Explainer

പൗരത്വനിയമം: ‘നിഷ്‌കു’ അപകട ചോദ്യങ്ങള്‍ക്ക് മറുപടി

പൗരത്വനിയമത്തിന് പിന്നാലെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. ഇതെന്ന ബാധിക്കില്ലല്ലോ, ഇതത്ര വലിയ വിഷയമാണോ എന്ന ചിന്തയാണ് ചിലര്‍ക്ക്. നിഷ്‌കളങ്കമെന്ന് തോന്നാവുന്ന ചില ചോദ്യങ്ങള്‍ പലരും ചോദിക്കുന്നുണ്ട്. വ്യക്തമായ ഉത്തരമില്ലെങ്കില്‍ ഈ നിഷ്‌കു ചോദ്യങ്ങളാകും ഏറ്റവും അപകടമാകുക.


ഇന്ത്യക്കാരായ മുസ്ലീം പൗരന്‍മാര്‍ എന്തിന് പേടിക്കണം? അവരെന്തിനാണ് സമരം ചെയ്യുന്നത്?

മുസ്ലീം അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് മാത്രമാണ് പൗരത്വം നല്‍കുന്നത്. മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്നു. ഇന്ത്യന്‍ പൗരത്വത്തിന് മുസ്ലീം അല്ലാതിരിക്കല്‍ ഒരു മാനദണ്ഡമാകുന്നു. മുസ്ലീങ്ങളായവര്‍ മാത്രം നുഴഞ്ഞുകയറ്റക്കാരും അല്ലാത്തവര്‍ അഭയാര്‍ത്ഥികളായും ചിത്രീകരിക്കപ്പെടുകയാണ്. തങ്ങളുടെ മതം ഭരണകൂടത്തിന്റെ കണ്ണില്‍ ഒരു അയോഗ്യതയാണെന്ന തോന്നല്‍ രാജ്യത്തെ മുസ്ലീം പൗരന്‍മാരിലുണ്ടാക്കുന്നു. തങ്ങളെ രണ്ടാം തരം പൗരന്‍മാരാക്കുന്ന ഒരു ഔദ്യോഗിക പ്രഖ്യാപനമല്ലേ ഈ നിയമമെന്ന് മുസ്ലീംകള്‍ സ്വാഭാവികമായും ചിന്തിക്കും. ഇന്ത്യന്‍ മുസ്ലീംകളുടെ സ്വത്വവും നിലനില്‍പും കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പശുവിന്റേയും ജയ്ശ്രീറാം വിളിയുടേയും പേരില്‍ രാജ്യമൊട്ടാകെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറുന്നതിനിടെ ഈ നിയമം മുസ്ലീങ്ങളെ എങ്ങനെ ആശങ്കപ്പെടുത്താതിരിക്കും.

Also Read: എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് മുസ്ലീം അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ട കാര്യമില്ലല്ലോ? അവിടെ അവര്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നില്ലല്ലോ?

ഉണ്ട്. പാകിസ്താനില്‍ അഹമ്മദീയ വിഭാഗക്കാരും ഷിയ വിഭാഗക്കാരും മതപരമായ വിവേചനവും പീഡനവും നേരിടുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ദാരിദ്ര്യമാണ്. ഒരേ കാരണത്താല്‍ പലായനം ചെയ്യുന്നവരെയാണ് ഒരു മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് സ്വീകരിക്കുന്നത്. ഇല്ലായ്മ കൊണ്ട് അഭയം തേടിയെത്തുന്നവരില്‍ മുസ്ലീങ്ങള്‍ മാത്രം അവഗണിക്കപ്പെടും. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മൂന്ന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ മാത്രം പരിഗണിക്കുന്നത് എന്തുകൊണ്ടാണ്? ചൈനയില്‍ ഉയിഗൂര്‍ മുസ്ലീങ്ങള്‍ ക്രൂരമായ അടിച്ചമര്‍ത്തലിനും വംശഹത്യയ്ക്കും ഇരയാകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് വംശഹത്യ അരങ്ങേറിയ ശ്രീലങ്കയില്‍ ഹിന്ദു-ക്രിസ്ത്യന്‍ മതസ്ഥരായ തമിഴ് വംശജരും വിവേചനം നേരിടുന്നു. മ്യാന്‍മറില്‍ റൊഹിങ്ക്യന്‍ മുസ്ലീങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല.

ശ്രീലങ്കന്‍ തമിഴ് വംശജര്‍  

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുക?

