സിനിമാപ്രേമികള്‍ക്ക് സൗകര്യമുള്ളിടത്തേക്ക് മേള മാറ്റുന്നുവെന്നേയുള്ളൂ, ജനപ്രതിനിധികളുടെ പ്രാദേശികവാദം അപകടകരം: കമല്‍ അഭിമുഖം |IFFK 2020
kamal director

സിനിമാപ്രേമികള്‍ക്ക് സൗകര്യമുള്ളിടത്തേക്ക് മേള മാറ്റുന്നുവെന്നേയുള്ളൂ, ജനപ്രതിനിധികളുടെ പ്രാദേശികവാദം അപകടകരം: കമല്‍ അഭിമുഖം |IFFK 2020

Summary

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാല് മേഖലകളിലായി തിരിച്ച് തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലായി നടത്താനുള്ള തീരുമാനം വിവാദമായിരിക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമല്‍ ദ ക്യുവിനോട് സംസാരിക്കുന്നു.

Q

ഐ.എഫ്.എഫ്.കെ നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം വിവാദമായിരിക്കുകയാണല്ലോ, കൊവിഡ് നിയന്ത്രണം അല്ലാതെ നാല് ജില്ലകളില്‍ മേള നടത്താന്‍ തീരുമാനിച്ചതിന് വേറെ കാരണങ്ങളുണ്ടോ?

A

ഏറ്റവും പ്രധാനപ്പെട്ട കാരണം കോവിഡ് തന്നെയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര മേള നടത്താനാകില്ല എന്നൊരാശങ്ക ഉണ്ടായിരുന്നു. 2020 ഡിസംബറിലായിരുന്നു മേള നടത്തേണ്ടത് ആ സമയത്ത് കോവിഡ് വ്യാപനം കൂടുതലായിരുന്നു. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പും വളരെയടുത്തായിരുന്നു. ഈ വര്‍ഷം അതായത് 2021ല്‍ മേള നടത്തുകയാണെങ്കില്‍ ഓണ്‍ലൈന്‍ ആയി നടത്താനായിരുന്നു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഓണ്‍ലൈനായി ഫെസ്റ്റിവല്‍ നടത്തുന്നത് പ്രായോഗികമാവില്ല. പല ആള്‍ക്കാരുമായി ചര്‍ച്ച ചെയ്തപ്പോള്‍ സിനിമ ഫെസ്റ്റിവലിന് വിട്ട് തരാന്‍ ആരും തയ്യാറല്ല. മറ്റു രാജ്യങ്ങളില്‍ ഉള്ള മുന്‍നിര സംവിധായകരൊന്നും സിനിമ തരില്ല. അവര്‍ക്കെല്ലാവര്‍ക്കും പൈറസിയെക്കുറിച്ച് ആശങ്കയുണ്ട്. പൈറസിയുടെ കാര്യത്തില്‍ ഒരു ഗാരന്റി കൊടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുമായിരുന്നില്ല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പൈറസിയുടെ പ്രശ്നം എങ്ങനെ മറികടക്കാനാകും എന്നറിയാത്തത് കൊണ്ട് തന്നെ ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ അപ്രായോഗികമായി തോന്നി. പിന്നെ എങ്ങനെ നടത്തുമെന്ന ചിന്തയുടെ ഭാഗമായിട്ടാണ് ഫെബ്രുവരിയില്‍ നടത്താം എന്നാദ്യം തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് നാല് തീയറ്ററിലായി നടത്താമെന്നും ഒരേ സിനിമകള്‍ തന്നെ നാല് തിയറ്ററിലും കാണിക്കാമെന്നുമുള്ള പ്രപ്പോസലുമായി സാംസ്‌കാരിക വകുപ്പ് മന്ത്രിയെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് നാല് മേഖല എന്ന പ്രൊപ്പോസല്‍ വരുന്നത്. മുഖ്യമന്ത്രിയോട് അദ്ദേഹം തന്നെ നാല് സ്ഥലത്ത് നടത്തുന്നതിനെപ്പറ്റി പെര്‍മിഷന്‍ ചോദിച്ചു. മുഖ്യമന്ത്രിക്ക് ആ കാര്യത്തില്‍ വിരോധമുണ്ടായിരുന്നില്ല. ആദ്ദേഹവും പറഞ്ഞത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ക്രൗഡ് ഉണ്ടാകാന്‍ പാടില്ല, ആള്‍ക്കൂട്ടം ഉണ്ടാകുന്ന ഒരു പരിപാടിയും പാടില്ല എന്നാണ്. നമുക്കാറിയാവുന്നത് പോലെ തന്നെ ഐഎഫ്എഫ്കെ എന്ന് പറയുന്നത് ആള്‍ക്കൂട്ടത്തിന്റെ മേളയാണ്. ഈ പറയുന്ന ആള്‍ക്കാര്‍ എന്തു തന്നെ പറഞ്ഞാലും ആള്‍ക്കൂട്ടത്തെ ഒഴിവാക്കി ഒരു മേള നടത്താന്‍ സാധിക്കില്ല. തിരുവനന്തപുരമല്ല എവിടെയും പറ്റില്ല. അതുകൊണ്ട് സ്വാഭാവികമായും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇതു മാത്രമാണ് ഒരു മാര്‍ഗം. നാല് സ്ഥലത്തായി നടക്കുമ്പോള്‍ നാല് ഇടങ്ങളിലേക്ക് ആളുകള്‍ ഡിവൈഡ് ചെയ്ത് പോകും എന്നുള്ള കൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. അതിന്റെ ഭാഗമായിട്ട് ഓരോ റീജിയനില്‍ നിന്നുമുള്ളവര്‍ അവരവരുടെ മേഖലയില്‍ രജിസ്റ്റര്‍ ചെയ്യുകയും സിനിമകള്‍ കാണുകയും ചെയ്യണം എന്ന് ഞങ്ങള്‍ റിക്വസ്റ്റ് ചെയ്യുന്നത്. മേഖലകള്‍ മാറിയുള്ള രജിസ്ട്രേഷന്‍ പ്രോത്സാഹിപ്പിക്കുകയോ അനുവദിക്കുകയോ ഇല്ല. രജിസ്റ്റ്രേഷന്റെ കണക്കും കാര്യങ്ങളും നോക്കി അതും തീരുമാനിക്കും.

