ഭൂതകാലം വർത്തമാനത്തിൻ്റെ ശവക്കുഴി കുത്തുമ്പോൾ: അയാ സോഫിയ, വിശ്വാസം, സംസ്കാരം

ഭൂതകാലം വർത്തമാനത്തിൻ്റെ ശവക്കുഴി കുത്തുമ്പോൾ: 
അയാ സോഫിയ, വിശ്വാസം, സംസ്കാരം
Summary

ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയുടെ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫ്രെഡറിക് നീഷേ Untimely Mediations എന്ന പുസ്തകത്തിൽ എഴുതി: "ഭൂതകാലം വർത്തമാനത്തിൻ്റെ ശവക്കുഴി തോണ്ടുന്നതിനു കാരണമാക്കരുത്". ഭൂതകാലം കടന്നുപോയിക്കഴിഞ്ഞു എന്നു മനസ്സിലാക്കുന്നതിനുപകരം അതിനെ തിരിച്ച് വർത്തമാനകാലത്തിൽ കൊണ്ടുവരാനും ഭീതിയും പ്രതികാരവും നിറഞ്ഞ ഓർമകളാൽ നയിക്കപ്പെടാനുമാണ് ലോകത്തിലെ പല ജനതകളും ഇന്ന് സന്നദ്ധമായിട്ടുള്ളത്.

തുർക്കിയിലെ അയാ സോഫിയ മ്യൂസിയത്തെ മുസ്ലിം പള്ളിയാക്കാനുള്ള തീരുമാനം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്ന സാഹചര്യത്തിൽ എഴുത്തുകാരനും ദയാപുരം വിദ്യാഭ്യാസ-സാസ്കാരികകേന്ദ്രത്തിൻ്റെ പേട്രണും ആയ സി ടി അബ്ദുറഹീമുമായി എന്‍ പി ആഷ്‌ലി നടത്തിയ സംഭാഷണം.

Q

ചരിത്രത്തെ എങ്ങനെ കാണണമെന്നത് വലിയ പ്രശ്നമായി മാറിയിരിക്കുന്നു എന്നെനിക്ക് തോന്നുന്നു. അഞ്ഞൂറുവർഷംമുമ്പ് ഒരു ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തുണ്ടാക്കിയ പള്ളിയാണെന്നുപറഞ്ഞാണ് ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷതാവാദികൾ അയോധ്യയിലെ ബാബരിപള്ളി പൊളിക്കുന്നത്. ഇപ്പോൾ കോടതിവിധിയുടെ ബലത്തിൽ അവിടെ അമ്പലം നിർമിക്കാനുള്ള ഒരുക്കം നടക്കുന്നു. അഞ്ഞൂറുവർഷംമുമ്പ് ഒരു രാജാവ് മുസ്ലിംപള്ളിയാക്കിയ ക്രിസ്ത്യൻ പള്ളിയെ നൂറുവർഷംമുമ്പ് മ്യൂസിയമാക്കിയ നടപടി വഖഫ് സ്വത്തു മാറ്റിയതാണെന്നു വ്യാഖ്യാനിച്ച് തിരിച്ചു പള്ളിയാക്കാനുള്ള കോടതിവിധി നേടിയാണ് തുർക്കി പ്രസിഡണ്ട് റിസെപ് തയ്യിബ് ഉർദുഗാൻ വിജയാഘോഷം നടത്തുന്നത്. ഇവ തമ്മിലുള്ള താരതമ്യങ്ങളെ എങ്ങിനെ കാണുന്നു?

A

ഓരോകാര്യവും നടക്കുന്നത് അക്കാലത്തെ മൂല്യവിചാരങ്ങളുടെയും സാഹചര്യത്തിൻ്റെയും അടിസ്ഥാനത്തിലാണ്. അധ്യാപകൻ കുട്ടിയെ അടിച്ചുപഠിപ്പിക്കുന്നത് അടുത്തകാലംവരെ തെറ്റായി സമൂഹം കണക്കാക്കിയിരുന്നില്ല. ഇന്നോ? സ്ഥിതി മാറി. കാര്യങ്ങൾ ഇങ്ങനെ മാറും. യുദ്ധം ഒരുകാലത്ത് പുണ്യപ്രവൃത്തിയും പട്ടാളക്കാർ നേരിട്ടിറങ്ങി തമ്മിൽ നടത്തുന്ന ഏറ്റുമുട്ടലും ആയിരുന്നു. ഇന്നത് ജനങ്ങൾക്കുമേൽ ആയുധങ്ങൾ വർഷിക്കുന്ന നശീകരണത്തിനും ദുരിതത്തിനും മാത്രം കാരണമാവുന്ന ബലപ്രയോഗമായി മാറിക്കഴിഞ്ഞു. സാങ്കേതികതയും യുദ്ധമുറകളും മാറിയതോടെ യുദ്ധത്തെ സംബന്ധിച്ചുള്ള മൂല്യവിചാരവും സങ്കൽപ്പവും മാറി എന്നർത്ഥം. ഈ വശം മനസ്സിലാക്കാതെ ഭൂതകാലസംഭവങ്ങളെ കാണാമെന്നോ കാണണമെന്നോ ചിന്തിക്കുന്നത് മരിച്ച ഒരാളെ ജീവിപ്പിക്കണമെന്നു വിചാരിക്കുന്നതുപോലെ അബദ്ധമാണ്. എന്തുകാരണംകൊണ്ടാണെങ്കിലും മരിച്ച ആൾ മരിച്ചു എന്ന് മനസ്സിലാക്കണം.

