എത്രമണിക്കാണ് ഇവിടെ സ്വാതന്ത്ര്യത്തിന്റെ അലാറം മുഴങ്ങുക?

എത്രമണിക്കാണ് ഇവിടെ സ്വാതന്ത്ര്യത്തിന്റെ അലാറം മുഴങ്ങുക?
Summary

അതെന്താണ് സ്ത്രീകൾക്ക് മാത്രം പുറത്തിറങ്ങാൻ പ്രത്യേക സമയക്രമം? അതെന്തിനാണ് സ്ത്രീകൾ അസമയത്ത് പുറത്തിറങ്ങി നടക്കുന്നത്? പുരുഷന്മാർക്ക് ഇല്ലാത്ത നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് ആവശ്യമാണോ? പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണോ? തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങളാണ് മലയാളി സോഷ്യൽ മീഡിയയിലും അല്ലാതെയും ഉന്നയിച്ച് വരുന്നത്.

കൊല്ലം 2015.

സ്ത്രീകൾക്കും പുരുഷന്മാർക്കും യഥേഷ്ടം കയറി ഇറങ്ങാമായിരുന്ന സമത്വസുന്ദരമായ ഹോസ്റ്റലുകൾ ഉള്ള ഹൈദരാബാദിലെ 'ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി' (ഇഫ്ലു) ക്യാംപസ്. ഒരു പെൺകുട്ടി ബോയ്സ് ഹോസ്റ്റലിൽ വച്ച് നേരിട്ട ലൈംഗികാതിക്രമത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി അധികൃതർ ക്യാംപസിലെ എല്ലാ ഹോസ്റ്റലുകളും ജെന്റർ സ്പെസിഫിക്ക് ആക്കി. ഒപ്പം സ്ത്രീകളുടെ ഹോസ്റ്റലിന് മാത്രം രാത്രി ഗേറ്റ് അടയ്ക്കാനുള്ള സമയവും നിശ്ചയിച്ചു. അതുവരെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ ഒന്നിച്ച് പഠിച്ചും കൂട്ടുകൂടിയും ഉണ്ടും നടന്നവർ പെട്ടെന്ന് രണ്ട് ധ്രുവങ്ങളിലായി.

അന്ന് ആദ്യമായി പെൺകുട്ടികൾ സംഘടിച്ച് ലിംഗസമത്വത്തിനായുള്ള മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് രാത്രി 12 മണിയോടെ പുരുഷന്മാരുടെ ഹോസ്റ്റൽ കയ്യേറി. 'ഒക്ക്യുപ്പൈ മെൻസ് ഹോസ്റ്റൽ' എന്ന ബാനറോടെ മെൻസ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് നെരിപ്പോട് കൂട്ടി ചുറ്റും പാട്ട് പാടി നൃത്തം വച്ചു. സമയവും കാലവും നോക്കാതെ ആൺകുട്ടികളും ഇറങ്ങിവന്ന് അവരോടൊപ്പം ചേർന്നു.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ക്യാമ്പസ്സിൽ അലഞ്ഞ് നടക്കുന്ന സ്ത്രീകളെല്ലാം മുണ്ടും ഷർട്ടും ലുങ്കിയും ജുബ്ബയും മറ്റും ധരിച്ചിരിക്കുന്നു! പുരുഷന്മാർ ആകട്ടെ, സാരിയും ചുരിദാറും പാവാടയും ഉടുപ്പുമെല്ലാം അണിഞ്ഞിരിക്കുന്നു. 'ക്രോസ് ഡ്രസിങ്' എന്ന സമരമുറയിലൂടെ അവർ ഉദ്ദേശിച്ചത് ഇത്രമാത്രമാണ്:

