പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി
Published on

സർവം മായ നേടുന്ന വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് നിവിൻ പോളി. ഈ വിജയം വ്യക്തിപരമാണ്. കരിയറിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടപ്പോൾ ദൈവത്തെപ്പോലെ കൂടെ ഉണ്ടായത് പ്രേക്ഷകരാണെന്നും അവർക്ക് വേണ്ടി ഇനി സിനിമകൾ ചെയ്യുമെന്നും നിവിൻ പോളി പറഞ്ഞു. കൊച്ചിയിൽ തിയറ്റർ സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു നിവിൻ.

'പല പ്രശ്നങ്ങൾ വരുമ്പോളും നമ്മൾ ദൈവത്തെ വിളിക്കാറുണ്ട്. അപ്പോൾ ഒരു മറുപടി കിട്ടും. എന്റെ കരിയറിൽ പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വന്നപ്പോൾ ദൈവത്തെപ്പോലെ എന്റെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. ഇനി നിങ്ങൾക്ക് വേണ്ടി മാത്രം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ. നിങ്ങൾക്ക് ഇനിയും ആസ്വദിക്കാൻ സാധിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു. ഇവിടെ വന്നതിനും നിങ്ങളെ കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. ഇപ്പോഴുള്ള സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു,' നിവിൻ പോളി പറഞ്ഞു.

അതേസമയം സർവ്വം മായ 101 കോടി ആഗോള കളക്ഷൻ നേടിയതായി കഴിഞ്ഞദിവസം അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരുന്നു. റിലീസ് ചെയ്ത് പത്താംദിവസമാണ് ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയിൽ റിയ ഷിബു, പ്രീതി മുകുന്ദൻ എന്നിവരാണ് നായികമാർ.

അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in