അയാ സോഫിയ മ്യൂസിയത്തെ മുസ്ലിംപള്ളിയാക്കി മാറ്റിയതും ബാബരിപള്ളി പൊളിച്ചതും എന്റെ നോട്ടത്തിൽ സമാനമായ കാര്യങ്ങളാണ്. രണ്ടുചെയ്തികളുടെയും പിന്നിലുള്ള ആശയം അതത് ഇടങ്ങളിലെ ഭൂരിപക്ഷസമുദായക്കാർക്ക്‌ തങ്ങളുടെ മേധാവിത്വം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന വിചാരമാണ്. ഇങ്ങനെയുള്ള ഭൂരിപക്ഷസമുദായത്തെ ഉണ്ടാക്കിയിരിക്കുന്നതുതന്നെ ഭൂതകാലത്തിൽ തങ്ങൾക്കെതിരെ പലതെറ്റുകളും നടന്നിട്ടുണ്ടെന്ന് പറഞ്ഞു പ്രചരിപ്പിച്ചു പഠിപ്പിച്ചാണ്. ഈ നിർമ്മിച്ചെടുത്ത ആവലാതികൾ ഉള്ളതുകൊണ്ട് 'ദിവ്യപ്രതികാരം' ആയാണ് ഈ മാറ്റങ്ങളെയും തകർക്കലുകളെയും ഭൂരിപക്ഷതാവാദികൾ കാണുന്നത്. അയോധ്യയിൽ അഞ്ഞൂറുവർഷം പഴക്കമുള്ളൊരു ചരിത്രകെട്ടിടം ആൾക്കൂട്ടം തകർത്തിട്ടാണ് കേസ് നടന്നതെങ്കിൽ ഇസ്താൻബൂളിൽ കേസ് നടത്തിയാണ് മ്യൂസിയത്തെ മാറ്റി പള്ളിയാക്കിയത് എന്നൊരു വ്യത്യാസമേ ഞാൻ കാണുന്നുള്ളൂ.

മുസ്ലിംകൾ തുർക്കിയിലെ ഭൂരിപക്ഷം എന്ന സൗകര്യം ഉപയോഗിച്ച് അയാ സോഫിയയിൽ ബലംപ്രയോഗിച്ച് പ്രാർത്ഥന നടത്തുമ്പോൾ അത് അവിടുത്തെ ന്യൂനപക്ഷസഹോദരസമുദായമായ ക്രിസ്ത്യാനികളെ വിഷമിപ്പിക്കുന്നുണ്ട്.
ഭൂതകാലം വർത്തമാനത്തിൻ്റെ ശവക്കുഴി കുത്തുമ്പോൾ: 
അയാ സോഫിയ, വിശ്വാസം, സംസ്കാരം
ഹായ സോഫ്യായും ബാബ്‌റി മസ്ജിദും
Q

ഏതെല്ലാം അർത്ഥത്തിലാണ് അയാ സോഫിയ മുസ്ലിം പള്ളിയാക്കുന്ന തീരുമാനം തെറ്റാവുന്നത്?

