റദ്ദുചെയ്ത സ്വാതന്ത്ര്യവാഗ്ദാനം: ആര്‍ട്ടിക്കിള്‍ 370ഉം 35എയും കശ്മീരികള്‍ക്ക് എന്തായിരുന്നു

റദ്ദുചെയ്ത സ്വാതന്ത്ര്യവാഗ്ദാനം: ആര്‍ട്ടിക്കിള്‍ 370ഉം 35എയും കശ്മീരികള്‍ക്ക് എന്തായിരുന്നു

'കശ്മീരിന്റെ വിധി ആത്യന്തികമായി കശ്മീരികളാല്‍ തന്നെ തീരുമാനിക്കപ്പെടുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു. ഞങ്ങള്‍ നടത്തിയ ഈ പ്രതിജ്ഞ (മഹാരാജ അതിനെ പിന്തുണയ്ക്കുന്നു) കശ്മീരി ജനതയോട് മാത്രമുള്ളതല്ല, ലോകത്തോട് കൂടിയുള്ളതാണ്'. ഇന്ത്യ അതില്‍ നിന്ന് പിന്തിരിയില്ല, ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുകയുമില്ല.'; ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1947ല്‍ കശ്മീരില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്

പാര്‍ലമെന്റില്‍ ഇന്ത്യന്‍ ഭരണഘടന വലിച്ച് കീറിയാണ് പിഡിപി എംപിമാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയത്തോട് പ്രതികരിച്ചത്. അമിത് ഷാ പ്രമേയം അവതരിപ്പിച്ചപ്പോള്‍ പിഡിപി എംപി എം എം ഫയാസ് രാജ്യസഭയില്‍ തന്റെ കുര്‍ത്ത വലിച്ചുകീറി. വിഭജനം തള്ളി ഇന്ത്യയ്‌ക്കൊപ്പം നിന്നത് തിരിച്ചടിയായെന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. എന്തുകൊണ്ടാണ് കശ്മീരി ജനപ്രതിനിധികളില്‍ നിന്ന് ഇത്ര രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്? കളമൊരുക്കല്‍ എന്ന പോലെ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വന്‍ തോതില്‍ സേനാവിന്യാസം നടത്തിയതും എന്തിനാണ്? ആര്‍ട്ടിക്കിള്‍ 370ഉം 35എയും റദ്ദു ചെയ്തതിലൂടെ ഇന്ത്യന്‍ ഭരണകൂടം കശ്മീരിനോട് എന്താണ് ചെയ്തത്?

 ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യലോടെ ഇല്ലാതാകുന്ന കശ്മീരിന്റെ ഔദ്യോഗിക പതാക (വലത്ത്). 1930കളില്‍ കശ്മീര്‍ ദേശീയ പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പതാക 1952 മുതല്‍ ഔദ്യോഗികമായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യലോടെ ഇല്ലാതാകുന്ന കശ്മീരിന്റെ ഔദ്യോഗിക പതാക (വലത്ത്). 1930കളില്‍ കശ്മീര്‍ ദേശീയ പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പതാക 1952 മുതല്‍ ഔദ്യോഗികമായിരുന്നു.

1846 മുതല്‍ 1947 വരെ രാജഭരണം നിലനിന്നിരുന്ന ജമ്മു ആന്‍ഡ് കശ്മീര്‍ ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി കശ്മീര്‍ താഴ്‌വര, ജമ്മു, ലഡാക്ക്, ജില്‍ജിത്ത് ബാല്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങള്‍ സിഖുകാരില്‍ നിന്ന് പിടിച്ചെടുത്ത് രാജാ ഗുലാബ് സിങ്ങിന് നല്‍കി. 75 ലക്ഷം നാനാക്ഷാഹീ രൂപ രാജാവ് പകരമായി ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നല്‍കി. ബ്രീട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ മഹാരാജാ ഹരിസിങ്ങായിരുന്നു കശ്മീരിന്റെ ഭരണാധികാരി. ഇന്ത്യയോടും പാകിസ്താനോടും ചേരാതെ സ്വതന്ത്രമായി നില്‍ക്കുമെന്നായിരുന്നു കശ്മീര്‍ ഭരണകൂടത്തിന്റെ നിലപാട്.