"സമൂഹത്തിൽ ഒന്നും ഒരു പ്രത്യേക ലിംഗവിഭാഗത്തിന് അവകാശപ്പെട്ടതല്ല - അത് പൊതുസ്ഥലങ്ങൾ ആകട്ടെ, വസ്ത്രമാകട്ടെ, കെട്ടിടങ്ങൾ ആകട്ടെ. ആണും പെണ്ണും ഒരേ സമൂഹത്തിന്റെ തുല്യമായ ഭാഗങ്ങളാണ്. അതിൽ ഒന്ന് പ്രിഡേറ്ററും മറ്റേത് പ്രേയും അല്ല. മറിച്ച് പരസ്പരം കോഎക്സിസ്റ്റ് ചെയ്യുന്ന സമൂഹജീവികൾ മാത്രമാണ്. ഇതിൽ ഒന്നിനെ മറ്റൊന്നിൽ നിന്ന് അകറ്റിയത് കൊണ്ട് ഗുണമല്ല, ദോഷമാണ് ഉള്ളത്. എത്ര സ്നേഹസഹകരണങ്ങളോടെ ഒന്നിച്ച് ഇടപഴകി ജീവിക്കാം എന്നാണ് സ്ത്രീയും പുരുഷനും കണ്ടെത്തേണ്ടത്. പുരുഷന്മാർക്ക് സ്ത്രീകളോട് വേണ്ടത് രക്ഷാകർതൃ മനോഭാവമല്ല, മറിച്ച് 'ഞാൻ എന്റെ സഹജീവിയെ ഉപദ്രവിക്കില്ല. ഉപദ്രവിക്കുന്നവർ എന്നിൽ പെടുന്നുമില്ല' എന്ന വ്യക്തിസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ സഹജീവിസ്നേഹം മാത്രമാണ്." ദേശീയതലത്തിൽ ജനശ്രദ്ധയാകർഷിച്ച സമരപരമ്പരയായിരുന്നു ഈ വിഷയത്തിൽ അന്ന് ഇഫ്ലു ക്യാംപസിൽ അരങ്ങേറിയത്. ആ പാത പിന്തുടർന്ന് പല ക്യാംപസുകളിലും ലിംഗസമത്വം ആഹ്വാനം ചെയ്യാനായി 'ക്രോസ് ഡ്രസിങ്' ഇവന്റുകൾ അരങ്ങേറുകയുണ്ടായി.

എത്രമണിക്കാണ് ഇവിടെ സ്വാതന്ത്ര്യത്തിന്റെ അലാറം മുഴങ്ങുക?
ആള്‍ക്കൂട്ടം അവസരമാക്കി സ്ത്രീകളെ കടന്നു പിടിക്കാന്‍, തയ്യാറായി നില്‍ക്കുന്ന ക്രിമിനല്‍ കൂട്ടം, ഇനി ഇടപെടേണ്ടത് കോടതികള്‍

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ ഹോസ്റ്റലിലെ സമയക്രമം നിശ്ചയിച്ചിരിക്കുന്നതിലുള്ള വിവേചനം ചൂണ്ടിക്കാട്ടി നടത്തിയ സമരം ഇപ്പോൾ നാട്ടിൽ പരക്കെ ചർച്ചയായി. അതെന്താണ് സ്ത്രീകൾക്ക് മാത്രം പുറത്തിറങ്ങാൻ പ്രത്യേക സമയക്രമം? അതെന്തിനാണ് സ്ത്രീകൾ അസമയത്ത് പുറത്തിറങ്ങി നടക്കുന്നത്? പുരുഷന്മാർക്ക് ഇല്ലാത്ത നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് ആവശ്യമാണോ? പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണോ? തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങളാണ് മലയാളി സോഷ്യൽ മീഡിയയിലും അല്ലാതെയും ഉന്നയിച്ച് വരുന്നത്. 'പത്ത് മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീക്ക് പിന്നെ പത്ത് മാസം കഴിഞ്ഞേ വയർ ഒഴിയൂ' എന്ന് മുതൽ, കൊച്ചിയിൽ 19-കാരി കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടത് രാത്രി പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചത് കൊണ്ടാണ് എന്നുവരെ ആയി കമന്റുകൾ.

