'വീട്ടുവേല ചെയ്യാൻ പുരുഷനെ  വേണം. ശമ്പളമില്ല, താലി ഫ്രീ.. ന്തേ?' വീട്ടുജോലിയും സ്ത്രീകളും തമ്മിൽ എന്താണ് ബന്ധം?

'വീട്ടുവേല ചെയ്യാൻ പുരുഷനെ വേണം. ശമ്പളമില്ല, താലി ഫ്രീ.. ന്തേ?' വീട്ടുജോലിയും സ്ത്രീകളും തമ്മിൽ എന്താണ് ബന്ധം?

Summary

മാധ്യമപ്രവര്‍ത്തക അനഘ ജയന്‍ ഇ എഴുതുന്ന കോളം

'വീട്ടുജോലികൾ ചെയ്യാൻ താത്പര്യമില്ലാത്ത സ്ത്രീകൾ വിവാഹത്തിന് മുൻപേ വരനെയും ബന്ധുക്കളെയും അറിയിക്കണം. സ്ത്രീകളോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടുന്നത് ഗാർഹികപീഡനം അല്ല.' ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച പ്രസ്താവനയാണ്. പ്രഥമദൃഷ്ട്യാ എത്ര നല്ല നിർദ്ദേശം. അല്ലേ? ആദ്യമേ പറഞ്ഞാൽ ഗാർഹികപീഡനം ഉണ്ടാകാനുള്ള സാധ്യത തന്നെ ഒഴിവാക്കമല്ലോ. 'ന്യൂട്രൽ' ആകാനുള്ള ശ്രമത്തിൽ നിയമസംവിധാനങ്ങൾ പോലും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണീ കാണുന്നത്. വീട്ടുജോലികളും സ്ത്രീകളും തമ്മിൽ ശരിക്കും എന്താണ് ബന്ധം? വിവാഹവും വീട്ടുജോലികളും തമ്മിൽ എന്താണ് ബന്ധം? ഒരു ബന്ധവുമില്ല!

ഇത്രയൊക്കെ ലോകം പുരോഗമിച്ചിട്ടും വിവാഹം എന്നാൽ പുരുഷന്റെ വീട്ടിലേക്ക് സ്ത്രീ 'കെട്ടിക്കയറി ചെല്ലുന്ന' ഏർപ്പാട് തന്നെയാണ് ഇപ്പോഴും. അവിടെ ചെന്നാൽ അവരിലൊരാളായി, വീട്ടുജോലികൾ പങ്കിട്ട്, ആണുങ്ങളുടെയും മുതിർന്നവരുടെയും കുട്ടികളുടെയും ഭാവം നോക്കി ജീവിക്കേണ്ടുന്ന 'കുടുംബിനിമാർ' ആണ് ഓരോ സ്ത്രീയും. ഇതിനൊപ്പം സ്വന്തം കരിയറും പഠിത്തവും മാനേജ് ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല കേട്ടോ. പതിനാറ് കൈകളിൽ ചൂലും തവിയും കമ്പ്യൂട്ടറും പാൽക്കുപ്പിയും മറ്റും പിടിച്ച് നിൽക്കുന്ന ദുർഗ്ഗയുടെ ഇമേജ്‌ ഒക്കെ കിട്ടും. സ്ത്രീകളുടെ നേട്ടങ്ങൾ പുകഴ്ത്തുമ്പോൾ മാധ്യമങ്ങൾ പോലും അവർ എത്ര നല്ല വീട്ടമ്മമാർ കൂടിയാണ് എന്ന് പറയാൻ ശ്രമിക്കും. അതില്ലാതെ ഒരു വനിതയുടെയും ബയോ പൂർണ്ണമായതായി കണക്കാക്കപ്പെട്ടിട്ടില്ല.

'അവന് ജോലിത്തിരക്കല്ലേ, വീട്ടിലെ കാര്യമൊന്നും നോക്കാൻ സമയമില്ല' എന്ന് പൊങ്ങച്ചം പറയുന്ന വീട്ടുകാരുമുണ്ട്. ഇതെല്ലാം നോർമൽ ആയ സമൂഹത്തിലാണ് സ്ത്രീകൾക്ക് മാത്രം വീട്ടുജോലികളുടെ കാര്യത്തിൽ മുൻകൂർ ജാമ്യം എടുക്കേണ്ടി വരുന്നത്. കഷ്ടം തന്നെ.
Representational image. | Image Courtesy: Scroll.in
Representational image. | Image Courtesy: Scroll.in

