കെ.എം. ജോര്‍ജിന്റെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസിലെ ശാക്തിക സമവാക്യങ്ങള്‍ ആകെ മാറിമറിഞ്ഞു. രാഷ്ട്രീയമായ അംഗീകാരം മാണിയുടെ ഭാഗത്തേക്ക് നീങ്ങി. ജോര്‍ജ് വിഭാഗം ആര്‍.ബാലകൃഷ്ണപിള്ളയെ ചെയര്‍മാനായി തരെഞ്ഞെടുത്തുവെങ്കിലും ആ വിഭാഗത്തിലുണ്ടായിരുന്ന ഇ.ജോണ്‍ ജേക്കബ്, ടി.എസ്. ജോണ്‍ കെ.ജെ. ചാക്കോ തുടങ്ങി പല പ്രമുഖരും പിള്ളയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയാതെ മറുഭാഗവുമായി അടുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഭരണമുന്നണിയിലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഘടകക്ഷികളും കേരളാ കോണ്‍ഗ്രസിലെ മാറിയ യാഥാര്‍ഥ്യങ്ങളെ അംഗീകരിച്ചു.
കെ.എം.ജോര്‍ജിന്റെ ഒഴിവില്‍ എ.സി.ചാക്കോയെ മന്ത്രിയാക്കണമെന്ന് ബാലകൃഷ്ണപിള്ള രേഖാമൂലം ആവശ്യപ്പെട്ടു. കെ.നാരായണക്കുറുപ്പിനെ മന്ത്രിയാക്കണമെന്ന് മറുവിഭാഗവും അവകാശവാദം ഉന്നയിച്ചു. തര്‍ക്കം രൂക്ഷമാകാതെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇരുവിഭാഗങ്ങളെയും ഒന്നിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസുകളുടെ ഐക്യത്തിനു വേണ്ടി മുന്‍കൈ എടുത്തത്.
ഇ.ജോണ്‍ ജേക്കബ് ചെയര്‍മാനായും മാണിയും നാരായണക്കുറുപ്പും മന്ത്രിമാരായും ടി.എസ്.ജോണ്‍ സ്പീക്കറുമായി ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചു. അത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ഇ.ജോണ്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരവും കുതിര ചിഹ്നവും ലഭിച്ചു. പക്ഷെ ബാലകൃഷ്ണപിള്ളയും കൂട്ടരും ഈ ഫോര്‍മുല അംഗീകരിച്ചില്ല. അവര്‍ ഭരണ മുന്നണിയില്‍ നിന്ന് പിന്‍വാങ്ങി പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി. ആദ്യം കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് എന്ന് അറിയപ്പെട്ട അവര്‍ പിന്നീട് പ്രതിപക്ഷ കേരള കോണ്‍ഗ്രസ് എന്നായി മാറി.
1977ലെ പൊതുതെരഞ്ഞെടുപ്പില്‍ നേരത്തെ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് കേരളാ കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്നത് 25 നിയമസഭാ സീറ്റും മൂന്ന് പാര്‍ലമെന്റ് സീറ്റുമായിരുന്നു. പക്ഷെ പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ 22 നിയമസഭാ സീറ്റും രണ്ട് ലോക്‌സഭാ സീറ്റും നല്‍കാനേ കോണ്‍ഗ്രസ് തയ്യാറായുള്ളൂ. പ്രതിപക്ഷ മുന്നണിയിലെത്തിയ പിള്ള വിഭാഗത്തിന് 16 നിയമസഭാ സീറ്റുകളും മൂന്ന് ലോക്‌സഭാ സീറ്റുകളും ലഭിച്ചു.
