ഹായ സോഫ്യായും ബാബ്‌റി മസ്ജിദും

ഹായ സോഫ്യായും ബാബ്‌റി മസ്ജിദും
Summary

ഒരനീതിയെ മറ്റൊരനീതി കൊണ്ട് നേരിടാനാകുമോ ? ഇപ്പോൾ തന്നെ സംഘ്പരിവാരത്തോട് അടുപ്പം കാണിക്കുന്ന കേരളത്തിലെ ക്രിസ്ത്യൻ മൗലീക വാദികൾക്ക് മുസ്ലിം ജനസാമാന്യത്തെ അടിക്കാനുള്ള വടികൊടുക്കുകയാണ് ഇത്തരം നേതാക്കൾ ചെയ്യുന്നത്

ഹായ സോഫ്യയും ബാബ്‌രി മസ്ജിദും പാണക്കാട് സാദിഖലി തങ്ങളുടെ ലേഖനവും ശ്രീജിത്ത് ശിവരാമന്‍ എഴുതുന്നു

തുർക്കിയിലെ ചരിത്രപ്രസിദ്ധമായ ഹായ സോഫ്യാ മ്യുസിയത്തെ മോസ്കാക്കി മാറ്റാൻ എർദോഗാൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ഈ തീരുമാനത്തിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങളെ പരിശോധിക്കുകയാണിവിടെ.എ ഡി 324 ലാണ് തുർക്കിയിലെ പൗരാണിക നഗരമായ ബൈസാന്റിയം റോമാ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി മാറ്റപ്പെടുന്നത്. അന്നത് കീഴടക്കിയ കോൺസ്ടന്റൈൻ ചക്രവർത്തി തന്റെ വിജയത്തിന്റെ സൂചകമായി നഗരത്തിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്ന് മാറ്റി. ബൈസാന്റിയൻ സാമ്രാജ്യത്വത്തിലെ ലാറ്റിൻ സംസാരിക്കുന്ന അവസാനത്തെ റോമൻ ചക്രവർത്തിയായിരുന്നു ജസ്റ്റീനിയൻ ഒന്നാമൻ. എ ഡി 530 കളിൽ അദ്ദേഹത്തിനെതിരെ കോൺസ്റ്റാന്റിനോപ്പിളിൽ വലിയ ജനരോഷം ഉയർന്നു. അതിനെ ശ്രദ്ധ തിരിച്ചുവിടാൻ ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയം കോൺസ്റ്റാന്റിനോപ്പിളിൽ നിർമിക്കാൻ ജസ്റ്റീനിയൻ ഒന്നാമൻ തീരുമാനിച്ചു. ലോകത്തെ ഏറ്റവും പ്രഗത്ഭരായ പതിനായിരം ശിൽപികൾ ആറു വർഷം കൊണ്ടാണ് ഹാജിയാ സോഫിയ എന്ന ലോകത്തെ ഏറ്റവും വലിയ പള്ളി അന്ന് നിർമിച്ചത്.

ഹായ സോഫ്യാ എന്ന് ഗ്രീക്കിലും , സാന്റാ സോഫിയാ എന്ന് ലാറ്റിനിലും , അയാ സോഫിയാ എന്ന് തുർകിഷിലും അറിയപ്പെടുന്ന പള്ളിയുടെ പേരിന്റെ അർഥം വിശുദ്ധ ജ്ഞാനം എന്നാണ്. തുടർന്നുള്ള ആയിരം വർഷം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു ഹാജിയാ സോഫിയ. ലോകത്തെ എട്ടാമത്തെ അത്ഭുതം എന്നാണു പലരും അതിനെ വിശേഷിപ്പിച്ചത്. പണിപൂർത്തിയായ പള്ളിയെ നോക്കി ജസ്റ്റീനിയൻ ചക്രവർത്തി പറഞ്ഞു ' സോളമൻ ഞാൻ താങ്കളെ മറികടന്നിരിക്കുന്നു'. സ്വർണ മൊസയ്ക്കുകൾ കൊണ്ടായിരുന്നു പള്ളിയുടെ അലങ്കാരങ്ങൾ. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിലെ മേശയും , സെന്റ് പീറ്ററെ ബന്ധിച്ച ചങ്ങലയുമുൾപ്പെടെ അവിടെ പ്രദർശിപ്പിച്ചു. പള്ളിയുടെ പ്രവേശന കവാടത്തിൽ വിശുദ്ധ മേരിക്ക് ഹാജിയാ സോഫിയ സമ്മാനമായി നൽകുന്ന ജസ്റ്റീനിയൻ ചക്രവർത്തിയുടെ രൂപം മൊസൈക്കിൽ ചിത്രീകരിച്ചിരുന്നു.

