ഹാഗിയ സോഫിയ മുസ്ലീംപള്ളിയാക്കിയതിനെ എതിര്‍ക്കേണ്ടത് എന്തുകൊണ്ട്? എംഎന്‍ കാരശ്ശേരി പറയുന്നു

ഹാഗിയ സോഫിയ മുസ്ലീംപള്ളിയാക്കിയതിനെ എതിര്‍ക്കേണ്ടത് എന്തുകൊണ്ട്? എംഎന്‍ കാരശ്ശേരി പറയുന്നു

2020 ജൂലൈ 24ന് ഇസ്താംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന മ്യൂസിയം മുസ്ലീംപള്ളിയാക്കി മാറ്റി. നിലവിലെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ നേതൃത്വത്തിലായിരുന്നു നടപടി. അന്ന് അവിടെ നടന്ന കൂട്ടപ്രാര്‍ത്ഥന വലിയ വാര്‍ത്തയായി, ദൃശ്യങ്ങളും ചിത്രങ്ങളുമായി ലോകം മുഴുവന്‍ നിറഞ്ഞു.

ഒരു ക്രിസ്ത്യന്‍ ദേവാലയമായിരുന്നു ഹാഗിയ സോഫിയ. ക്രിസ്തുവര്‍ഷം 537ലാണ് ഇത് പണികഴിപ്പിച്ചത്. അക്കാലത്ത് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായിരുന്നു അത്. ഒട്ടോമന്‍ എംബയര്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ 1453ലാണ് ആ ദേവാലയം ഒരു പ്രശ്‌നം നേരിടുന്നത്. ഒട്ടോമന്‍ എംബയര്‍ അറബിയില്‍ ഉസ്മാനിയ ഖിലാഫത്ത് എന്ന് പറയും. ഉസ്മാനിയ എന്ന വാക്കിന്റെ ഇംഗ്ലീഷ് പദമാണ് ഒട്ടോമന്‍ എന്ന് പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസ്ലീങ്ങള്‍ നഗരം കീഴടക്കിയപ്പോള്‍, അവിടെയുണ്ടായിരുന്ന പ്രധാന ക്രിസ്ത്യന്‍ ദേവാലയം അവര്‍ മുസ്ലീംപള്ളിയാക്കി മാറ്റുകയായിരുന്നു. ചരിത്രത്തില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ കാണാം. അതൊക്കെ രാജാധിപത്യത്തിന്റെ കാലത്തെ കാര്യങ്ങളാണ്. ഒരു രാജാവ് അല്ലെങ്കില്‍ ഒരു രാജവംശം അങ്ങനെ ചെയ്യുന്നു, അതിനിപ്പോള്‍ അന്നത്തെ കാലത്ത് ഒന്നും ചെയ്യാനില്ല. 1453 എന്ന് പറയുന്നത് 15-ാം നൂറ്റാണ്ടാണ്. അതിന് ശേഷം 1931 വരെ ഹാഗിയ സോഫിയ മുസ്ലീംപള്ളിയായിരുന്നു. ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായിരുന്ന പല ശില്‍പങ്ങളും അവര്‍ നശിപ്പിച്ചിരുന്നു.

1922ലാണ് രാജഭരണം അവസാനിച്ച് ഒരു റിപ്പബ്ലിക് ആയി തുര്‍ക്കി മാറുന്നത്. അന്നത്തെ പ്രസിഡന്റ്, തുര്‍ക്കിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന കമാല്‍ പാഷയായിരുന്നു. അദ്ദേഹം ആ ദേവാലയം നാല് വര്‍ഷം അടച്ചിട്ടു. 1935ല്‍ അതൊരു മ്യൂസിയമായി പ്രഖ്യാപിച്ചു. ശില്‍പകലയില്‍, കെട്ടിട നിര്‍മ്മാണ കലയില്‍ ഏറെ സ്ഥാനമുള്ള അതിമനോഹരമായ കെട്ടിടമാണ് ഹാഗിയ സോഫിയ എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അവിടെയെത്തുന്ന ആര്‍ക്കും, ഏത് മതക്കാര്‍ക്കും ഏത് ജാതിക്കാര്‍ക്കും കയറി കാണാവുന്ന ഒരു മ്യൂസിയമായിരുന്നു ഹാഗിയ സോഫിയ ഇതുവരെ.

