ഫഹദ്-മഹേഷ് നാരായണന്‍ ചിത്രത്തിന് ഫെഫ്ക പിന്തുണ,ക്രൂ ഇല്ലാതെ ഐ ഫോണില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന പരീക്ഷണ സിനിമ

ഫഹദ്-മഹേഷ് നാരായണന്‍ ചിത്രത്തിന് ഫെഫ്ക പിന്തുണ,ക്രൂ ഇല്ലാതെ ഐ ഫോണില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന പരീക്ഷണ സിനിമ
Summary

പരീക്ഷണ സ്വഭാവത്തിലൊരുങ്ങുന്ന ഈ പ്രൊജക്ടിനെ പിന്തുണക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രത്തിന് ഫെഫ്കയുടെ പിന്തുണ. ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനെതിരെ നിര്‍മ്മാതാക്കളും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു. പുതിയ സിനിമകള്‍ ധൃതിയില്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന നിലപാടായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേത്. എന്നാല്‍ സമ്പൂര്‍ണമായി പരീക്ഷണ സ്വഭാവത്തിലൊരുങ്ങുന്ന ഈ പ്രൊജക്ടിനെ പിന്തുണക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്.

കൊവിഡിനൊപ്പമുള്ള അടച്ചുപൂട്ടല്‍ കാലത്തെ സര്‍ഗാത്മകമായി മറികടക്കാനുള്ള പരീക്ഷണശ്രമമാണെന്ന് മനസിലാക്കിയാണ് ഫെഫ്ക മഹേഷ് നാരായണന്റെ സിനിമയെ പിന്തുണക്കുന്നതെന്നും ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യു'വിനോട്

കൊവിഡ് ലോക്ക് ഡൗണില്‍ ചലച്ചിത്രമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കെ മഹാവ്യാധിയുടെ കാലത്തെ മറികടന്നുള്ള പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാടിലാണ് ഫെഫ്കയുടെ പിന്തുണ.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് ഐ ഫോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ ഫെഫ്കയെ അറിയിച്ചിരുന്നു. ഫഹദ് ഫാസിലും ഇക്കാര്യം ഫെഫ്കയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. സിനിമാ രംഗം നിശ്ചലമായിരിക്കുന്ന ഘട്ടത്തില്‍ ഫീച്ചര്‍ ഫിലിം ആണോ ഹ്രസ്വചിത്രമാണോ എന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചിട്ടില്ലാത്ത സംരംഭത്തെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നാണ് ഫെഫ്കയുടെ നിലപാട്.

കൊവിഡ് നിയന്ത്രണങ്ങളോട് അനുബന്ധിച്ച് ചലച്ചിത്ര സംഘടനകള്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായല്ല ഇത്തരമൊരു സിനിമയെന്നും കൊവിഡിനൊപ്പമുള്ള അടച്ചുപൂട്ടല്‍ കാലത്തെ സര്‍ഗാത്മകമായി മറികടക്കാനുള്ള പരീക്ഷണശ്രമമാണെന്ന് മനസിലാക്കിയാണ് ഫെഫ്ക മഹേഷ് നാരായണന്റെ സിനിമയെ പിന്തുണക്കുന്നതെന്നും ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യു'വിനോട് പറഞ്ഞു.

ഫഹദ് ഫാസിലിന്റെ വീട്ടില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന രീതിയില്‍ ക്രൂ ഇല്ലാതെയും ചുരുങ്ങിയ ഇന്‍ഡോര്‍ ലൊക്കേഷനുകളിലും പൂര്‍ത്തിയാകുന്ന പരീക്ഷണ സിനിമയാണ് മഹേഷ് നാരായണന്‍ ചെയ്യുന്നത്.

അറുപതോളം സിനിമകള്‍ ലോക്ക് ഡൗണ്‍ കാരണം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ പുതിയ ചിത്രം തുടങ്ങുന്നത് അംഗീകരിക്കാനില്ലെന്ന നിലപാടാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേത്. പരീക്ഷണചിത്രമാണെന്ന് മനസിലാക്കാതെയാണ് നിര്‍മ്മാതാക്കളുടെയും സംഘടനയും ചേംബറും നിലപാടെടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ബോളിവുഡിലും തമിഴിലും ഉള്‍പ്പെടെ ഇന്‍ഡോര്‍ ചിത്രീകരണത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ചെറു സിനിമകളും ആന്തോളജികളും വെബ് ഒറിജിനലുകളും സംവിധായകരും നിര്‍മ്മാതാക്കളും ആലോചിക്കുന്നുണ്ട്. വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് മുന്നോടിയായി ഗൗതം വാസുദേവ മേനോന്‍ ചിമ്പുവിനെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് ഡയല്‍ സെയ്ത നേരം എന്ന ചെറുചിത്രം ഒരുക്കിയിരുന്നു.

ഫഹദ്-മഹേഷ് നാരായണന്‍ ചിത്രത്തിന് ഫെഫ്ക പിന്തുണ,ക്രൂ ഇല്ലാതെ ഐ ഫോണില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന പരീക്ഷണ സിനിമ
ഫഹദ് ചിത്രം തുടങ്ങാനാകില്ലെന്ന് നിര്‍മ്മാതാക്കള്‍, പൂര്‍ത്തിയാകാത്ത സിനിമകള്‍ തീരട്ടേയെന്ന് സംഘടന 

Related Stories

The Cue
www.thecue.in