സ്വന്തം സിനിമകളോ സുഹൃത്തുക്കളുടെ സിനിമകളോ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ജൂറി മികച്ചത്, അവാര്‍ഡ് തടസപ്പെടുത്താന്‍ ശ്രമമുണ്ടായി: കമല്‍

സ്വന്തം സിനിമകളോ സുഹൃത്തുക്കളുടെ സിനിമകളോ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ജൂറി മികച്ചത്, അവാര്‍ഡ് തടസപ്പെടുത്താന്‍ ശ്രമമുണ്ടായി: കമല്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവും ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനവും തടസപ്പെടുത്താനാണ് സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ കോടതിയെ സമീപിചിച്ചതെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍. ചലച്ചിത്ര അക്കാദമി ഒരിക്കലും സ്വതന്ത്ര സിനികമളെ തഴഞ്ഞിട്ടില്ലെന്നും കമല്‍. ഐഎഫ്എഫ്‌കെ സെലക്ഷനെ ചൊല്ലിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ ജൂറി നിര്‍ണയത്തിലും ആരോപണമുയര്‍ത്തി സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം. ചലച്ചിത്ര അക്കാദമി ഔദ്യോഗിക പ്രസിദ്ധീകരണമായ ചലച്ചിത്ര സമീക്ഷയിലെ അഭിമുഖത്തിലാണ് കമല്‍ വിവാദങ്ങള്‍ക്ക് ദീര്‍ഘമായ മറുപടി നല്‍കിയിരിക്കുന്നത്. സ്വന്തം സിനിമകളോ സുഹൃത്തുക്കളുടെ സിനിമകളോ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ജൂറി മികച്ചത്. അക്കാദമി കച്ചവട സിനിമയുടെ ഭാഗത്ത്. അവരുടെ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ ജൂറിയല്ല അക്കാദമിയാണ് സിനിമകളുടെ തെരഞ്ഞെടുപ്പിന് കാരണമെന്നു പറയുകയും ചെയ്യും. കഴിഞ്ഞ ഐ.എഫ്.എഫ്.കെയുടെ കാര്യം തന്നെയെടുക്കാം. ടി.വി ചന്ദ്രനും സുദേവനും ഉള്‍പ്പെടെയുള്ള സമാന്തര സിനിമയുടെ വക്താക്കളാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. അതിന്റെ പേരില്‍ അക്കാദമിയെ എന്തിന് ആക്രമിക്കണം? കൃത്യമായ റൂള്‍സ് ആന്റ് റെഗുലേഷന്‍സിനെ അടിസ്ഥാനപ്പെടുത്തിയാണ് മലയാള സിനിമകളുടെ സെലക്ഷന്‍ നടക്കുന്നത്. അതില്‍ ഈ പരാതിക്കാര്‍ ആരോപിക്കുന്നതുപോലെയുള്ള ഇടപെടലുകളില്ല. ആര് ചെയര്‍മാനായിരിക്കുന്നുവെന്നത് ഒരു പ്രശ്‌നമേയല്ല. ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് ചലിക്കുന്നതല്ല അക്കാദമി. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവിടെ ചട്ടമുണ്ട്; വ്യവസ്ഥയുണ്ട്; ഇതൊക്കെ നോക്കി നടത്താന്‍ ഒരു ഭരണസമിതിയുണ്ടെന്നും കമല്‍.

കമലുമായി നിതിന്‍. ആര്‍. വിശ്വന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

Q

ജൂറി നിയമനത്തില്‍ സ്വജനപക്ഷപാതം ആരോപിച്ച് ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായല്ലോ?

