ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം, ഇല്ലെങ്കില്‍ ഭാവികേരളം മാപ്പ് തരില്ല; ഐഎഫ്എഫ്‌കെ വേദിയില്‍ ടി.പദ്മനാഭന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം, ഇല്ലെങ്കില്‍ ഭാവികേരളം മാപ്പ് തരില്ല; ഐഎഫ്എഫ്‌കെ വേദിയില്‍ ടി.പദ്മനാഭന്‍
Summary

26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനത്തില്‍ എഴുത്തുകാരന്‍ ടി.പദ്മനാഭന്‍ നടത്തിയ പ്രസംഗം പൂര്‍ണരൂപത്തില്‍.

സുഹൃത്തുക്കളെ

ഇരുപത്താറ് കൊല്ലം നീണ്ടുനില്‍ക്കുന്ന ഈ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വര്‍ഷമാണ് ഇതെന്ന് ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. കാരണം, ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവം ആയിരുന്നു. ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ് സംവിധാനം ചെയ്തത് എന്നത് കൊണ്ട് മാത്രമല്ല ഞാന്‍ ഇത് പറയുന്നത്. ഇതിന്റെ ഉദ്ഘാടന ദിവസം ഞാനെന്റെ വീട്ടിലെ ചെറിയ മുറിയില്‍ ടെലിവിഷന്‍ നോക്കിയിരിക്കുകയായിരുന്നു. അഭൂതപൂര്‍വമായ ഒരു കാഴ്ചയാണ് അന്ന് കണ്ടത്.

അപരാജിതയായ ഒരു പെണ്‍കുട്ടി. ഒരിക്കലും ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടി. ശ്രീ രഞ്ജിത്ത് അവരെ വേദിയിലേക്ക് ആനയിക്കുന്നു. ആദ്യം അല്‍ഭുതമായിരുന്നു കാണികള്‍ക്ക്. അന്ന് ഇവിടെ ഉണ്ടായിരുന്ന കാണികള്‍ക്ക് മാത്രമല്ല, ടെലിവിഷനിലൂടെ ലോകമെമ്പാടമുള്ള കാണികള്‍ക്കും, ഞാനടക്കമുള്ള കാണികള്‍ക്കും. ഇവര്‍ പരസ്യമായി രംഗപ്രവേശം ചെയ്തപ്പോള്‍ പിന്നീട് നിലക്കാത്ത കരഘോഷമായിരുന്നു. അതുകൊണ്ട് കൂടി മാത്രമാണ് അല്ലെങ്കില്‍ അത് കൊണ്ട് മാത്രമാണ് ഇത് ഇക്കൊല്ലത്തെ സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന ഒരു ചലച്ചിത്രോത്സവം ആണെന്ന്. അവരുടെ കേസുകളിലേക്ക് ഞാന്‍ പോകുന്നില്ല. ഞാന്‍ നിയമം പഠിച്ചവനാണ്. പക്ഷേ അതിലേക്ക് പോകുന്നില്ല. പക്ഷേ ഒരു കാര്യം പറയാം. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റു. എത്ര വലിയവനായാലും ഒരു തരത്തിലും ദാക്ഷിണ്യത്തിനും അവര്‍ അര്‍ഹരാകുന്നില്ല. സുഹൃത്തുക്കളേ നമ്മുടെ കേരളം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് പല വിഷയത്തിലും മുന്നിലാണ്. ഇപ്പോഴും മുന്നിലേക്കുള്ള ആ പ്രയാണം തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. എങ്കിലും പല രംഗങ്ങളിലും പ്രത്യേകിച്ച് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷയുടെ കാര്യത്തില്‍ നാം ഇനിയും മുന്നോട്ട് പോകണ്ടേ എന്ന് ആലോചിക്കേണ്ട സമയമാണ്.

