ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിട്ടിയിലും; ഡിജിറ്റല്‍ ലോകത്തിനൊപ്പം സഞ്ചരിക്കാനൊരുങ്ങി കെഎസ്എഫ്ഇ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിട്ടിയിലും; ഡിജിറ്റല്‍ ലോകത്തിനൊപ്പം സഞ്ചരിക്കാനൊരുങ്ങി കെഎസ്എഫ്ഇ
Published on
Summary

സ്ഥാപിതമായ വര്‍ഷം മുതല്‍ ഇന്നുവരെ ലാഭമുണ്ടാക്കിയിട്ടുള്ള, ലാഭത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്എഫ്ഇ. പൊതുമേഖലാ സ്ഥാപനങ്ങളില്‍ അങ്ങനെയൊരു ക്രെഡിറ്റ് അവകാശപ്പെടാന്‍ അധികം സ്ഥാപനങ്ങളില്ല. ചിട്ടി മുതല്‍ സ്വര്‍ണ്ണപ്പണയ വായ്പ വരെ സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറുന്ന പദ്ധതികളാണ് കെഎസ്എഫ്ഇയുടേത്. 100 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനവുമായി, ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് എന്ന ലക്ഷ്യവുമായി മുന്നേറുന്ന കെഎസ്എഫ്ഇയെക്കുറിച്ച്.

ചിട്ടിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തമ്മില്‍ എന്താണ് ബന്ധം? പരമ്പരാഗത സേവിംഗ്‌സ് രീതിയെന്ന മട്ടിലാണ് ചിട്ടിയെ നമുക്ക് അറിയാവുന്നത്. അതിനെ പുതിയ കാലത്തിന്റെ സാങ്കേതികതയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി യോജിപ്പിച്ചുകൊണ്ട് പുതിയ മേഖലയിലേക്ക് കടക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ എന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ചിട്ടി എന്ന പരമ്പരാഗത ബിസിനസുമായി എങ്ങനെ കൂട്ടിയിണക്കാമെന്നാണോ സംശയിക്കുന്നത്? കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനിലിന് ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണമുണ്ട്.

ഡോ.എസ്.കെ.സനിൽ
ഡോ.എസ്.കെ.സനിൽ

''ഇടപാടുകാരുടെ സ്വഭാവം, ശാഖകളുടെ പ്രവര്‍ത്തന മികവ്, ഇതൊക്കെത്തന്നെ വ്യത്യസ്തങ്ങളായ വിധത്തില്‍ മനസിലാക്കുന്നതിനും ബോധ്യപ്പെടുന്നതിനും വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്താം എന്നുള്ള ആശയം ഉയര്‍ന്നു. അതിനായുള്ള ഡേറ്റകള്‍ ശേഖരിക്കുകയും അതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അപഗ്രഥിക്കുന്നതിനായുള്ള ശ്രമമാണ് നടത്തിയത്. അതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ബ്രാഞ്ചുകളുടെ ഫീസിബിലിറ്റി സ്റ്റഡി നടത്തുന്നതിന് വേണ്ടി നിര്‍മിതബുദ്ധിയെ ഉപയോഗപ്പെടുത്തി. ഒരു പരിധിവരെ അതുമായി ബന്ധപ്പെട്ടുള്ള കുറേ വിശകലനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടി എഐ ഉപയോഗിക്കുന്നതിനാണ് ഇനിയുള്ള ശ്രമം. അങ്ങനെ കിട്ടുന്ന ഉപഭോക്താക്കളുടെ ഇന്‍പുട്ടുകളും അഭിപ്രായങ്ങളും താല്‍പര്യങ്ങളും അനുസരിച്ച് നിലവിലുള്ള ഉല്‍പന്നങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടുന്ന മാറ്റങ്ങള്‍ നടപ്പാക്കാനും കഴിയും എന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നതിന്റെ തുടക്കം മാത്രമാണ് ഇത്. കൂടുതലായി അതിലേക്ക് കാല്‍വെക്കുന്നതിനായുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.''

ഡോ.എസ്.കെ.സനിൽ, മാനേജിംഗ് ഡയറക്ടർ

കെഎസ്എഫ്ഇ വളര്‍ച്ചയുടെയും വികസനത്തിന്റെയും പാതയിലാണ്. ഡിജിറ്റല്‍ ലോകത്ത്, സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ബിസിനസ് തന്ത്രം സ്വീകരിക്കുകയാണ് കമ്പനി. സര്‍ക്കാരിന്റെ കുറിക്കമ്പനി എന്ന നിലയില്‍ മാത്രം കെഎസ്എഫ്ഇയെ കണ്ടിരുന്ന പുതിയ തലമുറ കമ്പനിയുടെ ഉല്‍പന്നങ്ങളുടെ ഉപഭോക്താക്കളായി മാറിക്കൊണ്ടിരിക്കുന്നു. അവരിലേക്ക് കൂടുതലായി എത്തിച്ചേരുന്നതിനായി സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളെ ഉപയോഗപ്പെടുത്താന്‍ കെഎസ്എഫ്ഇയും തയ്യാറാകുന്നു. ചിട്ടി ബിസിനസ് മാത്രമായി ആരംഭിച്ച കമ്പനി ഇന്ന് വിവിധതരം ഫിനാന്‍ഷ്യല്‍ പ്രോഡക്ടുകളുമായി വിപണിയില്‍ മുന്‍നിരയിലാണ്. തുടക്കം മുതല്‍ ലാഭത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന, അധികം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനില്ലാത്ത പേരുമായാണ് കെഎസ്എഫ്ഇയുടെ മുന്നേറ്റം. കെ.വരദരാജന്‍ ചെയര്‍മാനായ ഭരണസമിതിയാണ് കെഎസ്എഫ്ഇയെ മുന്നോട്ടു നയിക്കുന്നത്.

കെ.വരദരാജൻ
കെ.വരദരാജൻ

കെഎസ്എഫ്ഇയുടെ തുടക്കം

1969ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് കെഎസ്എഫ്ഇ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സ്വകാര്യ മേഖലയില്‍ ഒട്ടനവധി സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങുകയും അവയില്‍ ഭൂരിപക്ഷവും തകര്‍ന്നടിയുകയും ചെയ്തിരുന്ന സാഹചര്യത്തിലായിരുന്നു സാധാരണക്കാരെ സഹായിക്കുന്നതിനായി ഒരു ചിട്ടി സ്ഥാപനം തുടങ്ങുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തത്. അങ്ങനെ 1969 നവംബര്‍ 6ന് കെഎസ്എഫ്ഇ പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന നിലയില്‍ ആരംഭിച്ച കെഎസ്എഫ്ഇ രണ്ട് ലക്ഷം രൂപ മൂലധനവുമായാണ് പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. കേരളത്തില്‍ ചിട്ടി ബിസിനസിന്റെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന തൃശൂരിലാണ് കമ്പനിയുടെ ഹെഡ് ഓഫീസ് സ്ഥാപിച്ചത്. തുടക്കത്തില്‍ പത്ത് ശാഖകളും 45 ജീവനക്കാരുമായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്.