മ്യൂസിയമാക്കിക്കൊണ്ടുള്ള 1935ലെ ഉത്തരവ് തുര്‍ക്കി കോടതി റദ്ദാക്കിയതിന് പിന്നാലെയാണ്, മതമൗലികവാദിയായ എര്‍ദോഗാന്‍ ഹാഗിയ സോഫിയ പള്ളിയായി പ്രഖ്യാപിച്ചത്. ഇത് വലിയൊരു അന്യായമാണ് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, തുര്‍ക്കിയില്‍ 82 ശതമാനവും മുസ്ലീങ്ങളാണ്. 0.2 ശതമാനമാണ് അവിടെയുള്ള ക്രിസ്ത്യാനികള്‍. അതിന് പുറത്ത് എത്രയോ കോടി ക്രിസ്ത്യാനികളും, മതേതരവാദികളുമുണ്ട്, അവരെയൊക്കെ വേദനിപ്പിക്കുന്ന തീരുമാനമാണ് അത്. ഒരു കാലത്ത് ഹാഗിയ സോഫിയ ക്രിസ്ത്യന്‍ ദേവാലയമായിരുന്നു, പിന്നീടത് മുസ്ലീംപള്ളിയായി. ജനാധിപത്യം വന്നപ്പോള്‍ അത് പ്രത്യേകിച്ച് ഒരു കൂട്ടര്‍ക്കും അവകാശമില്ലാത്തതായി മാറി. അങ്ങനെയാണ് ജനാധിപത്യം ചെയ്യുക. അതിന്റെ ചരിത്രമാണ് പ്രധാനം.

2001ല്‍ അഫ്ഗാനിസ്താനില്‍ മുല്ല ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍ സര്‍ക്കാര്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ബുദ്ധ പ്രതിമകളാണ് തകര്‍ത്തത്. അന്ന് അവര്‍ പറഞ്ഞ ന്യായം ബിംബാരാധന ഇസ്ലാമിന് എതിരാണെന്നാണ്. ഇന്ത്യയിലെ മതേതരവാദികളും, ജനാധിപത്യവാദികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പടെ പറയുന്നത് ബാബാരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്നും, അവിടെ രാമക്ഷേത്രമുണ്ടാക്കുന്നത് തെറ്റാണെന്നുമാണ്. അവിടെ അന്യായമായാണ് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതെന്ന് പറയുന്ന കോടതി തന്നെ അവിടെ രാമക്ഷേത്രം ഉണ്ടാക്കണമെന്ന് പറയുകയാണ്. എന്ത് കോടതി വിധിയാണത്, ഈ കോടതിവിധിയുടെ വിലമാത്രമേ തുര്‍ക്കിയിലെ കോടതിവിധിക്കുമുള്ളൂ. കാരണം അതങ്ങനെ പകുത്ത് കൊടുക്കേണ്ട ഒന്നല്ല, മനുഷ്യവംശത്തിന്റെ, ചരിത്രത്തിന്റെ, സംസ്‌കാരത്തിന്റെ സ്വത്താണ് അത്.

1949ല്‍ അയോധ്യയില്‍ തര്‍ക്കമുണ്ടായപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ശ്രദ്ധിക്കണം. മുസ്ലീങ്ങളുടേതുമല്ല ഹിന്ദുക്കളുടേതുമല്ല, അത് രാജ്യത്തിന്റെതാണ്, പുരാവസ്തുവകുപ്പിന്റെ സ്വത്താണത്, ചരിത്രത്തിന്റേതാണ്, സംസ്‌കാരമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബാബരിമസ്ജിദ് അദ്ദേഹം പൂട്ടിയിട്ടു. പിന്നീട് 1986ല്‍ അദ്ദേഹത്തിന്റെ പേരക്കുട്ടി രാജീവ് ഗാന്ധിയാണ് ഒരു ഭാഗം ഹിന്ദുക്കള്‍ക്ക് തുറന്ന് കൊടുത്തത്. അങ്ങനെയാണ് 92ല്‍ ബാബരിപള്ളി പൊളിക്കാനുള്ള അവസരമുണ്ടായതും.

