ലൈംഗിക അക്രമികളുടെ ലൈവ് മീശ പിരിക്കലുകള്‍

ലൈംഗിക അക്രമികളുടെ ലൈവ് മീശ പിരിക്കലുകള്‍

കേരളത്തിലെ ലൈംഗികാതിക്രമക്കേസുകളുടെ ചരിത്രത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് വിജയ് ബാബു എന്ന ചലച്ചിത്ര നിര്‍മ്മാതാവിനെതിരെ അയാളുടെ സിനിമയിലെ അഭിനേതാവായിരുന്ന നടി നല്കിയ പരാതി. തുടര്‍ന്ന് വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്ന് താന്‍ നിരപരാധിയാണെന്ന് പ്രഖ്യാപിക്കുകയും പരസ്യമായി ഇരയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ബന്ധം സംബന്ധിച്ച സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോയും അടക്കമുള്ള തെളിവുകള്‍ പുറത്തുവിടും എന്ന് ഭീഷണിയുടെ സ്വരത്തില്‍ പ്രഖ്യാപിക്കുകയും ഉണ്ടായി. തനിക്ക് നിയമം അറിയാമെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയതിനുള്ള കേസ് കൂടി അനുഭവിക്കാന്‍ തയ്യാറാണെന്നും കൂടി ലൈവില്‍ പറയുന്നുണ്ട്.

മീ ടൂ മൂവ്‌മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ തുടക്കമാകട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ലൈവ് അവസാനിപ്പിച്ചത്. ഈ ലൈവ് വീഡിയോ പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ വീണ്ടും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും നടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന നിരവധി വീഡിയോകള്‍, പോസ്റ്റുകള്‍, ട്രോളുകള്‍ എന്നിവയിലൂടെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തു.

നമ്മുടെ സമൂഹത്തിന്റെ സ്ത്രീ വിരുദ്ധത വെളിപ്പെടുത്തുകയും ഒപ്പം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ കണ്‍സെന്റ് എന്താണ് എന്നതിനെക്കുറിച്ചുള്ള ധാരണയില്ലായ്മ വെളിവാക്കുകയും ചെയ്യുന്നുണ്ട് ഈ സംഭവം. ജോലിയുമായി ബന്ധപ്പെട്ട് കാണാനായെത്തിയപ്പോൾ വിജയ് ബാബു തന്നെ ലൈംഗികമായി സമീപിച്ചു എന്ന് ഇന്ന് മറ്റൊരു പെണ്‍കുട്ടി കൂടി വെളിപ്പെടുത്തിയിട്ടുണ്ട്.

ബലാത്സംഗം എന്നത് പുരുഷന്‍ സ്ത്രീക്ക് മേല്‍ പ്രയോഗിക്കുന്ന അധികാരത്തിന്റെ ഏറ്റവും ഉന്നതവും പ്രാകൃതവുമായ രൂപമാണ്. ലൈംഗികതയല്ല അധികാരമാണ് ബാലാത്സംഗത്തിന് പിന്നിലെ പ്രേരക ശക്തി. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസുകളില്‍ വളരെ ചെറിയ ശതമാനം മാത്രം റിപ്പോര്ട്ട് ചെയ്യപ്പെടുകയും, അവയില്‍ നല്ലൊരു ശതമാനവും അനേക വര്‍ഷങ്ങള്‍ക്ക് ശേഷം തീര്‍പ്പാക്കപ്പെടുകയും ചെയ്യുന്ന നാടാണ് നമ്മുടേത്.