A

സതീഷ് ബാബുസേനന്‍, ഷിനോസ് എ.റഹ്മാന്‍, സന്തോഷ് കെ എന്നിവരാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര നിര്‍ണയവും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു അത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. എന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9 എന്ന സിനിമ എന്‍ട്രിയായി സ്വീകരിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു അവരുടെ വാദം. എന്റെ മകന്‍ സ്വതന്ത്രനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമ ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിക്കാന്‍ പാടില്ലെന്ന്ന്ന് എങ്ങനെ പറയാനാവും? അല്ലെങ്കിലും സിനിമ സമര്‍പ്പിക്കുന്നത് പ്രൊഡ്യൂസറാണ്. 9 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ ആണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെയോ മറ്റ് ഭാരവാഹികളുടെയോ ബന്ധുക്കളുടെ സിനിമ സമര്‍പ്പിക്കാന്‍ പാടില്ലെന്ന് അവാര്‍ഡ് നിയമാവലിയില്‍ എവിടെയും പറയുന്നുമില്ല. സ്വന്തം ചിത്രങ്ങള്‍ സമര്‍പ്പിക്കാന്‍ പോലും നിയമാവലിയില്‍ വിലക്കില്ല. അവ വ്യക്തിഗത അവാര്‍ഡിന് പരിഗണിക്കുന്നതല്ല എന്നേ നിയമാവലിയില്‍ പറയുന്നുള്ളൂ. സിനിമ കുറേ കലാകാരന്മാരുടെ സംഘടിതമായ യത്‌നവും കൂട്ടായ കലാപ്രവര്‍ത്തനവുമാണ്. അതില്‍ തങ്ങളുടേതായ കഴിവു തെളിയിക്കുന്ന ഓരോ വ്യക്തിക്കും സര്‍ക്കാറിന്റെ അംഗീകാരത്തിന് അര്‍ഹതയുണ്ട്. അത് നിഷേധിക്കാനാവില്ല എന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാവണം നിയമാവലിയില്‍ അത്തരം വിലക്കുകളില്ലാതെ പോയത്.

എന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9 എന്ന സിനിമ എന്‍ട്രിയായി സ്വീകരിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു അവരുടെ വാദം. എന്റെ മകന്‍ സ്വതന്ത്രനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമ ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിക്കാന്‍ പാടില്ലെന്ന്ന്ന് എങ്ങനെ പറയാനാവും? അല്ലെങ്കിലും സിനിമ സമര്‍പ്പിക്കുന്നത് പ്രൊഡ്യൂസറാണ്. 9 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ ആണ്
Q

ഹരജി തള്ളിയ ഹൈക്കോടതി വിധിയെ അക്കാദമി എങ്ങനെയാണ് കാണുന്നത്?

A

അക്കാദമിയുടെ സത്യസന്ധതയ്ക്കും സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുള്ള സുതാര്യമായ നടപടിക്രമങ്ങള്‍ക്കുമുള്ള അംഗീകാരം തന്നെയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി. കേസിനു കാരണമായി പറയുന്ന സ്വജനപക്ഷപാതം അടിസ്ഥാന രഹിതമായ ആരോപണമാണ് എന്ന വസ്തുത ശരിവെക്കുന്നതായിരുന്നു വിധി. എന്റെ മകന്റെ സിനിമ അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടതിനാല്‍ ഞാന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കണമെന്നായിരുന്നു അവരുടെ ഒരു ആവശ്യം. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍.കരുണ്‍ എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിച്ച് പുതിയ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നുമുള്ള ആവശ്യവും കോടതി തള്ളി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെയും അടുത്ത ബന്ധുക്കളുടെയും സിനിമകള്‍ എന്‍ട്രിയായി സ്വീകരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ നിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കോടതി തള്ളി. ചുരുക്കത്തില്‍ അവരുടെ ഒരാവശ്യവും കോടതി പരിഗണിച്ചില്ല. നിയമാവലിയിലെ വ്യവസ്ഥകള്‍ അതേപടി പാലിക്കുക മാത്രമേ അക്കാദമി ചെയ്തിട്ടുള്ളൂ. ചലച്ചിത്ര അവാര്‍ഡ് ജൂറിയെ നിശ്ചയിക്കുന്നത് സര്‍ക്കാര്‍ ആണെന്നും അതിനാല്‍ അക്കാദമി ചെയര്‍മാന്‍ സ്വതന്ത്രജൂറിയുടെ നിയമനത്തില്‍ ഇടപെട്ടുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. എന്‍ട്രി ലിസ്റ്റ് പരിശോധിച്ച് അവയുമായി ബന്ധമില്ലാത്ത, ജൂറി അംഗങ്ങളാവാന്‍ അര്‍ഹതയുള്ള ചലച്ചിത്രപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ നിര്‍ദേശിക്കുക മാത്രമാണ് അക്കാദമി ചെയ്തുപോരുന്നത്. അവാര്‍ഡ് നിയമാവലിയില്‍ ഭേദഗതി വരുത്തുന്നത് സര്‍ക്കാറിന്റെ നിയമനിര്‍മ്മാണപരമായ ധര്‍മ്മമായതിനാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനായി ഉത്തരവിടാന്‍ കോടതിക്കാവില്ലെന്ന സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചു.