Q

തിരുവന്തപുരം എംപി ശശി തരൂരും ശബരിനാഥന്‍ എം.എല്‍.എയുമെല്ലാം എതിര്‍പ്പറിയിച്ചു. ചലച്ചിത്രമേളയെ നാട് കടത്തുന്നു എന്ന് പരാതിയും പാരമ്പര്യം ഇല്ലാതാക്കുന്നുവെന്ന ആരോപണവും വരുന്നു. അതിനെ എങ്ങനെ കാണുന്നു?

A

ഞാന്‍ ആദ്യം മനസ്സിലാക്കിയത് അവര്‍ ഒരു തെറ്റിദ്ധാരണയുടെ ഭാഗമായിട്ടാണ് പറയുന്നത് എന്നാണ്. പക്ഷെ അവരത് ആവര്‍ത്തിക്കുമ്പോള്‍ പല രീതിയിലുള്ള സംശയങ്ങള്‍ എനിക്ക് തോന്നുന്നുണ്ട്. രാഷ്ടീയപരമായ പ്രതികരണമാണോ അത് എന്ന് സംശയിക്കുന്നു്. അത് നമ്മുടെ വിഷയമല്ലാത്തത് കൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല. തിരുവനന്തപുരത്ത് നിന്ന് ഈ മേള എന്നെന്നേക്കുമായി വേറെ സ്ഥലത്തേക്ക് പോകുന്നു എന്ന രീതിയില്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. രണ്ട് കാരണങ്ങളാല്‍ നമുക്ക് തിരുവനന്തപുരത്ത് നിന്ന് മേള എന്നന്നേക്കുമായി മാറ്റാന്‍ പറ്റില്ല. ഒന്ന് സാംസ്‌കാരിക മന്ത്രി തന്നെ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ കൃത്യമായി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. അടുത്ത തവണ മുതല്‍ മേള തിരുവനന്തപുരത്ത തന്നെയായിരിക്കും എന്ന്. അതാണ് സര്‍ക്കാരിന്റെ തീരുമാനം. മറ്റൊന്ന് 'fiapf' എന്ന അന്താരാഷ്ട്ര സംഘടനയുണ്ട്, അതില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫെസ്റ്റിവല്‍സാണ് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളായ കാന്‍, ബെര്‍ലിന്‍ എന്നിവ. കൂടാതെ ഇന്ത്യയുടെ ഐഎഫ്എഫ്‌ഐയും നമ്മുടെ ഐഎഫ്എഫ്കെയും 'fiapf' ന്റെ ഭാഗം തന്നെയാണ്. 'ഫിയാഫ്‌ന്റെ നിയമത്തില്‍ അവര്‍ വ്യക്തമായി പറയുന്ന കാര്യമാണ് മേളകള്‍ക്ക് ഒരു സ്ഥിരം വേദി ഉണ്ടായിരിക്കണം എന്നത്. എല്ലാവര്‍്ക്കും അറിയുന്നപോലെ ഐഎഫ്എഫ്കെ ആദ്യം നടക്കുന്നത് കോഴിക്കോടായിരുന്നു് അതുകഴിഞ്ഞ് എറണാകുളത്ത് വന്നു, പിന്നീടാണ് തിരുവന്തപുരത്ത് വരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായിരിക്കുന്ന കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് മേള സ്ഥിരമാകുന്നത്. അന്ന് ഞാന്‍ ചലച്ചിത്ര അക്കാഡമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് മെംമ്പര്‍ കൂടിയായിരുന്നു. ഞങ്ങളുടെ അന്നത്തെ കമ്മിറ്റിയെടുത്ത തീരുമാനമാണ് ഐഎഫ്എഫ്കെ സ്ഥിരം വേദി തിരുവനന്തപുരമാണ് എന്നുള്ളത്. ശബരിനാഥന്റെ അച്ഛന്‍ ജി.