പൊലീസ്‌ തോക്കിന്റെ ബലത്തില്‍ നാടുഭരിക്കാമെന്നാണോ കരുതുന്നത്?
Blogs

പൊലീസ്‌ തോക്കിന്റെ ബലത്തില്‍ നാടുഭരിക്കാമെന്നാണോ കരുതുന്നത്?

കെ ജെ ജേക്കബ്

കെ ജെ ജേക്കബ്

സര്‍വീസിന്റെ മുക്കാല്‍ ഭാഗവും കേരളത്തില്‍ കഴിഞ്ഞാലും കേരളം ദഹിക്കാത്ത ഐ പി എസ് ഏമാന്മാരുണ്ട്. അവര്‍ മാത്രമുള്ള ഒരു ചെയിനിന്റെ ഭാഗമായി മുകളിലേയ്ക്കും താഴേയ്ക്കും നോക്കി ജീവിക്കുന്ന രാജകുമാരന്‍മാര്‍. ഏമാന്റെ വണ്ടിയ്ക്ക് എസ്‌കോര്‍ട്ടില്ലെങ്കില്‍ പിന്നെന്തു പോലീസ് വിചാരിക്കുന്ന ഊളകള്‍. മനുഷ്യര്‍ തിരിഞ്ഞു നിന്നു 'എന്താണ്?' എന്ന് ചോദിക്കുന്നത് അവര്‍ക്കു സഹിക്കില്ല. കേരളം ഒരു നൂറ്റാണ്ടുകൊണ്ടുണ്ടാക്കിയെടുത്ത നന്മകള്‍ അവര്‍ക്കു മനസിലാകില്ല, അവര്‍ അംഗീകരിക്കില്ല. ശ്രേണീബദ്ധമായി, ചാതുര്‍വര്‍ണ്യ അടിസ്ഥാനത്തില്‍ മാത്രം മനുഷ്യരെ കാണാന്‍ കഴിയുന്നവര്‍ അധികാരം മാത്രം മനസിലാക്കുന്നവര്‍.

അവരിലൊരുത്തനാണ് ഒരു മനുഷ്യജീവിയെ കസ്റ്റഡിയില്‍ തല്ലിക്കൊന്ന കേസില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സൂചനയുണ്ടായിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സമാധാനമായി റിട്ടയര്‍ ചെയ്തത്. മറ്റൊരാള്‍ മജിസ്റ്റീരിയല്‍ അധികാരം കിട്ടുമ്പോള്‍ ഉപയോഗിക്കാന്‍ തയ്യാറായി കാലം കാത്തുകഴിയുന്നത്. അവരിലൊരുത്തന്റെ മകളാണ് ഡ്യൂട്ടിയിലുള്ള ഒരു പോലീസുകാരനെ അടിച്ചുകൊല്ലാറാക്കിയിട്ടും പോലീസ് സ്റ്റേഷന്റെ വരാന്ത പോലും കാണാതെ രക്ഷപ്പെട്ടത്. അവരാണ് ഇപ്പോള്‍ കേരളത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ അതിര്‍ത്തികടത്തി കൊണ്ടുവരുന്നത്. അവരാണ് വായിച്ചു വളര്‍ന്ന സഖാക്കളുടെ വായിച്ചു വളരുന്ന മക്കളെ കരിനിയമം ഉപയോഗിച്ച് അകത്തിടുന്നത്.

ഇടയ്ക്കിടയ്ക്ക് പഴയ കൂത്തുപറമ്പ് ലോക്കപ്പിലെ ചോരപുരണ്ട ഉടുപ്പിന്റെ കഥയോര്‍ക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്‍ ഈ ക്രിമിനലുകള്‍ക്ക് റാന്‍ മൂളുകയാണ്. അധികാരത്തെ ചോദ്യംചെയ്തു മരിച്ചുവീണ രക്തസാക്ഷികളുടെ ഓര്‍മ്മകളെ അപമാനിക്കുകയാണ്. ഈ നാട് അഭിമാനത്തോടെ കൊണ്ടുനടന്ന സമത്വത്തിന്റെ എല്ലാ മൂല്യങ്ങളെയും കുഴിച്ചുമൂടുകയാണ്.

വായിക്കാനും ചിന്തിക്കാനും ചോദ്യം ചെയ്യാനും സ്വാതന്ത്യമില്ലാത്ത ഒരു കേരളമാണോ ഇപ്പോള്‍ പിണറായി വിജയന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്? അധികാരിയെകാണുമ്പോള്‍ തോളത്തെ തോര്‍ത്തു അരയില്‍കെട്ടി നടുവുവളച്ചു നില്‍ക്കുന്ന പഴയ കേരളിയന്റെ പുനഃസൃഷ്ടിക്കാണോ അദ്ദേഹം അധികാരം ഉപയോഗിക്കുന്നത്? പോലീസുകാരന്റെ തോക്കിന്റെ ബലത്തില്‍ നാടുഭരിക്കാമെന്നാണോ അദ്ദേഹം കരുതുന്നത്? ഇത് കേരളമാണ് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ പരിചയമുള്ളവര്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in