

എസ്‌ഐആര്‍ വിവാദങ്ങള്‍ക്കിടെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തിലേക്ക്. 90 സീറ്റുകളില്‍ മുന്നേറ്റം നടത്തി ബിജെപിയും 84 സീറ്റുകളില്‍ നേട്ടവുമായി ജെഡിയുവും എന്‍ഡിഎ വിജയത്തില്‍ തുല്യ പങ്കു വഹിച്ചു. 2020ല്‍ 75 സീറ്റുകളില്‍ വിജയിച്ച രാഷ്ട്രീയ ജനതാദള്‍ 25 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. 19 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് 6 സീറ്റുകളിലേക്ക് ചുരുങ്ങി. ഏറ്റവും ഒടുവിലെ കണക്കുകള്‍ അനുസരിച്ച് 202 സീറ്റുകളില്‍ എന്‍ഡിഎ മുന്നണി മുന്നേറുമ്പോള്‍ 35 സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന് ലീഡ് ചെയ്യാന്‍ സാധിക്കുന്നുള്ളു. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ എന്‍ഡിഎ കേവല ഭൂരിപക്ഷം സീറ്റുകളില്‍ ലീഡ് നേടിയിരുന്നു. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്.
മഹാസഖ്യത്തില്‍ ആര്‍ജെഡി 143 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 61 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇടതു പാര്‍ട്ടികള്‍ക്കും മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കുമായാണ് മറ്റു സീറ്റുകള്‍ പകുത്ത് നല്‍കിയത്. എന്‍ഡിഎയില്‍ ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിച്ചു. 2020ല്‍ 75 സീറ്റില്‍ വിജയിച്ച ബിജെപി 43 സീറ്റുകള്‍ നേടിയ ജെഡിയുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയായിരുന്നു. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയായത്. നിതീഷിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കുമെന്നാണ് സൂചനകള്‍.
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ മഹാസഖ്യം രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര നടത്തി വലിയ മുന്നേറ്റം നടത്തിയിരുന്നു. 1300 കിലോമീറ്ററാണ് യാത്രയില്‍ രാഹുല്‍ പിന്നിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ബിഹാറില്‍ എസ്‌ഐആര്‍ നടത്തിയതും 65 ലക്ഷത്തോളം വോട്ടുകള്‍ ഇല്ലാതായതും കോണ്‍ഗ്രസും മഹാസഖ്യവും ചര്‍ച്ചയാക്കി. എങ്കിലും വോട്ടില്‍ അതൊന്നും പ്രതിഫലിച്ചില്ലെന്നതാണ് വാസ്തവം.
ബിഹാറില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധത്തില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. 71.78 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന വഴി 25 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നിതീഷ് സര്‍ക്കാര്‍ നല്‍കിയ 10000 രൂപ ഫലം കണ്ടു. 2010ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ആര്‍ജെഡി നേരിട്ടത്. ഒരു ഘട്ടത്തില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സ്വന്തം മണ്ഡലത്തില്‍ പിന്നോട്ട് പോയിരുന്നു. 2020ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡിക്ക് കോണ്‍ഗ്രസ് തളര്‍ന്നതുകൊണ്ടായിരുന്നു അധികാരത്തില്‍ എത്താന്‍ കഴിയാതെ പോയത്. അതേസമയം 22.84 ശതമാനം വോട്ടുകള്‍ നേടിക്കൊണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, ജെഡിയു എന്നിവയേക്കാള്‍ വോട്ട് വിഹിതം നേടാന്‍ ആര്‍ജെഡിക്ക് കഴിഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ വീഴ്ചയുണ്ടായത്. രണ്ടക്കം പോലും തികക്കാന്‍ കഴിയാത്ത വിധത്തില്‍ കോണ്‍ഗ്രസ് തളര്‍ന്നു. രാഹുല്‍ ഗാന്ധി വോട്ടര്‍ അധികാര്‍ യാത്ര നടത്തിയ മണ്ഡലങ്ങളില്‍ പോലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വളരെ ഗുരുതരമായ ആരോപണങ്ങള്‍ ബിജെപിക്ക് എതിരെ കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും അവ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസിന് വിശദമായ അപഗ്രഥനം നടത്തേണ്ടി വരും.