A

ഉത്തരം: ഒന്നാമതായി, ഈ ചർച്ച സമുദായങ്ങളെ ആരാധനാലയങ്ങൾക്കുചുറ്റും കൊണ്ടുപോയി കെട്ടുന്നു. മുസ്ലിംപള്ളി സമം മുസ്ലിംകൾ, ക്രിസ്ത്യൻപള്ളി സമം ക്രിസ്ത്യാനികൾ എന്നു മനസ്സിലാക്കപ്പെടുന്നു. ഭൂമി മുഴുവൻ പള്ളിയാണെന്ന മനോഹരമായ ദർശനമുള്ള മതമാണല്ലോ ഇസ്ലാം. ഇതുപ്രകാരം വലിയ പള്ളി, കൂടുതൽ പണം ചെലവാക്കിയ പള്ളി എന്നതിനൊക്കെ എന്തു വിലയാണുള്ളത്? മുഹമ്മദ് നബിയുടെ പള്ളി ഈന്തപ്പനയോലകൾ മേഞ്ഞ ചരൽ ഭൂമിയായിരുന്നു. പള്ളികളുടെ വലിപ്പത്തിനും സ്ഥലത്തിനും ഏറെ പ്രാധാന്യം വന്നത് രാജാക്കന്മാരും പിന്നീട് പണക്കാരും അവരുടെ പ്രമാണിത്തം കാണിക്കാൻ ഇവ ഉപയോഗിച്ചു തുടങ്ങിയതോടെയാണ്.

മുസ്ലിംകൾ തുർക്കിയിലെ ഭൂരിപക്ഷം എന്ന സൗകര്യം ഉപയോഗിച്ച് അയാ സോഫിയയിൽ ബലംപ്രയോഗിച്ച് പ്രാർത്ഥന നടത്തുമ്പോൾ അത് അവിടുത്തെ ന്യൂനപക്ഷസഹോദരസമുദായമായ ക്രിസ്ത്യാനികളെ വിഷമിപ്പിക്കുന്നുണ്ട്. 'അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവൻ നമ്മളിൽപ്പെട്ടവനല്ല' എന്ന പ്രവാചകവചനത്തിന്റെ സത്ത വിശാലമായ അർത്ഥത്തിൽ ഉൾക്കൊണ്ടാൽ അയൽവാസി വേദനിക്കുമ്പോൾ മേധാവിത്വപ്രകടനമായി മ്യൂസിയത്തെ പള്ളിയാക്കി മാറ്റി പ്രാർത്ഥന നടത്തുന്നതും അതേയളവിൽ മോശമല്ലേ എന്ന ചോദ്യമുദിക്കുന്നു. രാജാക്കന്മാർ ഇങ്ങനെ പലതും ചെയ്തിട്ടുണ്ടാവും. അവരുടെ പരിഗണനയിൽ ചരിത്രമോ നീതിബോധമോ മുഖ്യമല്ല.

അടിമത്തസമ്പ്രദായം ഉദാഹരണം. തോറ്റവരെ ജയിച്ചവർ അടിമകളാക്കിയത് അങ്ങനെയാണ്. ജനാധിപത്യകാലത്ത് അതെല്ലാം തെറ്റാണ്. ഇവിടെ ഉർദുഗാന്റെ ഉദ്ദേശ്യം തകർന്നുകൊണ്ടിരിക്കുന്ന തന്റെ ജനപ്രീതി ഉയർത്തിക്കൊണ്ടുവരിക എന്ന അധികാരരാഷ്ട്രീയത്തിന്റെ ലക്ഷ്യമാണെന്നാണു മനസ്സിലാവുന്നത്. അങ്ങനെയെങ്കിൽ അത് വിശ്വാസത്തിന്റെ ദുരുപയോഗമാണ്. അഞ്ഞൂറുവർഷംമുമ്പ് ക്രിസ്ത്യൻപള്ളി മുസ്ലിംപള്ളിയാക്കിയതും നൂറുവർഷംമുമ്പ് മുസ്ലിംപള്ളി മ്യൂസിയമാക്കിയതും ശരിയോ തെറ്റോ ആണെന്നത് അന്നത്തെ മൂല്യവിചാരങ്ങൾ അനുസരിച്ച് ആലോചിക്കേണ്ടതാണ്.

എല്ലാ മതവിശ്വാസികളും മതമില്ലാത്തവരും സഹവർത്തിത്വത്തോടെ നിലനിന്നുപോവണമെന്ന ധാരണ ലോകമൊട്ടാകെ രൂപപ്പെട്ട ബഹുസ്വരതയുടെ സമകാലിക ലോകത്ത് അത് തെറ്റാണ്.

അയാ സോഫിയ മ്യൂസിയത്തെ മുസ്ലിംപള്ളിയാക്കി മാറ്റിയതും ബാബരിപള്ളി പൊളിച്ചതും എന്റെ നോട്ടത്തിൽ സമാനമായ കാര്യങ്ങളാണ്
Q

ഇക്കാര്യത്തിൽ ഒറ്റ മുസ്ലിം കാഴ്ചപ്പാട് എന്നൊന്നില്ല എന്നു പറയാൻ കഴിയുമോ?

