പ്രായം വെറും പതിനാല് വയസും 23 ദിവസവും. പ്രൊഫഷന്‍ ക്രിക്കറ്റര്‍. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ ബോള്‍ സിക്‌സ്. അതും ഷര്‍ദുല്‍ ഠാക്കൂര്‍ എന്ന പരിചയസമ്പന്നനായ ബൗളറുടെ ബോളില്‍. പിന്നീട് റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ 20 ബോളില്‍ നിന്ന് 34 റണ്‍സ് സമ്പാദ്യം, 170 എന്ന സ്‌ട്രൈക്ക് റേറ്റില്‍. 1 കോടി 10 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയും ലഖ്‌നൗവിനെതിരെ ആദ്യമായി ക്രീസില്‍ ഇറക്കുകയും ചെയ്ത വൈഭവ് സൂര്യവംശിയെന്ന പയ്യന്‍ പ്രതീക്ഷ തെറ്റിച്ചില്ല.
പന്തിനെയും സംഘത്തെയും ഞെട്ടിച്ചുകൊണ്ട് മിന്നിക്കുന്ന വരവായിരുന്നു അവന്റേത്. ആദ്യ മാച്ചില്‍ തന്നെ മൂന്ന് റെക്കോര്‍ഡുകളാണ് അവന്‍ കൂടെ കൂട്ടിയത്. ഐപിഎലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ആദ്യ ബോളില്‍ സിക്‌സ് പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, നേരിട്ട ആദ്യ ബോള്‍ തന്നെ സിക്‌സ് അടിച്ച താരങ്ങളുടെ നിരയില്‍ ഒരാള്‍ എന്നിവയാണ് അവ.
17 വയസും 161 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎലില്‍ സിക്‌സ് അടിച്ചുകൊണ്ട് റിയാന്‍ പരാഗ് കുറിച്ച റെക്കോര്‍ഡും 2019ല്‍ തന്റെ 16-ാം വയസില്‍ ബംഗളൂരുവിന് വേണ്ടി കളത്തിലിറങ്ങിക്കൊണ്ട് പ്രയാസ് റേ ബര്‍മന്‍ കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ ഐപിഎല്‍ പ്ലെയര്‍ എന്ന റെക്കോര്‍ഡും വൈഭവ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഐപിഎലില്‍ ഫോര്‍ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബര്‍മന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി പയ്യന്‍ സ്വന്തം പേരില്‍ ആക്കിയിരിക്കുന്നു. ഈ ഐപിഎല്‍ സര്‍പ്രൈസ് താരങ്ങളുടേതാണ്.