കോടതിയുടെ അയോധ്യവിധി ജനാധിപത്യവിശ്വാസികളും മതേതരവാതികളുമുള്‍പ്പടെ എതിര്‍ക്കുന്നു. ഇതേപോലെ എതിര്‍ക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലീങ്ങളുടെ മാത്രം പള്ളിയാക്കി മാറ്റിയതും. നിര്‍ഭാഗ്യവശാല്‍ ചന്ദ്രിക പത്രത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഹാഗിയ സോഫിയ മുസ്ലീംപള്ളിയാക്കിയതിനെ അനുകൂലിച്ച് ഒരു ലേഖനമെഴുതി. അങ്ങേയറ്റം പ്രതിഷേധാത്മകമായ ലേഖനമാണ് അത്. മുസ്ലീംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാന്‍ പാടില്ല.

ഭാമിയാന്‍ കുന്നിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നതിനെ ജനാധിപത്യവാദികള്‍ എതിര്‍ക്കണം. അതുപോലെ ഹാഗിയ സോഫിയ എന്ന മ്യൂസിയം പള്ളിയാക്കി മാറ്റിയതിനെയും നാം എതിര്‍ക്കണം. ഭാമിയാന്‍ കുന്നിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തത് കേരളത്തില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. എംജിഎസ് നാരായണനെ പോലുള്ള ഒന്നോ രണ്ടോ ചരിത്രകാരന്മാരാണ് അന്ന് അതിനെ എതിര്‍ത്തത്.

ചരിത്രത്തിന്റെ വലിയ നഷ്ടമാണ് ബാബരി പള്ളി പൊളിച്ചതും. ഗാന്ധി വധത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണ് അതെന്നതില്‍ എനിക്ക് സംശയമില്ല. അത്തരം കാര്യങ്ങള്‍ ആര് ചെയ്താലും, അത് മുസ്ലീങ്ങള്‍ ക്രിസ്ത്യാനികളോട് ചെയ്താലും ഹിന്ദുക്കള്‍ മുസ്ലീങ്ങളോട് ചെയ്താലും മുസ്ലീങ്ങള്‍ ബുദ്ധമതക്കാരോട് ചെയ്താലും എല്ലാം തെറ്റാണ്.

ബാബരി പള്ളിയുടെ കാര്യത്തില്‍ എന്താണ് നിലപാടെന്ന് മുസ്ലീംലീഗ് ആലോചിക്കണം. അതിനോട് ചേര്‍ന്ന ഒരു നിലപാട് മാത്രമേ ഹാഗിയ സോഫിയയെ കുറിച്ചും അവര്‍ എടുക്കാന്‍ പാടുള്ളൂ. ഇസ്താംബുളില്‍ വേറെ പള്ളിയില്ലാഞ്ഞിട്ടല്ല, എര്‍ദോഗാന് അടുത്ത തെരഞ്ഞെടുപ്പില്‍ മതമൗലിക വാദികളുടെ വോട്ട് കിട്ടാനുള്ള ഒരു നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനെ എതിര്‍ക്കുകയാണ് മുസ്ലീലീഗ് ചെയ്യേണ്ടത്. കേരളത്തിലെ മുസ്ലീം-ക്രിസ്ത്യന്‍ സൗഹാര്‍ദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും ചന്ദ്രികയും ആലോചിക്കേണ്ടതാണ്. മുസ്ലീംലീഗ് ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണം.

പൗരാവകാശങ്ങളില്‍ വിശ്വാസമുള്ളവരും മതേതരവാദികളും ജനാധിപത്യവാദികളും, ചരിത്രത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നവരും ഹാഗിയ സോഫിയ വിഷയത്തില്‍ തുര്‍ക്കി സ്വീകരിച്ച നടപടിയെ തള്ളിപ്പറയേണ്ടതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in