സുതാര്യവും സുസ്ഥിരവുമായ സാമ്പത്തിക സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ നല്‍കുകയെന്നതായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ പ്രധാനം. ചിട്ടിയെന്ന പേരില്‍ തട്ടിപ്പ് നടത്തുന്നവരുടെയും സാധാരണക്കാരെ പിഴിയുന്നവരുടെയും പിടിയില്‍ നിന്ന് സാധാരണക്കാരെ മോചിപ്പിക്കുകയും ചിട്ടി നടത്തിപ്പില്‍ ഒരു പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുകയും കെഎസ്എഫ്ഇയുടെ ലക്ഷ്യമായിരുന്നു. ചിട്ടി നടത്തിപ്പ് മാത്രമായിരുന്നില്ല സ്ഥാപനത്തിന്റെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തുന്നതിനായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ അവതരിപ്പിക്കുകയെന്ന ദൗത്യവും കമ്പനിക്കുണ്ടായിരുന്നു. സ്ഥാപിതമായി 56 വര്‍ഷം പിന്നിടുമ്പോള്‍ കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസില്‍ 50 ശതമാനം മാത്രമേ ചിട്ടിയുടേത് ആയിട്ടുള്ളു. തുടക്കത്തില്‍ ചിട്ടി മാത്രമായിരുന്നു ചെയ്തിരുന്നതെങ്കില്‍ പിന്നീട് മറ്റ് സാമ്പത്തിക സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇപ്പോള്‍ ബാക്കി 50 ശതമാനം ബിസിനസ് നിക്ഷേപങ്ങളിലും വായ്പകളിലുമായാണ് നടന്നു വരുന്നത്. ഇന്നിപ്പോള്‍ 55 വര്‍ഷം പിന്നിടുമ്പോള്‍ 683 ശാഖകളും 8300ലേറെ ജീവനക്കാരും 56 ലക്ഷത്തിലേറെ ഉപഭോക്താക്കളും 91,000 കോടി രൂപയിലേറെ വിറ്റുവരവുമാണ് കമ്പനിക്കുള്ളത്.

കെഎസ്എഫ്ഇയുടെ പ്രസക്തി

ഒരു ധനകാര്യ സ്ഥാപനം എന്നതില്‍ ഉപരിയായി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കെഎസ്എഫ്ഇ നല്‍കുന്ന സംഭാവന വേറിട്ടതാണ്. സംസ്ഥാനത്തിന്റെ ധനകാര്യ രംഗത്തേക്ക് ഓരോ മാസവും 3800 കോടി രൂപ വീതം കമ്പനി നല്‍കുന്നുണ്ട്. അതാണ് കെഎസ്എഎഫ്ഇയുടെ പ്രസക്തിയും. പ്രതിമാസം 3800 കോടി രൂപയുടെ ചിട്ടിയാണ് കെഎസ്എഫ്ഇ നടത്തുന്നത്. ചിട്ടി എന്ന സംവിധാനത്തില്‍ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചു വന്ന് നിശ്ചിത തുകയിടാന്‍ തീരുമാനിക്കുന്നു. അതിന്റെ നടത്തിപ്പ് അഥവാ ഫോര്‍മാന്‍ എന്നൊരാള്‍ ഉണ്ടാകും. ഇവിടെ അത് കെഎസ്എഫ്ഇയാണ്. ചിട്ടി നടത്തിപ്പുകാരനും മറ്റുള്ളവര്‍ക്കൊപ്പം ചിറ്റാളനായി ഇതില്‍ ചേരേണ്ടതുണ്ട്. കെഎസ്എഫ്ഇയുടെ ചിട്ടികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നുണ്ട്. ചിട്ടി നടത്തുമ്പോള്‍ അതിന് തത്തുല്യമായ തുക സര്‍ക്കാരിലേക്ക് സെക്യൂരിറ്റി തുകയായി കെട്ടിവെക്കണം. ഓരോ ചിട്ടിയും പൂര്‍ത്തിയായി എല്ലാവര്‍ക്കും പണം നല്‍കിയെന്ന് ഉറപ്പു വരുത്തി അതിന്റെ ചിട്ടി ഓഡിറ്റ് പൂര്‍ത്തിയായി ഗസറ്റ് വിജ്ഞാപനം നടത്തിയതിന് ശേഷം മാത്രമേ ഈ ഗ്യാരന്റി തുക തിരികെ നല്‍കുകയുള്ളു. ഒരു ലക്ഷം രൂപയുടെ ചിട്ടി നടത്താന്‍ ഒരുലക്ഷം രൂപ സര്‍ക്കാരില്‍ കെട്ടിവെക്കണം. അതായത് ഓരോ മാസവും നടന്നു വരുന്ന 3800 കോടി രൂപയുടെ ചിട്ടികള്‍ക്ക് 3800 കോടി രൂപ സര്‍ക്കാരിലേക്ക് കെഎസ്എഫ്ഇ ട്രഷറി നിക്ഷേപമായി നല്‍കണം. ഈ പണം വിപണിയിലേക്ക് എത്തുന്നുവെന്നതാണ് പ്രധാനം.

പുതിയ വര്‍ഷത്തില്‍ കെഎസ്എഫ്ഇയുടെ പദ്ധതികള്‍

ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് എന്നതാണ് വരുന്ന വര്‍ഷത്തില്‍ കെഎസ്എഫ്ഇയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനില്‍ പറയുന്നു. ഇതുവരെ 90,000 കോടി രൂപയുടെ വിറ്റുവരവിലേക്ക് എത്തിക്കഴിഞ്ഞു. ഇതേ വളര്‍ച്ചാനിരക്ക് തുടര്‍ന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതി എത്തുന്നതോടുകൂടിത്തന്നെ ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവിലേക്ക് എത്താന്‍ കഴിയുമെന്നാണ് കമ്പനിയുടെ ആത്മവിശ്വാസം. രാജ്യത്തും ലോകമൊട്ടാകെയും സങ്കീര്‍ണ്ണമായ ഒരു സാമ്പത്തിക കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലും ചിട്ടി ബിസിനസ് വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ ഒട്ടും പ്രയാസം അനുഭവപ്പെടുന്നില്ല. ചിട്ടി ബിസിനസിന് വളക്കൂറുള്ള കേരളത്തിന്റെ മണ്ണിലായതുകൊണ്ടും കെഎസ്എഫ്ഇയില്‍ കേരള ജനതയ്ക്കുള്ള വിശ്വാസവും താല്‍പര്യവുമൊക്കെയായിരിക്കാം ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