ഔദ്യോഗിക വിഭാഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ചില്ലറ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായി. ചങ്ങനാശ്ശേരിയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച സി.എഫ്.തോമസ് ആ സീറ്റില്‍ സിറ്റിംഗ് എംഎല്‍എയായയ കെ.ജെ.ചാക്കോയെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ സ്വതന്ത്രനായി മത്സരിക്കാനായി ചുവരെഴുത്തും മറ്റും ആരംഭിച്ചു. എങ്കിലും അവസാന നിമിഷം അദ്ദേഹം ശാന്തനായി പിന്‍വാങ്ങി. കാഞ്ഞിരപ്പള്ളി സീറ്റില്‍ കെ.വി.കുര്യനെ മാറ്റി നിയോജകമണ്ഡലം പ്രസിഡന്റ് വി.ജെ.സക്കറിയായെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു വിഭാഗം നീക്കം നടത്തി. ആ നീക്കം പരാജയപ്പെട്ടപ്പോള്‍ ആ മേഖലയില്‍ ഒരു ചെറിയ പിളര്‍പ്പുതന്നെ ഉണ്ടായി. ലോട്ടറിയടിച്ചത് സ്‌കറിയാ തോമസിന് ആണ്. റാന്നി നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച അദ്ദേഹത്തിന് ലഭിച്ചത് കോട്ടയം പാര്‍ലമെന്റ് സീറ്റാണ്.
ഫലം വന്നപ്പോള്‍ ഔദ്യോഗിക കേരള കോണ്‍ഗ്രസ് മത്സരിച്ച 22 സീറ്റില്‍ 20ലും വിജയിച്ചു. രണ്ട് പാര്‍ലമെന്റ് സീറ്റിലും വിജയിച്ചു. മൂവാറ്റുപഴയില്‍ നിന്ന ജോര്‍ജ് ജെ. മാത്യു കോട്ടയത്തിന്ന് സ്‌കറിയാ തോമസും എംപിമാരായി. പ്രതിപക്ഷ കേരള കോണ്‍ഗ്രസ് മത്സരിച്ച 16 സീറ്റില്‍ 14 സീറ്റിലും തോറ്റു. കൊട്ടാരക്കരയില്‍ ജയിച്ച ബാലകൃഷ്ണപിള്ളയ്ക്ക് പുറമെ ചാലക്കുടിയില്‍ പി.കെ.ഇട്ടൂപ്പിന് മാത്രമാണ് പിള്ള ഗ്രൂപ്പില്‍നിന്നും ജയിക്കാന്‍ കഴിഞ്ഞത്.
ഐക്യമുന്നണിക്ക് തെരെഞ്ഞെടുപ്പില്‍ വന്‍ വിജയം ലഭിച്ചു. 140ല്‍ 11 സീറ്റും അവര്‍ നേടി. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായി. കേരള കോണ്‍ഗ്രസില്‍ നിന്നും കെ.എം.മാണി, ഇ.ജോണ്‍ ജേക്കബ്, കെ.നാരായണക്കുറുപ്പ് എന്നിവര്‍ മന്ത്രിമാരായി. കത്തോലിക്കാ വിഭാഗത്തില്‍ നിന്നും കെ.എം.മാണി അകത്തോലിക്കാ ക്രൈസ്തവ വിഭാഗത്തില്‍നിന്നും ഇ.ജോണ്‍ ജേക്കബ്, നായര്‍ വിഭാഗത്തില്‍പെട്ട നാരായണക്കുറുപ്പ് എന്നതായിരുന്നു സാമുദായിക സമവാക്യം. കെ.എം.മാണിക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചു. ഇ.ജോണ്‍ ജേക്കബ് മന്ത്രിയായ ഒഴില്‍ കെ.വി.കുര്യന്‍ ഇടക്കാല ചെയര്‍മാനായി. ആറുമാസത്തിനുള്ളില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി പി.ജെ.ജോസഫും വിടി സെബാസ്റ്റ്യനും രംഗത്തുവന്നു. മത്സരം ഒഴിവാക്കാനായി കോയിന്‍ ടോസ് ചെയ്ത് ഫലം തീരുമാനിക്കാമെന്ന തീരുമാനത്തിലെത്തി. നാണയത്തിന്റെ കടാക്ഷം വി.ടി.സെബാസ്റ്റ്യനായിരുന്നു. അദ്ദേഹം ചെയര്‍മാനായി.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാലായില്‍നിന്നുള്ള കെ.എം.മാണിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജോസഫ് തോമസ് ഐപിഎസ്, 1977 മാര്‍ച്ച് 17ന് പാലാ ബിഷപ്പിന്റെ അരമനയില്‍ മാണിയെ വജയിപ്പിക്കുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗത്തില്‍ പ്രസംഗിച്ചു എന്നതായിരുന്നു തെരഞ്ഞെടുപ്പ് അഴിമതിക്ക് ആധാരമായി ഹര്‍ജിക്കാരനായ പി.ജെ. ആന്റണി ഉയര്‍ത്തിയ ആരോപണം. ഹര്‍ജി അനുവദിച്ച ജസ്റ്റിസ് നമ്പൂതിരിപ്പാട്, ഹര്‍ജിക്കാരന് കോടതി ചെലവായി 1500 രൂപയും നല്‍കാന്‍ ഉത്തരവിട്ടു.