ഒരു വ്യക്തി മറ്റൊരു കുടുംബത്തിലേക്ക് ലയിക്കുന്ന പരിപാടിയല്ല വിവാഹം; മറിച്ച് രണ്ട് വ്യക്തികൾ ചേർന്ന് സ്വന്തമായി ഒരു കുടുംബം ഉണ്ടാക്കലാണ്. ആ ചിന്ത ജനങ്ങളിലേക്ക് എത്തണമെങ്കിൽ വിവാഹത്തോടെ വരനും വധുവും സ്വന്തമായി വീട്, ജോലി തുടങ്ങിയവ നേടി സ്വതന്ത്രമായി ജീവിക്കുന്ന സമൂഹ്യവ്യവസ്ഥ വരണം. 'അല്ല, നിങ്ങൾ എന്താണീ പറഞ്ഞ് വരുന്നത്, സ്ത്രീകൾ വീട്ടുജോലികൾ ചെയ്യണ്ട എന്നാണോ എന്ന് അതിശയിക്കുന്നവരോട്: ഒരിക്കലുമല്ല. അവനവനും തന്നെ ആശ്രയിച്ചിരിക്കുന്ന മറ്റുള്ളവർക്കും ജീവിക്കാൻ ആവശ്യമായ ജോലികൾ - പാചകം, വൃത്തിയാക്കൽ തുടങ്ങിയവ എല്ലാ മനുഷ്യരും ചെയ്യണം. അതിൽ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാകരുത് എന്നാണീ പറഞ്ഞ് വരുന്നത്. സ്വന്തം പങ്കാളിയോടും ബന്ധുക്കളോടും ഉള്ള സ്നേഹത്തിന് പുറത്ത് അവർക്ക് എന്തെങ്കിലും ചെയ്തുകൊടുക്കുന്നത് തെറ്റൊന്നുമല്ല - പക്ഷെ അത് സ്ത്രീയുടെ കടമയായോ ഉത്തമവനിതയുടെ ലക്ഷണമായോ കണക്കാക്കരുത്, അത്ര മാത്രം. ഭർതൃവീട്ടിൽ വീട്ടുജോലികൾ ചെയ്യുക എന്നത് ഒരു സ്വതന്ത്രപൗരൻ എന്ന നിലയിൽ ഒരു സ്ത്രീയുടെ ചോയ്സ് മാത്രമാണ്. അത് ചെയ്യുന്നവരും ചെയ്യാത്തവരും തമ്മിൽ മെറിറ്റിൽ യാതൊരു വ്യത്യാസവുമില്ല.

ചിലർക്ക് പാചകം ചെയ്യാൻ താത്പര്യം കാണില്ല. അവരെക്കൊണ്ട് നിർബന്ധിച്ച് അത് ചെയ്യിച്ച് കുറ്റം കണ്ടെത്തുക എന്തൊരു സാഡിസമാണ്! ഒരു വീട്ടിൽ ആര് ഭക്ഷണം ഉണ്ടാക്കുന്നു, ആര് തുണി കഴുകുന്നു എന്ന തോന്നുമല്ല വിഷയം, വിശക്കുമ്പോൾ ആഹാരം ഉണ്ടോ, ഉടുക്കാൻ വൃത്തിയുള്ള തുണിയുണ്ടോ എന്നതൊക്കെയാണ്. ഒന്നിൽ കൂടുതൽ പേർ ഒന്നിച്ച് ജീവിക്കുന്ന ഒരു വീട്ടിൽ ആരോഗ്യമുള്ള ആർക്കും വീട്ടുജോലികൾ ചെയ്യാം, അതിനായി സ്ത്രീയെ കാത്തുനിൽക്കേണ്ടതില്ല.

'വീട്ടുജോലികൾ ചെയ്യാൻ താത്പര്യമില്ല' എന്ന് വിവാഹത്തിന് മുൻപേ പ്രഖ്യാപിക്കാൻ മാത്രം സ്വാതന്ത്ര്യം ഏത് പെൺകുട്ടിക്കാണ് ഈ നാട്ടിലുള്ളത്? പ്രണയവിവാഹം ആണെങ്കിൽ തന്നെ വരന്റെ വീട്ടുകാരുമായി ഒഫീഷ്യൽ കമ്യൂണിക്കേഷൻ നടത്തുക മുതിർന്നവരോ വരനോ ആണ്.
secenes from ‘The Great Indian Kitchen’
secenes from ‘The Great Indian Kitchen’

എത്ര പുരുഷന്മാർ വീട്ടുജോലികൾ ചെയ്യാനുള്ള തങ്ങളുടെ കഴിവിനെയും സന്നദ്ധതയെയും കുറിച്ച് വിവാഹകമ്പോളത്തിൽ വാചാലർ ആകുന്നുണ്ട്? 'എനിക്ക് പാചകമൊന്നും അത്ര വശമില്ല' എന്നുപറഞ്ഞ് തല ചൊറിയുന്ന പുരുഷന്മാരെ 'ക്യൂട്ട്' ആയി തന്നെയാണ് ഇന്നും സ്‌ത്രീകളടക്കം കാണുന്നത്. 'അവന് ജോലിത്തിരക്കല്ലേ, വീട്ടിലെ കാര്യമൊന്നും നോക്കാൻ സമയമില്ല' എന്ന് പൊങ്ങച്ചം പറയുന്ന വീട്ടുകാരുമുണ്ട്. ഇതെല്ലാം നോർമൽ ആയ സമൂഹത്തിലാണ് സ്ത്രീകൾക്ക് മാത്രം വീട്ടുജോലികളുടെ കാര്യത്തിൽ മുൻകൂർ ജാമ്യം എടുക്കേണ്ടി വരുന്നത്. കഷ്ടം തന്നെ.