ലൈംഗികതയെ സംബന്ധിച്ച പാട്രിയാര്‍ക്കിയല്‍ മനോഭാവം ഇന്നും നിലനില്ക്കുന്നതിനാല്‍ ലൈംഗികാതിക്രമ കേസുകളില്‍ കുറ്റവാളിയെക്കാള്‍ മാനസികാഘാതവും സാമൂഹികമായ ഒറ്റപ്പെടലും അനുഭവിക്കുന്നത് ഇരയാണ്. അതുകൊണ്ടു തന്നെ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീ അതിക്രമം നടക്കുന്ന സമയത്ത് മാത്രമല്ല തുടര്‍ന്ന് ജീവിതകാലത്ത് ഉടനീളവും കടുത്ത അനീതിക്കാണ് വിധേയയാകുന്നത്. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് ഇന്ത്യയിലെ പീനല്‍ കോഡും, എവിഡന്‍സ് ആക്റ്റുമെല്ലാം ഇരയാക്കപ്പെട്ട സ്ത്രീയുടെ മൊഴിയെ അടിസ്ഥാന വസ്തുതയായി കണക്കാക്കുന്നത്.

കൊലപാതകി കൊല്ലുന്നത് ശരീരത്തെയാണെങ്കില്‍ ബലാത്സംഗി കൊല്ലുന്നത് ആത്മാവിനെയാണ് എന്ന് റഫീഖ് vs സ്റ്റേറ്റ് കേസിന്റെ വിധി ന്യായത്തില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നിരീക്ഷിക്കുന്നുണ്ട്. ഇര നേരിടുന്ന സാമൂഹിക ആക്രമണത്തെ പരിഗണിച്ചുകൊണ്ട് ഇരയായ വ്യക്തിയുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുന്നത് IPC 228(A) പ്രകാരം രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ വസ്തുത അറിഞ്ഞിരിക്കെ പരസ്യമായി ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയും, ഭരണഘടനയേയും വെല്ലുവിളിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല അത് ഇരയാക്കപ്പെട്ട വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്താന്‍ വിജയ് ബാബുവിനെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ആണ്‍കോയ്മാ സമൂഹത്തില്‍ വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടിയെയാണ് സമൂഹം പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ആക്രമിക്കുകയും ചെയ്യുക എന്ന തിരിച്ചറിവാണ് അതില്‍ ഒന്നാമത്തേത്. തന്റെ കുടുംബത്തിന്റെ വേദനയെയും അപമാനത്തെയും കുറിച്ചുള്ള പ്രസ്താവനകള്‍ ശരാശരി മലയാളിയെ തന്റെ പക്ഷത്ത് നിര്‍ത്തും എന്നയാള്‍ക്ക് വ്യക്തമായറിയാം. അതുവഴി താന്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന ബലാത്സംഗം എന്ന കുറ്റകൃത്യത്തെ അഗമ്യഗമനം ആയി ലഘൂകരിക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. ലൈവിനിടെ മീശ പിരിച്ചു കൊണ്ട് താന്‍ പുരുഷനാണ് എന്ന അക്രമോത്സുക ശരീര ഭാഷ അയാള്‍ പ്രകടിപ്പിക്കുന്നുണ്ട്.

മലയാള സിനിമയില്‍ നടി ആക്രമിക്കപ്പെട്ട കേസിനെത്തുടര്‍ന്ന് സ്ത്രീകളുടെ ഒരു കൂട്ടായ്മ രൂപപ്പെടുകയും WCC എന്ന സംഘടനയിലൂടെയും അല്ലാതെയും നീതിക്കായുള്ള മുറവിളി ഉയരുകയും ചെയ്യുന്നുണ്ട്. ഇത് മലയാള സിനിമയിലെ മൂലധനവും അധികാരവും കൈയാളുന്ന പുരുഷനെ വിറളി പിടിപ്പിക്കുന്നു. ഇന്നത്തെ കേസ് മാത്രമല്ല നാളെ പുറത്തു വരാന്‍ ഇടയുള്ള അനേകം വെളിപ്പെടുത്തലുകളുടെ മുനയൊടിക്കാനുള്ള മുന്‍കൂര്‍ ഭീഷണിയായിക്കൂടി ആ ലൈവിനെ കാണേണ്ടതുണ്ട്.