കെ.എം.മാണി മന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹമൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്ക് പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടി നേരിട്ടത്. കെ.വി.കുര്യന്‍, വി.ടി.സെബാസ്റ്റ്യന്‍, പി.ജെ.ജോസഫ് എന്നിവര്‍ മന്ത്രിസ്ഥാനത്തിനായി രംഗത്തുവന്നു. കാഞ്ഞിരപ്പള്ളി എംഎല്‍എയായ കെ.വി.കുര്യന്‍ പാര്‍ട്ടയിലെ ഏറ്റവും സീനിയറായ നേതാവാണ്. കെ.എം. മാണിയേക്കാള്‍ സീനിയര്‍. മുണ്ടക്കയത്തെ സമ്പന്നമായ പൊട്ടംകുളം കുടുംബാംഗങ്ങളായ ആദ്ദേഹവും സഹോദര പുത്രനും പാര്‍ട്ടി ട്രഷററും എംപിയുമായ ജോര്‍ജ് ജെ. മാത്യുവുമാണ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്. മിതഭാഷിയാണെങ്കിലും കൂര്‍മ രാഷ്ട്രീയ ബുദ്ധിയാണ്. പി.ജെ. ജോസഫ് പാര്‍ട്ടിയിലെ യുവജനങ്ങളുടെ പ്രിയങ്കരനായിരുന്നു. യൂത്ത് ഫ്രണ്ട് ഒന്നടങ്കം അദ്ദേഹത്തിന് വേണ്ടി രംഗത്തുവന്നു. വി.ടി. സെബാസ്റ്റ്യന്റെ കഴിവുകളെ കുറിച്ച് അധികമാര്‍ക്കും മതിപ്പുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ പരീക്ഷണ ഘട്ടങ്ങളിലെല്ലാം മാണിക്കു പിന്തുണ നല്‍കിയ തന്നെ മന്ത്രിസ്ഥാനത്തേ് അദ്ദേഹം പിന്തുണക്കും എന്നാണ് കെ.വി. കുര്യന്‍ വിശ്വസിച്ചത്. കെ.വി. കുര്യന് വേണ്ടി രംഗത്തുണ്ടായിരുന്ന ജോര്‍ജ് ജെ. മാത്യുവും അങ്ങനെ വിശ്വസിച്ചു. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാണി പരസ്യമായി നിഷ്പക്ഷത പ്രഖ്യാപിച്ചു. പക്ഷെ അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വി.ടി.സെബാസ്റ്റ്യനെ പിന്തുണച്ചു. 48 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കെ.വി.കുര്യന്‍ ഒന്നാം റൗണ്ടില്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള മത്സരത്തില്‍ മാണിയുടെ കണക്കുകൂട്ടലുകളെ അട്ടിമറിച്ചുകൊണ്ട് പി.ജെ.ജോസഫ് വിജയിച്ചു. അദ്ദേഹം പാര്‍ട്ടിലെ അധികാര കേന്ദ്രവും ശക്തനായ ആഭ്യന്തര മന്ത്രിയുമായി മാറി. ആ പദവിയുടെ സൗകര്യങ്ങള്‍ തന്റെതായ ഒരു അനുയായി വൃന്ദവും പാര്‍ട്ടിയില്‍ സൃഷ്ടിക്കുന്നതിനായി ജോസഫ് ഫലപ്രദമായി ഉപയോഗിച്ചു. വിനയം നിറഞ്ഞ ഹൃദ്യമായ പ്രവര്‍ത്തനശൈലിയിലൂടെ പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരനായ, സമര്‍ത്ഥനായ മന്ത്രി എന്ന പ്രതിച്ഛായയും അദ്ദേഹം സൃഷ്ടിച്ചു.
സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും മാണിയുടെ തെരഞ്ഞെടുപ്പ് വിജയം ശരിവെക്കുകയും ചെയ്തു. യാതൊരു വിസമ്മതവും കാട്ടാതെ പി.ജെ.ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ചു. കെ.എം.മാണി വീണ്ടും മന്ത്രിയായി. കെ.എം.മാണി ഒഴിഞ്ഞ ചെയര്‍മാന്‍ സ്ഥാനം തനിക്ക് ലഭിക്കണമെന്ന് പി.ജെ.ജോസഫ് ആഗ്രഹിച്ചു. ന്യായമായ ഒരു ആവശ്യമായിരുന്നു അത്. പക്ഷെ അത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ അല്ലായിരുന്നു കെ.എം.മാണി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വി.ടി.സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കി. മാണിയുടെ സമര്‍ത്ഥമായ നീക്കങ്ങളുടെ ഫലമായി മത്സരത്തില്‍ ജോസഫിനെ വി.ടി. സെബാസ്റ്റ്യന്‍ പരാജയപ്പെടുത്തി. പക്ഷെ ആ മത്സരവും അതിന്റെ ഫലവും ഒരു അന്ത്യത്തിന്റെ തുടക്കം മാത്രമായിരുന്നു. ജോര്‍ജ് ജെ. മാത്യുവിന്റെ വാക്കുകളില്‍ പൊട്ടിത്തെറിക്കാന്‍ വിങ്ങി നില്‍ക്കുന്ന ഒരു അഗ്നിപര്‍വ്വതത്തിന്റെ ഇരമ്പലുകള്‍ പാര്‍ട്ടിക്കുള്ളില്‍ മുഴങ്ങി തുടങ്ങിയിരുന്നു.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മറ്റൊരു തെരഞ്ഞെടുപ്പുകൂടി വേണ്ടിവന്നു. അമേരിക്കയില്‍വച്ച് നടന്ന ഒരു ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് മന്ത്രിയായിരുന്ന ഇ.ജോണ്‍ ജേക്ക്ബ് അന്തരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് അകത്തോലിക്കാ വിഭാഗത്തില്‍നിന്നും ഒരു മന്ത്രിയെ തെരഞ്ഞെടുക്കേണ്ടിയിരുന്നു. ടി.എസ്. ജോണും ഈപ്പന്‍ വര്‍ഗീസും ഡോ.ജോര്‍ജ് മാത്യുവും ടി.എം.ജേക്കബും രംഗത്തുവന്നു. ചെറുപ്പത്തിന്റെയും പരിചയക്കുറവിന്റെ പേരുപറഞ്ഞ് ടി.എം.ജേക്കബിന്റെ ആഗ്രഹം മുളയിലേ നുള്ളപ്പെട്ടു. മന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി ചെയര്‍മാന്‍ തെരഞ്ഞടുപ്പ് നടന്നപ്പോള്‍ മാണി ടി.എസ്.ജോണിന്റെ പിന്തുണ നേടിയിരുന്നെങ്കിലും മന്ത്രിസ്ഥാനത്തിന്റെ കാര്യം വന്നപ്പോള്‍ അദ്ദേഹം ഡോ.ജോര്‍ജ് മാത്യുവിനെ പിന്തുണച്ചു. ഈപ്പന്‍ വര്‍ഗീസിനായിരുന്നു പി.ജെ.ജോസഫിന്റെ പിന്തുണ. തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ ടി.എസ്.ജോണ്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ ഡോ.ജോര്‍ജ് മാത്യുവിന് 33 വോട്ടും ഈപ്പന്‍ വര്‍ഗീസിന് 17 വോട്ടും ലഭിച്ചു. താന്‍ വഞ്ചിക്കപ്പെട്ടു എന്ന ബോധ്യം വന്ന ടി.എസ്. ജോണ്‍ ഉടന്‍ തന്നെ പാര്‍ട്ടിയുടെ വൈസ്‌ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ പാര്‍ട്ടി ഓഫീസിനെ യുദ്ധക്കളമാക്കി.
