

പൃഥ്വിരാജുമായുള്ള സൗഹൃദത്തെക്കുറിച്ച് സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയ്. സംവിധായകൻ ബ്ലെസിയുമായി പൃഥ്വിരാജ് ആദ്യമായി സംസാരിച്ചത് തന്റെ ഫോണിലൂടെയാണെന്ന് ജിസ് ജോയ് പറഞ്ഞു. തന്മാത്ര കണ്ടതിന് ശേഷം ബ്ലെസിയെ വിളിച്ച് സംസാരിക്കണമെന്ന ആഗ്രഹം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. കാഴ്ച റിലീസായ സമയത്ത് തന്നെ ബ്ലെസിയുടെ ഫോൺ നമ്പർ താൻ സംഘടിപ്പിച്ചിരുന്നുവെന്നും, തുടർന്ന് തന്റെ ഫോൺ പൃഥ്വിരാജിന് നൽകുകയും ഇരുവരും തമ്മിൽ സംസാരിക്കുകയുമായിരുന്നു എന്നും ജിസ് ജോയ് വ്യക്തമാക്കി.
ജിസ് ജോയിയുടെ വാക്കുകൾ:
“ഞാനും ദിനേശ് പ്രഭാകറും പൃഥ്വിരാജും… ഞങ്ങൾ മൂന്നാളും കൂടി തന്മാത്ര കാണാൻ പോകാമെന്ന് തീരുമാനിച്ചു. രാജു അന്ന് ഹോണ്ടയുടെ ഒരു പുതിയ കാർ വാങ്ങിച്ചിരുന്നു. എന്റെ വിചാരം രാജുവിന്റെ പുതിയ കാറിലായിരിക്കും സിനിമ കാണാൻ പോകുക എന്നായിരുന്നു. എന്നാൽ എന്റെ കാറിൽ പോകാമെന്ന് രാജു പറഞ്ഞു. അന്ന് എനിക്ക് ഒരു മാരുതി 800 കാറാണ് ഉണ്ടായിരുന്നത്. അങ്ങനെ ഞങ്ങൾ സിനിമയ്ക്ക് പോയി.
തന്മാത്ര കണ്ടിറങ്ങിയപ്പോൾ ഇമോഷണലായ രാജു ചോദിച്ചു, ‘ഇദ്ദേഹത്തെ എങ്ങനെയാണ് വിളിക്കാൻ കഴിയുക?’ ആ സമയം എന്നിലെ അഹങ്കാരി ഉണർന്നു. ‘ബ്ലെസി ചേട്ടനെ ഇപ്പോൾ വിളിക്കാം’ എന്ന് ഞാൻ പറഞ്ഞു. ബ്ലെസി സാറിനെ അറിയാമോ എന്ന് രാജു എന്നോട് ചോദിച്ചു. എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. കാഴ്ച കണ്ട് ഇഷ്ടപ്പെട്ട്, എവിടുന്നോ നമ്പർ ഒപ്പിച്ച്, ‘സാർ, ഭയങ്കര സംഭവമാണ്’ എന്ന് പറഞ്ഞ ബന്ധമേ എനിക്കുണ്ടായിരുന്നുള്ളൂ.”
“രാജു ഫോൺ എടുത്ത് വിളിച്ചു. പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെയായിരുന്നു. ‘സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. സാറിനോട് ഒരുപാടുപേർ ഇതുതന്നെ പറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്ക് അറിയാം. സാർ, ഇതുപോലുള്ള സിനിമകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് എന്നെപോലുള്ള ചിലർ ഓസ്ട്രേലിയയിലെ പഠിത്തം മതിയാക്കി കേരളത്തിൽ നിൽക്കുന്നത്’ എന്നാണ് രാജു അദ്ദേഹത്തോട് പറഞ്ഞത്.
പിന്നീട് ആടുജീവിതം എന്ന സിനിമയ്ക്കായി ഇരുവരും ഒന്നിച്ചപ്പോഴും, ആ സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടപ്പോഴും, ഞാൻ ഈ സംഭവത്തെ ഓർക്കാറുണ്ട്.”