മലയാളത്തില്‍ സിനിമ നിര്‍മ്മിച്ച ഏതൊരു നിര്‍മ്മാതാവിനും നിശ്ചിത എന്‍ട്രി ഫീസും ആവശ്യമായ രേഖകളും സഹിതം അവാര്‍ഡിന് സിനിമ സമര്‍പ്പിക്കാന്‍ അധികാരമുണ്ടെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ട എന്‍ട്രി നിരസിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചലച്ചിത്ര രംഗത്തെ പ്രഗല്‍ഭര്‍ അടങ്ങുന്ന ജൂറിയാണ് 2019ലെ അവാര്‍ഡ് നിര്‍ണയത്തിനായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഈ ജൂറി അംഗങ്ങളില്‍ സ്വജനപക്ഷപാതപരമായ സമീപനം ഉണ്ടെന്നു സ്ഥാപിക്കുന്നതില്‍ പരാതിക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി. ഈ വിധിന്യായം അക്കാദമിയുടെ എല്ലാ നടപടികളെയും അംഗീകരിക്കുന്നതാണ് എന്ന് പൊതുസമൂഹത്തിന് ബോധ്യമാവും.

Q

2018ല്‍ ആമി, കാര്‍ബണ്‍ എന്നീ ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചതിനെക്കുറിച്ച് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹരജിയില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

A

ഞാന്‍ സംവിധാനം ചെയ്ത 'ആമി', അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ എഡിറ്റ് ചെയ്ത 'കാര്‍ബണ്‍' എന്നീ സിനിമകള്‍ക്ക് ചില വിഭാഗങ്ങളില്‍ അംഗീകാരം ലഭിക്കുകയുണ്ടായി. എന്നാല്‍ ഞങ്ങളെ രണ്ടുപേരെയും വ്യക്തിഗത അവാര്‍ഡുകള്‍ക്ക് ജൂറി പരിഗണിച്ചിട്ടില്ല. ആ വര്‍ഷം ധാര്‍മ്മികതയുടെ പേരില്‍ ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍നിന്നും മാറി നില്‍ക്കണമെന്ന് നിര്‍വാഹക സമിതിയില്‍ തീരുമാനിച്ചിരുന്നു. ജൂറി രൂപീകരണവും അവാര്‍ഡ് നിര്‍ണയവും നടന്ന 2019 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഞാന്‍ അവധിയെടുത്താണ് ലക്ഷദ്വീപില്‍ സിനിമ ചിത്രീകരിക്കാന്‍ പോയത്. അര്‍ഹിക്കുന്ന വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കിയത് ജൂറിയാണ്. അതിന്റെ പേരില്‍ സ്വജനപക്ഷപാതം ആരോപിക്കുന്നത് ദുരുദ്ദേശ്യപരമാണ് എന്ന് പറയാതിരിക്കാനാവില്ല. അര്‍ഹതയുള്ള കലാകാരന്മാരെ അവഹേളിക്കുന്നതിന് തുല്യമാണ് അത്. അതിലൊക്കെ ഉപരി ഏതെങ്കിലും വ്യക്തികള്‍ സ്വാധീനിച്ചാല്‍ ഉടനടി ആ സ്വാധീനത്തിന് വഴങ്ങുന്നവരാണ് ജൂറി അംഗങ്ങള്‍ എന്നു പറയുന്നത് ചലച്ചിത്രരംഗത്തെ പ്രമുഖരായ ആ വ്യക്തികളെ അപമാനിക്കുന്നതിന് തുല്യമാണ്.

Q

കഴിഞ്ഞ വര്‍ഷം അതേക്കുറിച്ച് വിവാദങ്ങളൊന്നുമുണ്ടായിരുന്നില്ല.