'കെഎസ്എഫ്ഇ അടുത്തിടെ അവതരിപ്പിച്ച ചിട്ടി പദ്ധതികള്‍ പല മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അനുയോജ്യമായവ ആയതിനാലാകാം. ചിട്ടിയെ സമ്പാദ്യം എന്ന നിലയില്‍ നോക്കിക്കാണുന്നവര്‍ക്ക് നല്ല നിലയില്‍ ആദായം നല്‍കുന്ന വ്യത്യസ്തമായ ചിട്ടികള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നു. പണം ആവശ്യമുള്ള ആളുകള്‍ക്ക്, ചെറുകിട സംരംഭകര്‍, വ്യവസായികള്‍, കര്‍ഷകര്‍, കാര്‍ഷിക വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, സ്വയംസംരംഭകര്‍ തുടങ്ങിയവര്‍ക്ക് വലിയ തുകകള്‍ ആവശ്യമായി വരാറുണ്ട്. അത്തരക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള ചിട്ടികള്‍ ഒരുക്കിയിട്ടുണ്ട്. ഇവ കൂടാതെ മൂല്യവര്‍ദ്ധിതമായ ചിട്ടികള്‍ പുറത്തിറക്കുന്ന കാര്യത്തില്‍ കെഎസ്എഫ്ഇ അടുത്തിടെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 2018ല്‍ ആരംഭിച്ച പ്രവാസി ചിട്ടികള്‍ പ്രവാസി സമൂഹത്തിന് വലിയ സമ്പാദ്യ ഉപകരണമായി മാറിയിട്ടുണ്ട്. പ്രവാസികള്‍ക്ക്, അവര്‍ കേരളത്തിന് പുറത്തു നിന്നുകൊണ്ടുതന്നെ ചിട്ടിയില്‍ ചേരുന്നതിനും പണമടയ്ക്കുന്നതിലും ലേലത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനും തുക വാങ്ങിയെടുക്കുന്നതിനുള്ള സാധ്യതകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുകയാണ്. പത്തു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള ഡിവിഷന്‍ ചിട്ടികളാണ് മറ്റൊരു പദ്ധതി. പെട്ടെന്നു തന്നെ പണവും ആദായവും ഉറപ്പു വരുത്തുന്ന ചിട്ടികളാണ് ഇവ. വ്യത്യസ്തമായ ഇത്തരം ഉല്‍പന്നങ്ങളിലൂടെ ചിട്ടി പദ്ധതികളില്‍ കൂടുതല്‍ താല്‍പര്യം ഉണര്‍ത്തുന്ന കാര്യത്തില്‍ കെഎസ്എഫ്ഇക്ക് കഴിഞ്ഞിട്ടുണ്ട്.'

ഡോ.എസ്.കെ.സനിൽ, മാനേജിംഗ് ഡയറക്ടർ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിട്ടിയിലും; ഡിജിറ്റല്‍ ലോകത്തിനൊപ്പം സഞ്ചരിക്കാനൊരുങ്ങി കെഎസ്എഫ്ഇ
തെങ്ങ് ചെത്തി കള്ളെടുക്കുന്നതും ഒരു ടൂറിസം ഉല്‍പന്നമാണ് | Santhosh George Kulangara Interview Part-4

ചിട്ടികള്‍ക്ക് ഒപ്പം തന്നെ മറ്റ് ഫിനാന്‍ഷ്യല്‍ പ്രോഡക്ടുകള്‍ വിപണിയില്‍ ഇറക്കാനും കെഎസ്എഫ്ഇ മുന്‍പന്തിയിലാണ്. പല വിധത്തിലുള്ള വായ്പകള്‍ കമ്പനി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. മികച്ച രീതിയില്‍ വായ്പാ വളര്‍ച്ച ഉറപ്പാക്കാന്‍ കെഎസ്എഫ്ഇക്ക് സാധിച്ചിട്ടുണ്ട്. അവയില്‍ സ്വര്‍ണ്ണപ്പണയ വായ്പയാണ് മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ ഏതാണ്ട് 7750 കോടി രൂപയുടെ അടുത്താണ് സ്വര്‍ണ്ണപ്പണയ വായ്പകള്‍ എത്തി നില്‍ക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 8500-9000 കോടി രൂപ വരെ എത്തിക്കാനാണ് ലക്ഷ്യം. 10,000 കോടി വരെ ലക്ഷ്യമിടുന്നുണ്ടെങ്കിലും സ്വര്‍ണ്ണവിലയിലുള്ള മാറ്റങ്ങളും മറ്റ് വിപണിയിലുള്ള വെല്ലുവിളികളും അതിനെ ബാധിച്ചേക്കാം. സ്വര്‍ണ്ണപ്പണയ രംഗത്തുള്ളതടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്താല്‍ കെഎസ്എഫ്ഇയുടെ വളര്‍ച്ചാ നിരക്ക് കൂടുതലാണ്. അതിന് കാരണം കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ അവതരിപ്പിച്ചതാണെന്ന് ഡോ.സനില്‍ പറയുന്നു.

'ഇഎംഐ വ്യവസ്ഥയിലുള്ള ജനമിത്രം ഗോള്‍ഡ് ലോണിന് 4.9 ശതമാനം മാത്രമാണ് പലിശ നിരക്ക്. 9.25 ശതമാന പലിശനിരക്കുള്ള ഗോള്‍ഡ് ലോണ്‍ പദ്ധതി, 10.5 ശതമാനം മാത്രം പലിശയുള്ള ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് തുടങ്ങിയവ വളരെ ജനപ്രിയമാണ്.'
ഡോ.എസ്.കെ.സനിൽ, മാനേജിംഗ് ഡയറക്ടർ

ഒരുലക്ഷം കോടി വിറ്റുവരവ് എന്ന ലക്ഷ്യം

സാധാരണ ഗതിയിലുള്ള വളര്‍ച്ചയുണ്ടെങ്കില്‍ തന്നെ ഈ ലക്ഷ്യം നേടിയെടുക്കാനാകുമെന്നതാണ് കെഎസ്എഫ്ഇയുടെ ആത്മവിശ്വാസം. വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതലായി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ കമ്പനിക്ക് ഇത് അത്ര ബുദ്ധിമുട്ടുള്ള ലക്ഷ്യമല്ല. കോവിഡിന് ശേഷം വളര്‍ച്ചാ നിരക്കില്‍ വളരെ പരിമിതമായ കുറവ് അനുഭവപ്പെട്ടിരുന്നെങ്കിലും അതിന് ശേഷം ചിട്ടിയില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഉണ്ടാകുന്നുണ്ട്. മറ്റു സ്ഥാപനങ്ങള്‍ നല്‍കുന്ന സമാന ഉല്‍പന്നങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ കോവിഡ് ഘട്ടത്തിലുണ്ടായ നേരിയ ഇടിവ് കണക്കാക്കേണ്ട ആവശ്യം പോലുമില്ലെന്നാണ് കമ്പനിയുടെ പക്ഷം. ഡിപ്പോസിറ്റ്, ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന് (ഡിഐസിജിസി) കീഴിലാണ് മിക്ക സാമ്പത്തിക സ്ഥാപനങ്ങളും നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 5 ലക്ഷം രൂപയാണ് അതിന്റെ പരിധി.

അതേസമയം കെഎസ്എഫ്ഇയിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരാണ് ഗ്യാരന്റി നല്‍കുന്നത്. നിക്ഷേപകന്റെ മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ ഗ്യാരന്റി ലഭ്യമാണ്. ഗ്യാരന്റി കമ്മീഷന്‍ സര്‍ക്കാരിലേക്ക് നല്‍കിക്കൊണ്ടാണ് ഇത് ഉറപ്പാക്കുന്നത്. നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തിക്കൊണ്ട് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ കെഎസ്എഫ്ഇക്ക് സാധിക്കുന്നു. വായ്പകള്‍ക്ക് നല്‍കുന്ന മിതമായ പലിശനിരക്കും അതേസമയം നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന പലിശനിരക്കും ഇരു മേഖലയിലും വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ചിട്ടി, നിക്ഷേപം, വായ്പ എന്നീ മൂന്ന് സെഗ്മെന്റുകളിലും നല്ല വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് കെഎസ്എഫ്ഇ വ്യക്തമാക്കുന്നു. സാധാരണക്കാരന്റെ വായ്പകളായ ഗോള്‍ഡ് ലോണ്‍ അടക്കമുള്ളവയിലും ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകുന്നു. അതുകൊണ്ടുതന്നെ ഒരു ലക്ഷം കോടി രൂപ വിറ്റുവരവെന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗം എത്തിച്ചേരാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഡിജിറ്റല്‍ ലോകത്തെ കെഎസ്എഫ്ഇ