A

ഇവിടെ പ്രതിപാദിക്കുന്ന മൂന്നു പേരും- മുഹമ്മദ് അൽ ഫാതിഹ് ആവട്ടെ കമാൽ അതാ തുർക്ക് ആവട്ടെ ഉർദുഗാൻ ആവട്ടെ- മൂന്നുപേരും മുസ്ലിംകളാണ്. ഇതിൽ ഏതാണ് ഒറ്റ മുസ്ലിം കാഴ്ചപ്പാട് എന്നെങ്ങനെ പറയും?

മതത്തെ ധാർമികവും ആത്മീയവുമായ സഞ്ചയമായി മനസ്സിലാക്കിയാൽ ധാർമികമായും പ്രായോഗികമായും ഉള്ള മാർഗ്ഗദർശനം കിട്ടാവുന്ന വഴികളുണ്ട്. നമ്മുടെ വിഷയവുമായി ബന്ധപ്പെടുത്താവുന്ന ഒരുദാഹരണം നബിചരിത്രത്തിൽ കാണാവുന്നതാണ്. മുഹമ്മദ് നബിക്കു മുമ്പുതന്നെ അറബികളുടെ കച്ചവടത്തിന്റെ പ്രധാനവഴിയിലെ ദേവാലയമായിരുന്ന കഅ്ബയുടെ പുനർനിർമാണത്തിനു പണമില്ലാത്തതിനാൽ ചെറിയൊരുഭാഗം പുതുക്കിപ്പണിയാതെ വിട്ടിട്ടുണ്ട്. പണമുണ്ടാവുന്ന അവസ്ഥയായപ്പോഴും ആളുകൾ കണ്ടുപരിചയിച്ച കഅ്ബയുടെ രൂപത്തിൽ അപ്പോൾ ഭേദഗതി ചെയ്യേണ്ടതില്ല എന്നതായിരുന്നു നബിയുടെ വീക്ഷണം. നബി നാട്ടാചാരങ്ങൾക്ക് (ഉർഫ്) ഏറെ പരിഗണന നൽകിയിരുന്നതായി കാണാവുന്നതാണ്. അങ്ങനെ നോക്കുമ്പോൾ ചരിത്രബോധത്തോടെയും ആളുകളുടെ മനഃസ്ഥിതിയെ മനസ്സിലാക്കിയും വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ.

Q

ഒന്ന് വിശദീകരിക്കാമോ?

A

വിശ്വാസപരമായി ഇബ്രാഹിം നബി (ബൈബിളിലെ അബ്രഹാം) കെട്ടിപ്പടുത്തതാണ് കഅ്ബ. നാലായിരം കൊല്ലം പഴക്കമുള്ള ദേവാലയമാണല്ലോ ഇത്. ഇസ്ലാമിന് മുമ്പെയുള്ള തീർഥയാത്രയാണ് ഹജ്ജ്. അതിൽ ബലിയറുത്ത മൃഗത്തിന്റെ ചോര ചുമരിൽ പുരട്ടുക, നഗ്നമായ പരിക്രമണം എന്നിവ ഒഴിവാക്കി മറ്റുചടങ്ങുകൾ അതുപോലെ നിർത്തുകയാണ് മുഹമ്മദ് നബി ചെയ്തത്. കച്ചവടകേന്ദ്രം, ആരാധനാ കേന്ദ്രം എന്നീ നിലകളിൽ, മുഹമ്മദ് നബിക്കു നേരത്തെ പ്രാധാന്യമുള്ളതായിരുന്നു കഅ്ബ. അവിടെ കച്ചവടതാല്പര്യങ്ങൾക്കും ഗോത്രതാല്പര്യങ്ങൾക്കുമായി പലതരം ബിംബങ്ങളും ആളുകൾ കൊണ്ടുവച്ചിരുന്നു. ഇതൊരു വലിയ കലഹവിഷയവും ആയിരുന്നു. അതിനെതിരെയാണ് ഇബ്രാഹിം നബിയുടെ പാരമ്പര്യം മുറുകെപ്പിടിച്ച് മൂസാനബി (മോസസ്), ഈസാനബി (യേശുക്രിസ്തു) എന്നിവരെ മുൻപ്രവാചകരായി കണ്ടുകൊണ്ട് മുഹമ്മദ്നബിയുടെ ആത്മീയവും ധാർമികവുമായ സാമൂഹ്യനിർമാണം നടക്കുന്നത്.