കാര്‍ത്തികേയനായിരുന്നു അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി. അന്ന് അതിനെ അനുകൂലിച്ച ആള്‍ക്കാരാണ് ഞാനും ബീനാ പോളുമെല്ലാം. അതുകൊണ്ട് അങ്ങനെ ഒരു തീരുമാനത്തെ അട്ടിമറിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. സര്‍ക്കാരിനും അതിന്റേതായ യാതൊരു ആവശ്യവുമില്ല. കാരണം സര്‍ക്കാരിന്റെ സ്ഥിരം സംവിധാനങ്ങളിലൂടെയാണ് ഈ മേള നടക്കുന്നത്. ഇത് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊരു താല്‍പര്യവുമില്ല അതുകൊണ്ട് യാതൊരു നേട്ടവുമില്ല. തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത് അടുത്ത വര്‍ഷം മുതല്‍ മേള തിരുവനന്തപുരത്ത് തന്നെ തുടരും.

ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം ഞങ്ങള്‍ ഫിയാഫിന് എഴുതിയിരുന്നു. അവര്‍ ഈ പ്രത്യേക സാഹചര്യത്തില്‍ ഈ വര്‍ഷം മാത്രം മേള ഇങ്ങനെ നടത്താന്‍ അനുമതി തരികയും മേളയുടെ തലസ്ഥാനം തിരുവനന്തപുരം തന്നെയായിരിക്കണം എന്ന പ്രത്യക നിര്‍ദേശവും നല്‍കി. ഇതുപോലൊരു സാഹചര്യത്തിലല്ലാതെ മേള മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ ഫിയാഫ് അംഗീകാരം നഷ്ടപ്പെടും. അവരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഞങ്ങള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. എല്ലാത്തിലും രാഷ്ട്രീയം ആരോപിക്കുന്നവരോട് ഒന്നും പറയാനില്ല. ഏത് രീതിയിലാണ് ഈ കാര്യത്തില്‍ രാഷ്ട്രീയം കാണുന്നതെന്ന് എനിക്കും മനസ്സിലാകുന്നില്ല. ഇത് ഭയങ്കരമായ ജനകീയ പരിപാടിയൊന്നുമല്ലല്ലോ. ചലച്ചിത്ര പ്രേമികള്‍ മാത്രമാണ് പങ്കെടുക്കുന്നത്. അവര്‍ക്കു കൂടി സൗകര്യമുള്ള സ്ഥലങ്ങളിലേക്ക് കൂടി മേള എത്തിക്കുന്നു എന്ന് മാത്രമേ ഉള്ളു അല്ലാതെ വേറെ ഒരു രാഷ്ട്രീയവുമില്ല.