മാറുന്ന ലോകത്ത് അനുയോജ്യമായ വിധത്തില്‍ മാറാനും കെഎസ്എഫ്ഇക്ക് സാധിക്കുന്നുണ്ട്. സേവനങ്ങള്‍ സൗകര്യപ്രദമായി നല്‍കുന്നതിനായി ഒരു കോര്‍ സൊല്യൂഷന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഉപയോഗിച്ചു വന്നിരുന്നു. അതിന്റെ പരിഷ്‌കരിച്ച വേര്‍ഷനാണ് ഇപ്പോള്‍ ഉപയോഗിച്ചു വരുന്നത്. ശാഖകളില്‍ നിന്ന് ഉപഭോക്താക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയിക്കണമെങ്കില്‍ അതിനായി ഓട്ടോമേറ്റഡ് കോളുകള്‍, എസ്എംഎസ് എന്നിവയില്‍ കൂടി അവ അറിയിക്കാനാകും. കെഎസ്എഫ്ഇ പവർ എന്ന മൊബൈല്‍ ആപ്പ്, വെബ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രതികരണം അറിയിക്കാന്‍ കഴിയും. ചിട്ടി ലേലത്തില്‍ പ്രോക്‌സിയായാണ് പങ്കെടുക്കുന്നതെങ്കില്‍ അതിന്റെ രജിസ്‌ട്രേഷന്‍, ചിട്ടിപ്പണം അടയ്ക്കല്‍, പണം പിന്‍വലിക്കല്‍ തുടങ്ങിയവയും ഓണ്‍ലൈനായി സാധിക്കും. ബിസിനസിന്റെ എല്ലാ മേഖലകളിലും ഡിജിറ്റൈസേഷന്‍ എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ചിട്ടിപ്പണവും ലോണുകളും കളക്ഷന്‍ ഏജന്റുമാര്‍ വഴി അടക്കുന്ന രീതിയുണ്ട്. കച്ചവടക്കാരും വ്യവസായികളുമാണ് ഈ രീതിയെ പ്രധാനമായും ആശ്രയിക്കാറുള്ളത്. കളക്ഷന്‍ ഏജന്റുമാര്‍ പണം വാങ്ങുകയും അതാത് ദിവസം തന്നെ അത് അടയ്ക്കുകയുമാണ് സാധാരണ ചെയ്യാറുള്ളത്. ഇതിന്റെ കൃത്യത സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. അത് പരിഹരിക്കുന്നതിനായി കളക്ഷന്‍ ഏജന്റുമാര്‍ക്കും ഇപ്പോള്‍ ഒരു മൊബൈല്‍ ആപ്പ് നല്‍കിയിരിക്കുകയാണ്. പണം കളക്ട് ചെയ്താല്‍ ഉടന്‍ തന്നെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കുന്നു. അതോടെ ഉപഭോക്താവിന് പണം സ്വീകരിച്ചതായി ഒരു എസ്എംഎസ് ലഭിക്കുന്നു. പണം സ്വീകരിച്ചതിനുള്ള റസീപ്റ്റും ഇതിനൊപ്പം ലഭിക്കുന്നു. പണം അക്കൗണ്ടില്‍ എത്തിയാല്‍ ഉടന്‍ തന്നെ മറ്റൊരു എസ്എംഎസ് ഉപഭോക്താവിന് ലഭിക്കും. ഇടപാടുകളില്‍ സുതാര്യതയും കാര്യക്ഷമതയും ഉണ്ടാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ഉല്‍പന്നങ്ങള്‍

സാധാരണക്കാരന്റെ നിക്ഷേപ പദ്ധതിയെന്ന് അറിയപ്പെടുന്ന ചിട്ടിയാണ് കെഎസ്എഫ്ഇയുടെ പ്രധാന ഉല്‍പന്നം. ചിട്ടിയുടെ വിവിധ പ്രോഡക്ടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിനൊപ്പം തന്നെ പ്രവാസി ചിട്ടിയടക്കമുള്ള ഉല്‍പന്നങ്ങളും. ചിട്ടി കൂടാതെ വായ്പാ രംഗത്തും നിക്ഷേപ രംഗത്തും കെഎസ്എഫ്ഇക്ക് സാന്നിധ്യമുണ്ട്. ചിട്ടികള്‍ക്കൊപ്പം അവതരിപ്പിച്ച ചിട്ടി വായ്പയും പേഴ്‌സണല്‍ ലോണുകളും ഹൗസിംഗ് ലോണുകളും അടക്കം വിപുലമായ സാമ്പത്തിക ഉല്‍പന്നങ്ങളുടെ വിശാലമായ നിരയാണ് കെഎസ്എഫ്ഇ അവതരിപ്പിക്കുന്നത്.

ചിട്ടികള്‍

ചിട്ടി എന്ന വാക്കിന്റെ ഉദ്ഭവം കടലാസ് തുണ്ട് എന്ന് അര്‍ത്ഥം വരുന്ന ചിറ്റ് എന്ന വാക്കില്‍ നിന്നാണ്. പേപ്പര്‍ തുണ്ടില്‍ പേരെഴുതി നറുക്കിടുന്ന രീതിയായതുകൊണ്ടു തന്നെ മലയാളത്തില്‍ ചിട്ടിക്ക് കുറി എന്നൊരു പേര് കൂടിയുണ്ട്. ചിട്ടി നടത്തുന്നയാള്‍ അഥവാ ചിട്ടി ഫോര്‍മാന്‍ ചിറ്റാളന്‍മാരുടെ പേരുകള്‍ ചെറു പേപ്പര്‍ തുണ്ടുകളില്‍ എഴുതി മടക്കി നറുക്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ഫോര്‍മാനും ചിറ്റാളന്‍മാരുമായുള്ള ഒരു കരാറിലൂടെയാണ് ഈ പദ്ധതി നടന്നു പോകുന്നത്. 1982ലെ ചിട്ടി ഫണ്ട് ആക്ടിലൂടെ കേന്ദ്രസര്‍ക്കാര്‍ ചിട്ടി ഇടപാടുകളെ നിയന്ത്രിച്ചിട്ടുണ്ട്. ആ നിയമത്തിന് കീഴില്‍ പൂർണ്ണ സുരക്ഷിതമായ ചിട്ടികളാണ് കെഎസ്എഫ്ഇ ജനങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ കെഎസ്എഫ്ഇയാണ് ഫോര്‍മാന്‍. ചിട്ടിയാണ് കെഎസ്എഫ്ഇയുടെ പ്രധാന ഉല്‍പന്നം. പ്രതിമാസം 1000 രൂപ മുതല്‍ 6 ലക്ഷം രൂപ വരെ നല്‍കേണ്ട ചിട്ടികള്‍ കെഎസ്എഫ്ഇയില്‍ ലഭ്യമാണ്. 30 മാസം മുതല്‍ 120 മാസം വരെ കാലാവധി വരുന്നവയാണ് ഈ ഉല്‍പന്നങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിട്ടിയിലും; ഡിജിറ്റല്‍ ലോകത്തിനൊപ്പം സഞ്ചരിക്കാനൊരുങ്ങി കെഎസ്എഫ്ഇ
മുനമ്പത്തെ ജനതയെ കണ്ണീർ കുടിപ്പിക്കുന്നത് നിസാർ കമ്മീഷനോ?