താന്‍ നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ച സമയത്ത് നടിയുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല എന്നും അതുകൊണ്ട് ഇത് കാസ്റ്റിംഗ് കൗച്ച് അല്ല എന്നുമാണ് വിജയ് ബാബു മുന്നോട്ട് വെക്കുന്ന മറ്റൊരു ന്യായം. ശാരീരികമായി ചൂഷണം ചെയ്ത് അവസരം നല്കുന്നത് മാത്രമല്ല, അവസരം നല്കിയ ശേഷം അതിന്റെ അധികാരവും പ്രിവിലേജും ഉപയോഗിച്ച് ലൈംഗിക ചൂഷണം നടത്തുന്നതും കാസ്റ്റിംഗ് കൗച്ചിന്റെ പരിധിയില്‍ വരേണ്ടത് തന്നെയാണ്. മാത്രമല്ല നിര്‍മ്മാതാവ് എന്ന നിലയില്‍ തൊഴിലിടത്തെ ലൈംഗിക ചൂഷണം തടയേണ്ട ഉത്തരവാദിത്വമുള്ളയാളാണ് അയാള്‍. നീതിപൂര്‍ണ്ണമായ ഒരു തൊഴിലിടം ഒരുക്കുക എന്നത് തൊഴിലുടമ എന്ന നിലയ്ക്ക് നിര്മ്മാതാവിന്റെ ബാധ്യതയാണ്. ആരോപിക്കപ്പെട്ട ബലാത്സംഗക്കേസ് വാസ്തവമാണെങ്കില്‍ അത് ആ അര്‍ഥത്തില്‍ കൂടി നിയമ ലംഘനമായി മാറും.

വിജയ് ബാബു നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ ശക്തമായ അധികാരമുള്ള പുരുഷനാണ്. താരതമ്യേന പുതുമുഖമായ നടി ഈ അധികാരത്തെക്കുറിച്ച് അറിഞ്ഞു കൊണ്ട് ഇത്തരം പരാതിയുമായി മുന്നോട്ട് പോകണമെങ്കില്‍ അവരനുഭവിച്ച മാനസിക സംഘര്‍ഷം ഊഹിക്കാവുന്നതേയുള്ളൂ. മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറായ പാര്‍വതിയെപ്പോലുള്ള താരങ്ങള്‍ക്ക് പോലും അവസരങ്ങള്‍ ലഭിക്കാത്തിടത്ത് പുതുമുഖമായ ഒരാളുടെ കരിയറിന്റെ തന്നെ അവസാനമായേക്കാം അവര്‍ കൊടുക്കുന്ന പരാതി.

