'മമ്മൂട്ടി സാറിന് തുറന്ന കത്ത്'; വിവാദത്തിന് പിന്നാലെ ക്ഷമ പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി

'മമ്മൂട്ടി സാറിന് തുറന്ന കത്ത്'; വിവാദത്തിന് പിന്നാലെ ക്ഷമ പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് പിന്നാലെ സിനിമയെ കുറിച്ച് സമൂഹമാധ്യമത്തില്‍ നിരവധി ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ മമ്മൂട്ടിയോടെന്ന നിലയില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

മരക്കാറിനെതിരെ മമ്മൂട്ടി ആരാധകര്‍ മനപ്പൂര്‍വ്വം വിമര്‍ശനം ഉയര്‍ത്തുകയാണെന്നും അതില്‍ മമ്മൂട്ടി മറുപടി പറയണം എന്നുമായിരുന്നു പോസ്റ്റ്. 'മമ്മൂട്ടി സാറിന് തുറന്ന കത്ത്' എന്നായിരുന്നു പോസ്റ്റിന്റെ തലക്കെട്ട്. ഇത് വിവാദമായതോടെ വിമല്‍ കുമാര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തി.

വിമല്‍ കുമാറിന്റെ ആദ്യ പോസ്റ്റ്:

'മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് 'അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍' എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികളോട് മൗനം വെടിയണം. ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.'

പോസ്റ്റിലൂടെ വിമല്‍ കുമാര്‍ ഉദ്ദേശിച്ചത് വെല്ലുവിളിയും ഭീഷണിയുമാണെന്ന നിലയില്‍ സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് കുറിപ്പ് പിന്‍വലിക്കുകയും ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെക്കുകയുമായിരുന്നു.

പുതിയ കുറിപ്പ്:

'AKMFCWA എന്ന മോഹന്‍ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാര്‍ എന്ന മഹാനായ കലാകാരന്‍ താല്‍പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. 'മമ്മൂട്ടി സാറിന് തുറന്ന കത്ത്' എന്ന രീതിയില്‍ ഞാന്‍ എന്റെ മുഖപുസ്തകത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല..'

Related Stories

No stories found.
logo
The Cue
www.thecue.in