സിംഗിള്‍ ഡിവിഷന്‍ ചിട്ടികള്‍ അഥവാ സാധാരണ ചിട്ടികളും ഡിവിഷന്‍ ചിട്ടികള്‍ അഥവാ മള്‍ട്ടി ഡിവിഷന്‍ ചിട്ടി, നറുക്ക് ലേല ചിട്ടി എന്ന് അറിയപ്പെടുന്ന ചിട്ടികളും കെഎസ്എഫ്ഇയുടെതായിട്ടുണ്ട്. സിംഗിള്‍ ഡിവിഷന്‍ ചിട്ടികളില്‍ എത്ര മാസമാണോ കാലാവധി അത്രയും ചിറ്റാളന്‍മാര്‍ ഒരു ചിട്ടിയില്‍ ഉണ്ടാകും. എല്ലാ മാസവും ചിട്ടി ലേലം നടക്കും. നറുക്കിട്ട് എടുക്കുന്ന ഒരാള്‍ക്ക് ചിട്ടിത്തുക പൂര്‍ണ്ണമായും നല്‍കും. 30 ശതമാനം വരെയാണ് പരമാവധി ഡിസ്‌കൗണ്ട് നല്‍കുന്നത്. 60 മാസം മുതല്‍ 120 മാസം വരെ കാലാവധിയുള്ള ലോംഗ് ടേം ചിട്ടികളും 30 മുതല്‍ 60 മാസം വരെ കാലാവധിയുള്ള ഷോര്‍ട്ട് ടേം ചിട്ടികളും കെഎസ്എഫ്ഇ നല്‍കുന്നുണ്ട്.

മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍

മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ ഒരു ചിട്ടി തന്നെ ഡിവിഷനുകളുടെ എണ്ണം അനുസരിച്ച് സെറ്റുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. അങ്ങനെ കൂടുതല്‍ ആളുകളെ ചിട്ടികളില്‍ ചേര്‍ക്കാനാകും. ഈ ചിറ്റാളന്‍മാരെല്ലാവരും ഒറ്റ ബെഞ്ചായിട്ടാണ് കണക്കാക്കുക. ഓരോ സെറ്റിലും ഓരോ ചിട്ടി കെഎസ്എഫ്ഇ എടുക്കുന്നു. ഇവരില്‍ നറുക്കിട്ട് ഒരാള്‍ക്ക് ചിട്ടി നല്‍കും. നാല് ഡിവിഷനുകളുള്ള ചിട്ടിയില്‍ ബാക്കി സെറ്റുകളിലെ മൂന്ന് പേര്‍ക്ക് ചിട്ടി ലേലം ചെയ്‌തെടുക്കാം. ഇതില്‍ മൊത്തം കിട്ടുന്ന കിഴിവ് എല്ലാവര്‍ക്കുമായി വീതിച്ചു കൊടുക്കും. ചിട്ടിയെ നിക്ഷേപമായി കാണുന്നവര്‍ക്ക് വളരെ ഗുണകരമാണ് ഈ പദ്ധതി. മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ ഡിവിഷനുകളുടെ എണ്ണം അനുസരിച്ച് ഓരോ മാസവും ചിട്ടി നറുക്ക് കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കുമെന്നതാണ് ഉപഭോക്താക്കള്‍ക്ക് നേട്ടമാകുക. 100 മാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. 60 മാസം മുതല്‍ 99 മാസം വരെ കാലാവധിയുള്ളവയ്ക്ക് 35 ശതമാനവും 60 മാസത്തില്‍ താഴെ കാലാവധിയുള്ളവയ്ക്ക് 30 ശതമാനവുമാണ് ഡിസ്‌കൗണ്ട്. ചിട്ടി ലേലത്തില്‍ പിടിക്കാന്‍ ചിറ്റാളന്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ആ മാസത്തെ ചിട്ടിത്തുക അടച്ചവരില്‍ നിന്ന് വീണ്ടും നറുക്കിട്ട് ഒരാള്‍ക്ക് കൂടി നല്‍കുകയും ചെയ്യുന്നതാണ് ഡിവിഷന്‍ ചിട്ടികളുടെ രീതി. അതായത് ചിട്ടി നറുക്ക് ലഭിക്കാത്ത ഉപഭോക്താക്കള്‍ക്കും പണം ലഭിക്കാനുള്ള സാധ്യത മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍ നല്‍കുന്നു.

ചിട്ടി വായ്പ

ആഗ്രഹിച്ച സമയത്ത് ചിട്ടി കിട്ടിയില്ലെങ്കില്‍ ചിട്ടിയില്‍ നിന്ന് വായ്പയെടുക്കാനുള്ള സൗകര്യം കെഎസ്എഫ്ഇ നല്‍കുന്നുണ്ട്. ചിട്ടി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ലേലത്തിലും കിട്ടാതെ വരുന്ന സാഹചര്യങ്ങളുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ചിത തുക വായ്പയായി എടുക്കാവുന്നതാണ്. പിന്നീട് ചിട്ടി കിട്ടിയാല്‍ ഈ തുക കഴിച്ചുള്ള തുകയായിരിക്കും ലഭിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യത്തിലോ വസ്തു ജാമ്യത്തിലോ ആണ് ചിട്ടി വായ്പ നല്‍കുന്നത്.

പ്രവാസി ചിട്ടി

കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികള്‍ക്കു വേണ്ടി കെഎസ്എഫ്ഇ അവതരിപ്പിച്ച ചിട്ടിയാണ് പ്രവാസി ചിട്ടി. 2018ലാണ് ഈ പദ്ധതിക്ക് കെഎസ്എഫ്ഇ തുടക്കം കുറിച്ചത്. ഈ ചിട്ടി പദ്ധതിക്കായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. മറ്റു ചിട്ടികളില്‍ രജിസ്‌ട്രേഷനായി ബ്രാഞ്ചുകളില്‍ എത്തേണ്ടതായുണ്ട്. എന്നാല്‍ പ്രവാസി ചിട്ടികളില്‍ ചേരാനും പണമടയ്ക്കാനും ലേലത്തില്‍ പങ്കെടുക്കാനും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. 130ലേറെ രാജ്യങ്ങളിലുള്ള മലയാളികള്‍ ഇന്ന് പ്രവാസി ചിട്ടികളുടെ ഭാഗമാണ്. ഇവരുടെ സൗകര്യത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട് സംവിധാനവും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ വാട്‌സാപ്പ് നമ്പറിലൂടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഓക്ഷന്‍ റൂം പ്രവാസി ചിട്ടിക്ക് വേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന ഒന്നാണ്. ലോകത്തിന്റെ ഏതു ഭാഗത്ത് ഇരുന്നും ചിട്ടി ലേലത്തില്‍ പങ്കെടുക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ലേലത്തില്‍ പങ്കെടുക്കാം. 30 മിനിറ്റാണ് ലേലത്തിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. ലേലത്തിന് ഒടുവില്‍ ചിട്ടി ലഭിച്ചയാളുടെ പേരും ചിട്ടിത്തുകയും സ്‌ക്രീനില്‍ കാണാം. ജിസിസി രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പ്രവാസി ചിട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്വര്‍ണ്ണ വായ്പ

