Blogs

‘പരിസരം എല്ലാവിധത്തിലും സുരക്ഷിതമാണെങ്കിലേ വീട്ടില്‍ പ്രവേശിക്കാവൂ’; മുരളി തുമ്മാരുകുടി എഴുതുന്നു 

സംസ്ഥാനത്ത് മഴക്കെടുതി കനത്ത നാശമാണ് വിതച്ചത്. മരണസംഖ്യ 92 ല്‍ എത്തിയിരിക്കുന്നു. 838 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. അതേസമയം പലയിടത്തും മഴ കുറഞ്ഞിട്ടുണ്ട്. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങാനും തുടങ്ങി. ഈ സാഹചര്യത്തില്‍ മലഞ്ചെരിവുകളിലെ വീടുകളിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എഴുതുകയാണ് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി.

ഈ ദുരന്തകാലത്തെ പ്രധാനമായ വെല്ലുവിളി മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ആയിരുന്നല്ലോ. ഇവ രണ്ടും തമ്മില്‍ സാങ്കേതികമായി കുറച്ചു മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഈ ലേഖനത്തിന് വേണ്ടി ഞാന്‍ അവയെ മണ്ണിടിച്ചില്‍ എന്ന് വിളിക്കാം.മണ്ണിടിച്ചിലില്‍ വീടുകള്‍ നഷ്ടപ്പെട്ടും, നാശനഷ്ടം ഉണ്ടാവും, മണ്ണിടിച്ചില്‍ ഭീതിയിലുമാണ് ഏറെ ആളുകള്‍ കേരളത്തില്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. മഴ കുറയുന്നതോടെ തിരിച്ചു പോകണം എന്നതായിരിക്കും ഇവരുടെ ആഗ്രഹം. എന്നാല്‍ അങ്ങനെ തിരിച്ചു വീട്ടില്‍ താമസമാക്കുന്നതിന് മുന്‍പ് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതാണ് ഈ ലേഖനം.

പ്രളയകാലത്ത് വെള്ളമിറങ്ങുമ്പോള്‍ തന്നെ വീടുകളില്‍ തിരിച്ചു പോയി താമസിക്കാന്‍ പറ്റുന്നത് പോലെ മണ്ണിടിഞ്ഞ പ്രദേശത്ത് മണ്ണിടിച്ചില്‍ കഴിഞ്ഞാലുടന്‍ പോയി താമസിക്കാന്‍ പറ്റില്ല. അങ്ങനെ വേഗത്തില്‍ തിരിച്ചു പോകാന്‍ കഴിയുമെന്നു ചിന്തിക്കുകയും ചെയ്യരുത്. കുറച്ചേറെ ദിവസങ്ങള്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് മനസ്സുകൊണ്ട് തയ്യാറെടുക്കുക. ദുരിതാശ്വാസ ക്യാംപുകള്‍ നടത്തുന്നവരും ഈ കാര്യം മനസ്സില്‍ കാണണം.

ശക്തമായ മഴ നിന്ന് ഒന്നോ രണ്ടോ ദിവസം നന്നായി വെയില്‍ തെളിഞ്ഞ് ഉറവും ഈര്‍പ്പവും കുറഞ്ഞതിന് ശേഷം വേണം മണ്ണിടിഞ്ഞിട്ടുള്ള അല്ലെങ്കില്‍ വിള്ളല്‍ വീണിട്ടുള്ള കുന്നിന്‍ ചെരുവിലോ അതിന്റെ താഴ്വാരത്തിലോ പോയി കാര്യങ്ങള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍.

പകല്‍ സമയത്ത്, അതും ശരിക്കും തെളിച്ചമുള്ള സമയത്ത്, മാത്രമേ ആദ്യമായി തിരിച്ചു വീട്ടിലേക്ക് വരാവൂ. കാരണം, ഇനി പറയുന്ന പോലെ സൂക്ഷ്മമായ ഏറെ നിരീക്ഷണങ്ങള്‍ നടത്താനുണ്ട്.