പശ്ചിമ പ്രദേശങ്ങളില്‍ നിന്ന് പാക് പിന്തുണയോടെ പഷ്തൂണ്‍ വംശജര്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് രാജാവ് ഇന്ത്യയോട് സൈനിക സഹായം അഭ്യര്‍ത്ഥിച്ചു. 1947 ഒക്ടോബര്‍ 26ന് ഹരിസിങ് രാജാവ് ഉപാധികളോടെ ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള 'ഇന്‍സ്ട്രമെന്റ് ഓഫ് ആക്‌സെഷനില്‍' ഒപ്പുവെച്ചു. ഈ ഉടമ്പടി പ്രകാരം വിദേശകാര്യം, പ്രതിരോധം, ആശയവിനിമയം എന്നീ മേഖലകളില്‍ മാത്രമാണ് കശ്മീര്‍ ഇന്ത്യയോട് വിധേയപ്പെടുക. പ്രത്യേക പദവിയും സ്വയംഭരണവും ഇന്ത്യന്‍ യൂണിയന്‍ കശ്മീരിന് ഉറപ്പുനല്‍കിയിരുന്നു. കശ്മീരിന് സ്വന്തമായി പ്രധാനമന്ത്രിമാരും ഉണ്ടായിരുന്നു. മെഹര്‍ ചന്ദ് മഹാജന്‍ (1947-1948), ഷെയ്ഖ് അബ്ദുള്ള (1948-1953), ബാക്ഷി ഗുലാം മുഹമ്മദ് (1953-1963), ഖ്വാജാ ഷംസുദ്ദീന്‍ (1963-1964), ഗുലാം മുഹമ്മദ് സാദിഖ് (1964-1965) എന്നിവര്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചു. 1965ല്‍ പ്രധാനമന്ത്രി പദവി പുനര്‍നാമകരണം ചെയ്യപ്പെട്ടപ്പോള്‍ ഗുലാം മുഹമ്മദ് കശ്മീര്‍ മുഖ്യമന്ത്രിയായി. സാദര്‍ ഇ റിയാസത്ത് (ഹെഡ് ഓഫ് സ്റ്റേറ്റ്) പദവിയിലും മാറ്റം വരുത്തി ഗവര്‍ണര്‍ എന്നാക്കി.

പിഡിപി എംപി എം എം ഫയാസ്‌ 
പിഡിപി എംപി എം എം ഫയാസ്‌ 
ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് മേഖലകളായിട്ടാണ് വിഭജിക്കുന്നത്. പൂര്‍ണ സംസ്ഥാന പദവിയില്ലാതെ ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഡല്‍ഹി മാതൃകയില്‍ കേന്ദ്രഭരണ പ്രദേശമാക്കും. ഇതിന് പുറമെ ലഡാക്ക് പൂര്‍ണ്ണമായും അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുമാക്കും. അതായത് ഇരു ഭാഗങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കും. ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും. എന്നാല്‍ ലഡാക്കിന് നിയമസഭയുണ്ടാകില്ല.

എന്താണ് ആര്‍ട്ടിക്കിള്‍ 370?

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണപദവി നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. താല്‍ക്കാലികവും പ്രത്യേകവുമായ വ്യവസ്ഥകളേക്കുറിച്ചുള്ള പ്രതിപാദിക്കുന്ന ഭരണഘടനയുടെ 21-ാം പാര്‍ട്ടില്‍ ആണ് കശ്മീരിന് വേണ്ടി ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടുത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ അനുഛേദപ്രകാരം കശ്മീരിന് ബാധകമല്ല. ഇതുപ്രകാരം ജമ്മു കശ്മീരിന് സ്വന്തമായി ഭരണഘടനയ്ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരങ്ങളില്‍ നിന്ന് നിരവധി കാര്യങ്ങളില്‍ സ്വതന്ത്രമാണ് ജമ്മു കശ്മീര്‍. വിദേശകാര്യം, പ്രതിരോധം, ധനകാര്യം ആശയവിനിമയം എന്ന വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങളില്‍ ജമ്മു സര്‍ക്കാരിന്റെ അനുവാദത്തോടെയേ കേന്ദ്രസര്‍ക്കാരിന് ഈ നിയമപ്രകാരം പ്രവര്‍ത്തിക്കാനാകൂ. സാധാരണഗതിയില്‍ കേന്ദ്രത്തിന് ഇവിടെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രയോഗിക്കാനാകില്ല. പൗരന്‍മാര്‍ക്കുള്ള മൗലികാവകാശങ്ങളിലും വ്യത്യാസങ്ങളുണ്ട്.