പലിശനിരക്ക് വളരെ കുറവാണ് കെഎസ്എഫ്ഇയുടെ സ്വര്‍ണ്ണപ്പണയ വായ്പകളുടെ പ്രധാന പ്രത്യേക. 4.9 ശതമാനം, 7.5 ശതമാനം, 9.25 ശതമാനം എന്നിങ്ങനെ വ്യത്യസ്തമായ നിരക്കുകളിലുള്ള വായ്പകള്‍ ലഭ്യമാണ്. പ്രോസസിംഗ് ചാര്‍ജുകളൊന്നും ഈ വായ്പകള്‍ക്ക് ഇല്ല. അപ്രൈസല്‍ ചാര്‍ജായി വളരെ പരിമിതമായ ഒരു തുക മാത്രമാണ് ഈടാക്കുന്നത്. കമ്പനി സ്വര്‍ണ്ണ വായ്പകള്‍ ആരംഭിച്ച കാലം മുതല്‍ അനുവര്‍ത്തിച്ചു വരുന്ന രീതിയാണ് ഇത്. ഗോള്‍ഡ് ലോണ്‍ ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങളും വളരെ ലളിതമാണ്. ശാഖകളില്‍ എത്തിയാല്‍ പെട്ടെന്ന് തന്നെ ഗോള്‍ഡ് ലോണ്‍ നേടിക്കൊണ്ട് പോകാനാകും. രണ്ട് ലക്ഷത്തിന് താഴെയുള്ളത തുക പണമായിട്ട് തന്നെ ഉപഭോക്താക്കള്‍ക്ക് കൊടുക്കാനാകും. അതുകൊണ്ടു തന്നെ കമ്പനിയുടെ ജനപ്രിയ ഉല്‍പന്നങ്ങളില്‍ ഒന്നാണ് ഗോള്‍ഡ് ലോണ്‍ പദ്ധതി. സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് കമ്പനി ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ്. സാധാരണക്കാരന്റെ വായ്പയെന്ന നിലയിലാണ് അതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

സ്മാർട്ട് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ് പദ്ധതി

സ്വര്‍ണ്ണം ജാമ്യമായി വെച്ചുകൊണ്ട് ആവശ്യമായ തുക ഉപഭോക്താവിന് പിന്‍വലിക്കാന്‍ സൗകര്യം നല്‍കുന്ന പുതിയ പദ്ധതിയാണ് ഇത്. ഗോള്‍ഡ് ലോണിനെ സൗകര്യപ്രദമായ വിധത്തിലേക്ക് മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. സ്വര്‍ണ്ണം പണയം വെക്കുന്നതു പോലെ ഏതെങ്കിലും ശാഖയില്‍ വെച്ചുകഴിഞ്ഞാല്‍ ഉപഭോക്താവിന് മൊബൈല്‍ ആപ്പിലൂടെ 24 മണിക്കൂറും ആവശ്യത്തിനുള്ള പണം പിന്‍വലിക്കുകയും തിരിച്ചടയ്ക്കുകയും ചെയ്യാം. ഒരു തവണ മാത്രം ബ്രാഞ്ചില്‍ വന്നാല്‍ മതിയെന്നതാണ് ഇതിന്റെ സൗകര്യം. 50,000 രൂപയാണ് ഗോള്‍ഡ് ഒഡിയില്‍ അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ തുക. 50 ലക്ഷം രൂപ വരെ പരമാവധി ലോണ്‍ തുക ലഭിക്കും. പിന്‍വലിച്ച തുകയ്ക്ക് മാത്രമേ പലിശ നല്‍കേണ്ടതായുള്ളു. ഒരു വര്‍ഷമാണ് വായ്പയുടെ കാലാവധി. ശാഖകളില്‍ വന്ന് പണം പിന്‍വലിക്കുകയാണെങ്കില്‍ 20,000ല്‍ താഴെയുള്ള തുകയേ കയ്യില്‍ കിട്ടുകയുള്ളു. തിരിച്ചടയ്ക്കുന്നത് ശാഖകള്‍ വഴിയോ ഓണ്‍ലൈനായോ ചെയ്യാവുന്നതാണ്. സ്വര്‍ണ്ണപ്പണയത്തെ കൂടുതല്‍ സൗകര്യപ്രദമാക്കി മാറ്റുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. 10.5 ശതമാനമാണ് ഗോള്‍ഡ് ഒഡിയുടെ പലിശനിരക്ക്. കെഎസ്എഫ്ഇയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചതിന് ശേഷം കെഎസ്എഫ്ഇ പവര്‍ ആപ്പിലൂടെ ആവശ്യമായ പണം പിന്‍വലിക്കാം. പണം പിന്‍വലിക്കാനും തിരിച്ചടയ്ക്കാനും ഈ ആപ്പിലൂടെ തന്നെ സാധിക്കും. പാസ്ബുക്കും ആപ്പില്‍ തന്നെ ലഭിക്കും.

പേഴ്‌സണല്‍ ലോണുകള്‍

പേഴ്‌സണല്‍ ലോണുകളാണ് കെഎസ്എഫ്ഇ നല്‍കുന്ന മറ്റൊരു ഉല്‍പന്നം. ബാങ്കുകള്‍ നല്‍കുന്ന പേഴ്‌സണല്‍ ലോണുകളുടെ മാതൃകയില്‍ തന്നെയാണ് ഇത്. പരമാവധി 30 ലക്ഷം രൂപ വരെയാണ് ഇതിലൂടെ നല്‍കുന്നത്. പേഴ്‌സണല്‍ ലോണുകള്‍ കെഎസ്എഫ്ഇയുടെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നല്‍കാറുള്ളത്. പ്രതിമാസ ഡിമിനിഷിംഗ് റേറ്റിലാണ് ഈ വായ്പകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യത്തിലോ വസ്തു ജാമ്യത്തിലോ ലോണ്‍ എടുക്കാവുന്നതാണ്. ചിട്ടിക്ക് നല്‍കുന്ന ഏത് ജാമ്യവും ലോണിനും സ്വീകരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഉപഭോക്താക്കള്‍ അല്ലെങ്കിലും പേഴ്‌സണല്‍ ലോണ്‍ നല്‍കും. തിരിച്ചടവിന് അനുസരിച്ച് മാസം തോറും പലിശ നിരക്ക് കുറയുന്ന തരത്തിലാണ് പേഴ്‌സണല്‍ ലോണ്‍ തയ്യാറാക്കിയിരിക്കുന്നത്.