ആദ്യമായി തിരിച്ചു വരുമ്പോള്‍ രണ്ടോ അതിലധികമോ പേരുടെ സംഘമായി വരണം, എന്നാല്‍ കുട്ടികളോ രോഗികളോ, മറ്റു വിധത്തില്‍ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുള്ളവരുമായി വരരുത്. കാര്യങ്ങള്‍ എല്ലാം ശരിയായി, വീടും ചുറ്റുപാടും സുരക്ഷിതം ആണെന്ന് ഉറപ്പാക്കിയിട്ട് വേണം ഈ പറഞ്ഞ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍.

പ്രളയം കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ നമ്മുടെ വീടും പരിസരവും മാത്രം നമ്മള്‍ ശ്രദ്ധിച്ചാല്‍ മതി. പക്ഷെ മണ്ണിടിച്ചിലില്‍ സാഹചര്യം അങ്ങനെയല്ല. നമ്മുടെ വീടിനും പരിസരത്തിനും പുറമെ നമ്മുടെ വീട് നില്‍ക്കുന്നതിന്റെ ചുറ്റുമുള്ള സ്ലോപ്പുകള്‍ മുഴുവന്‍ (വീടിരിക്കുന്ന പുരയിടത്തിന്റെ മുകളിലും ചുറ്റുവട്ടത്തും) നിരീക്ഷിക്കണം. അവിടെ നിരീക്ഷിച്ച് പൊതുവില്‍ പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ വീട്ടിനടുത്തേക്ക് പോകാവൂ.

Also Read: ഉരുള്‍പൊട്ടലല്ല, പുത്തുമലയിലേത് സോയില്‍ പൈപ്പിങ്ങിനെ തുടര്‍ന്നുള്ള ഭീമന്‍ മണ്ണിടിച്ചില്‍ 

മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ള പ്രദേശങ്ങളിലേക്ക് ആദ്യമായി നിരീക്ഷണത്തിന് പോകുമ്പോള്‍ സ്ലോപ്പുള്ള പ്രദേശത്തേക്ക് വാഹനങ്ങളില്‍ പോകാതിരിക്കുന്നതാണ് ബുദ്ധി. ഇന്ന് ഇത്തരം ഒരു പ്രദേശത്തക്ക് പോകാന്‍ കാഴ്ചക്കാര്‍ ഉള്‍പ്പടെ അനവധി വാഹനങ്ങള്‍ വന്നു റോഡ് തന്നെ ബ്ലോക്കായി കിടക്കുന്ന കാഴ്ച കണ്ടു. ഇത്തരം തെറ്റും ബുദ്ധിമോശവുമായ പ്രവൃത്തി പുതിയതായി മണ്ണിടിച്ചിലുണ്ടാക്കാനുള്ള സാധ്യത കൂട്ടും. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകും, കാഴ്ച കാണാന്‍ വന്നവര്‍ മണ്ണിനടിയില്‍ ആകും.

നമ്മുടെ വീടിരിക്കുന്ന കുന്നിന്‍ ചെരുവില്‍ വീടുകളുടെ മുകള്‍ ഭാഗത്തുള്ള പ്രദേശത്ത് വിള്ളലുകളോ താഴെ ഭാഗത്ത് മണ്ണിടിച്ചിലോ ഉണ്ടെങ്കില്‍ ഒരു കാരണവശാലും ആ വീട്ടില്‍ താമസിക്കാന്‍ പോകരുത്. ഈ വിവരം ഔദ്യോഗികമായി കൈകാര്യം ചെയ്യേണ്ടവരെ അറിയിക്കുക. ഇത് ആരാണെന്ന് അറിയില്ലെങ്കില്‍ പഞ്ചായത്ത് മെന്പറെയോ എം എല്‍ യെ യോ അറിയിച്ചാലും മതി.