അറബ് ഗോത്രങ്ങളുടെ ആരാധനാരീതികളോടുള്ള എതിർപ്പ് നബിക്ക് ജൂത-ക്രിസ്ത്യൻ മതങ്ങളോടില്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. അവരെ 'വേദക്കാർ' (അഹ് ല് കിതാബ്) എന്നാണല്ലോ വിളിക്കുന്നത്.

ലോകം ഏറെ മാറിക്കഴിഞ്ഞ ഇക്കാലത്ത് ഖിലാഫത്തിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിൽത്തന്നെ ചരിത്രബോധമില്ലായ്മയല്ലേ ഉള്ളത് എന്നാണ് എന്റെ സംശയം.
Q

ജനാധിപത്യത്തിൽ ആളുകളുടെ ഇച്ഛയ്ക്ക് പ്രാധാന്യമുണ്ടല്ലോ. ഉർദുഗാന്റെ നീക്കത്തിന് മുസ്ലിം ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ?

A

ജനാധിപത്യം ഭൂരിപക്ഷതാല്പര്യങ്ങൾ നടത്തുന്ന ഒരു സംവിധാനമല്ല. എല്ലാ വിഭാഗം ജനങ്ങളോടും സംവദിക്കാൻ കഴിയാതെ ജനാധിപത്യത്തിന് യാതൊരു അർത്ഥവുമില്ല. പിന്നെ, ചരിത്രം ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളുകളുടെ ഇച്ഛക്കനുസരിച്ചു വെട്ടിത്തിരുത്തുകയോ തകർക്കുകയോ ചെയ്‌താൽ പിന്നീട് തിരിച്ചുണ്ടാക്കാൻ കഴിയില്ല.

Q

നാം ചരിത്രത്തിന്റെ ഉത്പന്നങ്ങളും അതേസമയം നിർമാതാക്കളുമാണ് എന്നാണോ?

A

തീർച്ചയായും.

തീർച്ചയായും ആരാധനാലയങ്ങൾ കൈയടക്കിയ സംഭവങ്ങളുണ്ട്. തുർക്കിയിൽ മുസ്ലിംകളും സ്‌പെയിനിൽ ക്രിസ്ത്യാനികളുമെല്ലാം ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇതൊക്കെപ്പറഞ്ഞ് ചരിത്രപരമായ മുറിവുകൾ വീണ്ടും വീണ്ടും പൊക്കിയെടുത്ത് നമ്മുടെ ജീവിതം നൂറ്റാണ്ടുകൾക്കുമുമ്പുള്ള സംഭവങ്ങൾക്കുചുറ്റും ചെലവഴിക്കേണ്ടതുണ്ടോ? ഇതാണ് നാം ആലോചിക്കേണ്ട ചോദ്യം
ഭൂതകാലം വർത്തമാനത്തിൻ്റെ ശവക്കുഴി കുത്തുമ്പോൾ: 
അയാ സോഫിയ, വിശ്വാസം, സംസ്കാരം
എര്‍ദോഗാനെ പിന്തുണക്കുന്നവർ തോണ്ടുന്നത് സ്വന്തം കുഴിമാടം
Q

അയാ സോഫിയക്ക്‌ തുർക്കിയിലെ സുൽത്താൻ വിലകൊടുത്തിട്ടുണ്ട് എന്ന ന്യായീകരണത്തെപ്പറ്റി എന്തു തോന്നുന്നു?

A

വിലകൊടുത്തു വാങ്ങാവുന്നതാണോ ഭക്തിയും ആദരവും വിശ്വാസവും? അഞ്ഞൂറുകൊല്ലംമുമ്പ് നടന്ന കഥ. വില ആർക്ക് കൊടുത്തു? വിലകൊടുക്കാനും വാങ്ങാനുമുള്ള അവകാശം നിക്ഷിപ്തമായ കേന്ദ്രം ഏത്? ഇങ്ങനെ പല ചോദ്യങ്ങളും ഉയർത്താൻ കഴിയുന്ന ന്യായീകരണമാണിത്.

യുദ്ധത്തിലൂടെയുള്ള കീഴടക്കലുകളുടേയും സന്ധിയിലൂടെയുള്ള സമാധാനത്തിന്റെയും അന്നത്തെ യുക്തികളെ മനസ്സിലാക്കാതെ ന്യായീകരിക്കുന്നതും വൈകാരികമായി പൈശാചികവൽക്കരിക്കുന്നതും ദോഷമേ ചെയ്യൂ.

Q

ആരാധനാലയവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിൽ നടന്ന തർക്കങ്ങൾക്ക് വേറെ ഉദാഹരണങ്ങൾ ഉണ്ടോ?