അടുത്ത ദിവസം എട്ട് എംഎല്‍എമാര്‍ നാട്ടകം സിമന്റ് ഫാക്ടറി ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്ന് ഡോ.ജോര്‍ജ് മാത്യുവിനെ മന്ത്രിയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എ.കെ.ആന്റണിയോടും അവര്‍ ആവശ്യം ആവര്‍ത്തിച്ചു. ഡോ.ജോര്‍ജ് മാത്യുവിനെ മന്ത്രിയാക്കണമെന്ന് ഔദ്യോഗിക പക്ഷം വിഭാഗം രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസമുള്ളതുകൊണ്ട് ഡോ.ജോര്‍ജ് മാത്യുവിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന് മഖ്യമന്ത്രി കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കനായി ഡോ.ജോര്‍ജ് മാത്യുവിനെക്കൊണ്ട് സ്വയം പിന്‍മാറുന്നതായി പ്രസ്താവിപ്പിച്ച് ടി.എസ്.ജോണിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചു.
താമസിയാതെ ഇ.ജോണ്‍ ജേക്കബ് അന്തരിച്ചതുമൂലം ഒഴിവുവന്ന തിരുവല്ലാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പല്‍ പിള്ള ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി ജോണ്‍ ജെ. വള്ളക്കാലി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസില്‍നിന്ന് പി.സി.തോമസ് എന്ന പൈനുമ്മൂട്ടില്‍ ബേബിയെ അടര്‍ത്തിമാറ്റി സ്ഥാനാര്‍ഥിയാക്കി. ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍വെച്ച മന്ത്രി ടി.എസ്.ജോണിനെ ഡോ.ജോര്‍ജ് മാത്യു കഠിനമായി മര്‍ദ്ദിച്ചു. ജോര്‍ജ് മാത്യുവിനെതിരെ നടപടിയെടുക്കണമെന്ന് പി.ജെ.ജോസഫും കൂട്ടരും ആവശ്യപ്പെട്ടെങ്കിലും മാണിയും സെബാസ്റ്റിയനും അതിന് തയ്യാറായില്ല. എന്തായാലും തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് നന്നായി തോറ്റു. ആ ദിനങ്ങളിലാണ് ചരല്‍കുന്നില്‍ വച്ച് കെ.എസ്.സി സംസ്ഥാന ക്യാംപ് നടക്കുന്നത്. അവിടെ കൂട്ടത്തല്ല് തന്നെ നടന്നു. മര്‍ദനമേറ്റ പലരും ആശുപത്രിയിലായി.
കുഞ്ഞുമാണിയും ഔസേപ്പച്ചനും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും പടര്‍ന്നു. ജൂലൈ 25ന് അത് ഔപചാരികമായ പിളര്‍പ്പായി മാറി. മാണി ഗ്രൂപ്പുകാര്‍ തിരുവനന്തപുരത്തും ജോസഫ് ഗ്രൂപ്പുകാര്‍ കോട്ടയത്തും സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി. ഇരുവരും പരസ്പരം പൂറത്താക്കി തങ്ങളാണ് ഔദ്യോഗിക വിഭാഗമെന്ന് അവകാശപ്പെട്ടു. കെ.എം.മാണി വിഭാഗത്തിന്റെ ചെയര്‍മാനായി വി.ടി.സെബാസ്റ്റ്യനും ജനറല്‍ സെക്രട്ടറിമാരായി ഒ ലൂക്കോസും തോമസ് കുതിരവട്ടവും തുടര്‍ന്നു. മറുവിഭാഗം വി.ടി.സെബാസ്റ്റ്യനെ പുറത്താക്കി. പി.ജെ.ജോസഫിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. അങ്ങനെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും നില്‍വില്‍വന്നു.