നമ്മുടെ വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പുരയിടത്തിന് മതിലുകള്‍ ഉണ്ടെങ്കില്‍ അതില്‍ വിള്ളല്‍ വന്നിട്ടുണ്ടോ, ഗേറ്റ് ഉണ്ടെങ്കില്‍ അവ അടയാന്‍ പ്രയാസം ഉണ്ടോ, രണ്ടു ഗേറ്റുകള്‍ തമ്മില്‍ ഒരു ലെവല്‍ മാറ്റം കാണുന്നുണ്ടോ, എന്നൊക്കെ ചുറ്റും നടന്നു ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ നമ്മുടെ വീടിനടിയിലുള്ള മണ്ണിന് നീങ്ങി, സ്ഥലം അരക്ഷിതമായിട്ടുണ്ട് എന്നതിന്റെ സൂചനയാണ്.

Also Read: ‘ദുരന്തത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച്ച’; മാധവ് ഗാഡ്ഗില്‍

നമ്മുടെ പുരയിടത്തില്‍ എത്തിയാല്‍ മുഴുവന്‍ നടന്ന് പറമ്പില്‍ വിള്ളലുകളോ മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മുടെ വീടിനെ അത് ബാധിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.

മലഞ്ചെരുവുകളില്‍ ഉള്ള വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു വീണിരിക്കാന്‍ സാധ്യത ഉണ്ട്. മിക്കവാറും ഇതിനകം വൈദ്യുതി ബോര്‍ഡുകാര്‍ ഇക്കാര്യം അറിഞ്ഞു വേണ്ടത് ചെയ്തു കാണും, എന്നാലും നിലത്ത് വൈദ്യതി കന്പികള്‍ കിടക്കുന്നുണ്ടെങ്കില്‍ അതില്‍ വൈദ്യതി പ്രവാഹം ഉണ്ടെന്ന് വിചാരിക്കണം, വൈദ്യുതി ഓഫിസില്‍ വിളിച്ചു സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം.

വീടിന്റെ ചുറ്റുപാടും പരിസരവും എല്ലാവിധത്തിലും സുരക്ഷിതമാണെങ്കില്‍ മാത്രമേ വീട്ടിലേക്ക് പ്രവേശിക്കാവൂ. എന്നാല്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് വൈദ്യതി സ്വിച്ച് ഓഫ് ചെയ്യണം.

Also Read: Fact Check : സേവാ ഭാരതിയുടെ ദുരിതാശ്വാസ ക്യാമ്പെന്ന് വ്യാജ പ്രചരണം; ആ ചിത്രങ്ങള്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ക്യാമ്പിലേത്‌ 

വീടിന്റെ തറക്കോ ഭിത്തിക്കള്‍ക്കോ വിള്ളലുണ്ടോ, തറയും ചുറ്റുമുള്ള മണ്ണും തമ്മില്‍ വിടവുണ്ടോ, വീട്ടിലേക്ക് വരുന്ന വെള്ളത്തിന്റെ പൈപ്പ്ലൈന്‍ ഒടിയുകയോ വളയുകയോ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. നമ്മുടെ വീട് അസ്ഥിരമായിട്ടുണ്ടോ എന്നതിന്റെ സൂചനയാണ് ഇത്.

വീടിന്റെ വാതിലുകള്‍ തുറക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതും, വീട്ടിനുള്ളില്‍ ഭിത്തിയില്‍ വിള്ളല്‍ ഉണ്ടാകുന്നതും ഭിത്തിയും തറയും തമ്മില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതും വീടിനു താഴെ മണ്ണില്‍ നീക്കങ്ങള്‍ ഉണ്ടായതിന്റെ ഒരു പ്രതിഫലനമാണ്. ശ്രദ്ധിക്കുക.

വീടിനകത്തേക്ക് മണ്ണോ ചെളിയോ കയറിയിട്ടുണ്ടെങ്കില്‍ അതിനൊപ്പം ഇഴ ജന്തുക്കളും ഉണ്ടാകും എന്ന് കരുതി മുന്‍കരുതല്‍ എടുക്കണം.