A

തർക്കങ്ങളുടെ ചരിത്രം മാത്രമെടുത്തു പരിശോധിക്കേണ്ടതില്ല. പാരസ്പര്യത്തിന്റെ വലിയ ചരിത്രമുണ്ട്. റോമാ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ പതിവായിരുന്ന യുദ്ധങ്ങളിൽ ക്രിസ്ത്യാനികളായ റോമാക്കാരുടെ ഒപ്പമായിരുന്നു അറേബ്യയിലെ മുസ്ലിംകളുടെ മനസ്സ്. റോമാക്കാർ ഒരു യുദ്ധത്തിൽ പരാജയപ്പെട്ടതറിഞ്ഞ് ദുഃഖിച്ച മുസ്ലിംകൾക്ക് ആശ്വാസമെന്നോണം റോമക്കാർ അടുത്തുതന്നെ പേർഷ്യക്കരെ ജയിക്കുമെന്നും അന്ന് മുസ്ലിംകൾക്ക് സന്തോഷിക്കാനാവുമെന്നും ഖുർആനിൽ ഉള്ളതായി കാണാം. പൂർവ്വിക ക്രിസ്ത്യാനികൾ നേരിട്ട പീഡനങ്ങളെയും ഖുർആൻ എതിർത്തിട്ടുണ്ട്.

ഖുർആനിൽ മാത്രമല്ല, നജ്റാനിൽനിന്നു വന്ന ക്രൈസ്‌തവ നിവേദകസംഘത്തിന് നബി സ്വന്തം പള്ളിയിൽ പ്രാർത്ഥനക്ക് അനുമതി നൽകിയതും പ്രസിദ്ധമാണ്. അതുപോലെ ഓർക്കേണ്ടതാണ് ഖലീഫ ഉമറിന്റെ കഥ. ഒരു സന്ദർശനത്തിനിടെ ഉമറിന് നമസ്കാരസമയമായപ്പോൾ ചർച്ചിൽവച്ച് പ്രാർത്ഥിച്ചുകൊള്ളാൻ പുരോഹിതൻ പറഞ്ഞു. 'ഞാൻ ഇവിടെ നമസ്ക്കാരം നിർവഹിച്ചാൽ വരുംകാലം മുസ്ലിംകൾ അവകാശവാദമുന്നയിച്ചുവന്നേക്കാം' എന്നുപറഞ്ഞ് പുറത്തുള്ള ഒരു പാറമേൽ നിസ്‌ക്കരിക്കുകയായിരുന്നു അദ്ദേഹം.

അതുപോലെ ഡമാസ്കസിലെ യോഹന്നാൻചർച്ചിൻ്റെ ഒരു ഭാഗം ഖലീഫ വലീദ് മുസ്ലിംപള്ളിയോട് ബലംപ്രയോഗിച്ച് ചേർത്തു. പള്ളി വികസിപ്പിക്കാൻ വിലനൽകാമെന്ന നിർദ്ദേശം ക്രിസ്ത്യാനികൾ തിരസ്കരിച്ചതിനെത്തുടർന്നായിരുന്നു ബലപ്രയോഗം. പിന്നീട് നീതിമാനായ ഉമറുബ്നു അബദുൽ അസീസ് അധികാരത്തിൽ വന്നപ്പോൾ ക്രിസ്ത്യാനികൾ പരാതിയുമായി അദ്ദേഹത്തെ സമീപിച്ചു. ഉടൻതന്നെ അവർക്കനുകൂലമായ വിധിയുണ്ടായി. എന്നാൽ ആ നീതിബോധം ക്രിസ്ത്യാനികളിൽ അനുഭാവപൂർവ്വമായ ആലോചനയ്ക്ക് കാരണമായി.

തീർച്ചയായും ആരാധനാലയങ്ങൾ കൈയടക്കിയ സംഭവങ്ങളുണ്ട്. തുർക്കിയിൽ മുസ്ലിംകളും സ്‌പെയിനിൽ ക്രിസ്ത്യാനികളുമെല്ലാം ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇതൊക്കെപ്പറഞ്ഞ് ചരിത്രപരമായ മുറിവുകൾ വീണ്ടും വീണ്ടും പൊക്കിയെടുത്ത് നമ്മുടെ ജീവിതം നൂറ്റാണ്ടുകൾക്കുമുമ്പുള്ള സംഭവങ്ങൾക്കുചുറ്റും ചെലവഴിക്കേണ്ടതുണ്ടോ? ഇതാണ് നാം ആലോചിക്കേണ്ട ചോദ്യം

Q

ഈ പാരസ്പര്യത്തിന്റെ കഥയല്ല, പടിഞ്ഞാറും ഇസ്‌ലാമും വിരുദ്ധ നാഗരികതകളാണ് എന്ന ധാരണയാണ് പലപ്പോഴും രാഷ്ട്രീയചർച്ചകളെ നയിക്കുന്നത്. ഇത് കുരിശുയുദ്ധത്തിന്റെ തുടർച്ചയാണോ?