കന്‍സെന്റിന്റെ പ്രസക്തി

കണ്‍സെന്റ് എന്നാല്‍ എന്താണ് എന്നതിനെപ്പറ്റിയുള്ള ധാരണ നമ്മുടെ സമൂഹത്തിന് അന്യമാണ് എന്നാണ് വിജയ് ബാബുവിന്റെ ലൈവിന് ശേഷമുണ്ടായ ആള്‍ക്കൂട്ട ആക്രോശങ്ങള്‍ സൂചിപ്പിക്കുന്നത്. Rape means an unlawful intercourse done by a man with a woman without her valid consent. (Section 375 of the Indian Penal Code, 1860[14]) എന്നാണ് ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 375 ബലാത്സംഗത്തെ നിർവചിക്കുന്നത്. തുടര്‍ന്ന് കണ്‍സെന്റ് എന്നത് നിലനില്‍ക്കാത്ത സാഹചര്യങ്ങള്‍ കൂടി ഇതേ സെക്ഷനില്‍ നിര്‍വചിക്കുന്നുണ്ട്. ഭീഷണിയും, ശാരീരികാക്രമണവും, ലഹരി നല്കി സ്വബോധം ഇല്ലാതാക്കിയ അവസ്ഥയും എല്ലാം കണ്‍സെന്റ് നിലനില്‍ക്കാത്ത സാഹചര്യങ്ങളാണ്. കണ്‍സെന്റ് സ്ത്രീ വസ്തുതകള്‍ എല്ലാമറിഞ്ഞ് പൂര്‍ണ്ണ സമ്മതത്തോടെ നല്കുന്നതാണോ (Informed consent) അതോ അധികാരം, ഭീഷണി, സമ്മര്‍ദ്ദം, ലഹരി വസ്തുക്കള്‍ എന്നിവയിലൂടെ നിര്‍മ്മിക്കപ്പെട്ടതാണോ (Manufactured consent) എന്നത് വളരെ പ്രസക്തമാണ്. താന്‍ കണ്‍സെന്റ് നല്കിയിട്ടില്ല എന്ന് പരാതിക്കാരി പറഞ്ഞാല്‍ അതാണ് അടിസ്ഥാന പ്രമാണമായി സ്വീകരിക്കേണ്ടത് എന്ന് കോടതി പലവട്ടം സ്പഷ്ടീകരിച്ചിട്ടുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള അധികാരപരമായ നിലയും കന്‍സെന്റിനെ സംബന്ധിച്ച് പ്രസക്തമാണ്. തൊഴിലുടമയും തൊഴിലാളിയായ സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍ കണ്‍സെന്റ് നിര്‍മ്മിക്കപ്പെടും വിധം അധികാര ബന്ധങ്ങള്‍ പ്രവര്‍ത്തിക്കും. മൈക്രോസോഫ്റ്റ് ചെയര്‍മാനായിരുന്ന ബില്‍ ഗേറ്റ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചത് അവിടത്തെ ജോലിക്കാരിയായിരുന്ന സ്ത്രീയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിരുന്നു എന്ന ആരോപണം മൂലമാണ് എന്ന് കരുതപ്പെടുന്നു. ഇരയും ആക്രമിയും ആയുള്ള പ്രായവ്യത്യാസവും അവര്‍ തമ്മിലുള്ള അധികാര ബന്ധത്തെ നിര്‍വചിക്കുന്നുണ്ട്.

ജോലി, പ്രമോഷന് പ്രത്യേക പരിഗണന എന്നിവയൊക്കെ വാഗ്ദാനം ചെയ്ത് നേടിയെടുക്കുന്ന കണ്‍സെന്റ് സ്വതന്ത്രമായതല്ല. വിവാഹ വാഗ്ദാനം, മറ്റ് വിധത്തിലുള്ള തെറ്റിദ്ധരിപ്പിക്കലുകള്‍ എന്നിവയിലൂടെ നേടിയെടുക്കുന്ന കണ്‍സെന്റും നിലനില്‍ക്കുന്നതല്ല.

കണ്‍സെന്റ് ആജീവനാന്തം വിലയുള്ള പാസ്‌പോര്‍ട്ട് അല്ല. ഒരു വ്യക്തിയുമായി പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് അടുത്ത ലൈംഗിക ബന്ധത്തിനുള്ള കണ്‍സെന്റ് ഉറപ്പാക്കുന്നില്ല. അത് തന്റെ സമ്മതത്തിന് എതിരായ ലൈംഗിക ബന്ധമായി സ്ത്രീക്ക് ബോധ്യപ്പെട്ടാല്‍ റേപ്പിന്റെ പരിധിയിലാണ് വരിക. മറ്റ് രാജ്യങ്ങളില്‍ വൈവാഹിക ബന്ധങ്ങളില്‍ പോലും ഈ വ്യവസ്ഥ ബാധകമാണ്. ഇന്ത്യയില്‍ നിയമ ഭേദഗതിക്കായി പലവട്ടം ആവശ്യമുയര്‍ന്നിട്ടും അംഗീകരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല സ്പര്‍ശിക്കാനോ, കെട്ടിപ്പിടിക്കാനോ അനുവദിച്ചു എന്നത് ശാരീരിക ബന്ധത്തിനുള്ള കണ്‍സെന്റ് ആകുന്നില്ല. ഓരോ ഘട്ടത്തിലും പങ്കാളിയുടെ സ്വമനസ്സാലെയുള്ള സമ്മതം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്.