A

കഴിഞ്ഞ വര്‍ഷം മാത്രമല്ല, ഈ ഭരണസമിതി വന്നതിനുശേഷമുള്ള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനങ്ങളത്തെുടര്‍ന്ന് വിവാദങ്ങളൊന്നുമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ നാലുവര്‍ഷങ്ങളിലെയും അവാര്‍ഡ് പ്രഖ്യാപനത്തെ ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രശംസിച്ചിട്ടുമുണ്ട്. മല്‍സരത്തില്‍ പങ്കെടുത്ത ചലച്ചിത്രപ്രവര്‍ത്തകരില്‍നിന്ന് പരാതി ഉയര്‍ന്നിട്ടുമില്ല. മുന്‍കാലങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴൊക്കെ എന്തെങ്കിലും വിവാദമുണ്ടാവുക പതിവായിരുന്നു. സുതാര്യവും സത്യസന്ധവുമായ നടപടിക്രമങ്ങളിലൂടെ ജൂറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പുവരുത്തി അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ഉറപ്പാക്കാന്‍ സര്‍ക്കാരിനും ഈ ഭരണസമിതിക്കും കഴിഞ്ഞിട്ടുണ്ട്.

Q

ഐ.എഫ്.എഫ്.കെയുടെ മലയാളം സിനിമ റ്റുഡേ എന്ന വിഭാഗത്തിലേക്ക് സെലക്റ്റ് ചെയ്യപ്പെടാത്ത സിനിമകള്‍ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്ന പതിവ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ

A

ശരിയാണ്. ഒറ്റമുറിവെളിച്ചം, കാന്തന്‍, വാസന്തി എന്നിവയെല്ലാം അത്തരത്തില്‍ ഐ.എഫ്.എഫ്.കെയില്‍ പരിഗണിക്കപ്പെടാതിരിക്കുകയും ചലച്ചിത്ര അവാര്‍ഡില്‍ അംഗീകരിക്കപ്പെടുകയും ചെയ്ത ചിത്രങ്ങളാണ്. അതൊക്കെ പൂര്‍ണമായും അതത് ജൂറിയുടെ തീരുമാനങ്ങളാണ്. ജൂറി തികച്ചും സ്വതന്ത്രമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുകയാണ് എല്ലാ കാലത്തും അക്കാദമി ചെയ്തുപോന്നിട്ടുള്ളത്. അക്കാദമി ഈ സിനിമകളൊന്നും തഴഞ്ഞിട്ടുമില്ല. ഈ ഭരണസമിതി വന്നതിനുശേഷം എല്ലാ വര്‍ഷവും സമാന്തര സിനിമകളാണ് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായും മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ മാന്‍ഹോള്‍ മികച്ച ചിത്രവും ഒറ്റയാള്‍പാത രണ്ടാമത്തെ ചിത്രവുമായി. 2017ല്‍ ഒറ്റമുറിവെളിച്ചം മികച്ച ചിത്രവും ഏദന്‍ രണ്ടാമത്തെ ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ കാന്തനായിരുന്നു മികച്ച ചിത്രം. ഒരു ഞായറാഴ്ച മികച്ച രണ്ടാമത്തെ ചിത്രവും. 2019ല്‍ വാസന്തി മികച്ച ചിത്രവും കെഞ്ചിറ രണ്ടാമത്തെ സിനിമയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണചലച്ചിത്ര അക്കാദമിക്ക് എതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്ത ഷിനോസ് റഹ്മാന്റെ സിനിമയാണ്് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച വാസന്തി. മികച്ച സ്വഭാവനടിക്കും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആ സിനിമ നേടി. വിചിത്രമായ ഒരു കാര്യം ഈ ജൂറിയെ മാറ്റണമെന്നായിരുന്നു ഹരജിയിലെ അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് എന്നതാണ്.!