A

ഖുർആനിൽ ക്രിസ്ത്യാനികളും മുസ്ലിംകളും ഏറ്റവും അടുത്തവരായിട്ടാണു കാണുന്നതെങ്കിൽ അധികാരരാഷ്ട്രീയത്തിനുവേണ്ടി നടന്ന കുരിശുയുദ്ധം ലോകത്തെ രണ്ടായാണു കണ്ടത്: ക്രിസ്ത്യൻ ലോകവും മുസ്ലിം ലോകവും. മധ്യകാലത്തിലെ മുസ്ലിംലോകത്തിലെ തർക്കങ്ങളെയോ പതിനാറു-പതിനേഴു നൂറ്റാണ്ടുകളിലെ ക്രിസ്ത്യൻ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെയോ ഇവ കാണുന്നതേയില്ല. ഒരുനിലയ്ക്കും ചരിത്രത്തോട് സത്യസന്ധത പുലർത്താത്ത ചട്ടക്കൂടാണത്.

Q

പടിഞ്ഞാറ് vs. ഇസ്ലാം എന്ന സാംസ്കാരിക സംഘട്ടനങ്ങളുടെ സിദ്ധാന്തത്തെ എങ്ങിനെയാണ് കാണുന്നത്? ഒരു ഭൂമിശാസ്ത്രവിഭാഗത്തെയും ഒരു ആത്മീയ-ധാർമികസഞ്ചയത്തെയും പരസ്‌പരവിരുദ്ധമായി കണക്കാക്കുന്നതുതന്നെ അബദ്ധമല്ലേ? പടിഞ്ഞാറിൽ മുസ്ലിംകളോ മുസ്ലിംനാടുകളിൽ പടിഞ്ഞാറുനിന്നുള്ളവരോ ഉണ്ടാവില്ലെന്ന തീർപ്പല്ലേ അതിന്റെ അടിത്തറ?

A

തീർച്ചയായും. കൊളോണിയലിസത്തിന്റെ ആവശ്യങ്ങൾക്കായി പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ പണ്ഡിതർ പ്രചരിപ്പിച്ചതും തങ്ങളുടെ നേട്ടങ്ങൾക്കായി ഇസ്ലാമിസ്റ്റുകൾ ഏറ്റെടുത്തതുമാണ് പ്രാഥമികപരിശോധനകള്‍ക്കുപോലും പ്രസക്തിയില്ലാത്ത ഈ സിദ്ധാന്തം. മതം സമഗ്രമായതിനാല്‍ രാഷ്ട്രീയപദ്ധതിയുമാണ് എന്ന ആലോചനയും രാഷ്ട്രം മനുഷ്യമനസ്സുകളെ നിയന്ത്രിക്കാൻ വേണ്ടിയുള്ളതാണെന്ന വാദവും ഒരുപോലെ തള്ളിക്കളയേണ്ടതാണ്.

Q

ഖിലാഫത്തിന്റെ ഭൂമിയായിരുന്നു തുർക്കി എന്നനിലയ്ക്ക് ഈ നീക്കത്തിന് ഖിലാഫത്തിന്റെ തിരിച്ചുവരവുമായി ബന്ധമുണ്ടെന്ന ആഘോഷവും ഭീതിയും രണ്ടും കണ്ടു?

A

ഖിലാഫത്തിന് വിവിധ തലസ്ഥാനങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യമത് മദീനയായിരുന്നു. പിന്നീട് ഡമാസ്കസായി. പിന്നീട് ബാഗ്ദാദായി. തുർന്നാണ് ഇസ്താൻബുൾ ആയി മാറുന്നത്. ഖലീഫയുടെ അംഗീകാരപത്രം വാങ്ങുക മുസ്ലിം രാജാക്കന്മാർക്കിടയിൽ പതിവായിരുന്നു. മതപരമായി ഇതിന് യാതൊരു വിലയുമില്ലെങ്കിലും സാമൂഹികാംഗീകാരമെന്ന പരിഗണന പൊതുവിൽ കൽപിക്കപ്പെട്ടിരുന്നു.