ഇനി ഈ വിഷയത്തെ കുറിച്ച് വാ തുറക്കാതെ വയ്യ. എന്താണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ സമരം? എന്താണ് അതിന്റെ പ്രസക്തി? പ്രായപൂർത്തിയായ സ്ത്രീകൾക്ക് പുറത്തിറങ്ങാനും തിരികെ കയറാനും ലേഡീസ് ഹോസ്റ്റലുകൾ സമയക്രമം വയ്ക്കുന്നത് സ്ത്രീസുരക്ഷ മുൻനിർത്തിയാണോ?

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ് ഹോസ്റ്റൽ ഗേറ്റ് രാത്രി 10 മണിക്ക് അടക്കുന്നതിനെതിരെ  വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ് ഹോസ്റ്റൽ ഗേറ്റ് രാത്രി 10 മണിക്ക് അടക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം

നിയമം അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യം

ആർട്ടിക്കിൾ 19 സെക്ഷൻ 1 ക്ലോസ് ഡി പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യയുടെ ഭരണാതിർത്തിക്കുള്ളിൽ (അൺപ്രൊട്ടക്ടഡ് പബ്ലിക്ക് പ്രിമൈസുകളിൽ) എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആർട്ടിക്കിൾ 15 പ്രകാരം ലിംഗം മുൻനിർത്തി ഇന്ത്യൻ പൗരന്മാരെ വിവേചിക്കരുത് എന്നും നിയമമുണ്ട്. അതായത്, പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ജെൻഡറിന്റെ പേരിൽ ഹനിക്കുന്നത് ഭരണഘടന ഉറപ്പ് തരുന്ന മൗലികമായ അവകാശങ്ങളുടെ തന്നെ ലംഘനമാണ്. എന്നിട്ടും സ്ത്രീകൾ രാത്രി 10 മണി കഴിഞ്ഞാൽ പൊതുസ്ഥലത്ത് ഇറങ്ങി നടക്കുന്നത് അനാവശ്യമാണ് എന്ന് വാദിക്കാൻ എങ്ങനെ സാധിക്കുന്നു?!

മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ നാളെ ഡോക്ടർമാർ ആകാൻ ഉള്ളവരാണ് എന്നതുകൊണ്ടോ ഡോക്ടർമാർ അഹോരാത്രം ജോലി ചെയ്യേണ്ടവർ ആണ് എന്നതുകൊണ്ടോ അല്ല ഇത് പറയുന്നത്. ഏതൊരു ഇന്ത്യൻ പൗരനും സമയമോ കാലാവസ്ഥയോ നോക്കാതെ പൊതുസ്ഥലത്തു കൂടെ സഞ്ചരിക്കാൻ അവകാശമുള്ളത് കൊണ്ടാണ്.

പത്ത് മണി കഴിഞ്ഞ് സ്ത്രീകൾ പുറത്തിറങ്ങേണ്ട എന്ന് തീർപ്പ് പറയുന്ന പുരുഷന്മാർ ആരെയാണ് ഭയക്കുന്നത്? എന്താണ് ഭയക്കുന്നത്? താൻ അടക്കമുള്ള പുരുഷന്മാർ 'അസമയത്ത്' ഒരു സ്ത്രീയെ കിട്ടിയാൽ ബലാത്സംഗം ചെയ്തേക്കും എന്നോ?

അനഘ ജയൻ.ഇ

വിദ്യാർത്ഥികൾക്ക് പ്രത്യേക നിയമമുണ്ടോ?