അഭയാര്‍ത്ഥികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് സ്വീകരിക്കുന്നതാണ് ഭരണഘടനാ വിരുദ്ധം. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, മതേതര രാജ്യമാണ്. എല്ലാ മതത്തില്‍ പെട്ടവര്‍ക്കും തുല്യ അവകാശമാണ് ഭരണഘടന നല്‍കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. പക്ഷെ ഈ പുതിയ നിയമം മതത്തെ പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡമാക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയോ മാറ്റിനിര്‍ത്തുകയോ പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. ജാതി, മത, വര്‍ഗ, വംശ, ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യതയ്ക്കായുള്ള മൗലിക അവകാശമുണ്ടെന്ന് ഭരണഘടനയുടെ 14-ാം അനുഛേദം പറയുന്നുണ്ട്. ഇതിനെ പൗരത്വ നിയമം നഗ്‌നമായി ലംഘിക്കുന്നുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളാണ് ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം തകര്‍ക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണഘടനയുടെ അടിത്തറയില്‍ പൊട്ടുന്ന ആറ്റം ബോംബാണ് പൗരത്വഭേദഗതി. അതിന്റെ പ്രത്യാഘാതങ്ങളും പാര്‍ശ്വഫലങ്ങളുമാണ് നമ്മളും വരുംകാല തലമുറകളും അനുഭവിക്കേണ്ടി വരിക.

Also Read: പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം

കോടിക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ ഇല്ലേ?

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2014 ഡിസംബര്‍ 31 വരെ 2,89,394 അഭയാര്‍ത്ഥികളാണ് രാജ്യത്തുള്ളത്.

ബംഗ്ലാദേശുകാര്‍- 1,03,817
ശ്രീലങ്ക - 1,02,467
ടിബറ്റ് - 58, 155
മ്യാന്‍മര്‍ - 12, 434
പാകിസ്താന്‍ - 8, 799
അഫ്ഗാനിസ്ഥാന്‍-3, 469
മറ്റ് രാജ്യങ്ങളില്‍ നിന്ന് - 253
2016ന് ശേഷമാണ് മ്യാന്‍മറില്‍ റൊഹിങ്ക്യന്‍ വംശഹത്യ രൂക്ഷമാകുന്നത്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ കണക്ക് പ്രകാരം രാജ്യത്ത് ഇപ്പോള്‍ 40,000 റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ട്. 18,000 റൊഹിങ്ക്യര്‍ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലും ഹരിയാനയിലും ജമ്മുവിലും ജയ്പൂരിലും ചെന്നൈയിലുമായി ആയിരക്കണക്കിന് റൊഹിങ്ക്യര്‍ അഭയം തേടിയിരിക്കുന്നു. ഇവരില്‍ 500 പേര്‍ക്ക് മാത്രമാണ് രാജ്യം ലോങ് ടേം വിസ നല്‍കിയിരിക്കുന്നത്. നിയമപരമായി ഒരു സിം കാര്‍ഡ് എടുക്കാന്‍ പോലും ഇവര്‍ക്ക് അവകാശമില്ല. പൗരത്വം ഇല്ല എന്നതിന് അര്‍ത്ഥം മൗലിക അവകാശങ്ങള്‍ ഇല്ല എന്നാണ്.

Also Read: ഈ സമരം നാടിന്റെ നിലനില്‍പ്പിന് വേണ്ടിയാണ്  

എന്‍ആര്‍സി മൊത്തത്തില്‍ വരട്ടെ, ബംഗാളികളാണെന്ന് പറഞ്ഞ് കുറേപേര്‍ ഇവിടെയുണ്ടല്ലോ, ശരിക്കും ആരാണെന്നും എന്താണെന്നും ആര്‍ക്കറിയാം?

പറയുന്നതുപോലെ എളുപ്പമല്ല കാര്യങ്ങള്‍. എല്ലാവരും ക്യൂ നില്‍ക്കേണ്ടി വരും, എല്ലാവരും. നോട്ട് നിരോധനത്തിന്റെ സമയത്ത് കണ്ട് ക്യൂവൊക്കെ വളരെ ചെറുതായിരിക്കും. ഈ രാജ്യം എന്റേത് തന്നെയാണ് എന്ന് എല്ലാവരും തെളിയിക്കണം. അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് എന്ന് പേരിലാണ് അസമില്‍ 2015-2019 കാലയളവില്‍ എന്‍ആര്‍സി പ്രയോഗിക്കുന്നത്. 1971 മാര്‍ച്ച് 24ന് മുമ്പ് താനോ തന്റെ പൂര്‍വ്വികരോ അസമില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ ഓരോ വ്യക്തിയും നിര്‍ബന്ധിതരായി. അസമിലെ 3.3 കോടി ആളുകള്‍ക്കും എന്‍ആര്‍സിയ്ക്ക് അപേക്ഷിക്കേണ്ടി വന്നു. അന്തിമപട്ടിക വന്നപ്പോള്‍ 19 ലക്ഷം പേര്‍ക്കാണ് പൗരത്വമില്ലാതായത്. ഇവരില്‍ 12 ലക്ഷം പേര്‍ ഹിന്ദുക്കളാണ്.

Also Read: ‘മുംബൈ ക്രാന്തി മൈതാനത്ത് കാണാം’; സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രതിഷേധം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്ന് ഫര്‍ഹാന്‍ അക്തര്‍ 

പുറത്തായവര്‍ക്ക് പൗരത്വ ഭേദഗതി നിയമത്തിലൂടെ പൗരത്വം കിട്ടില്ലേ?

ഞങ്ങള്‍ ഇന്ത്യക്കാരാണ് എന്നാണ് പുറത്താക്കപ്പെട്ടവരില്‍ ഓരോരുത്തരും പറഞ്ഞത്. മുസ്ലീം ഇതര മതസ്ഥര്‍ തങ്ങള്‍ മതപീഡനം മൂലം ബംഗ്ലാദേശില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളാണെന്ന് മാറ്റിപ്പറയേണ്ടി വരും. 12 ലക്ഷം ഹിന്ദുക്കള്‍ അടക്കമുള്ളവര്‍ ഞങ്ങള്‍ നുണ പറഞ്ഞതാണെന്നും മുന്‍പ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും പറയണം. അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തുപോയ മുസ്ലീങ്ങളോ? അവര്‍ ഇന്ത്യക്കാരും അഭയാര്‍ത്ഥികളുമല്ലാത്ത ഒരു അവസ്ഥയിലേക്കാണ് നീങ്ങുക. 1971 ആണ് അസം എന്‍ആര്‍സിയുടെ കട്ട് ഓഫ്. ബംഗാളില്‍ നിന്നും ഉത്തരേന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നും അസമിലെത്തിയവര്‍ പുറത്താക്കപ്പെട്ട കൂട്ടത്തിലുണ്ട്. ഇന്ത്യക്കാരനാണെന്ന് പറഞ്ഞത് നുണയായിരുന്നെന്ന് 1971ന് മുമ്പ് എത്തിയവര്‍ക്കും പറയേണ്ടി വരും.

Also Read: ‘പൗരത്വ നിയമവുമെടുത്ത് എങ്ങോട്ടെങ്കിലും പോകൂ’ ; നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷമെങ്കില്‍ ഞങ്ങള്‍ക്ക് സഹോദരങ്ങളെന്ന് വിനീത് ശ്രീനിവാസന്‍ 

സനാവുള്ളയും കുടുംബവും 

കാര്‍ഗില്‍ യുദ്ധ സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മൊഹമ്മദ് സനാവുള്ള അസം പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്തുപോയി. 10 ദിവസം അദ്ദേഹത്തിന് തടങ്കല്‍ പാളയത്തില്‍ കിടക്കേണ്ടിയും വന്നു. എന്‍ആര്‍സി പ്രകാരം പട്ടികയില്‍ നിന്ന് പുറത്ത് പോകുന്നവരുടെ മക്കളേയും ഉള്‍പ്പെടുത്താനാകില്ല. സനാവുള്ള എന്ന കാര്‍ഗില്‍ വാര്‍ഹീറോയുടെ മക്കള്‍ക്കും ഇപ്പോള്‍ പൗരത്വമില്ല. ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരപുത്രനും കുടുംബാംഗങ്ങളും പൗരത്വപട്ടികയ്ക്ക് പുറത്താണ്. നിലവില്‍ അസമിലെ ആറ് തടങ്കല്‍ പാളയങ്ങളിലായി 988 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 957 പേര്‍ വിദേശികളാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. 31 കുട്ടികളും തടവറയില്‍ കഴിയുന്നുണ്ട്. കൂടുതല്‍ ഡീറ്റെന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മാണത്തിലാണ്. തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ 28 പേര്‍ മരിച്ചെന്ന് അസം സര്‍ക്കാര്‍ തന്നെ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി.

Also Read: ‘നുഴഞ്ഞുകയറ്റക്കാരെ 2024നുള്ളില്‍ രാജ്യത്ത് നിന്ന് പുറത്താക്കും’; ദേശീയ പൗരത്വരജിസ്റ്ററിന് സമയപരിധി പ്രഖ്യാപിച്ച് അമിത് ഷാ

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1,220 കോടി രൂപയാണ് അസം എന്‍ആര്‍സിയ്ക്ക് വേണ്ടി ചെലവായത്. ഇന്ത്യ മുഴുവനായി നടപ്പാക്കണമെങ്കില്‍ 60,000 കോടിയെങ്കിലും വേണ്ടിവരും. നടുതകര്‍ന്ന് ഇഴയുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എന്നോര്‍ക്കണം. ഇതിനിടെയാണ് വീണ്ടും പണം ചെലവാക്കി 130 കോടി ജനങ്ങളെ വരി നിര്‍ത്താന്‍ പോകുന്നത്. പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇതൊന്നും എന്നെ ബാധിക്കില്ല എന്ന് ചിന്തിക്കുന്നവരോട് ഒരിക്കല്‍ കൂടി പറയട്ടെ, പൗരത്വം ഇല്ല എന്നതിന് അര്‍ത്ഥം മൗലിക അവകാശങ്ങള്‍ ഇല്ല എന്നാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Also Read: ‘മതത്തിന് അതിര്‍ത്തികളില്ല’; സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ ന്യൂനപക്ഷ പദവി ഹര്‍ജി തള്ളി സുപ്രീംകോടതി