ഒരുതരത്തില്‍ 1978ലെ പിളര്‍പ്പ് 76ലെ പിളര്‍പ്പിന്റെ തനിയാവര്‍ത്തനമായിരുന്നു. പക്ഷെ ഒരു റോള്‍ റിവേഴ്‌സല്‍ ഉണ്ടായിരുന്നുവെന്നു മാത്രം. കെ.എം. മാണി കെ.എം. ജോര്‍ജിനെതിരെ പ്രയോഗിച്ച അതേ അടവുകളാണ് പിന്നീട് ജോസഫ് മാണിക്കെതിരെയും പ്രയോഗിച്ചത്. രാഷ്ട്രീയമായ ആഘാതങ്ങള്‍ താങ്ങാനുള്ള കരുത്ത് കെ.എം. ജോര്‍ജിന് ഉണ്ടായില്ല. തിരിച്ചടിക്കാനും പോരാടനുമുള്ള കരുത്ത് കെ.എം. മാണിക്ക് ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹം പിടിച്ചുനിന്നു
1977ലെ കനത്ത പരാജയത്തിന് ശേഷം പിള്ള ഗ്രൂപ്പിന്റെ നിലനില്‍പ്പ് വലിയ പ്രതസിന്ധിയിലാരുന്നു. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ജനതാ പാര്‍ട്ടിയുടെ ഭാഗമാകുക എന്നതാണ് നിലനില്‍പ്പിനായി അവര്‍ കണ്ടെത്തിയ പോംവഴി. മുമ്പ് കോട്ടയം എംപിയായിരുന്ന വര്‍ക്കി ജോര്‍ജ് ആണ് പാര്‍ട്ടിയെ ജനതാ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ മുന്‍കൈ എടുത്തത്. പിള്ള ഗ്രൂപ്പ് ജനതാപാര്‍ട്ടിയില്‍ ലയിക്കുകയും ബാലകൃഷ്ണപിള്ള അതിന്റെ സംസ്ഥാന ഉപാധ്യക്ഷനാവുകയും ചെയ്തു. പക്ഷെ കേരള കോണ്‍ഗ്രസ് സംസ്‌കാരമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നൊരു അന്തരീക്ഷമായിരുന്നില്ല ജനതാ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. ലോക്‌സഭയില്‍ ജനതാപാര്‍ട്ടി അംഗമായ ഒ.പി.ത്യാഗി മതപരിവര്‍ത്തന നിരോധനബില്‍ അവതരിപ്പിച്ചതോടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജനതാപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടുള്ള കാര്യമായി. താമസിയാതെ ജനതാപാര്‍ട്ടിയില്‍ അന്തഃഛിദ്രം രൂക്ഷമാവുകയും ശിഥിലീകരണം ആരംഭിക്കുകയും ചെയ്തു. ഈ അവസരത്തില്‍ ബാലകൃഷ്ണപിള്ള ജനതാപാര്‍ട്ടിയില്‍നിന്ന പുറത്തുവരികയും പിള്ള ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കകുയം ചെയ്തു. പക്ഷെ അദ്ദേഹത്തോടൊപ്പം ജനതാപാര്‍ട്ടിയിലേക്ക് പോയ പി.കെ.ഇട്ടൂപ്പ് തിരുവല്ല എംഎല്‍എ പി.സി.തോമസ് തുടങ്ങി പലരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നില്ല. ഇട്ടൂപ്പ് പിന്നീട് മാണി ഗ്രൂപ്പില്‍ ചേരുകയും പി.സി.തോമസ് ജനതാപാര്‍ട്ടിയില്‍ തുടരുകയും ചെയ്തു.
മൂവാറ്റുപുഴ എംപിയായിരുന്ന ജോര്‍ജ് ജെ. മാത്യു മുന്‍കൈ എടുത്ത് ബാലകൃഷ്ണപിള്ളയെ വീണ്ടും മാണി ഗ്രൂപ്പിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം കെ.എം.മാണി ഉര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടന്നില്ല. പിളര്‍പ്പിന് ശേഷം മന്ത്രിസഭയില്‍നിന്ന് ടിഎസ് ജോണിനെയും മുന്നണിയില്‍നിന്ന് ജോസഫ് ഗ്രൂപ്പിനെയും പുറത്താക്കണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ മുന്നണി വിടുമെന്നും മാണി ഗ്രൂപ്പ് ഭീഷണി മുഴക്കി. മന്ത്രിസഭാ യോഗങ്ങളില്‍നിന്ന് തുടര്‍ച്ചയായി കെ.എം.മാണിയും നാരായണക്കുറുപ്പും വിട്ടുനിന്നു. രണ്ട് കേരള കോണ്‍ഗ്രസുകളും മുന്നണിയിലും മന്ത്രിസഭയിലും തുടരണമെന്നായിരുന്നു ഘടകക്ഷികളുടെ നിലപാട്. 1976ല്‍ പിളര്‍പ്പുണ്ടായപ്പോള്‍ മാണിയെ പിന്‍വലിക്കണെന്ന് ജോര്‍ജ് ആവശ്യപ്പെടുകയും മാണി വഴങ്ങാതിരിക്കുകയും ചെയ്ത ചരിത്രം ജോസഫ് മുന്നണി നേതാക്കളെ ഓര്‍മ്മിപ്പിച്ചു.