ലോകമെമ്പാടുമുള്ള രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളുടെ മാനസപുത്രനാണ് എർദോഗാൻ. ഇന്ത്യയിലെ നരേന്ദ്രമോദിക്ക് സമാനമായ വ്യക്തിത്വം. നവലിബറൽ നയങ്ങളുടെ വക്താവ്.
ഹായ സോഫ്യായും ബാബ്‌റി മസ്ജിദും
എര്‍ദോഗാനെ പിന്തുണക്കുന്നവർ തോണ്ടുന്നത് സ്വന്തം കുഴിമാടം

1453 ൽ ബൈസാന്റിയൻ സാമ്രാജ്യം തകർന്നു. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി , നഗരത്തെ ഇസ്താംബുൾ എന്ന് നാമകരണം ചെയ്തു. ഹാജിയാ സോഫിയ മുസ്ലിം പള്ളിയാക്കി പരിവർത്തനം ചെയ്യപ്പെട്ടു. മൊസൈക്ക് ചിത്രങ്ങൾ പ്ലാസ്റ്റർ ചെയ്തു മറിച്ചു. ഇസ്ളാമിക രീതികൾ കൊണ്ടുവന്നു. നാല് മിനാരങ്ങൾ പുതുതായി പണിതുയർത്തി. 1920 കളിൽ ഓട്ടോമൻ സാമ്രാജ്യം അസ്തമിക്കുന്നത് വരെ ഹാജിയാ സോഫിയ മുസ്ലിം പള്ളിയായി തുടർന്നു. പിന്നീട് അത് ക്രൈസ്തവ ദേവാലയമാക്കണമെന്ന് സാമ്രാജ്യത്വ കേന്ദ്രങ്ങൾ ആവശ്യമുന്നയിച്ചു. ഈ ഘട്ടത്തിലാണ് കമാൽ അതാതുർക്ക് തുർക്കിയുടെ ഭരണാധികാരിയാകുന്നത്. ആധുനികതയുടെ വക്താവും , മതേതര നിലപാടുകാരനുമായ അദ്ദേഹം ഹാജിയാ സോഫിയ ഒരു മതത്തിന്റേതും അല്ലെന്നും , ലോക ശില്പകലയുടെ ഉദാത്ത മാതൃകായാണെന്നും അതിനാൽ അത് ഒരു മ്യൂസിയമാക്കി മാറ്റുകയാണെന്നും തീരുമാനിച്ചു. ഈ തീരുമാനത്തെയാണ് ഇപ്പോൾ എർദോഗാൻ അട്ടിമറിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളുടെ മാനസപുത്രനാണ് എർദോഗാൻ. ഇന്ത്യയിലെ നരേന്ദ്രമോദിക്ക് സമാനമായ വ്യക്തിത്വം. നവലിബറൽ നയങ്ങളുടെ വക്താവ്. തുർക്കിയിൽ സർവത്ര സാമ്പത്തിക കുഴപ്പമാണ്. തൊഴിലില്ലായ്മയും സാമ്പത്തികമാന്ദ്യവും ജനങ്ങളെ തെരുവിലിറക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ എർദോഗാന് അടിതെറ്റും എന്നുറപ്പ് , അപ്പോഴാണ് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്ക് മുന്നിൽ രാമജന്മഭൂമി എറിഞ്ഞു കൊടുക്കുന്ന മോദിയെ പോലെ തുർക്കിയിലെ ജനങ്ങൾക്ക് എർദോഗാൻ ഹാജിയാ സോഫിയ വെച്ച് നീട്ടുന്നത്.