Q

മറിച്ചും സംഭവിച്ചിട്ടുണ്ടല്ലോ

A

തീര്‍ച്ചയായും. ഐ.എഫ്.എഫ്.കെയില്‍ അംഗീകരിക്കപ്പെട്ട ചില സിനിമകള്‍ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഒന്നും തന്നെ ലഭിക്കാതെ പോയിട്ടുണ്ട്. 2018ലെ ഐ.എഫ്.എഫ്.കെയില്‍ കെ.ആര്‍.മോഹനന്‍ അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ലഭിച്ച ബിലാത്തിക്കുഴല്‍, 2019ല്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് നേടിയ വെയില്‍ മരങ്ങള്‍ എന്നിവ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടുകയുണ്ടായില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അതത് ജൂറികളുടെ തീരുമാനമാണ് അവാര്‍ഡ് നിര്‍ണയവും സെലക്ഷനുമൊക്കെ.

അക്കാദമി ഒരിക്കലും സ്വതന്ത്ര സമാന്തര സിനിമകളെ തഴഞ്ഞിട്ടില്ല. 21ാമത് ഐ.എഫ്.എഫ്.കെയില്‍ മല്‍സര വിഭാഗത്തില്‍ മാന്‍ഹോള്‍, കാടു പൂക്കുന്ന നേരം, മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ ആറടി, ഗോഡ്‌സെ, ക ബോഡിസ്‌കേപ്‌സ്, മോഹവലയം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ ഒമ്പത് സിനിമകളില്‍ ആറു സിനിമകളും സമാന്തര സിനിമകളാണ്
Q

കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ തിയേറ്ററില്‍ റിലീസ് ചെയ്യപ്പെട്ട സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നല്ലോ