അല്ല, ഇനി മുൻകൂർ ജാമ്യം എടുത്ത ശേഷം പിന്നീട് മനസ്സ് മാറിയാലോ? കരാർ വ്യവസ്ഥ പാലിക്കുന്നില്ല എന്നുപറഞ്ഞ് ഇതേ കോടതി ഡിവോഴ്‌സ് അനുവദിക്കുമോ? പല പെൺകുട്ടികളും വിവാഹം കഴിഞ്ഞ ശേഷമാണ് വീട്ടുജോലികളുടെ ഭാരത്തെക്കുറിച്ച് ബോധവതികൾ ആകുന്നത് തന്നെ. അപ്പോൾ വിവാഹത്തിന് മുൻപേ വരന്റെ വീട്ടിൽ ഒരു മാസം താമസിച്ച് അവിടുത്തെ വീട്ടുജോലികളുടെ സ്വഭാവം തിരിച്ചറിയാനും പിന്നീട് തീരുമാനം എടുത്ത് അറിയിക്കാനും ഒരു ടേയ്സ്റ്റിംഗ് പിരീഡ് കോടതി അനുവദിക്കുമോ? അല്ലെങ്കിൽ തന്നെ 'വീട്ടുജോലികൾ ചെയ്യാൻ താത്പര്യമില്ല' എന്ന് വിവാഹത്തിന് മുൻപേ പ്രഖ്യാപിക്കാൻ മാത്രം സ്വാതന്ത്ര്യം ഏത് പെൺകുട്ടിക്കാണ് ഈ നാട്ടിലുള്ളത്? പ്രണയവിവാഹം ആണെങ്കിൽ തന്നെ വരന്റെ വീട്ടുകാരുമായി ഒഫീഷ്യൽ കമ്യൂണിക്കേഷൻ നടത്തുക മുതിർന്നവരോ വരനോ ആണ്. കൂടാതെ വീട്ടുജോലികൾ ചെയ്യാനുള്ള കഴിവ് അളന്ന് സ്ത്രീത്വം കല്പിക്കുന്ന സമൂഹത്തിൽ അത് അനുഭവിച്ചറിയാതെ അതിന് താത്പര്യമില്ല എന്ന് പ്രഖ്യാപിക്കാൻ ഒരു പെൺകുട്ടിയും മുതിരുകയുമില്ല. പിന്നെന്താണ് കോടതി പ്രതീക്ഷിക്കുന്നത്? വീട്ടുവേല ചെയ്തുകൊള്ളാം എന്ന നിബന്ധനയ്ക്ക് മേൽ വിവാഹം നടത്തി പിന്നീടൊരിക്കൽ ഒഴിയാൻ പോലും കഴിയാതെ സ്ത്രീകൾ ട്രാപ്പിൽ ആകുന്നതോ? അതുകൊണ്ടാണ് പറയുന്നത് - പ്രഥമദൃഷ്ട്യാ ന്യൂട്രൽ എന്ന് തോന്നുമെങ്കിലും അത്യന്തം സ്ത്രീവിരുദ്ധമാണ് ബോംബെ ഹൈക്കോടതിയുടെ ഈ പ്രസ്താവന.

Bombay High Court
Bombay High Court

വിവാഹം എന്നത് പുരുഷന്റെ കുടുംബം മുന്നോട്ട് കൊണ്ട് പോകാനുള്ള ഒരു സംവിധാനം മാത്രമല്ല എന്നും കുടുംബം എന്നാൽ സ്ത്രീകൾ ചാരിത്ര്യം കൊണ്ടും ത്യാഗം കൊണ്ടും കഠിനാധ്വാനം കൊണ്ടും നിലനിർത്തേണ്ട നീർക്കുമിളയല്ല എന്നും മനസ്സിലാക്കുന്നിടത്തേ മാറ്റങ്ങൾ സാധ്യമാകൂ. രണ്ട് വ്യക്തികൾ (ലിംഗം എന്തോ ആകട്ടെ,) ഇഷ്ടം പോലെ സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന, നിബന്ധനകളും കെട്ടുപാടുകളും പ്രതീക്ഷയുടെ അമിതഭാരവും ഇല്ലാത്ത ലിബറേറ്റഡ് ആയ ഒരിടമായി നമ്മുടെ ഗൃഹങ്ങൾ എന്നാണ് മാറുക?!

Related Stories

No stories found.
logo
The Cue
www.thecue.in