ഈ നാട്ടിൽ ജനങ്ങൾക്ക് വിദ്യാഭ്യാസയോഗ്യത നോക്കിയല്ല നിയമങ്ങൾ ബാധകമാകുന്നത്. 18 വയസ്സ് കഴിഞ്ഞ വ്യക്തികൾക്ക് പഠിക്കുകയാണെങ്കിലും ജോലി ചെയ്യുകയാണെങ്കിലും ഇനി ഇത് രണ്ടുമല്ലെങ്കിലും ഒരൊറ്റ നിയമം തന്നെയേ ഉള്ളൂ. പ്രായപൂർത്തി ആയവരെ സംബന്ധിച്ച് അക്കാദമിക് സ്റ്റാറ്റസ് അവരുടെ ചോയ്സ് മാത്രമാണ്. കോളേജ് വിദ്യാർഥികൾ സ്വന്തം ഇഷ്ടത്തിനാണ് പഠിക്കുന്നത് എന്നും അവരെല്ലാം രാജ്യനിർമ്മിതിയിൽ പങ്കെടുക്കുന്ന, വോട്ടവകാശമുള്ള പൗരന്മാർ ആണെന്നും മറന്നുകൊണ്ടാണ് ഈ നാട്ടിൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. പഠനകാര്യങ്ങളിലെ തീരുമാനം രക്ഷിതാക്കൾക്ക് വിട്ടുകൊടുക്കുകയും പഠനവിവരങ്ങൾ അവർക്ക് ചോർത്തിക്കൊടുക്കുകയും ചെയ്യുന്ന അധ്യാപകർ ഈ നാട്ടിൽ സുലഭമാണ്. ആ പൊതുബോധത്തിൽ നിന്നുകൊണ്ടാണ് പ്രഫഷണൽ കോളേജ് വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിന് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ശ്രദ്ധിക്കണം - പുരുഷന്മാരുടെ ഹോസ്റ്റലിന് ഈ സമയക്രമം ബാധകമല്ല. ഉള്ള നിയമങ്ങൾ തന്നെ അവിടെ അനുശാസിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നുമില്ല. പിന്നെന്തിനാണ് പ്രായപൂർത്തിയായ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ മാത്രം പ്രത്യേക സമയം?

സ്ത്രീകളുടെ കാര്യത്തിൽ ആരെയാണ് പേടി?

പത്ത് മണി കഴിഞ്ഞ് സ്ത്രീകൾ പുറത്തിറങ്ങേണ്ട എന്ന് തീർപ്പ് പറയുന്ന പുരുഷന്മാർ ആരെയാണ് ഭയക്കുന്നത്? എന്താണ് ഭയക്കുന്നത്? താൻ അടക്കമുള്ള പുരുഷന്മാർ 'അസമയത്ത്' ഒരു സ്ത്രീയെ കിട്ടിയാൽ ബലാത്സംഗം ചെയ്തേക്കും എന്നോ? സ്വയവും സ്വന്തം വർഗ്ഗത്തെത്തന്നെയും വിശ്വാസമില്ലാത്തവരല്ലേ രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകളുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്നത്? പുരുഷന്മാർ തങ്ങളെത്തന്നെ പേടിച്ച്, സ്ത്രീകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, അതിനെതിരെ ശബ്ദിക്കുന്ന സ്ത്രീകളെ 'പോക്ക് കേസുകൾ' ആയി പ്രഖ്യാപിക്കുന്നതിന്റെ ലോജിക്ക് ആർക്കെങ്കിലും മനസ്സിലായാൽ ദയവ് ചെയ്ത് പറഞ്ഞ് തരണം. അതിലും സിംപിൾ പുരുഷന്മാർ സ്വയം 'പോക്ക് കേസുകൾ' ആയി പ്രഖ്യാപിക്കുന്നതല്ലേ!

സമത്വവും കക്കൂസും തമ്മിലുള്ള ബന്ധം..