ഹൗസിംഗ് ലോണുകള്‍

ഒരു കോടി രൂപ വരെയുള്ള ഹൗസിംഗ് ലോണുകളും കെഎസ്എഫ്ഇ നല്‍കി വരുന്നു. സാലറി സര്‍ട്ടിഫിക്കറ്റ് പോലെ വരുമാനത്തിന്റെ തെളിവ് ഹാജരാക്കിക്കൊണ്ട് ഹൗസിംഗ് ലോണുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബിസിനസ് സ്ഥാപനങ്ങള്‍ ഉള്ളവരാണെങ്കില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മറ്റു വരുമാനങ്ങളുടെ തെളിവുകള്‍ എന്നിവയും പരിഗണിക്കും. തിരിച്ചടവിനുള്ള കഴിവുണ്ടോ എന്നതായിരിക്കും പ്രാഥമികമായി പരിശോധിക്കുക. സിബില്‍ അടക്കമുള്ള ക്രെഡിറ്റ് സ്‌കോറുകളെ മാനദണ്ഡമാക്കിക്കൊണ്ടല്ല എന്നതുകൊണ്ട് സിബില്‍ സ്‌കോര്‍ കുറഞ്ഞവരും കെഎസ്എഫ്ഇയുടെ പദ്ധതികളിലേക്ക് എത്താറുണ്ട്. ഇതുകൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പാ പദ്ധതിയിലും കെഎസ്എഫ്ഇ ഭാഗഭാക്കാകുകയാണ്. പൊതുമേഖലാ ബാങ്കുകളിലൂടെ ലഭ്യമാക്കിയിരുന്ന ഈ ലോണുകള്‍ കൂടുതല്‍ കാര്യക്ഷമമായി കെഎസ്എഫ്ഇക്ക് നല്‍കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ ആത്മവിശ്വാസം.

നിക്ഷേപ പദ്ധതികള്‍

മികച്ച പലിശനിരക്കുകളുള്ള നിക്ഷേപ പദ്ധതികളും കെഎസ്എഫ്ഇ അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കുകളിലെ ടേം ഡിപ്പോസിറ്റുകള്‍ക്ക് തുല്യമായ നിക്ഷേപ പദ്ധതികളാണ് ഇവ. എന്നാല്‍ ബാങ്കുകളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഇവയ്ക്ക് ലഭിക്കുന്നു. ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതിയില്‍ 6.60 ശതമാനം പലിശ വരെ കമ്പനി നല്‍കുന്നുണ്ട്. ചിട്ടി പ്രൈസ് മണി നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനമാണ് പലിശ നിരക്ക്. 10,000 രൂപയ്ക്ക് മേലുള്ള നിക്ഷേപങ്ങളില്‍ പലിശ എല്ലാ മാസവും പിന്‍വലിക്കാവുന്നതുമാണ്. മുതിര്‍ന്ന പൗരന്‍മാരുടെ പുതിയ നിക്ഷേപങ്ങള്‍ക്കും 7.10 ശതമാനം പലിശ നല്‍കി വരുന്നു. 8.75 ശതമാനം പലിശ വരുന്ന വന്ദനം പദ്ധതി, 8.25 ശതമാനം നൽകുന്ന 400 ദിവസത്തെ നേട്ടം, 8.5 ശതമാനം പലിശനിരക്ക് നൽകുന്ന 444 ദിവസത്തെ നേട്ടം പ്ലസ് എന്നീ നിക്ഷേപ പദ്ധതികളുമുണ്ട്.

സുഗമ ഡിപ്പോസിറ്റ് പദ്ധതി

ബാങ്കുകളിലെ സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്ക് സമാനമായ പദ്ധതിയാണ് ഇത്. പക്ഷേ, സേവിംഗ്‌സ് അക്കൗണ്ടുകളേക്കാള്‍ പലിശ നിരക്ക് ഈ നിക്ഷേപത്തില്‍ ലഭിക്കും. 4.50 ശതമാനം വരെയാണ് ഇതില്‍ നല്‍കുന്ന പലിശ നിരക്ക്. ചിട്ടി ഇന്‍സ്റ്റോള്‍മെന്റുകള്‍ അടയ്ക്കുന്നതിനും നിക്ഷേപങ്ങളുടെ പലിശ പിന്‍വലിക്കുന്നതിനും സുഗമ അക്കൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.

വരാനിരിക്കുന്ന പദ്ധതികള്‍

നിലവിലുള്ള പദ്ധതികള്‍ക്ക് പുറമേ വ്യത്യസ്തമായ ജനവിഭാഗങ്ങളിലേക്ക് എത്തുകയെന്ന ലക്ഷ്യവുമായി പുതിയ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കെഎസ്എഫ്ഇ ലക്ഷ്യമിടുന്നതായി മാനേജിംഗ് ഡയറക്ടര്‍ ഡോ.സനില്‍ വ്യക്തമാക്കുന്നു. യുവാക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതികളാണ് അവയില്‍ ഒന്ന്. യുവാക്കള്‍ക്ക് സമ്പാദ്യം എന്ന സാധ്യത ഒരുക്കുന്നതിനായി നിക്ഷേപ പദ്ധതികളും ചിട്ടികളും തയ്യാറാക്കണമെന്നതാണ് കമ്പനിയുടെ പ്രധാനപ്പെട്ട ലക്ഷ്യം. കെഎസ്എഫ്ഇ കൂടുതല്‍ വളര്‍ന്നെങ്കിലും സാങ്കേതികവിദ്യ ഇനിയും ഉപയോഗപ്പെടുത്താനുള്ള മേഖലകള്‍ ഏറെയാണ്. ചിട്ടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിനായുള്ള പഠനങ്ങള്‍ നടന്നു വരുന്നു. സാങ്കേതികവിദ്യയിലും അതിന് അനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ട് ചിട്ടിയെ പൂര്‍ണ്ണമായും ആധുനിക കാലത്തിന് വേണ്ടി സജ്ജമാക്കാനാണ് നീക്കം. വിദ്യാഭ്യാസ വായ്പ, പ്രത്യേകിച്ച് വിദേശ പഠനത്തിന് പോകുന്നവര്‍ക്കായുള്ള വായ്പകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. സര്‍ക്കാരിന്റെ പദ്ധതികളുമായി കെഎസ്എഫ്ഇ യോജിച്ച് പ്രവര്‍ത്തിക്കും. കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രവാസി ഭദ്രതാ മൈക്രോ സ്‌കീം എന്നൊരു പദ്ധതി ഒരുക്കിയിരുന്നു. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി 5 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്ന പദ്ധതിയായിരുന്നു അത്. 9000ത്തോളം ആളുകളാണ് ആ ലോണ്‍ കൈപ്പറ്റിയത്. സര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഈ പദ്ധതിയില്‍ കെഎസ്എഫ്ഇക്ക് സബ്‌സിഡി തരുന്നുണ്ട്. ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ഈ സബ്‌സിഡി ഉപഭോക്താവിന് കൈമാറുന്നു. അതായത് 5 ലക്ഷം രൂപ ലോണെടുക്കുന്നയാള്‍ 4 ലക്ഷം രൂപ തിരിച്ചടച്ചാല്‍ മതിയാകും. ലാഭം മാത്രം ലക്ഷ്യംവെക്കാതെ സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും പൊതുമേഖലയിലുള്ള കമ്പനിയെന്ന നിലയില്‍ കെഎസ്എഫ്ഇക്ക് സാധിക്കുന്നു.

റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ്

വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ അതിന് പിന്നില്‍ ഗവേഷണം വേണം. അത് നടപ്പാക്കുന്നതിനുള്ള പദ്ധതി വേണം. ഇതിനായി കെഎസ്എഫ്ഇക്ക് സ്വന്തമായി ഒരു റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗമുണ്ട്. മികച്ച ഒരു ഐടി വിഭാഗവും കമ്പനിക്കുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇക്കാലത്ത് പുതിയ സാങ്കേതികവിദ്യകളെ സമന്വയിപ്പിക്കുന്നതിനായി ഗവേഷണ വിഭാഗവും ഐടി വിഭാഗവും ബിസിനസ് വിഭാഗവും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. എക്‌സിക്യുട്ടീവ് തലത്തില്‍ ചില കോര്‍ കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പുതിയ ശാഖകള്‍ ഏതൊക്കെ മേഖലയില്‍ തുടങ്ങാമെന്ന് കണ്ടെത്താനും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ ഏതുവിധമാണെന്ന് മനസിലാക്കാനുമുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായാണ് നടക്കുന്നത്.

