എനിക്ക് ഇഷ്ടമാവുകയും ചെയ്തു. അതിൽ വളരെ സോഫ്റ്റായ ഒരു പ്രേതത്തെയാണ് കാണാൻ കഴിയുക. അത് എനിക്ക് വർക്ക് ആയി.
ഞാനും അനൂപും സിനിമ എടുത്താൽ ‘നന്മ’ എന്ന് ട്രോളുമല്ലോ. അതുകൊണ്ട് ആളുകളെ ഒന്ന് പറ്റിക്കാൻ വേണ്ടിയും കൊണ്ടുവന്നതാണ് ഈ പ്രേതം എന്ന എലമെന്റ്. സത്യത്തിൽ നന്മ തന്നെയാണ് ഈ സിനിമയിലും കാണാൻ കഴിയുക; അതിന് ഈ ഫ്ലേവർ കൂടി ചേർത്തു എന്ന് മാത്രം.
ഫീൽ-ഗുഡ് സിനിമകളാണ് ഇഷ്ടം
‘FEEL GOOD’ — ആ പേര് തന്നെ നോക്കിയാൽ പോരെ. അത് ആർക്കാണ് ഇഷ്ടമല്ലാത്തത്? എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ട് ഫീൽ-ഗുഡ് സിനിമ ചെയ്യുവാനാണ്. അതിന്റെ എഴുത്തിൽ ഏറെ സമയം ചെലവഴിക്കണം. അത് രസകരമായി ചെയ്യുന്നവരോട് എനിക്ക് വലിയ ബഹുമാനമാണ്.
NEVER SEEN BEFORE അജു വർഗീസ്
അജുവിനെ ഈ സിനിമയിൽ കാസ്റ്റ് ചെയ്യാൻ കാരണം നിവിനാണ്. ആ കാസ്റ്റിംഗ് ഗംഭീരമാവുകയും ചെയ്തു. ഇതുവരെ കാണാത്ത ഒരു അജുവിനെ ഈ സിനിമയിൽ നിങ്ങൾക്ക് കാണാൻ കഴിയും. നെടുമുടി അങ്കിള്‍ ഒക്കെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടെ ഒരു ഫ്ലേവർ എനിക്ക് അനുഭവപ്പെട്ടു.
തട്ടത്തിൻ മറയത്ത് നിങ്ങൾ കണ്ടിട്ടുള്ള നിവിനും അജുവുമല്ല, ഒരു പുതിയ നിവിനും അജുവുമായിരിക്കും ഈ സിനിമയിൽ കാണാൻ കഴിയുക.
നിവിൻ പോളി – ജനാർദ്ദനൻ കോംബോ
ഒരു സിനിമയിൽ സഹതാരങ്ങളാണ് നായകന്റെ പെർഫോമൻസിനെ ബൂസ്റ്റ് ചെയ്യുന്നത്. ഇപ്പോഴുള്ള പല സിനിമകളിലും നായകന്റെ സമപ്രായക്കാരാണ് ഒപ്പമുണ്ടാകുന്നത്. അത് ഒന്ന് ബ്രേക്ക് ചെയ്യണം എന്ന് കരുതിയാണ് ജനാർദ്ദനൻ അങ്കിളിനെ കാസ്റ്റ് ചെയ്തത്. നിവിനെ പോലെ ഈക്വലി ഹ്യൂമർ ചെയ്യുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. ആ കോംബോ വർക്ക് ആകുമെന്നാണ് എന്റെ വിശ്വാസം.
ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയ ശേഷം ഞാൻ അച്ഛന് വായിക്കാൻ കൊടുത്തിരുന്നു. ഈ കഥാപാത്രം ജനാർദ്ദനൻ അങ്കിളാണ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ, ‘കൊള്ളാല്ലോ, എന്നാൽ ഞാനും ഒരു വേഷം ചെയ്യിപ്പിക്കട്ടെ’ എന്ന് പറഞ്ഞാണ് ഹൃദയപൂർവ്വം അദ്ദേഹത്തെ കാസ്റ്റ് ചെയ്തത്.
പ്രീതിയിലേക്ക്
‘സർവ്വം മായ’യിലെ നായികയായി മലയാളത്തിൽ അങ്ങനെ കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു മുഖം വേണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പ്രീതിയിലേക്ക് എത്തുന്നത്. ഈ സിനിമയിൽ ഡാൻസിനൊക്കെ പ്രാധാന്യമുണ്ട്. പ്രീതി അതിഗംഭീരമായി തന്നെ അതൊക്കെ ചെയ്തിട്ടുണ്ട്.
സിങ്ക് സൗണ്ടിൽ ഒരു പ്രേത സിനിമ
സിങ്ക് സൗണ്ട് എന്നത് സിനിമയെ തന്നെ അപ്പ്ലിഫ്റ്റ് ചെയ്യുന്ന ഒരു എലമെന്റാണ്. സാങ്കേതികമായി ഇത്രത്തോളം വളർന്നിട്ടും, ഇപ്പോഴും ഡബ്ബിങ്ങിൽ കുടുങ്ങി കിടക്കുന്ന സിനിമയെ അടുത്ത ഡൈമെൻഷനിലേക്ക് ഉയർത്താൻ സിങ്ക് സൗണ്ടിന് സാധിക്കും.
പണ്ടത്തെ കാലത്ത് ടേപ്പിൽ റെക്കോർഡ് ചെയ്തുകൊണ്ട് സിങ്ക് സൗണ്ട് ചെയ്തിരുന്നു. പിന്നീട് എളുപ്പമാർഗം എന്ന നിലയിൽ അത് ഡബ്ബിങ്ങിലേക്ക് മാറിയതാണ്. സിങ്ക് സൗണ്ട് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത് ചെയ്തു കഴിഞ്ഞാൽ സിനിമയ്ക്ക് മറ്റൊരു ഡൈമെൻഷൻ നൽകും. അധികം അഭിനയിച്ച് ശീലമില്ലാത്ത ആളുകൾ അഭിനയിക്കുമ്പോഴൊക്കെ ഇത് ഗുണം ചെയ്യും.
‘സർവ്വം മായ’യിലേക്ക് വന്നാൽ, ഒരു പുതിയ ആളാണ് ഈ സിനിമയിൽ പ്രേതമായി വന്നിരിക്കുന്നത്. സിങ്ക് സൗണ്ട് ചെയ്തതിലൂടെ ഒരു കലർപ്പുമില്ലാതെ, ആ വ്യക്തിയുടെ ഏറ്റവും നല്ല വേർഷൻ ഞങ്ങൾക്ക് ലഭിച്ചു.
ധൈര്യമായി ടിക്കറ്റ് എടുക്കാം
‘ഇന്ന് വൈകിട്ട് ഒരു സിനിമയ്ക്ക് പോയാലോ?’ എന്ന് ചോദ്യം വരുമ്പോൾ, ‘എന്നാൽ സർവ്വം മായയ്ക്ക് പോകാം’ എന്ന് പ്രേക്ഷകർ പറയുന്നത് കേൾക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഇത് എന്നാണ് വിശ്വാസം.
നിവിനുമായും കഥ തുടരും…
നിവിനൊപ്പമുള്ള പ്രോജക്ടുകൾ മാത്രമാണ് ഇപ്പോൾ ആലോചനയിൽ ഉള്ളത്. അത് അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ്. ഞാനും അൽതാഫ് സലീമും ചേർന്ന് ഒരു സിനിമയുടെ ചർച്ചയിലാണ്. അതും ഒരു എന്റർടെയ്നിങ് സിനിമയായിരിക്കും.