ഇന്ധന വിലക്കയറ്റം കാരണമെന്ത്? യുദ്ധമാണോ അതോ നികുതിയും കമ്മീഷനുമോ?

Fuel price hikes fouth time in past 2 weeks upto Rs.7.5 per litre in India.
Fuel price hikes fouth time in past 2 weeks upto Rs.7.5 per litre in India.
Published on

ഇന്ധനവില വീണ്ടും കൂടി. മേയ് 25ന് സംസ്ഥാനത്ത് പെട്രോളിന് 114.43 രൂപയായി ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ലിറ്ററിന് ഏകദേശം ഏഴര രൂപയോളമാണ് കൂടിയത്. കാരണമെന്ത്? ക്രൂഡ് ഓയിൽ വില, ലോകമാർക്കറ്റ് അസ്ഥിരത, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നിങ്ങനെ ഒരുപാട് പറയാം. എന്നാൽ ഇത് മാത്രമാണോ? നിങ്ങൾ പമ്പിൽ അടക്കുന്നത് പെട്രോളിന്റെ വില മാത്രമാണോ? ആ പണം എവിടെ പോകുന്നു? അതിന്റെ പങ്ക് ആർക്കൊക്കെ ലഭിക്കുന്നു? ഒന്ന് അന്വേഷിച്ചു നോക്കാം.

ലോകത്ത് ഇന്ത്യ ഭാഗ്യവാൻ, കാരണം?

ഫെബ്രുവരി മുതൽ മെയ് വരെ 2026 ൽ, ബർമ്മയിൽ പെട്രോൾ വില 93.6% കൂടി. പാകിസ്ഥാൻ, മലേഷ്യ, അമേരിക്ക, ചൈന, പല യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ വില വളരെ അധികം കൂടി. ഇന്ത്യയിലും കൂടിയെങ്കിലും മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ വെറും 4.2 ശതമാനമാണ് കൂടിയത്. കാരണം എന്ത്?

വിലയിൽ 55 ശതമാനവും നികുതി 

പമ്പിൽ കൊടുക്കുന്ന പണത്തിന്റെ 55 ശതമാനം നിങ്ങൾ ഇന്ധനത്തിനായി കൊടുക്കുന്നത് അല്ല, സർക്കാരിന് കൊടുക്കുന്നതാണ്. 114 രൂപ കൊടുത്താൽ, 62.9 രൂപ നികുതിയാണ്. കേരളത്തിൽ മാത്രം നോക്കിയാൽ, പെട്രോൾ വിലയിൽ 30 ശതമാനം വിൽപ്പന നികുതി, 1 രൂപ അധികനികുതി , 2 രൂപ സാമൂഹ്യ സുരക്ഷാ സെസ്സ് എന്നിങ്ങനെയാണ്. കേന്ദ്ര സർക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടി 13 രൂപ വരെയുണ്ട്. ഈ നികുതിയാണ് ഇന്ത്യയിൽ വില നൂറ് കടക്കാനുള്ള പ്രധാന കാരണം. ഇതിനുപുറമെ ഏജൻസികളും കമ്മീഷൻ ഈടാക്കുന്നു. ആഗോള വിപണിയിൽ കൂടുന്നത് ഈ വിലയുടെ ഒരു പകുതി മാത്രം. 

സർക്കാർ നിർദ്ദേശം; വർക്ക് ഫ്രം ഹോം, പൊതുഗതാഗതം, കാർ പൂളിങ്

മെയ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ നിർദേശങ്ങളുമായാണ് വന്നത്. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, പൊതു ഗതാഗതം ആശ്രയിക്കുക, ഒരുമിച്ച് യാത്ര ചെയ്യാൻ കാർ പൂളിങ് തിരഞ്ഞെടുക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഇതിലൂടെ ഇന്ധനവില കൂടുമെന്നും അതിനുവേണ്ടി ഇപ്പോൾ തന്നെ തയ്യാറാകുക എന്ന സന്ദേശം വ്യക്തമായി.

രാഷ്ട്രീയ കോലാഹലം; ജനങ്ങളുടെ പ്രതികരണം

പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശത്തിനെതിരെ രാഹുൽ ഗാന്ധി Xൽ ഒരു പോസ്റ്റിട്ടു. 12 വർഷത്തെ ഭരണ പരാജയം പ്രതിഫലിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വിമർശനം. രാഷ്ട്രീയ പാർട്ടികൾ സൈക്കിൾ വിതരണം ചെയ്ത് രാജ്യം പുറകിലേക്കെന്ന പരിഹാസവുമായി എത്തി. എന്നാൽ ജനതയുടെ പ്രതികരണമെന്ത്? സാമൂഹ്യ മാധ്യങ്ങളിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചർച്ചകളും സംവാദങ്ങളും നടത്തുന്നു. ഇതിന്റെ രീൽസും ട്രോൾസും എല്ലാം ഇൻസ്റാഗ്രാമിലും X-ലും വന്ന ചർച്ചയായി പ്രചരിച്ചു.

നിയന്ത്രണത്തോടെയുള്ള വിലക്കയറ്റം

മാർച്ച് 2026ൽ പശ്ചിമേഷ്യൻ സ്ഥിതി വഷളായപ്പോൾ ക്രൂഡ് വില കുതിച്ചുയരുന്നു. അപ്പോൾ ഇന്ത്യൻ സർക്കാർ എന്ത് ചെയ്തു? എക്‌സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു. എന്നാൽ അത് പാതിവഴിയിൽ ഉപേക്ഷിച്ചു. അതോടെ വില വീണ്ടും കൂടി. അപ്പോൾ ഇത് ശരിക്കും വിലവർദ്ധനവ് നിയന്ത്രിക്കാൻ വേണ്ടിയായിരുന്നു? അതോ പൊതു സമ്മതി നിലനിർത്താന്‍ വേണ്ടിയായിരുന്നോ?

കരകയറ്റത്തിന് വഴിയുണ്ടോ?

ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡിന്റെ 85 ശതമാനം വിദേശ ഇറക്കുമതിയാണ്. അതുകൊണ്ട് ആഗോള വിപണിയിലെ പ്രശ്നങ്ങൾ നമ്മുടെ രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും ബാധിക്കും. എന്ത് ചെയ്യാൻ കഴിയും ഇത് മറികടക്കാൻ? ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയാൽ ബാറ്ററിയുടെ വില വർധിക്കും. നഗരങ്ങളിൽ പൊതു ഗതാഗതം ഉപയോഗിക്കാം, എന്നാൽ ഗ്രാമങ്ങളിൽ ഇത് പ്രായോഗികമാണോ എന്നത് സംശയമാണ്. 

അപ്പോൾ ഭാവി എന്ത്?

വില കൂടും, സർക്കാർ നികുതി കൂട്ടും, കാരണങ്ങൾ മാറും. ഇന്ന് യുദ്ധം, നാളെ വേറെ ഒന്നാവും കാരണം. പക്ഷെ സിസ്റ്റം മാത്രം മാറ്റമില്ലാതെ തുടരും. വില ഇനിയും കൂടുമെന്ന് ഉറപ്പായ ഈ സ്ഥിതിയിൽ, സാധാരണ ജനത്തിന് സഹിക്കുക മാത്രമല്ലാതെ എന്തെങ്കിലും ചെയ്യാനുണ്ടോ?

logo
The Cue
www.thecue.in