A

കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലെ സിനിമാ സെലക്ഷന്റെ പേരിലും ചിലര്‍ കേസ് കൊടുത്തു. ആ കേസിലും അക്കാദമിക്ക് എതിരെ ഇന്നേവരെ ഒരു പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായിട്ടില്ല. ചലച്ചിത്രമേളയുടെ തൊട്ടുമുമ്പുള്ള ഒരു വര്‍ഷക്കാലയളവില്‍ മലയാളത്തിലിറങ്ങിയ മികച്ച ചിത്രങ്ങളെ ഷോകേസ് ചെയ്യുക എന്നതാണ് മലയാളം സിനിമ റ്റുഡേ എന്ന വിഭാഗത്തിന്റെ ലക്ഷ്യം. അതില്‍ റിലീസ് ചെയ്തത്, ചെയ്യാത്തത് എന്നീ പരിഗണനകളില്ല. 2016ലെ 21ാമത് മേളയില്‍ 'മാന്‍ഹോളും' 'കാടുപൂക്കുന്ന നേര'വുമായിരുന്നു മല്‍സര വിഭാഗത്തില്‍. 2017ലെ 22ാമത് മേളയില്‍ 'രണ്ടുപേരും' 'ഏദനു'മായിരുന്നു മല്‍സര വിഭാഗത്തില്‍. ഈ സിനിമകളൊന്നും അന്ന് റിലീസ് ചെയ്തിട്ടില്ല. 2018ലെ 23ാമത് ഐ.എഫ്.എഫ്.കെയില്‍ 'ഈ.മ.യൗ'വും 'സുഡാനി ഫ്രം നൈജീരിയ'യുമായിരുന്നു മല്‍സര വിഭാഗത്തില്‍. ഈ സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ഈ.മ.യൗവിന് മൂന്ന് അവാര്‍ഡുകളാണ് കിട്ടിയത്. മികച്ച സംവിധായകനുള്ള രജത ചകോരം, പ്രേക്ഷകപുരസ്‌കാരം, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ്. 'സുഡാനി ഫ്രം നൈജീരിയ' മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും നേടി. റിലീസ് ചെയ്തുവെന്ന് വെച്ച് തഴഞ്ഞിരുന്നെങ്കില്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് നഷ്ടമാവുമായിരുന്നു. 2019ലെ 24ാമത് മേളയില്‍ 'വൃത്താകൃതിയിലുള്ള ചതുര'വും 'ജെല്ലിക്കെട്ടു'മായിരുന്നു മല്‍സര വിഭാഗത്തില്‍. 'വൃത്താകൃതിയിലുള്ള ചതുരം' ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സെലക്ഷന്‍ നടക്കുമ്പോള്‍ 'ജെല്ലിക്കെട്ട്' റിലീസ് ചെയ്തിട്ടില്ല. ഒരു വര്‍ഷം മാത്രമാണ് റിലീസ് ചെയ്ത പടങ്ങള്‍ കോമ്പറ്റീഷനില്‍ വന്നത്. അവ മോശം സിനിമകള്‍ ആണോ? ഐ.എഫ്.എഫ്.കെ, ഐ.എഫ്.എഫ്.ഐ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ്എന്നിവയില്‍ മികച്ച സംവിധായകരായി അംഗീകരിക്കപ്പെടുന്നവരെ റിലീസിംഗിന്റെ പേരില്‍ മാറ്റിനിര്‍ത്തണമെന്നാണോ ഇവര്‍ പറയുന്നത്?് അങ്ങനെയെങ്കില്‍ അത് അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. മികച്ച സിനിമകളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. റിലീസ് ചെയ്യപ്പെടുന്നു എന്നത് മികവ് കുറയ്ക്കുന്ന ഒരു കാര്യമല്ല. പ്രദര്‍ശന വിജയം ഒരു അയോഗ്യതയല്ല. നല്ല സിനിമകള്‍ തിയേറ്റില്‍ വിജയിക്കുന്നതിനു പിന്നില്‍ ഐ.എഫ്.എഫ്.കെയുടെ വിജയം കൂടി ഉണ്ട്. റിലീസ് ചെയ്യാത്ത സിനിമകളേ കോമ്പറ്റീഷനില്‍ വരാവൂ എന്ന തീരുമാനം ഒരുകാലത്തും അക്കാദമി എടുത്തിരുന്നില്ല. അടൂരും ഷാജി എന്‍.കരുണും കെ.ആര്‍. മോഹനനുമെല്ലാം ചെയര്‍മാന്‍മാരായി ഇരുന്നപ്പോഴൊന്നും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല. അമ്പതു വര്‍ഷമായി തുടരുന്ന ഇഫി (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ)യില്‍ ഇങ്ങനെ ഒരു നിബന്ധനയില്ല. ഇക്കാര്യത്തില്‍ ഐ.എഫ്.എഫ്.കെ ആരംഭിച്ചതു മുതലുള്ള നടപടികള്‍ അതേപടി തുടരുകയാണ് അക്കാദമി ചെയ്തത്. മലയാളം സിനിമകളുടെ എണ്ണം വര്‍ധിപ്പിച്ചത് ഈ ഭരണസമിതിയാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ കൂടുതല്‍പേര്‍ ചലച്ചിത്ര രംഗത്തേക്കു കടന്നുവരുകയും നൂറോളം സിനിമകള്‍ എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാലാനുസൃതമായി എടുത്ത തീരുമാനമാണ് അത്. മലയാള സിനിമയെ പ്രോല്‍സാഹിപ്പിക്കാന്‍ കൂടിയുള്ളതാണ് ഐ.എഫ്.എഫ്.കെ. അത് അക്കാദമിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍പെട്ടതാണ്. പരമാവധി സിനിമകള്‍ക്ക് മേളയില്‍ ഇടം കൊടുക്കുകയാണ് ഇതുവഴി ചെയ്തത്. അവയുടെ ഗുണഭോക്താക്കള്‍ സമാന്തര ചലച്ചിത്രപ്രവര്‍ത്തകര്‍ കൂടിയാണ്. ആറ് നവാഗത സംവിധായകരെ ഈ 14ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പുതിയ സിനിമകളെയും പുതിയ സംവിധായകരെയും പ്രോല്‍സാഹിപ്പിക്കുകയാണ്.

Q

എന്നിട്ടും സ്വതന്ത്ര, സമാന്തര സിനിമകളേക്കാള്‍ പ്രാമുഖ്യം മുഖ്യധാരാ സിനിമകള്‍ക്കു കിട്ടുന്നു എന്ന പരാതിയെക്കുറിച്ച്?