പുതിയ കാലത്തെ ഏറ്റവും പ്രിയപ്പെട്ട കലാരൂപമാണ് സിനിമ. അവിടെ വിവിധ മേഖലയില്‍ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. പല മേഖലകളില്‍ അവരുടെ സാന്നിധ്യമുണ്ട്. അവര്‍ക്ക് കിട്ടുന്ന പരിഗണന എന്താണ്. ഈ അപരാജിതയുടെ കേസ് വന്നതിന് ശേഷമാണ് കുറേയൊക്കെ അത് ലോകത്തിന് മുന്നില്‍ വന്നത്. ഒരു പക്ഷേ ഇനിയും വരാനുണ്ടാകും. ഇത് തുടര്‍ന്ന്് അനുവദിക്കാന്‍ പറ്റുമോ. ഈ കേസിന് ശേഷം ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍, അതിന് കമ്മീഷന്‍ എന്നാണോ കമ്മിറ്റി എന്നാണോ പറയേണ്ടത് എന്നത് അറിയില്ല. ജസ്റ്റിസ് ഹേമയും പ്രശസ്തരായ രണ്ട് മഹിളകളുമുള്ള സമിതി രൂപീകരിക്കപ്പെട്ടു. രണ്ട് വര്‍ഷത്തോളം സിറ്റിംഗ് നടത്തി, പല വ്യക്തികളില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ച് അവരൊരു റിപ്പോര്‍ട്ടുണ്ടാക്കി. രണ്ട് കോടിയോളം ചെലവാക്കി. അത് ഇനിയും വെളിച്ചം കണ്ടിട്ടില്ല. ഇതിലും വലിയ ദുര്‍ഘടങ്ങളെയൊക്കെ നിഷ്പ്രയാസം തരണം ചെയ്ത ഗവണ്‍മെന്റാണ് ഇപ്പോള്‍ കേരളത്തില്‍. ഈ ഗവണ്‍മെന്റ് വിചാരിച്ചാല്‍ തരണം ചെയ്യാന്‍ കഴിയാത്ത കടമ്പയാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല.

നമ്മുടെ നാട്ടില്‍, ഞാന്‍ പറഞ്ഞല്ലോ ഞാന്‍ നിയമം പഠിച്ച ഒരുത്തനാണെന്ന്. നമ്മുടെ നാട്ടില്‍ ഏതാനും ദിവസം മുമ്പ് വരെ ഒരു വൃത്തികെട്ട ഏര്‍പ്പാടുണ്ടായിരുന്നു. നിയമവേദികളില്‍, എന്താണെന്ന് വച്ചാല്‍ ഒരു വ്യക്തിയെ ശിക്ഷിക്കണമെങ്കില്‍, ക്രൂശിക്കണമെങ്കില്‍ അവന്‍ രാജ്യദ്രോഹം ചെയ്തിരിക്കും എന്ന് പറഞ്ഞാല്‍ മതി. അതിന് തെളിവ് നിങ്ങള്‍ ഹാജരാക്കേണ്ട. മുദ്രവച്ച കവറില്‍ നല്ലത് പോലെ സീല്‍ ചെയ്ത് ജഡ്ജിക്ക് കൊടുക്കുക. പ്രതി അറിയുന്നില്ല താന്‍ എന്ത് കുറ്റമാണ് താന്‍ ചെയ്തതെന്ന്, പ്രതിയുടെ വക്കീല്‍ അറിയുന്നില്ല. ലോകം അറിയുന്നില്ല. ചേംബറിന്റെ ഏകാന്തതയില്‍ ജഡ്ജി വായിച്ച് നോക്കുന്നു എന്നാണ് പറയുന്നത്.

ഈ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ, ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു. ഇതിലും വലിയ ദുര്‍ഘടങ്ങളെ അനായാസം തരണം ചെയ്ത ഗവണ്‍മെന്റാണ് ഇവിടെ ഉള്ളത്. ഈ ഗവണ്‍മെന്റ് വിചാരിച്ചാല്‍ ഇതിന് കഴിയും. ഇത് ചെയ്തില്ലെങ്കില്‍ ഭാവികേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല. time is running out, time is running out.

ഇതില്‍ വേണ്ടത് ചെയ്യണം. അതില്‍ പറഞ്ഞ എല്ലാ നടപടികളും എടുക്കണം. കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരണം. നല്ല ഒന്നാന്തരം ശിക്ഷ നല്‍കുകയും വേണം.

Related Stories

No stories found.
logo
The Cue
www.thecue.in