റദ്ദുചെയ്ത സ്വാതന്ത്ര്യവാഗ്ദാനം: ആര്‍ട്ടിക്കിള്‍ 370ഉം 35എയും കശ്മീരികള്‍ക്ക് എന്തായിരുന്നു
ജമ്മു കാശ്മീര്‍ വിഭജിക്കും, പ്രത്യേക പദവി റദ്ദാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ 

ആര്‍ട്ടിക്കിള്‍ 370ന്റെ ചരിത്രം

ജമ്മു കശ്മീര്‍ പ്രധാനമന്ത്രി ആയിരുന്ന ഷെയ്ഖ് അബ്ദുള്ളയാണ് 1947ല്‍ അനുഛേദത്തിന്റെ വ്യവസ്ഥകള്‍ ഡ്രാഫ്റ്റ് ചെയ്തത്. മഹാരാജ ഹരിസിങ്ങും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമാണ് ഷെയ്ഖ് അബ്ദുള്ളയെ നിയോഗിച്ചത്. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥകളില്‍ ആര്‍ട്ടിക്കിള്‍ 370 പെടുത്തരുതെന്ന് ഷെയ്ഖ് അബ്ദുള്ള ശക്തമായി വാദിച്ചിരുന്നു. സ്വയംഭരണ വാഗ്ദാനം തിരിച്ചെടുക്കാനാവാത്തവിധം ശക്തമായിരിക്കണമെന്ന അബ്ദുളളയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. 1949 ഒക്ടോബര്‍ 17ന് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഭാഗമായി.

തങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന, അധിനിവേശ രാഷ്ട്രമായി ഇന്ത്യയെ കരുതുന്ന വലിയൊരു ജനവിഭാഗം കശ്മീരിലുണ്ട്. 1989 മുതല്‍ രൂക്ഷമായ കശ്മീര്‍ സംഘര്‍ഷത്തേത്തുടര്‍ന്ന് 70,000 പേര്‍ മരണപ്പെട്ടെന്നാണ് ജമ്മു കശ്മീര്‍ കൊയാലിഷന്‍ സിവില്‍ സൊസൈറ്റിയുടെ കണക്ക്. സാധാരണക്കാരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് ഇന്ത്യന്‍ സേനാവിഭാഗങ്ങളാലാണെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

ആര്‍ട്ടിക്കിള്‍ 35 എ

ആര്‍ട്ടിക്കിള്‍ 35 എ പ്രകാരം ജമ്മുകശ്മീരിലെ ഭൂമി ക്രയവിക്രയം ആ സംസ്ഥാനത്തെ ആളുകള്‍ തമ്മിലേ പാടുള്ളൂ. ഇതുപ്രകാരം പുറത്തുനിന്നുള്ള ആളുകള്‍ക്ക് ജമ്മുവില്‍ ഭൂമി വാങ്ങാനാകില്ല. കൂടാതെ തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീക്ക് സസ്ഥാനത്തെ ഭൂമിയുടെ അവകാശം നഷ്ടമാവുകയും ചെയ്യും. കശ്മീരികള്‍ക്കുണ്ടായിരുന്ന ഇരട്ടപൗരത്വവും ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കുന്നതോടെ ഇല്ലാതാകും.