"സ്ത്രീക്കും പുരുഷനും സമൂഹത്തിൽ ഒരേ നിയമങ്ങൾ മതിയെങ്കിൽ ഇരുകൂട്ടർക്കും ഇനി മുതൽ ഒരു കക്കൂസ് പോരേ" എന്നാണ് ചില ബുദ്ധിരാക്ഷസന്മാർ ചോദിക്കുന്നത്. ലിംഗസമത്വവും കക്കൂസും തമ്മിൽ എന്ത് ബന്ധം എന്ന ന്യായമായ സംശയത്തിന് ഇവിടെ പ്രസക്തിയില്ല - പക്ഷെ ചോദ്യം പ്രസക്തമാണ്. സ്ത്രീക്കും പുരുഷനും എന്തിനാണ് വെവ്വേറെ ശൗചാലയങ്ങൾ? പൊതുസ്ഥലങ്ങളിലെല്ലാം സ്ത്രീക്കും പുരുഷനും പ്രത്യേകം പ്രത്യേകം ശുചിമുറികൾ ആണുള്ളത്. എന്തായാലും സ്ത്രീകൾ പുരുഷന്മാരെ എത്തിനോക്കി ശല്യം ചെയ്താലോ എന്ന് ഭയന്നല്ല ഈ വേർതിരിവ് എന്ന് ഉറപ്പാണ്. കാരണം, പുരുഷന്മാർക്ക് മാത്രമായുള്ള യൂറിനലുകൾ പലപ്പോഴും വാഷ് ബേസിൻ പോലെ അത്ര പ്രൈവസി ഇല്ലാത്ത രീതിയിലാണ് അവലംബിച്ച് കാണാറ്. അപ്പോൾ ഈ ചോദ്യം ചോദിക്കുന്ന പുരുഷന്മാരെ തന്നെ ഭയന്നാണ് പൊതുസ്ഥലത്ത് രണ്ട് ലിംഗവിഭാഗങ്ങൾക്ക് വ്യത്യസ്ത ശുചിമുറികൾ സ്ഥാപിക്കുന്നത്.

എല്ലായിടത്തും ഈ വേർതിരിവ് ഉണ്ടോ? മിക്കവാറും കോർപ്പറേറ്റ് ഓഫീസുകളിൽ, വിദ്യാലയങ്ങളുടെയും കോളേജുകളുടെയും സ്റ്റാഫ് റൂമുകളിൽ, ആശുപത്രികളിൽ എന്ന് വേണ്ട വീടുകളിൽ വരെ സ്ത്രീയും പുരുഷനും ഒരേ ശുചിമുറിയാണ് ഉപയോഗിക്കുന്നത്. അതിനർത്ഥം മാന്യത വേണ്ട ഇടങ്ങളിൽ മാന്യർ ആവാൻ മനുഷ്യർക്ക് അറിയാം എന്നാണ്. സ്വന്തം വീട്ടിൽ സ്ത്രീകൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ തന്നെ കാര്യം സാധിക്കുന്ന പുരുഷൻ പൊതുസ്ഥലത്ത് എന്തുകൊണ്ടാണ് വ്യത്യസ്ത ശുചിമുറി ഉപയോഗിക്കാൻ നിർബന്ധിതനാകുന്നത്? കാരണം ലളിതമാണ് - വീട്ടിലെ സ്വഭാവമോ, സ്വന്തം വീട്ടിലെ സ്ത്രീകളോടുള്ള മനോഭാവമോ അല്ല പല പുരുഷന്മാർക്കും പൊതു ഇടങ്ങളിൽ. എന്നിട്ടും കുറ്റം പുറത്തിറങ്ങുന്ന സ്ത്രീകൾക്ക്!

അനഘ ജയൻ.ഇ
അനഘ ജയൻ.ഇ

സ്ത്രീകൾ എന്നാൽ തൊട്ടാൽ ഗർഭം ധരിക്കുന്ന യന്ത്രങ്ങൾ ഒന്നുമല്ല, മറിച്ച് ആണുങ്ങളോളം തന്നെ സമൂഹത്തിൽ അവകാശമുള്ള ലിംഗവിഭാഗമാണ്.

അനഘ ജയൻ.ഇ

നിയന്ത്രണം മാത്രമാണോ പോംവഴി?