Q

മേളയെ പ്രാദേശികവല്‍കരിക്കുന്നതിലെ എതിര്‍പ്പാണ് ചിലര്‍ പങ്കുവയ്ക്കുന്നത്. മേഖലകളിലായി തിരിച്ച് ഒരു വര്‍ഷം നടത്തിയാല്‍ തെക്കന്‍ കേരളം, വടക്കന്‍ കേരളം, മധ്യ കേരളം എന്ന നിലയിലേക്ക് ധ്രുവീകരണം വരുമെന്ന പരാതിയുണ്ട്, അതിനൊപ്പം തിരുവനന്തപുരം തന്നെ വേണമെന്നതിലെ പ്രാദേശികവാദം. അതിനോടുള്ള പ്രതികരണം?

A

വളരെ അപകടകരമായ കാര്യമാണത്. കേരളം പേലൊരു സംസ്ഥാനത്ത് ഇത്തരം വിഘടനവാദം, പ്രാദേശിക വാദം നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് വലിയ രീതിയില്‍ സാംസ്‌കാരിക നവോത്ഥാനമുള്ള സംസ്ഥാനമാണ് കേരളം. ജനപ്രതിനിധികള്‍ തന്നെ ഇത്തരം വിഘടന വാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് അപഹാസ്യമാണെന്നാണ് എനിക്ക് പറയാനുള്ളത്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ല. വിശാല അടിസ്ഥാനത്തിലാണ് ഈ തിരുമാനത്തെ കാണേണ്ടത്. ഒരു വര്‍ഷത്തെ ചലച്ചിത്രമേള നമുക്ക് നഷ്ടപ്പെട്ടു. വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഒരു വര്‍ഷത്തെ ചലച്ചിത്ര മേള നഷ്ടപ്പെടുമ്പോള്‍ ഒരുപാട് കലാകാരന്മാര്‍ക്ക് വലിയൊരു അവസരമാണ് നഷ്ടമാകുന്നത്. ഐഎഫ്എഫ്കെയ്ക്ക് വേണ്ടി അതിനെ ഒരു സ്വപ്നമായി കണ്ടുകൊണ്ട് സിനിമയെടുക്കുന്ന ഒരുപാട് കലാകാരന്മാരുണ്ട്. ഈ വര്‍ഷം മേള നടക്കാതെ പോയാല്‍ അവര്‍ക്ക് അടുത്ത വര്‍ഷം ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. രണ്ട് വര്‍ഷത്തെ സിനിമകള്‍ ഒരുമിച്ച് പ്രദര്‍ശിപ്പിക്കുന്നത് പ്രായോഗികവുമല്ല. എന്തൊക്കെ കാര്യങ്ങളാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റത്തിന് വിധേയമായത്. നമ്മുടെ സിനിമാ കാഴ്ചാ ശീലം തന്നെ മാറിയിരുന്നു. സൂപ്പര്‍ താരങ്ങളുടെ സിനിമ ഇറങ്ങുമ്പോഴുള്ള തിരക്കും ഇടിയും ഇല്ലാത്ത ഒരു രീതിയിലേക്ക് സിനിമാ കാഴ്ച കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറുമ്പോള്‍ ഐഎഫ്എഫ്കെയുടെ മാറ്റവും അതുപോലെ തന്നെ എടുക്കേണ്ടതാണ്. അത് മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തവരല്ലല്ലോ ജനപ്രതിനിധികള്‍. പക്ഷെ അതിനകത്ത് വിവാദം സൃഷ്ടിക്കുക എന്ന രാഷ്ട്രീയമായിട്ടുള്ള താല്‍പ്പര്യങ്ങളോട് നമുക്കൊരിക്കലും യോജിക്കാന്‍ പറ്റില്ല.

