രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി 2000 റണ്‍സും 200 വിക്കറ്റും നേടിയ താരം. പ്രതിഭയുണ്ടായിട്ടും ദൗര്‍ഭാഗ്യം കൊണ്ട് മാത്രം ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കാന്‍ കഴിയാതെ പോയ ഓള്‍ റൗണ്ടര്‍. അനില്‍ കുംബ്ലെയെ മാറ്റി നിര്‍ത്താന്‍ തയ്യാറാകാതിരുന്ന സെലക്ടര്‍മാരാല്‍ നിരന്തരം തഴയപ്പെട്ട വലംകയ്യന്‍ ലെഗ് സ്പിന്നര്‍. 1988 മുതല്‍ 2004 വരെ നീണ്ട കരിയറിന് ശേഷം അംപയറിങ്ങിലേക്ക് തിരിഞ്ഞ ക്രിക്കറ്റര്‍, ഐസിസി അംപയര്‍മാരുടെ എലീറ്റ് പാനലില്‍ അംഗം. കേരളത്തിന്റെ സ്വന്തം അനന്തന്‍, കെ.എന്‍. അനന്തപദ്മനാഭന്‍
1998ല്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ എ ടീമുമായി ഒരു മാച്ച് നടക്കുന്നു. ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ, റിക്കി പോണ്ടിംഗ്, ഡാരെന്‍ ലേമാന്‍ എന്നിവരുടെ വിക്കറ്റ് എടുത്തുകൊണ്ട് മലയാളി ഓള്‍റൗണ്ടറായ കെ.എന്‍.അനന്തപത്മനാഭന്‍ തന്റെ പ്രതിഭ അറിയിക്കുന്നു. 1999ല്‍ പാകിസ്താനുമായുള്ള മാച്ചില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് രാജ്യാന്തര ക്രിക്കറ്റിന് ഒരു വാഗ്ദാനമാണ് താന്‍ എന്ന് കളിയിലൂടെ അനന്തന്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ന്യൂഡല്‍ഹി ടെസ്റ്റില്‍ പാകിസ്താന്റെ പത്തു വിക്കറ്റുകളും തെറിപ്പിച്ചുകൊണ്ട് അനില്‍ കുംബ്ലെ താരമായപ്പോള്‍ അത് ദൗര്‍ഭാഗ്യമായത് അനന്തപത്മനാഭനാണ്. ക്രിക്കറ്റ് പ്ലെയര്‍ എന്ന നിലയില്‍ ദേശീയ ടീമിനൊപ്പം കളിക്കാന്‍ അനന്തന് ഒരിക്കലും അവസരം കിട്ടിയില്ല.
രഞ്ജി ട്രോഫിയില്‍ നീണ്ട 68 വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവില്‍ കേരളം ആദ്യമായി ഫൈനലില്‍ എത്തിയിരിക്കുകയാണ്. തിരുവിതാംകൂര്‍-കൊച്ചി ടീമില്‍ നിന്ന് കേരളം എന്ന പേരില്‍ ആദ്യമായി കളിക്കാനിറങ്ങിയപ്പോള്‍ തോല്‍വികള്‍ മാത്രം ഏറ്റുവാങ്ങിയിരുന്ന ടീമായിരുന്നു നമ്മുടേത്. ആ ദുഷ്‌പേര് മാറ്റിയെടുക്കാനും ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രസ്റ്റീജിയസ് ടൂര്‍ണ്ണമെന്റായ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ ആദ്യമായി പ്രവേശിക്കാനും സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലുള്ള കേരള ടീമിന് സാധിച്ചിരിക്കുന്നു. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ഗുജറാത്തിനെ, അതായത് സ്വന്തം നാട്ടില്‍ എതിരാളിയെ സമനിലയില്‍ തളച്ചുകൊണ്ടാണ് കേരളത്തിന്റെ നേട്ടം. ഇതിന് മുന്‍പ് 2018-19 സീസണില്‍ സെമിയില്‍ എത്തിക്കൊണ്ടാണ് രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. 2017-18ല്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു. പടിപടിയായാണ് നമ്മുടെ സ്വന്തം ടീം മുന്‍നിരയിലേക്ക് എത്തിക്കൊണ്ടിരുന്നത്. രഞ്ജിയില്‍ കേരളം ആദ്യമായി ഒരു മികച്ച പ്രകടനം നടത്തിയത് 1994-95 സീസണിലായിരുന്നു. ദക്ഷിണമേഖലയിലെ ടോപ്പറായി ആ സീസണില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്താന്‍ കേരളത്തിന് സാധിച്ചു. നീണ്ട 38 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ആ നേട്ടം. അതിന് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു, അന്നത്തെ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന കെ.എന്‍.അനന്തപദ്മനാഭന്‍!
