
കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
മൂന്നുവര്‍ഷം കൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍ പുറത്തിറങ്ങുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് ശശി തരൂര്‍ പറഞ്ഞത്.
നേരത്തെ കെ-റെയിലിനെ പിന്തുണച്ച തരൂരിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നിലപാട് മാറ്റം.
കെ-റെയിലിനെ പിന്തുണച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
വന്ദേഭാരത് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു.
ശശി തരൂര്‍ പറഞ്ഞത്
ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം.