യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കം മാത്രമാണ്, അത് ശാശ്വതമാണെന്ന് പറയാനാകില്ല; വേണു രാജാമണി

യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കം മാത്രമാണ്, അത് ശാശ്വതമാണെന്ന് പറയാനാകില്ല; വേണു രാജാമണി
Published on

ദീർഘകാലത്തെ സംഘർഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപപ്പെടുന്ന ഇറാൻ-യു.എസ് സമാധാന കരാറിനെ ലോകം ഉറ്റുനോക്കുമ്പോൾ, ഒട്ടനവധി നയതന്ത്ര ചോദ്യങ്ങളും ആശങ്കകളും ബാക്കിയാവുകയാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയിയുടെ മരണശേഷമുള്ള പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ, കരാറിലെ വൈരുദ്ധ്യങ്ങൾ, ഇസ്രായേലിന്റെ അസംതൃപ്തി, ട്രംപ് ഭരണകൂടത്തിന്റെ പ്രവചനാതീതത്വം എന്നിവ ഈ സമാധാന ശ്രമങ്ങളെ എങ്ങനെ ബാധിക്കും? ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഇന്ത്യയുടെ വിപണിയെയും പ്രവാസി മേഖലയെയും ഈ കരാർ എങ്ങനെ സ്വാധീനിക്കും? പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ ഈ നിർണായക തിരിവുകളെക്കുറിച്ച് നയതന്ത്രജ്ഞനും നെതർലൻഡ്‌സിലെ ഇന്ത്യൻ അംബാസഡറുമായിരുന്ന വേണു രാജാമണി സംസാരിക്കുന്നു.

അമേരിക്ക മുൻകൈ എടുത്ത് വെള്ളിയാഴ്ച ഒപ്പുവെക്കുന്ന ഈ കരാറിനെ ഒരു 'അമേരിക്കൻ ഡീൽ' ആയിട്ടാണ് പലരും കാണുന്നത്. കാരണം, ഇറാന്റെ ഭാഗത്തുനിന്ന് അനുകൂല സൂചനകൾ ഉണ്ടെങ്കിലും, ഇത്രയും നാൾ അമേരിക്കയ്ക്കൊപ്പം നിന്ന ഇസ്രായേൽ ഇതിനോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇസ്രായേലിനെ മാറ്റിനിർത്തിക്കൊണ്ട് ഈ കരാർ എത്രത്തോളം വിജയകരമാകും?

ഇറാൻ-യു.എസ് കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിന്റെ പൂർണ്ണമായ വിവരങ്ങൾ പുറത്തുവന്നിട്ടുമില്ല. ഈ കരാറിനെക്കുറിച്ച് ഇരുപക്ഷവും നൽകുന്ന വ്യാഖ്യാനങ്ങളിൽ, അതായത് ഇറാന്റെ വിശദീകരണങ്ങളും അമേരിക്കയുടെ വിശദീകരണങ്ങളും തമ്മിൽ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. അത് കൂടാതെ ഇസ്രായേലിന്റെ നിലപാടും ഇപ്പോഴും അവ്യക്തമാണ്. അവ്യക്തമാണെന്ന് പറയുമ്പോഴും അവർ ഈ നീക്കത്തിൽ വലിയ രീതിയിൽ അസംതൃപ്തരാണെന്ന കാര്യം പ്രകടമാണ്.

എന്നാൽ അവർ ഈ ഡീലിന് തുരങ്കം വെക്കുമോ അതോ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി സഹകരിക്കുമോ എന്നതൊന്നും ഇന്നത്തെ സാഹചര്യത്തിൽ വ്യക്തമല്ല. കഴിഞ്ഞ 170 ദിവസത്തെ യുദ്ധം എടുത്തുനോക്കിയാൽ നമുക്ക് ഒന്നും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. സമാധാനം തിരിച്ചുവരണമെന്ന് പ്രാർത്ഥിക്കാൻ മാത്രമേ നമുക്ക് ഇപ്പോൾ കഴിയൂ. ലോക സമ്പദ്‌ വ്യവസ്ഥയെയും പ്രത്യേകിച്ച് ഓയിൽ ഇക്കോണമിയെയും അതീവ ഗുരുതരമായി ബാധിച്ച ഒരു യുദ്ധമാണിത്. അതുകൊണ്ട് തന്നെ യുദ്ധം അവസാനിക്കണമെന്നത് ഈ പ്രദേശത്തെ ജനങ്ങളുടെയും അതുപോലെ തന്നെ മുഴുവൻ ലോകത്തിന്റെയും ആവശ്യമാണ്.

