'എന്റെ റോള്‍ അത് മറ്റാര്‍ക്കും ചെയ്യാന്‍ പറ്റില്ല' ഗ്രാന്‍ഡ് മാസ്റ്റിന്റെ എട്ടാം വര്‍ഷത്തില്‍ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗ്

'എന്റെ റോള്‍ അത് മറ്റാര്‍ക്കും ചെയ്യാന്‍ പറ്റില്ല' ഗ്രാന്‍ഡ് മാസ്റ്റിന്റെ എട്ടാം വര്‍ഷത്തില്‍ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗ്

'എന്റെ റോള്‍ അത് മറ്റാര്‍ക്കും ചെയ്യാന്‍ പറ്റില്ല അതിവിടെ എല്ലാവര്‍ക്കും അറിയാം',

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന സിനിമയില്‍ ഐ.ജി ചന്ദ്രശേഖറായി മോഹന്‍ലാലിന്റെ ഡയലോഗ് ആണ്. നായകന്റെ പഞ്ച് ഡയലോഗ് ആയല്ല, മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ സംഭാഷണമായാണ് ആരാധകര്‍ ഇതിനെ ഏറ്റെടുത്തത്. 2012ല്‍ കാസനോവ എന്ന വമ്പന്‍ ബജറ്റ് ചിത്രം തിയറ്ററില്‍ തകര്‍ന്നടിഞ്ഞതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് തിരിച്ചുവരവായിരുന്നു ഗ്രാന്‍ഡ് മാസ്റ്റര്‍. മോഹന്‍ലാലിന്റെ ചന്ദ്രശേഖറായുള്ള പ്രകടനവും സ്റ്റൈലിഷ് ഗെറ്റപ്പും സ്വീകരിക്കപ്പെട്ടു. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമകളില്‍ കൂടുതല്‍ കയ്യടി ലഭിച്ചതും ഗ്രാന്‍ഡ് മാസ്റ്ററിനാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ എട്ട് വര്‍ഷമെത്തി നില്‍ക്കുമ്പോള്‍ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത് സിനിമയിലെ ഈ പഞ്ച് ഡയലോഗ് ആണ്. മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ചും, പ്രകടനത്തെക്കുറിച്ചുമുള്ള പ്രസ്താവനയായും പിന്നീട് ഈ ഡയലോഗ് ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ആരാധകരുടെ ആഘോഷ വീഡിയോകളിലും ഇത് പഞ്ച് ഡയലോഗ് ആയി മാറിയിരുന്നു.

madambi
madambi

ഗ്രാന്‍ഡ് മാസ്റ്ററിന് മുമ്പേ മാടമ്പിയിലെ പരുന്ത്

ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ആദ്യമൊരുക്കിയ മാടമ്പി എന്ന സിനിമയിലെ ഡയലോഗും ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഫാന്‍സ് അസോസിയേഷന്റെ ഏറ്റുമുട്ടലിലേക്കും വഴിമാറി. ''പണത്തിനു മീതെ പരുന്ത് പറക്കുമോ എന്നെനിക്കറിയില്ല. എന്നാല്‍ എനിക്കു മീതെ ഒരു പരുന്തും പറക്കില്ല. പറന്നാല്‍ ചിറകുകള്‍ അരിഞ്ഞു വീഴ്ത്തും''.

ഇതായിരുന്നു ആ ഡയലോഗ്. മമ്മൂട്ടി-മോഹന്‍ലാല്‍ ബോക്‌സ് ഓഫീസ് / ആരാധക മത്സരത്തിന്റെ ഭാഗമായി ഈ സംഭാഷണം ചര്‍ച്ചയായി. അന്ന് മോഹന്‍ലാലിന്റെ മാടമ്പിക്ക് തിയറ്ററുകളിലുണ്ടായിരുന്ന എതിരാളി മമ്മൂട്ടി ചിത്രം പരുന്ത് ആയിരുന്നു. രണ്ട് സിനിമകളിലെയും നായക കഥാപാത്രങ്ങള്‍ പലിശക്കാരായിരുന്നു എന്നത് ചിത്രീകരണഘട്ടം മുതല്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മാടമ്പിയിലെ ഗോപാലകൃഷ്ണ പിള്ളയായ മോഹന്‍ലാല്‍ എനിക്ക് മീതെ പരുന്ത് പറക്കില്ലെന്ന് പറഞ്ഞത്. തിയറ്ററില്‍ മികച്ച വിജയമായ ചിത്രവും മാടമ്പിയാണ്. പരുന്തിലെ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രവും സിനിമയും പിന്നീട് ചര്‍ച്ചയായിരുന്നു.

villain
villain

തിരിച്ചടിക്ക് ശേഷമുള്ള തിരിച്ചുവരവ്

2007ല്‍ ഹലോ എന്ന സിനിമക്ക് ശേഷം താരമൂല്യത്തിനൊത്ത മികച്ച വിജയമുണ്ടാക്കാന്‍ ആ വര്‍ഷവും അടുത്ത വര്‍ഷവും മോഹന്‍ലാലിന് സാധിച്ചിരുന്നില്ല. ഹലോക്ക് പിന്നാലെയെത്തിയ അലിഭായ്, റോക്ക് ആന്‍ഡ് റോള്‍, ഫ്‌ളാഷ്, പരദേശി, കോളേജ് കുമാരന്‍, മിഴികള്‍ സാക്ഷി എന്നീ സിനിമകള്‍ തിയറ്ററില്‍ വിജയം കണ്ടില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയമാണ് ഇതിനിടയില്‍ വിജയിച്ച ഏക മോഹന്‍ലാല്‍ ചിത്രം. 2008ല്‍ ബി ഉണ്ണിക്കൃഷ്ണന്റെ മാടമ്പിയിലൂടെ മോഹന്‍ലാല്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി. ഏറെ ആഘോഷപൂര്‍വം തിയറ്ററുകളിലെത്തിയ അറബിയും ഒട്ടകവും മാധവന്‍ നായരും, കാസനോവ എന്നീ ബിഗ് ബജറ്റ് സിനിമകളുടെ പരാജയത്തിന് പിന്നാലെയാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ റിലീസ് ചെയ്തത്. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ തിരിച്ചുവരവായിരുന്നു ഗ്രാന്‍ഡ് മാസ്റ്റര്‍.

ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മിസ്റ്റര്‍ ഫ്രോഡ് പരാജയമായി. ഹെയ്സ്റ്റ് ഫിലിം എന്ന് സംവിധായകന്‍ പരിചയപ്പെടുത്തിയ ചിത്രം സ്വീകരിക്കപ്പെട്ടില്ല. 2017ല്‍ വീണ്ടും മോഹന്‍ലാലിനെ നായകനാക്കി വില്ലന്‍ എന്ന ചിത്രം ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്തു. 2017 ഒക്ടോബര്‍ 27ന് റിലീസ് ചെയ്ത ചിത്രം പുലിമുരുകന്റെ ഓപ്പണിംഗ് ഡേ കളക്ഷനെ പിന്നിലാക്കി 4 കോടി 91 ലക്ഷം ബോക്‌സ് ഓഫീസില്‍ നേടി. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രമായുള്ള പ്രകടനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും സിനിമാ ഗ്രൂപ്പുകളില്‍ ഈ കഥാപാത്രത്തിന്റെ പ്രകടനത്തെ കേന്ദ്രീകരിച്ച് സംവാദങ്ങളും പിന്നീടുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in