ഹായ സോഫ്യായും ബാബ്‌റി മസ്ജിദും
ഹാഗിയ സോഫിയ മുസ്ലീംപള്ളിയാക്കിയതിനെ എതിര്‍ക്കേണ്ടത് എന്തുകൊണ്ട്? എംഎന്‍ കാരശ്ശേരി പറയുന്നു

എർദോഗന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് ചന്ദ്രികയിൽ ലേഖനം എഴുതിയിരിക്കുന്നു. ചരിത്രത്തെ വർത്തമാനകാല രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ കെടുതികൾ അനുഭവിച്ച രാജ്യമാണ് ഇന്ത്യ. ബാബറി മസ്ജിദിനു കീഴെ ഏതോ സങ്കല്പ കാലത്തെ രാമജന്മ ഭൂമിയുണ്ടെന്നു പറഞ്ഞു മഹത്തായൊരു ചരിത്ര സൗധത്തെ തകർക്കുകയും കലാപങ്ങളിലൂടെ രാഷ്ട്രീയാധികാരം നേടുകയും ചെയ്ത ഹിന്ദുത്വ രാഷ്ട്രീയത്തിന്റേതിന് സമാനമാണ് എർദോഗന്റെയും നിലപാട്. അതിന് കൈയ്യടിക്കുമ്പോൾ ഒരർത്ഥത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനും ആധികാരികത നൽകുകയാണ് ലീഗ് നേതൃത്വം. അതിനു ന്യായമായി ലീഗ് നേതാവ് പറയുന്നത് യൂറോപ്യൻ രാജ്യങ്ങളിലെ ഇസ്‌ലാമോഫോബിയ ആണ്. അതായത് യൂറോപ്പിലെ ഇസ്ലാമോഫോബിയക്ക് തുർക്കിയിൽ ഞങ്ങൾ പകരം ചെയ്യും എന്ന് വ്യാഖ്യാനം. അതുതന്നെയല്ലേ ലോകമെമ്പാടുമുള്ള തീവ്ര വലതുപക്ഷവും പറയുന്നത്.

ഒരനീതിയെ മറ്റൊരനീതി കൊണ്ട് നേരിടാനാകുമോ ? ഇപ്പോൾ തന്നെ സംഘ്പരിവാരത്തോട് അടുപ്പം കാണിക്കുന്ന കേരളത്തിലെ ക്രിസ്ത്യൻ മൗലീക വാദികൾക്ക് മുസ്ലിം ജനസാമാന്യത്തെ അടിക്കാനുള്ള വടികൊടുക്കുകയാണ് ഇത്തരം നേതാക്കൾ ചെയ്യുന്നത്. വർഗീയമായി കലങ്ങി മറിഞ്ഞ മണ്ണിലേ നേട്ടം കൊയ്യാനാകൂ എന്ന് മറ്റാരേക്കാളും പൊളിറ്റിക്കൽ ഇസ്ളാമിസ്റ്റുകൾക്കറിയാം , അവരുടെ കെണിയിൽ ലീഗ് നേതൃത്വം വീഴുന്നത് നിരാശാജനകമാണ്. കേരളത്തിൽ ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യം പ്രത്യയശാസ്ത്രപരം കൂടിയാകുന്നതിന്റെ ലക്ഷണമാണിത്. അത് മതേതര കേരളത്തെ ഭയപ്പെടുത്തേണ്ടതാണ്.

ഹായ സോഫ്യയെക്കുറിച്ച് ശ്രീജിത് ശിവരാമന്റെ വീഡിയോ

ഹായ സോഫ്യായും ബാബ്‌റി മസ്ജിദും
ഹാഗിയ സോഫിയ പള്ളിയാക്കിയത് മതേതരത്വത്തിലേക്ക് തിരിഞ്ഞുനടത്തമെന്ന് സാദിഖലി തങ്ങള്‍, എര്‍ദോഗന് പിന്തുണയുമായി ചന്ദ്രികാ ലേഖനം

Related Stories

No stories found.
logo
The Cue
www.thecue.in