ജീവനക്കാര്‍

ഉപഭോക്താക്കളുടെ സംതൃപ്തിക്കൊപ്പം തന്നെ ഒരു സ്ഥാപനത്തിന് പ്രധാനമാണ് ജീവനക്കാരുടെ സഹകരണവും തൊഴില്‍ സാഹചര്യങ്ങളില്‍ അവര്‍ക്കുള്ള സംതൃപ്തിയും. 8900ലേറെ ജീവനക്കാരാണ് നിലവില്‍ കമ്പനിക്ക് ഉള്ളത്. അത് വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 50 ശാഖകള്‍ കൂടി ആരംഭിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. മാറിവരുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ കമ്പനി ശ്രദ്ധിക്കാറുണ്ട്. മികച്ച ശമ്പള പാക്കേജ് തന്നെയാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഏജന്റുമാര്‍, ബിസിനസ് പ്രമോട്ടര്‍മാര്‍, അപ്രൈസര്‍മാര്‍ എന്നിങ്ങനെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാരുമുണ്ട്. ഇടപാടുകാരെ എത്തിക്കുന്നതിനായി ബിസിനസ് പ്രമോട്ടര്‍മാരെ കൂടുതലായി വിന്യസിക്കുകയാണ് കമ്പനി.

പുതുതലമുറ ഉപഭോക്താക്കളിലേക്ക്

ചിട്ടി ഒരു പരമ്പരാഗത രീതിയാണെന്ന ധാരണയാണ് പുതിയ തലമുറയിലെ ടെക്കികള്‍ അടക്കമുള്ളവരെ മറ്റു സമ്പാദ്യ മേഖലകളിലേക്ക് നയിക്കുന്നത്. എന്നാല്‍ ഒരു സമ്പാദ്യമെന്ന നിലയില്‍ ചിട്ടിയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് കെഎസ്എഫ്ഇ നടത്തി വരുന്നത്. അതിനായി സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുന്നു.

സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ഉല്‍പന്നങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നുള്ളതു തന്നെയാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത്. ഞങ്ങള്‍ അതിനോടൊപ്പം തന്നെ വിപണി വ്യവസ്ഥയെ കൂടി മനസിലാക്കിക്കൊണ്ട് അതുവഴി ഇടപാടുകാരന്റെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഉല്‍പന്നങ്ങളെ ഒരുക്കിയെടുക്കുക എന്ന നിലപാടാണ് കെഎസ്എഫ്ഇ ശ്രദ്ധിക്കുന്നത്. ഇടപാടുകാര്‍ക്ക് ഇത് നല്ല നിലയില്‍ സഹായകരമായി മാറുന്നുണ്ട്. മറ്റു സ്ഥാപനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കെഎസ്എഫ്ഇയുടെ ഒരു പ്രത്യേകത, അമിത ലാഭേച്ഛയുള്ള ഒരു സ്ഥാപനമല്ല എന്നുള്ളതാണ്. അതുവഴി ഞങ്ങളുടെ ഉദ്ദേശ്യം തന്നെ വലിയ നിലയില്‍ പുതിയ ഇടപാടുകാരെ കെഎസ്എഫ്ഇയിലേക്ക് എത്തിക്കണം എന്നുള്ളതാണ്. ഇപ്പോള്‍ തന്നെ ഏതാണ്ട് 56 ലക്ഷത്തില്‍ അധികം ഇടപാടുകാര്‍ കെഎസ്എഫ്ഇയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും പുതിയ തലമുറയില്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായിട്ടുള്ള വിഭാഗങ്ങളെ കെഎസ്എഫ്ഇയിലേക്ക് എത്തിക്കുക എന്ന താല്‍പര്യമുണ്ട്. സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്നവര്‍, ന്യൂ ജനറേഷന്‍ ജോലികളില്‍ ഒക്കെത്തന്നെ ഏര്‍പ്പെടുന്ന, യുവത്വമൊക്കെത്തന്നെ പൊതുവേ സ്റ്റോക്ക് മാര്‍ക്കറ്റുകളിലും മ്യൂച്വല്‍ ഫണ്ടുകളിലും അടക്കം സ്ഥായിയായ വരുമാനം എന്ന് പറയാന്‍ കഴിയാത്ത നിലയിലുള്ള മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ട്. അത് ഒരു നിക്ഷേപകന്റെ കാഴ്ചപ്പാടില്‍ ശരിയായിരിക്കാം, കൂടുതലായിട്ടുള്ള റിട്ടേണ്‍ താല്‍ക്കാലികമായിട്ട് തന്നെ കിട്ടുന്ന സാഹചര്യം ചിലപ്പോള്‍ നിലനില്‍ക്കുന്നുണ്ടാകാം. പക്ഷേ ഒരു ദീര്‍ഘകാല അടിസ്ഥാനത്തില്‍ എടുത്തു പരിശോധിച്ചു കഴിഞ്ഞാല്‍ വ്യത്യസ്തങ്ങളായിട്ടുള്ള നിലകളിലേക്ക് നിക്ഷേപങ്ങളെ മാറ്റിയെടുക്കുക, അതുവഴി ഒരു സ്ഥിരത ആദായത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുക എന്നുള്ള ഒരു കാഴ്ചപ്പാടാണ് ശരി. ആ ഒരു ശരിയിലേക്ക് നയിക്കുന്നതിന് വേണ്ടിയിട്ടുള്ള ശ്രമം അവരെ സാമ്പത്തിക സാക്ഷരത കുറേക്കൂടി മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കുന്നതിന് വേണ്ടിക്കൂടി കെഎസ്എഎഫ്ഇ ശ്രമിക്കുന്നുണ്ട്.

ഡോ.എസ്.കെ.സനിൽ, മാനേജിംഗ് ഡയറക്ടർ

ഗ്യാലക്‌സി ചിട്ടി അടക്കമുള്ള ഉല്‍പന്നങ്ങളില്‍ സമ്മാന പദ്ധതികള്‍ ഉള്‍പ്പെടുത്തിയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പരമാവധി ഡിജിറ്റൈസേഷന്‍ നടത്തിക്കൊണ്ട് ഉപഭോക്താവിന്റെ വിരല്‍ത്തുമ്പില്‍ കെഎസ്എഫ്ഇ ഉല്‍പന്നങ്ങള്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. അത്തരം നടപടികളിലൂടെ കൂടുതലാളുകള്‍ കെഎസ്എഫ്ഇയിലേക്ക് എത്തുന്നുവെന്നതാണ് കമ്പനിയുടെ അനുഭവം. പുതിയ കാലത്തിന്റെ രീതികളിലേക്ക് നടപടിക്രമങ്ങളെ സമന്വയിപ്പിക്കുന്നതിലൂടെ പുതുതലമുറയെ ആകര്‍ഷിക്കാന്‍ കെഎസ്എഫ്ഇക്ക് സാധിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in