മഹാരാഷ്ട്ര vs മധുര്‍ നാരായണ്‍ മര്‍ഡിക്കര്‍ കേസില്‍ '..even a woman with easy virtue is entitled to privacy and no one can invade her privacy as and when he likes. So also, it is not open to any and every person to violate her person as and when he wishes. Therefore, merely because she is a woman of easy virtue, her evidence cannot be thrown overboard.' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതായത് സ്ത്രീയുടെ പരാതി പരിഗണിക്കുമ്പോള്‍ അവള്‍ക്ക് സമൂഹം നല്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റിന് യാതൊരു നിലനില്‍പ്പുമില്ല എന്നര്‍ഥം. ഐക്യരാഷ്ട്ര സഭയുടെ നിര്‍വചന പ്രകാരം സ്ത്രീയുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളോ, പരമാര്‍ശങ്ങളോ ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇന്ത്യന്‍ എവിഡന്‍സ് ആക്ട് സെക്ഷന്‍ 146 (2013 Amendment ) പ്രകാരം പരാതിക്കാരിയുടെ മുന്‍ലൈംഗിക ജീവിതം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുകയോ, അത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. കോടതിയില്‍ പോലും ഈ നിബന്ധന നിലനില്‍ക്കെയാണ് നമ്മുടെ സമൂഹം സോഷ്യല്‍ മീഡിയയില്‍ നടിയും വിജയ് ബാബുവും തമ്മിലുള്ള മുന്‍ബന്ധത്തെ മുന്‍നിര്‍ത്തി പരാതിക്കാരിയെ തേജോവധം ചെയ്യുന്നത്. ക്രൂരമായ ശാരീരികോപദ്രവം ഉള്‍പ്പടെ ഉന്നയിക്കപ്പെട്ട കേസ് ആണ് ഇതെന്നോര്‍ക്കണം.

സൈബര്‍ ആക്രമണം എന്ന ക്രൂരത

ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ പാടില്ല എന്ന് നിയമം നിലനില്‍ക്കെയാണ് ആരോപിതന്‍ ഇരയുടെ പേര് വെളിപ്പെടുത്തി അവരെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും വീഡിയോ പ്ലാറ്റ്‌ഫോമുകളിലും നടിയുടെ പേരില്‍ നിരവധി വീഡിയോകളും ഫോട്ടോകളും പുറത്തു വന്നതായിക്കാണാം. ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. 2013 ലെ അമെന്‍ഡ്‌മെന്റിന് ശേഷം നമ്മുടെ സാമൂഹ്യ ഇടങ്ങള്‍ വല്ലാതെ മാറിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സാന്ദ്രതയിലെ വര്‍ദ്ധനവ് സൈബര്‍ സ്‌പേസിലെ സാമൂഹ്യ ഇടത്തെ വല്ലാതെ വിപുലീകരിച്ചു. ഇരയ്ക്ക് സാമൂഹ്യ പരിരക്ഷ നല്കാന്‍ ഉദ്ദേശിച്ചുള്ള റേപ് ഷീല്‍ഡ് നിയമങ്ങള്‍ സൈബര്‍ സ്‌പേസിന് ബാധകമാക്കുകയും കര്‍ശനമായി നടപ്പില്‍ വരുത്തുകയും ചെയ്യുന്നതെങ്ങനെ എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഏതാനും സെക്കന്റുകള്‍ കൊണ്ട് ലോകം മുഴുവന്‍ വാര്‍ത്തകള്‍ സഞ്ചരിക്കുന്ന കാലത്ത് ഇരയുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തും വിധം നിയമ ഭേദഗതി ഉണ്ടാകണം. നമ്മുടെ സൈബര്‍ നിയമങ്ങളും അതിന്റെ നടപ്പാക്കലും താരതമ്യേന ദുര്‍ബലമാണ് എന്നത് വലിയ വെല്ലുവിളിയാണ്. ഇരയ്ക്ക് മാത്രമല്ല സൈബര്‍ ആക്രമണങ്ങള്‍ കാണുന്ന മറ്റ് സ്ത്രീകള്‍ക്കും അത് ഭീതിക്കും ആത്മവിശ്വാസക്കുറവിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത് വ്യക്തിയുടെ പ്രശ്‌നമെന്നതിലൂപരി സ്ത്രീ സമൂഹത്തെ ആകെ ബാധിക്കുന്നതാണ്.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം മറ്റൊരു പ്രധാന പ്രശ്‌നമാണ്. നടിയെ ആക്രമിച്ച കേസില്‍ നടപടി വൈകുന്നതും പ്രതിയായ നടന്‍ ദിലീപിനോട് കോടതിയടക്കം സ്വീകരിക്കുന്ന മൃദു സമീപനവും ആകും സോഷ്യല്‍ മീഡിയയില്‍ കൂടി പരാതി പുറത്തുവിടാന്‍ പരാതിക്കാരിയെ പ്രേരിപ്പിച്ചിരിക്കുക. അറസ്റ്റില്‍ നേരിട്ട കാലതാമസവും, പണം കൊടുത്ത് നീതിന്യായ വ്യവസ്ഥയെ വരുതിയിലാക്കാം എന്ന ഹുങ്കുമാവാം പ്രതികളെ ഇത്തരം ലൈവുകള്‍ക്ക് പ്രേരിപ്പിക്കുന്നത്. സിനിമാ സെറ്റുകളില്‍ ICC നിര്‍ബന്ധമാക്കണം എന്ന കോടതി നിര്‍ദ്ദേശം വന്നിട്ട് ഒരു മസമാകുന്നു എങ്കിലും ഈ ദിശയില്‍ യാതൊരു പുരോഗമനവും ഉണ്ടായിട്ടില്ല. ഇത് ലൈംഗിക ചൂഷണത്തിന് മൌനാനുവാദം നല്കുന്നതിന് തുല്യമാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുമ്പോഴേ ഈ മേഖലയിലെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് വെളിപ്പെടുകയുള്ളൂ.

ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അവസ്ഥയില്‍ നിന്ന് സാമൂഹ്യ ആക്രമണം നേരിട്ടാലും താന്‍ നേരിട്ട അനീതിക്കെതിരെ പൊരുതും എന്ന ഉറപ്പിലേക്ക് ചിലരെങ്കിലും മാറുന്നു എന്നത് ശുഭ സൂചനയാണ്. ജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന കലയാണ് സിനിമ. ഈ മേഖലയില്‍ നിന്നും വരുന്ന വെളിപ്പെടുത്തലുകളും ശിക്ഷാ നടപടികളും മറ്റ് പെണ്‍കുട്ടികള്‍ക്കും ആത്മവിശ്വാസം പകരും.

ലൈംഗിക അക്രമികളുടെ ലൈവ് മീശ പിരിക്കലുകള്‍
ഇത് ആണുങ്ങളുടെ ലോകമാണ്; അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമാകുന്നത്
ലൈംഗിക അക്രമികളുടെ ലൈവ് മീശ പിരിക്കലുകള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം, ഇല്ലെങ്കില്‍ ഭാവികേരളം മാപ്പ് തരില്ല; ഐഎഫ്എഫ്‌കെ വേദിയില്‍ ടി.പദ്മനാഭന്‍
ലൈംഗിക അക്രമികളുടെ ലൈവ് മീശ പിരിക്കലുകള്‍
വിനായകനോട്, ലൈംഗികാതിക്രമത്തെ കണ്‍സെന്റ് ചോദിക്കലെന്ന് വിളിക്കരുത്
ലൈംഗിക അക്രമികളുടെ ലൈവ് മീശ പിരിക്കലുകള്‍
തകര്‍ക്കപ്പെട്ട വിശ്വാസം; കേരള സര്‍ക്കാരിന്റെ ലിംഗനീതി വാഗ്ദാനം വെറും പരസ്യ പ്രചരണമോ?

Related Stories

No stories found.
logo
The Cue
www.thecue.in