ഖിലാഫത്ത് പുനഃസ്ഥാപനപ്രസ്ഥാനത്തെ ഉപയോഗിച്ച് ഗാന്ധിജി ഇന്ത്യയിലെ മുസ്ലിം ജനസാമാന്യത്തെ സ്വാതന്ത്ര്യസമരത്തോട് അടുപ്പിച്ചുനിർത്താൻ ശ്രമിച്ചതിലും ഈ വസ്തുത ഉള്ളടങ്ങിയിരുന്നു. ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ പതനം കമാൽ പാഷയുടെ രംഗപ്രവേശത്തോടെ പൂർണ്ണമായി. അതിൽപ്പിന്നെ സൌദി അറേബ്യയിലെ രാജാക്കന്മാർപോലും ഖിലാഫത്തുമായി സ്വയം ബന്ധിപ്പിച്ചിട്ടില്ല. ഇപ്പോൾ ചില ഭീകരവാദിസംഘടനകളാണ് ഖലീഫ എന്ന പദവി പ്രയോഗിക്കാൻ ശ്രമിക്കുന്നത്.

ലോകം ഏറെ മാറിക്കഴിഞ്ഞ ഇക്കാലത്ത് ഖിലാഫത്തിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിൽത്തന്നെ ചരിത്രബോധമില്ലായ്മയല്ലേ ഉള്ളത് എന്നാണ് എന്റെ സംശയം.

Q

തുർക്കിയിൽനിന്ന് നാം ഉൾക്കൊള്ളേണ്ടത് എന്താണ്?

A

ഇന്ത്യ കണ്ട പ്രമുഖ ഇസ്‌ലാമികപണ്ഡിതനായ ഷിബ് ലി നുഅ്മാനി ഖിലാഫത്തിൻ്റെ അവസാനകാലത്ത് തുർക്കി സന്ദർശിച്ച് സമഗ്രമായൊരു ലേഖനം എഴുതിയിട്ടുണ്ട്. തുർക്കിയിലെ ഗംഭീരമായ പഠനകേന്ദ്രങ്ങളെപ്പറ്റിയും കലാപരമായും നാഗരികമായും ഉള്ള വിശേഷങ്ങളെ സംബന്ധിച്ചും മനോഹരമായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാണ്ഡിത്യത്തിന്റെയും അധ്യയനത്തിൻേറയും ഒരുപാടു തലങ്ങൾ നമുക്കുമുമ്പിൽ അവതരിപ്പിക്കാൻ ഇത്തരം ശ്രമങ്ങൾക്ക് സാധിക്കും. തുർക്കിയിലെ മുസ്ലിംകളും ക്രിസ്ത്യാനികളും ഒരേവേഷമാണ് ധരിക്കുന്നതെന്നും ഇത്, അവർ ഇടകലർന്നു ജീവിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന രാജ്യമാണ് തുർക്കി.

രണ്ടു വൻകരകളും രണ്ടു മതങ്ങളും ബൈസാന്റിയൻ മുതൽ ഇങ്ങോട്ടുള്ള പല സാംസ്കാരികധാരകളും സംഗമിക്കുന്ന ഒരു രാജ്യത്തിന് ലോകത്തിനുതന്നെ വലിയ സന്ദേശം നൽകാനുണ്ട്. വിശ്വാസത്തിനു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വലിയ മാനങ്ങളുണ്ട്. ആരാധനാലയം വിശ്വാസിക്ക് പ്രാർത്ഥനാലയം ആയിരിക്കുന്നതുപോലെ മറ്റുള്ളവർക്ക് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സ്രോതസ്സ് കൂടിയാണ്. അവ മനുഷ്യകുലത്തിന്റെ സമ്പത്തുക്കളാണ്.

വെട്ടിയും തിരുത്തിയും തകർത്തും പേരുമാറ്റിയും ഭൂതകാലത്തെ ആവർത്തിക്കുകയല്ല; പാരസ്പര്യത്തിന്റെയും സൗഹാർദ്ദത്തിന്റേയും വഴിയിൽ, മനുഷ്യരുടെ സങ്കീർണവും അഗാധവുമായ ജീവിതരീതികളെ മനസിലാക്കിത്തരിക എന്നതാണ് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ദൗത്യം.

ഭൂതകാലം വർത്തമാനത്തിൻ്റെ ശവക്കുഴി കുത്തുമ്പോൾ: 
അയാ സോഫിയ, വിശ്വാസം, സംസ്കാരം
ഹാഗിയ സോഫിയ മുസ്ലീംപള്ളിയാക്കിയതിനെ എതിര്‍ക്കേണ്ടത് എന്തുകൊണ്ട്? എംഎന്‍ കാരശ്ശേരി പറയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in