പ്രതിഭയുണ്ടായിട്ടും ദൗര്‍ഭാഗ്യം കൊണ്ടുമാത്രം പ്രതീക്ഷിച്ച ഉയരത്തില്‍ എത്താന്‍ കഴിയാതെ പോയ മലയാളി ഓള്‍റൗണ്ടര്‍. ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ അംപയറായി തിളങ്ങുന്നുണ്ടെങ്കിലും ഇന്ത്യന്‍ എ ടീമിനൊപ്പം മാത്രം കളിക്കാനേ ഒരു പ്ലെയര്‍ എന്ന നിലയിലുള്ള കരിയറില്‍ അനന്തപദ്മനാഭന് കഴിഞ്ഞുള്ളു. കാരണങ്ങള്‍ പലതുണ്ടാകാം. ദേശീയ ടീമില്‍ തെരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള പല കാരണങ്ങളില്‍ ഒന്നായി മലയാളി എന്ന ലേബലും മാറിയിരുന്നിരിക്കാം. കേരളത്തില്‍ നിന്നുള്ള താരങ്ങളുടെ പ്രതിഭ കാണാന്‍ ഉത്തരേന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് കണ്ണുണ്ടായിരുന്നില്ല എന്ന വിമര്‍ശനം അന്നും ഉണ്ടായിരുന്നു.
ഒരു ടീമില്‍ രണ്ട് വലംകയ്യന്‍ ലെഗ്‌സ്പിന്നര്‍മാര്‍ വേണ്ടെന്നായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. ഒരിക്കല്‍ പോലും ആ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. കുംബ്ലെ മാത്രം ടീമില്‍ തുടര്‍ന്നു.
105 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളാണ് അനന്തപത്മനാഭന്‍ കളിച്ചത്. അവയില്‍ നിന്നായി 2891 റണ്‍സും 344 വിക്കറ്റും അനന്തന്‍ നേടി. 105 മാച്ചുകളില്‍ നിന്നാണ് ഈ നേട്ടങ്ങള്‍. രണ്ട് ഡബിള്‍ സെഞ്ചുറികള്‍ അടക്കം മൂന്ന് സെഞ്ചുറികള്‍. കേരളത്തിന് വേണ്ടി രഞ്ജിയില്‍ 2000 റണ്‍സും 200 വിക്കറ്റും നേടിയ ആദ്യ താരമെന്ന നേട്ടം. 54 എ ലിസ്റ്റ് മത്സരങ്ങളും അനന്തന്‍ കളിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന 1990കളുടെ അവസാന കാലഘട്ടത്തില്‍ ദേശീയ ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ക്ക് ബിസിസിഐ തയ്യാറായിരുന്നില്ല. അതും അനന്തന്റെ കരിയറിനെയാണ് ബാധിച്ചത്.
2004ല്‍ റിട്ടയര്‍ ചെയ്ത അനന്തന്‍ പക്ഷേ ക്രിക്കറ്റ് ഉപേക്ഷിച്ചില്ല. അംപയറിങ്ങിലേക്കാണ് അദ്ദേഹം തിരിഞ്ഞത്. 2008ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അംപയറായി തുടങ്ങിയ അനന്തന്‍ 2016 മുതല്‍ ഐപിഎല്ലിലും കളി നിയന്ത്രിച്ചു. 2020 ഓഗസ്റ്റില്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ എലീറ്റ് പാനലിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2021 മാര്‍ച്ചില്‍ ആദ്യമായി രാജ്യാന്തര ഏകദിനം നിയന്ത്രിക്കാനിറങ്ങിയപ്പോള്‍ ഗ്രൗണ്ടില്‍ ഇന്ത്യയും ഇംഗ്ലണ്ടുമായിരുന്നു ഏറ്റുമുട്ടിയത്.
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സാന്നിധ്യം അറിയിച്ച ക്യാപ്റ്റനായിരുന്നു അനന്തന്‍. കഴിവും പ്രതിഭയുമുണ്ടായിട്ടും ദേശീയ ടീമില്‍ എത്താന്‍ ഭാഗ്യമില്ലാതെ പോയ താരം. എങ്കിലും ആ ദൗര്‍ഭാഗ്യത്തോട് സ്വന്തം പ്രതിഭകൊണ്ട് പകരം വീട്ടുന്ന അനന്തനെയാണ് അംപയര്‍ എന്ന രണ്ടാം സ്‌പെല്ലില്‍ കാണാനാകുന്നത്.