Paranju Varumbol

മട്ടാഞ്ചേരി വെടിവെപ്പ്; ഭരണകൂടത്തെ വിറപ്പിച്ച തൊഴിലാളി സമര ചരിത്രം

അലി അക്ബർ ഷാ

1950 കളില്‍ കേരളത്തില്‍ തൊഴിലുള്ള ഇടം എന്നുപറയുന്നത് കൊച്ചി തുറമുഖമായിരുന്നു. കേരളത്തിന്റെ വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ആയിരങ്ങള്‍ തൊഴില്‍ തേടി ഇവിടെ എത്തിയിരുന്നു. അതുകൂടാതെ കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ ഇവിടെയെത്തി തൊഴില്‍ ചെയ്ത് ജീവിക്കുന്ന തൊഴിലാളികള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലായി നടന്ന വര്‍ഗ സമരങ്ങളില്‍ പങ്കെടുത്ത് ഒളിവില്‍ പോയ പല സഖാക്കളും വ്യാജ പേരുകളില്‍ ഇവിടെ പല പണികളെടുത്ത് ജീവിക്കുന്നുണ്ടായിരുന്നു.

1953ല്‍ കൊച്ചിയില്‍ യൂണിയന്‍ തൊഴിലാളികള്‍ സംഘടിച്ചു. 8 മണിക്കൂര്‍ ജോലി തൊഴില്‍ അവകാശമായി അംഗീകരിക്കപ്പെട്ട് അരനൂറ്റാണ്ട് പിന്നിട്ടിട്ടും കൊച്ചിയില്‍ ഒരു ദിവസത്തെ തൊഴില്‍ സമയം പന്ത്രണ്ട് മണിക്കൂറായിരുന്നു. 2 രൂപയായിരുന്നു ഇതിന് കൂലിയായി കൊടുത്തിരുന്നത്. ചാപ്പയെറിഞ്ഞായിരുന്നു അന്ന് തൊഴിലാളികള്‍ക്ക് പണി കൊടുത്തിരുന്നത്. വിശപ്പും ദാരിദ്രവും കാരണം കങ്കാണിമാര്‍ എറിയുന്ന ചാപ്പക്ക് വേണ്ടി പാവപ്പെട്ട തൊഴിലാളികള്‍ ആത്മാഭിമാനം പണയംവെച്ച് ചാടി വീണു. തൊഴിലാളി വര്‍ഗത്തെ അടിയാളരാക്കി നിര്‍ത്തുന്ന, പ്രാകൃതമായ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധന വേണമെന്നുമായിരുന്നു യൂണിയന്റെ ആവശ്യം. ഭരണകൂടത്തെയും പൊലീസിനെയും കൂട്ടുപിടിച്ച് മുതലാളിമാര്‍ സമരം അട്ടിമറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തൊഴിലാളികള്‍ ഒരടി പിന്നോട്ട് നീങ്ങിയില്ല.

സമരം ശക്തമായി മുന്നോട്ടുപോകവെ ചര്‍ച്ചക്കെന്ന് പറഞ്ഞ് യൂണിയന്‍ നേതാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഇതോടെ തൊഴിലാളികള്‍ വന്‍ പ്രതിഷേധവുമായി കമ്പനിക്ക് മുന്നിലേക്ക് നീങ്ങി. തൊഴിലാളികള്‍ കവല വളഞ്ഞു. കവചിത വാഹനങ്ങളില്‍ നിറതോക്കുകളുമായി എത്തിയ സായുധസേന തൊഴിലാളികളെയും വളഞ്ഞു. തൊട്ടടുത്ത നിമിഷം തോക്കുകള്‍ തീതുപ്പി. വെടിയൊച്ചയില്‍ തൊഴിലാളികള്‍ പിന്തിരിഞ്ഞോടുമെന്ന് കരുതിയ അധികാര വര്‍ഗത്തിന് തെറ്റി. ചിതറി വരുന്ന വെടിയുണ്ടകളെ വകവെക്കാതെ തൊഴിലാളികള്‍ മുന്നേറി. കയ്യില്‍ കരുതിയ കല്‍ചീളുകളായിരുന്നു അവരുടെ ആയുധം. കല്ലേറില്‍ നിരവധി പൊലീസുകാര്‍ വീണു. കവചിത വാഹനങ്ങള്‍ മലക്കം മറിഞ്ഞു. പൊലീസിന്റെ നരനായാട്ടില്‍ തൊഴിലാളികളായ സെയ്ദും സെയ്താലിയും വെടിയേറ്റ് കൊല്ലപ്പെട്ടു. നൂറുകണക്കിന് തൊഴിലാളികള്‍ അതിക്രൂര മര്‍ദനത്തിന് ഇരയായി. ലോക്കപ്പ് മര്‍ദനത്തില്‍ ചോര തുപ്പിയ ആന്റണി ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടുമുറ്റത്ത് വീണ് മരിച്ചു. മട്ടാഞ്ചേരിയുടെ സമരഭൂമികയില്‍ ഇന്നും തളംകെട്ടി നില്‍ക്കുന്ന ചോരയില്‍ എഴുതിയ ചരിത്രമാണ് സെപ്റ്റംബര്‍ 15 വെടിവെപ്പ്. പറഞ്ഞുവരുമ്പോള്‍ കേരളത്തിന്റെ തൊഴിലാളി സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പിന്റെ ചരിത്രം.

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

SCROLL FOR NEXT