A

അക്കാദമി ഒരിക്കലും സ്വതന്ത്ര സമാന്തര സിനിമകളെ തഴഞ്ഞിട്ടില്ല. 21ാമത് ഐ.എഫ്.എഫ്.കെയില്‍ മല്‍സര വിഭാഗത്തില്‍ മാന്‍ഹോള്‍, കാടു പൂക്കുന്ന നേരം, മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ ആറടി, ഗോഡ്‌സെ, ക ബോഡിസ്‌കേപ്‌സ്, മോഹവലയം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ ഒമ്പത് സിനിമകളില്‍ ആറു സിനിമകളും സമാന്തര സിനിമകളാണ്. 22ാമത് മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേര്‍, ഏദന്‍ (മല്‍സരവിഭാഗം) കറുത്ത ജൂതന്‍, മറവി, നായിന്റെ ഹൃദയം, അതിശയങ്ങളുടെ വേനല്‍ എന്നിങ്ങനെ 9ല്‍ ആറു പടങ്ങളും സമാന്തര സിനിമകളാണ്. 23ാമത് ഐ.എഫ്.എഫ്.കെയില്‍ മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഓത്ത്, ബിലാത്തിക്കുഴല്‍, ഉടലാഴം, ഭയാനകം, പ്രതിഭാസം, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്ലെസ്ലി യുവേഴ്‌സ്, ആവേ മരിയ എന്നിങ്ങനെ ആകെ 12 സിനിമകളില്‍ പത്തും സമാന്തര സിനിമകളാണ്. ആ വര്‍ഷത്തെ ജൂറി ചെയര്‍മാന്‍ മുഖ്യധാരാ സിനിമയുടെ വക്താവ് എന്ന് ആരോപിക്കപ്പെടുന്ന സിബി മലയില്‍ ആയിരുന്നു. 24ാമത് ഐ.എഫ്.എഫ്.കെയില്‍ പനി, ഒരു ഞായറാഴ്ച, കെഞ്ചിര, സയലന്‍സര്‍, വെയില്‍മരങ്ങള്‍, രൗ;ദം 2018, വൃത്താകൃതിയിലുള്ള ചതുരം എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. 7 സമാന്തര സിനിമകളും 7 എണ്ണം മുഖ്യധാര എന്ന് ആരോപിക്കപ്പെടുന്ന ചിത്രങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതൊക്കെ കണ്ടിട്ടും എങ്ങനെയാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍ കഴിയുന്നത് എന്നു മനസ്സിലാവുന്നില്ല.

Q

ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിനെ സ്വാഗതം ചെയ്ത് ചില ചലച്ചിത്രപ്രവര്‍ത്തകര്‍ ഇറക്കിയ പ്രസ്താവന ശ്രദ്ധിച്ചുകാണുമല്ലോ സ്വതന്ത്ര സിനിമകള്‍ക്ക് ലഭിച്ച ഈ പുരസ്‌കാര മികവിനെ മുന്‍നിര്‍ത്തി കച്ചവട സിനിമയ്ക്കായി നിലയുറപ്പിച്ചിരിക്കുന്ന അക്കാദമി ഭാരവാഹികള്‍ നിലപാടു തിരുത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

A

ഈ പ്രസ്താവനയ്ക്കു പിന്നില്‍ വലിയ ഒരു ഇരട്ടത്താപ്പുണ്ട്. സ്വന്തം സിനിമകളോ സുഹൃത്തുക്കളുടെ സിനിമകളോ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ജൂറി മികച്ചത്. അക്കാദമി കച്ചവട സിനിമയുടെ ഭാഗത്ത്. അവരുടെ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ ജൂറിയല്ല അക്കാദമിയാണ് സിനിമകളുടെ തെരഞ്ഞെടുപ്പിന് കാരണമെന്നു പറയുകയും ചെയ്യും. കഴിഞ്ഞ ഐ.എഫ്.എഫ്.കെയുടെ കാര്യം തന്നെയെടുക്കാം. ടി.വി ചന്ദ്രനും സുദേവനും ഉള്‍പ്പെടെയുള്ള സമാന്തര സിനിമയുടെ വക്താക്കളാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. അതിന്റെ പേരില്‍ അക്കാദമിയെ എന്തിന് ആക്രമിക്കണം? കൃത്യമായ റൂള്‍സ് ആന്റ് റെഗുലേഷന്‍സിനെ അടിസ്ഥാനപ്പെടുത്തിയാണ് മലയാള സിനിമകളുടെ സെലക്ഷന്‍ നടക്കുന്നത്. അതില്‍ ഈ പരാതിക്കാര്‍ ആരോപിക്കുന്നതുപോലെയുള്ള ഇടപെടലുകളില്ല. ആര് ചെയര്‍മാനായിരിക്കുന്നുവെന്നത് ഒരു പ്രശ്‌നമേയല്ല. ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് ചലിക്കുന്നതല്ല അക്കാദമി. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവിടെ ചട്ടമുണ്ട്; വ്യവസ്ഥയുണ്ട്; ഇതൊക്കെ നോക്കി നടത്താന്‍ ഒരു ഭരണസമിതിയുണ്ട്.