പക്ഷേ യാഥാർത്ഥ്യത്തിൽ എന്താണ് സംഭവിക്കുക എന്ന് കണ്ടുതന്നെ അറിയണം. കാരണം ട്രംപ് പല കാര്യങ്ങളും പലതവണ മാറ്റിപ്പറയുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ നീക്കങ്ങൾ പലപ്പോഴും പ്രവചനാതീതമാണ്. ഈ പ്രവചനാതീതത്വത്തിന് ഇടയിലും ശുഭപ്രതീക്ഷ കൈവിടാതെ ഇതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

ഖമേനിയുടെ വധത്തിന് ശേഷമുണ്ടായ കടുത്ത യുദ്ധപ്പരിക്കുകളിൽ നിന്ന് പെട്ടെന്നൊരു ശാശ്വത സമാധാനം ഈ രാജ്യങ്ങൾക്കിടയിൽ സാധ്യമാണോ? അതോ ഇതൊരു താൽക്കാലിക ആശ്വാസം മാത്രമാണോ?

ഇതൊരു ശാശ്വത പരിഹാരമാണെന്ന് പറയാൻ സാധിക്കില്ല. രാജ്യങ്ങൾ തമ്മിൽ വളരെ സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഇതിനൊക്കെ പെട്ടെന്നൊരു പരിഹാരമുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകില്ല. എങ്കിലും ഇതൊരു തുടക്കമാണ്. ഈ സമാധാന കരാറിലൂടെ ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ വഴി ഉപേക്ഷിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അമേരിക്കയുടെ കാര്യത്തിൽ ഒരു കാര്യം വ്യക്തമാണ്. ഈ യുദ്ധം അവരുടെ ജനങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അവിടെ പെട്രോൾ വില വലിയ തോതിൽ വർദ്ധിച്ചു. പ്രസിഡന്റ് ട്രംപ് വല്ലാതെ അപ്രിയനായി (Unpopular) നിൽക്കുന്ന സാഹചര്യമാണിത്. അതുകൊണ്ടുതന്നെ അമേരിക്കയ്ക്ക് എത്രയും പെട്ടെന്ന് യുദ്ധത്തിൽ നിന്നും പിന്മാറണം എന്ന് തന്നെയാകും ആഗ്രഹം. പക്ഷേ അമേരിക്ക പിന്മാറിയാലും ഇസ്രായേൽ എന്ത് സമീപനം തുടരും, ഇറാൻ കരാർ വ്യവസ്ഥകൾ എത്രത്തോളം പാലിക്കും എന്നതൊക്കെ കണ്ടറിയേണ്ട കാര്യങ്ങളാണ്. ഇതൊരു താൽക്കാലിക പരിഹാരം (Temporary solution) മാത്രമാണ്. എന്നാൽ ഈ താൽക്കാലിക സമാധാനം നിലനിന്നാൽ, അത് പതുക്കെപ്പതുക്കെ ഒരു ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുമോ എന്നാണ് ഇനി നോക്കേണ്ടത്.

ഈ സമാധാന കരാർ ആഗോള സാമ്പത്തിക മേഖലയെയും, പ്രത്യേകിച്ച് ഇന്ധന ഇറക്കുമതിയെയും സുരക്ഷയെയും മുൻനിർത്തി ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ എങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നത്?

ഈ കരാറിനെ ഇന്ത്യ ഇതിനകം തന്നെ ഔദ്യോഗികമായി സ്വാഗതം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം വളരെ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. കപ്പൽ ഗതാഗതം, എണ്ണ ഇറക്കുമതി, ഗൾഫിലുള്ള നമ്മുടെ പ്രവാസികളുടെ വരുമാനം എന്നിവയെല്ലാം ബാധിക്കപ്പെട്ടു. ഹോർമൂസ് കടലിടുക്കിലെ ഉപരോധം മാറുന്നതും കപ്പൽ ഗതാഗതം സാധാരണ നിലയിലാകുന്നതും ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഈ യുദ്ധം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ യുദ്ധം ബാധിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു യുദ്ധത്തിന് ഒരു അന്ത്യം ഉണ്ടാകുന്നു എന്നത് ശുഭകരമായ വാർത്തയാണ്. ആ നല്ല വാർത്തയെ എല്ലാവരും സ്വാഗതം ചെയ്യുന്നു. പക്ഷേ ആ സമാധാനം എത്രത്തോളം നിലനിൽക്കും എന്നതിലാണ് ലോകത്തിന്റെ ആശങ്ക.

logo
The Cue
www.thecue.in