വീടിനകത്ത് കയറിയാല്‍ ഉടന്‍ ഗ്യാസ് കണക്ഷന്‍ പരിശോധിക്കുക. അത് ലീക്ക് ആയിട്ടുണ്ടാകാനുള്ള സാധ്യത ആദ്യമേ മനസ്സില്‍ കാണുക, ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

Also Read: കവളപ്പാറയിലേക്കുള്ള വഴിയില്‍ ബ്ലോക്കുണ്ടാക്കി കാഴ്ച്ചക്കാര്‍; രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍ കുടുങ്ങുന്നു

വീടിനകത്ത് വെള്ളം കയറിയ സാഹചര്യത്തില്‍ വീട്ടിലെ ഫര്‍ണിച്ചറും ഫ്രിഡ്ജും ഉള്‍പ്പടെ നമ്മള്‍ എവിടെയാണോ അവ സൂക്ഷിച്ചിരുന്നത് അവിടെ ആകാന്‍ വഴിയില്ല. അതുകൊണ്ടു തന്നെ വാതില്‍ തുറക്കുന്‌പോഴും ഓരോ മുറിയുടെ അകത്തേക്ക് പോകുന്‌പോഴും ശ്രദ്ധിക്കണം.

ഫ്രിഡ്ജിലും ഫ്രീസറിലും വച്ചിരുന്ന ഭക്ഷണ വസ്തുക്കള്‍ മലിനമായത് കൂടാതെ വിഷവാതകങ്ങള്‍ വമിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാം. വളരെ ശ്രദ്ധിച്ചു മാത്രമേ അവ തുറന്നു കൈകാര്യം ചെയ്യാവൂ.

വീടിനകത്ത് മണ്ണും ചെളിയുമുണ്ടെങ്കില്‍ വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് വേണം നമ്മള്‍ വീടിനുള്ളില്‍ നടക്കാനും അവ വൃത്തിയാക്കാനും. വേണ്ടത്ര ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക.

Also Read: ‘ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തതാണ് ചെയ്തത്’; നൗഷാദിന് മമ്മൂട്ടിയുടെ അഭിനന്ദനകോള്‍  

വീടെല്ലാം ബ്ലീച്ചിങ് പൗഡറിട്ട് വൃത്തിയാക്കിയ ശേഷം ജനലും വാതിലും ഒരു പകലെങ്കിലും തുറന്നിട്ട് ദുര്‍ഗന്ധങ്ങള്‍ മാറി ഈര്‍പ്പം ഏറെക്കുറെ കുറഞ്ഞതിന് ശേഷം മാത്രമേ തിരിച്ചു വീട്ടിലേക്ക് താമസം മാറ്റാവൂ.

കേരളത്തിലെ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍, പ്രത്യേകിച്ചും സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികള്‍, അധ്യാപകരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടേയും നേതൃത്വത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ കുന്നുകളില്‍ പോയി ചെരുവുകളിലും താഴ്വാരത്തുമുള്ള വീടുകളിലും പോയി സുരക്ഷ പരിശോധിച്ച് വീടുകളെ പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചു മാര്‍ക്ക് ചെയ്തു കൊടുക്കുന്നത് ആളുകള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. തിരിച്ച് ആളുകള്‍ക്ക് വരാന്‍ സുരക്ഷിതമല്ലാത്തവക്ക് ചുവപ്പ് മാര്‍ക്ക്, താമസമാക്കുന്നതിന് മുന്‍പ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതിന് ഓറഞ്ചു മാര്‍ക്ക്, പൂര്‍ണ്ണമായും സുരക്ഷിതമായത് പച്ച മാര്‍ക്ക്, എന്നിങ്ങനെ. ഭൂകമ്പത്തിന് ശേഷം ഇത്തരം രീതിയാണ് അവലംബിക്കുന്നത്. സുരക്ഷിതരായിരിക്കുക.