Q

ഈ ഭരണസമിതിയുടെ കാലത്തെ പ്രധാന നേട്ടങ്ങളായി വിലയിരുത്തുന്നത് എന്തെല്ലാമാണ്?

A

1998ല്‍ സ്ഥാപിതമായ ചലച്ചിത്ര അക്കാദമിക്ക് സ്വന്തമായി ഒരു ഓഫീസ് ഉണ്ടായിരുന്നില്ല. 2017 ജൂണില്‍ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണം തുടങ്ങുകയും 2018 നവംബര്‍ 21ന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മറ്റൊരു നേട്ടം സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സ് (CIFRA) എന്ന ചലച്ചിത്ര ഗവേഷണകേന്ദ്രവും ആര്‍ക്കൈവ്‌സും സ്ഥാപിച്ചു എന്നതാണ്. അക്കാദമിക്ക് അതുവരെ ഒരു ചലച്ചിത്രപ്രസിദ്ധീകരണം ഉണ്ടായിരുന്നില്ല. 2017 ആഗസ്റ്റ് മുതല്‍ ചലച്ചിത്ര സമീക്ഷ എന്ന ദ്വിഭാഷാ മുഖമാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. ഇതുവരെ 38 ലക്കങ്ങള്‍ പുറത്തിറക്കി. മലയാള സിനിമയുടെ ചരിത്രത്തിന്റെ ക്രോഡീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന് 'മലയാള സിനിമ: നാള്‍വഴികള്‍' എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ ഒന്നാംവാള്യം പുറത്തിറക്കി. ബാക്കി രണ്ടു വോള്യങ്ങള്‍ 2021 മാര്‍ച്ചിന് മുമ്പായി പുറത്തിറക്കും. ചലച്ചിത്രഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനായി 2018ല്‍ 11 പേര്‍ക്കും 2020ല്‍ 26 പേര്‍ക്കും 50,000 രൂപയുടെ ഫെലോഷിപ്പ് അനുവദിച്ചു. ഇത്തവണ 14 പേര്‍ക്ക് റിസര്‍ച്ച് ഗ്രാന്റും അനുവദിച്ചു. സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ ഈ ഡിസംബറിനകം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. എസ്. ജയചന്ദ്രന്‍ നായരുടെ 'മൗനപ്രാര്‍ത്ഥന പോലെ 'എന്ന പുസ്തകത്തിന്റെ പ്രസാധനത്തിലൂടെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന്റെ പ്രസാധനത്തിനുള്ള ദേശീയ അവാര്‍ഡ് അക്കാദമിക്ക് ലഭിച്ചു. നല്ല സിനിമ നാട്ടിന്‍പുറങ്ങളിലത്തെിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിംഗ് ടാക്കീസിന്റെ അഞ്ച് മേഖലാ കേന്ദ്രങ്ങള്‍ തുറന്നു. പ്രതിവര്‍ഷം ആയിരത്തിലധികം പ്രദര്‍ശനങ്ങള്‍ സംസ്ഥാനത്തുടനീളം നടത്തി. എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി നാലു ചലച്ചിത്രാസ്വാദന ക്യാമ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. പ്‌ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഫിലിം മേക്കിംഗ് വര്‍ക്ഷോപ്പ് നടത്തി.

Summary

director kamal interview on kerala chalachitra academy, kerala state film awards 2020

Related Stories

No stories found.
logo
The Cue
www.thecue.in