Q

ഇത്തവണ എങ്ങനെയാണ് ഐഎഫ്എഫ്‌കൈ, അതിഥികളായി സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും ഉണ്ടാകില്ലല്ലോ?

A

ഗസ്റ്റുകള്‍ എല്ലാം ഓണ്‍ലൈനിലായിരിക്കും. എല്ലാവരെയും കോണ്‍ടാക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാവരും കാണണം എന്നാഗ്രഹിച്ചിരിക്കുന്ന ചില ഗസ്റ്റുകളെ അപ്രതീക്ഷിതമായി ഓണ്‍ലൈന്‍ വഴി കൊണ്ടുവരാന്‍ സാധിക്കും. പ്രായം കൊണ്ടും മറ്റ് അസൗകര്യങ്ങള്‍ കൊണ്ടും നേരിട്ട് വരാന്‍ സാധിക്കാത്ത ചില ഗസ്റ്റുകളെ ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ എത്തിക്കുവാന്‍ സാധിക്കും. ചില ഗസ്റ്റുകളുടെ റെക്കോര്‍ഡഡ് വീഡിയോ ആയിരിക്കും കാണിക്കുക. മറ്റ് ചര്‍ച്ചകളും ഇന്ററാക്ഷന്‍സുമെല്ലാം ഓണ്‍ലൈന്‍ വഴി തന്നെയാണ് നടത്തുക. പുതിയ സംവിധായകര്‍ ഒരുപാട് പേരുണ്ട്. പത്തോളം സിനിമകള്‍ റീലീസ് ചെയ്യാതെ മേളയ്ക്ക് കാത്തിരിപ്പുണ്ട്. ആ സംവിധായകര്‍ക്ക് നേരിട്ട് വന്ന് സംവാദങ്ങളിലും മറ്റും പങ്കെടുക്കാവുന്നതാണ്.

Q

ഇതോടൊപ്പം കേരളത്തിലെ തീയറ്ററുകള്‍ തുറക്കുകയാണ്. മലയാള സിനിമ ഉടനടി നോര്‍മല്‍ സാഹര്യത്തിലേക്ക് ഉടനെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

A

എനിക്ക് തോന്നുന്നത് നോര്‍മല്‍ സാഹര്യത്തിലേക്ക് എത്താന്‍ മൂന്നാല് മാസം എടുക്കുമെന്നാണ്. കോവിഡ് സാഹചര്യമായത് കൊണ്ട് പരിമിതികളുണ്ടാകും. നിര്‍മ്മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും വലിയ ആശങ്കകളുണ്ട് മുടക്കുമുതല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ. വിഷു ഒരു ഫെസ്റ്റിവല്‍ സീസണാണ്. അപ്പോഴേക്കും വാക്സിന്‍ വന്നു തുടങ്ങുമ്പോള്‍ ജനങ്ങള്‍ തീയറ്ററുകളിലേക്ക് പഴയപോലെ വരികയും നിയന്ത്രണങ്ങള്‍ മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഒരു മൂന്നോ നാലോ മാസത്തിനുള്ളില്‍ തന്നെ മലയാള സിനിമ പഴയ രീതിയിലേക്കെത്തുമെന്ന്ാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

kamal director
സ്വന്തം സിനിമകളോ സുഹൃത്തുക്കളുടെ സിനിമകളോ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ജൂറി മികച്ചത്, അവാര്‍ഡ് തടസപ്പെടുത്താന്‍ ശ്രമമുണ്ടായി: കമല്‍
Summary

IFFK 2020, kerala chalachitra academy chairman kamal interview, 25thInternational Film Festival of Kerala | IFFK2020

No stories found.
The Cue
www.thecue.in