ഗത്യന്തരമില്ലാതെ കെ.എം.മാണി താനും കെ.നാരായണക്കുറുപ്പും മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ഒരുമിച്ച് രാജിവെക്കുന്നതിനായി മാണി നാരായണക്കുറുപ്പിന്റെ വീട്ടില്‍ അദ്ദേഹത്തെയും കാത്തിരുന്നു. പക്ഷെ കുറുപ്പ് അപ്രത്യക്ഷനായി. മാണിക്ക് ഒറ്റയ്ക്ക് രാജിവെക്കേണ്ടിവന്നു. പിന്നീട് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട കുറുപ്പ് താന്‍ രാജിവെക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസുകളുടെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ കേരള കോണ്‍ഗ്രസ് യൂണിറ്റി സെന്റര്‍ രൂപീകരിച്ചതായി അറിയിച്ചു. എന്‍ഡിപിയില്‍നിന്നുള്ള എംഎല്‍എമാരായ വട്ടിയൂര്‍ക്കാവ് രവിയും ചാത്തന്നൂര്‍ തങ്കപ്പന്‍ പിള്ളയും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
ഇതിനിടെ പികെവി മന്ത്രിസഭ രാജിവെച്ചു. അപ്രതീക്ഷിതമായി രൂപീകരിക്കപ്പെട്ട സി.എച്ച്.മുഹമ്മദ്‌കോയ മന്ത്രിസഭയ്ക്ക് ഇരു കേരള കോണ്‍ഗ്രസുകളും പുറത്തുനിന്ന് പിന്തുണ നല്‍കി. മാണിയെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ മാര്‍ക്‌സിസറ്റ് പാര്‍ട്ടി ശ്രമങ്ങളാരംഭിച്ചു. ജോസഫിനെ പാഠം പഠിപ്പിക്കാന്‍ നല്ലത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായുള്ള സഖ്യമാണെന്നും മാണി കണക്കുകൂട്ടി. മാണിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു. മാണി മറുകണ്ടം ചാടി. അവര്‍ ഇടതുപക്ഷ ഐക്യത്തിന്റെ പ്രവാചകന്മാരായി. സിഎച്ച് മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചു. അടുത്ത ദിവസങ്ങളില്‍ കാലുമാറ്റത്തിന്റെ നാറിയ കഥകള്‍ ആയിരുന്നു. പ്രൊഫസര്‍ നാരായണക്കുറുപ്പ് മാണി ഗ്രൂപ്പില്‍നിന്ന് മൂന്നാം ചേരിയിലേക്കും അവിടെ നിന്നും ജോസഫ് ഗ്രൂപ്പിലേക്കും വീണ്ടും മാണി ഗ്രൂപ്പിലേക്കും പിന്നെയും ഭരണ മുന്നണിയിലേക്കും കാലുമാറി.
മാണി ഗ്രൂപ്പില്‍നിന്ന് ജോസഫ് ഗ്രൂപ്പിലേക്ക് കാലുമാറിയ മറ്റൊരു പ്രൊഫസറായ കെ.എ.മാത്യു മന്ത്രിയായി. എന്തായാലും കോണ്‍ഗ്രസ് (യു) പിന്തുണ പ്രഖ്യാപിക്കും എന്ന് ഉറപ്പായപ്പോള്‍ സി.എച്ച്.മുഹമ്മദ് കോയ രാജിവെച്ച് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തു. ഇടതുപക്ഷ മുന്നണി സംയുക്ത നിയമസഭാകക്ഷി നേതാവായി കെ.എം.മാണിയെ തിരഞ്ഞെടുത്തു. മന്ത്രിസഭയുണ്ടാക്കാന്‍ മാണിയെ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. പക്ഷെ മുഖ്യമന്ത്രിയാകാന്‍ കെ.എം.മാണിക്ക് യോഗമില്ലാതെ പോയി. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം നിയമസഭ പിരിച്ചുവിട്ടു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും പിള്ള ഗ്രൂപ്പും ഇടതുപക്ഷ മുന്നണിയിലും ജോസഫ് ഗ്രൂപ്പ് ഐക്യജനാധിപത്യ മുന്നണിയിലുമായി കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.