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്ത്രീകൾക്ക് മേൽ അന്യായമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണോ വേണ്ടത്? പുരുഷൻ ഉത്തേജിതൻ ആകുന്ന സമയങ്ങളിൽ സ്ത്രീകളെ താമസസ്ഥലങ്ങളിൽ തളച്ചിടൽ ആണോ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള മാർഗ്ഗം? കുറ്റം ചെയ്യുന്ന ആളാണ് ശിക്ഷിക്കപ്പെടേണ്ടത്. അയാളാണ് നിയന്ത്രണങ്ങൾ അനുഭവിക്കേണ്ടത്. രാത്രികാലങ്ങളിൽ പുറത്തിറങ്ങിയാൽ സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നുണ്ട് എങ്കിൽ ആ അക്രമികളെയാണ് നിയന്ത്രിക്കേണ്ടതും ശിക്ഷിക്കേണ്ടതും. അല്ലാതെ സ്ത്രീകളെയല്ല. ലൈംഗികാതിക്രമങ്ങൾ തടയാനുള്ള ഏറ്റവും മോശം പ്രതിവിധിയാണ് നിയന്ത്രണം. പരസ്പരം ഇടപഴകൽ കുറച്ചാൽ രണ്ട് ലിംഗങ്ങൾ തമ്മിലുള്ള വിടവ് കൂടുക മാത്രമേ ഉള്ളൂ. ഈ നാട്ടിൽ വേണ്ടത് തീരെ ചെറിയ പ്രായം തൊട്ടേ ഉള്ള ആഴത്തിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ്. സ്ത്രീക്കും പുരുഷനും ഒരുപോലെ ഇറങ്ങി നടക്കാവുന്ന, രാത്രിയെന്നോ പകൽ എന്നോ നോക്കാതെ ജീവിതം ആസ്വദിക്കാൻ പറ്റുന്ന ലോകമാണ് നാം സ്ഥാപിക്കേണ്ടത്. ഇതൊക്കെ എന്ന് നടക്കാനാണ് എന്നല്ലേ ചിന്തിക്കുന്നത്? എന്തായാലും തെറ്റ് ചെയ്തേക്കാവുന്നവരെ തടയാനായി യാതൊരു തെറ്റും ചെയ്യാത്തവരെ പൂട്ടിയിടുന്നതിലും നല്ലതാണ് അത്.

സ്ത്രീകൾ എന്നാൽ തൊട്ടാൽ ഗർഭം ധരിക്കുന്ന യന്ത്രങ്ങൾ ഒന്നുമല്ല, മറിച്ച് ആണുങ്ങളോളം തന്നെ സമൂഹത്തിൽ അവകാശമുള്ള ലിംഗവിഭാഗമാണ്. 'ഞങ്ങൾ നിങ്ങളെ ഉപദ്രവിച്ചേക്കും, അതുകൊണ്ട് നിങ്ങൾ കതക് അടച്ച് അകത്തിരിക്കണം' എന്ന് പറയുന്നത് ശുദ്ധ ഗുണ്ടായിസമാണ്. സദാചാരം എന്നുപറഞ്ഞ് നിങ്ങൾ ഈ ഒളിച്ചുകടത്തുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനവുമാണ്.

എത്രമണിക്കാണ് ഇവിടെ സ്വാതന്ത്ര്യത്തിന്റെ അലാറം മുഴങ്ങുക?
ജീവിതപങ്കാളിയുടെ പക്കൽ നിന്നും ലൈംഗികബന്ധത്തിനുള്ള സമ്മതം വാങ്ങാൻ പോലും കഴിവില്ലാത്തവരാണോ മനുഷ്യരേ നിങ്ങൾ?
എത്രമണിക്കാണ് ഇവിടെ സ്വാതന്ത്ര്യത്തിന്റെ അലാറം മുഴങ്ങുക?
'വീട്ടുവേല ചെയ്യാൻ പുരുഷനെ വേണം. ശമ്പളമില്ല, താലി ഫ്രീ.. ന്തേ?' വീട്ടുജോലിയും സ്ത്രീകളും തമ്മിൽ എന്താണ് ബന്ധം?
എത്രമണിക്കാണ് ഇവിടെ സ്വാതന്ത്ര്യത്തിന്റെ അലാറം മുഴങ്ങുക?
തല്ലുന്ന അധ്യാപകർ സംവദിക്കാൻ കഴിവില്ലാത്തവർ

Related Stories

No stories found.
The Cue
www.thecue.in