ലോകത്ത് ഏറ്റവും കൂടുതല്‍ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയാണ് കശ്മീര്‍. 
സേനാവിഭാഗങ്ങളുടെ പെല്ലറ്റ് ആക്രമണത്തില്‍ കണ്ണിന് തകരാറേറ്റ ഹിബ നാസിര്‍  
സേനാവിഭാഗങ്ങളുടെ പെല്ലറ്റ് ആക്രമണത്തില്‍ കണ്ണിന് തകരാറേറ്റ ഹിബ നാസിര്‍  

രാജഭരണകാലത്ത് തന്നെ കശ്മീരിനെ സ്വതന്ത്രരാജ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായിരുന്ന ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ 1930കളില്‍ തന്നെ മഹാരാജാ ഹരിസിങ്ങിനെതിരെ ജനകീയപ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. മുസ്ലീം കോണ്‍ഫറന്‍സ് പാര്‍ട്ടി പേര് മാറ്റി നാഷണല്‍ കോണ്‍ഫറന്‍സ് എന്നാക്കിയതോടെ നാനാജാതി മതസ്ഥര്‍ 'നയാ കശ്മീര്‍'നായി അണി നിരന്നു. ഹരിസിങ്ങിന്റെ സ്വച്ഛോധിപത്യം അവസാനിപ്പിക്കണമെന്നും ജനാധിപത്യഭരണസംവിധാനം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു കശ്മീര്‍ ദേശീയ വാദികളുടെ ആവശ്യം. 1946ല്‍ ഷെയ്ഖ് അബ്ദുള്ള ഹരിസിങ് രാജാവിനെതിരെ ക്വിറ്റ് കശ്മീര്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. അറസ്റ്റിലായി മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അബ്ദുള്ള 16 മാസങ്ങള്‍ക്ക് ശേഷം 1947 സെപ്റ്റംബര്‍ 29നാണ് പുറത്തിറങ്ങിയത്. ഷെയ്ഖ് അബ്ദുള്ളയെ 1953 ഓഗസ്റ്റ് എട്ടിന് കശ്മീര്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സദര്‍ ഇ റിയാസത്ത് ആയിരുന്ന ഡോ. കരണ്‍ സിങ് (ഹരിസിങ്ങിന്റെ മകന്‍) പുറത്താക്കി. ഭൂരിപക്ഷം തെളിയിക്കാനുള്ള അനുവാദം പോലും ഷെയ്ഖ് അബ്ദുള്ളയ്ക്ക് നല്‍കിയില്ല. അധികം വൈകാതെ തന്നെ ഷെയ്ഖ് അബ്ദുള്ള 'കശ്മീര്‍ ഗൂഢാലോചന കേസില്‍' അറസ്റ്റിലായി. 11 വര്‍ഷത്തോളം അബ്ദുള്ളയെ ജയിലില്‍ അടച്ചു. സ്വതന്ത്ര കശ്മീരിന് വേണ്ടി അബ്ദുള്ളയും മിര്‍സ അഫ്‌സല്‍ ബെഗും മറ്റ് 22 പേരും ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ഗവണ്‍മെന്റ് ഓഫ് കശ്മീരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റു ആണ് തന്റെ അറസ്റ്റിന് പിന്നില്‍ എന്ന് ഷെയ്ഖ് അബ്ദുള്ള ആരോപിച്ചു. നെഹ്‌റു ഷെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യാന്‍ നേരിട്ട് ഉത്തരവിടുകയായിരുന്നെന്ന് പ്രസിദ്ധ ചരിത്രകാരന്‍ എ ജി നൂറാനിയും വ്യക്തമാക്കുന്നു. 1964ല്‍ ജയില്‍ മോചിതനായ ഷെയ്ഖ് അബ്ദുള്ളയ്ക്ക് വികാരതീവ്രമായ വരവേല്‍പാണ് കശ്മീര്‍ ജനത നല്‍കിയത്.

റദ്ദുചെയ്ത സ്വാതന്ത്ര്യവാഗ്ദാനം: ആര്‍ട്ടിക്കിള്‍ 370ഉം 35എയും കശ്മീരികള്‍ക്ക് എന്തായിരുന്നു
ആര്‍ട്ടിക്കിള്‍ 370ഉം 35എയും എടുത്ത് കളയുമോ?; ആശങ്കയില്‍ കശ്മീര്‍ താഴ്‌വര
റദ്ദുചെയ്ത സ്വാതന്ത്ര്യവാഗ്ദാനം: ആര്‍ട്ടിക്കിള്‍ 370ഉം 35എയും കശ്മീരികള്‍ക്ക് എന്തായിരുന്നു
മലയാളികളെ സെക്‌സ് പഠിപ്പിച്ചത് ഞാനല്ല: ഷക്കീല അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in