Gulf Stream

ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ഭരണാധികാരി

45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ബുധനാഴ്ച തുടക്കം കുറിച്ചു. ഷാർജ എക്സ്പോ സെന്‍ററില്‍ നവംബർ 15 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി തുടങ്ങിയവർ പങ്കെടുത്തു.

ഈ വർഷത്തെ അതിഥിരാജ്യമായ ഒമാന്‍റെ പവിലിയനിലെത്തിയ ഭരണാധികാരിയെ പരമ്പരാഗത ഒമാനി കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഒമാന്‍റെ സാംസ്കാരിക പൈതൃകം, സാഹിത്യ-വൈജ്ഞാനിക നേട്ടങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങളും പ്രദർശനങ്ങളും അദ്ദേഹം വീക്ഷിച്ചു. ഒമാൻ സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ വിജ്ഞാനകോശങ്ങളും ചരിത്രഗ്രന്ഥങ്ങളും ഉൾപ്പെടെയുള്ള ഉപഹാരങ്ങളും സ്വീകരിച്ചു.

ശാസ്ത്രം, സാഹിത്യം, കല, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര അറബിക് വിജ്ഞാനകോശത്തിന്‍റെ ആദ്യ 143 വാല്യങ്ങൾ ഭരണാധികാരി പുറത്തിറക്കി. അച്ചടി, ഡിജിറ്റൽ രൂപങ്ങളിൽ ലഭ്യമാകുന്ന ബൃഹദ് പദ്ധതിയുടെ പൂർത്തീകരണത്തിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,500-ലേറെ വിദഗ്ധർ പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തനം വേഗത്തിലാക്കാൻ അദ്ദേഹം നിർദേശം നൽകി.

അറബ് വിജ്ഞാനത്തിനും സംസ്കാരത്തിനും സംഭാവനകൾ നൽകിയ നാല് പ്രമുഖ പണ്ഡിതർ, ഗവേഷകർ, സർഗപ്രതിഭകൾ എന്നിവരെ വർഷംതോറും ആദരിക്കുന്ന രാജ്യാന്തര പുരസ്കാരമായ 'ഹാറൂൺ അൽ റഷീദ് അവാർഡി'നും അദ്ദേഹം തുടക്കം കുറിച്ചു. ശാസ്ത്രം, സാഹിത്യം, കല, പ്രമുഖ വ്യക്തിത്വങ്ങൾ എന്നീ മേഖലകളിലെ മികവിനാണ് പുരസ്കാരം നൽകുക. വിജ്ഞാനമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഭാവനകൾ അംഗീകരിക്കുകയും ഗവേഷണത്തിനും രചനയ്ക്കും പ്രോത്സാഹനം നൽകുകയുമാണ് പുരസ്കാരത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണാധികാരിയുടെ പുതിയ ചരിത്രകൃതിയായ 'ദ പോർച്ചുഗീസ് ഇൻ ദ ഇന്ത്യൻ ഓഷ്യൻ: അനൽസ് ഓഫ് ഹിസ്റ്ററി ഫ്രം 1497 സിഇ ടു 1750 സിഇ'യും ചടങ്ങിൽ പരിചയപ്പെടുത്തി. അറബിക്, ഇംഗ്ലിഷ് ഭാഷകളിലായി 61 വാല്യങ്ങളുള്ള കൃതി ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പോർച്ചുഗീസ് സാന്നിധ്യവും ചരിത്രവുമാണ് രേഖപ്പെടുത്തുന്നത്. 37 വർഷത്തെ ആർക്കൈവ് ഗവേഷണം, രേഖകളുടെ ശേഖരണം, വിവർത്തനം, ചരിത്രപരിശോധന എന്നിവയുടെ ഫലമായാണ് ഈ കൃതി തയ്യാറാക്കിയത്.

മൊറോക്കൻ പണ്ഡിതൻ ഡോ. സഈദ് യക്തീനെ 2026-ലെ മേളയുടെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുത്തു. അറബ് സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരം. അറബ് ഭാഷയുടെയും സംസ്കാരത്തിന്‍റെയും മേഖലയിൽ അരനൂറ്റാണ്ടോളമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കാറ്റലൻ പ്രസാധകസ്ഥാപനമായ കർവാന്‍റെ 'ആയിരത്തൊന്നു രാവുകൾ' എന്ന കൃതിയിലെ തിരഞ്ഞെടുത്ത കഥകളുടെ കാറ്റലൻ വിവർത്തനത്തിന് 2026-ലെ തർജുമാൻ പുരസ്കാരവും സമ്മാനിച്ചു. വിവർത്തക മാർഗരിദ കാസ്റ്റെൽസ് ക്രിബല്ലെസാണ് വിവർത്തനം നിർവഹിച്ചത്. 14 ലക്ഷം ദിർഹം സമ്മാനത്തുകയുള്ള പുരസ്കാരം വിവർത്തനമേഖലയിലെ ലോകത്തെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ്.

പോർച്ചുഗൽ, ലിസ്ബൺ അക്കാദമി ഓഫ് സയൻസസ്, ഗോവ സർക്കാർ ആർക്കൈവ്സ് വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

'ഇറ്റ് സ്റ്റാർട്സ് വിത്ത് എ സ്റ്റോറി' എന്നതാണ് ഈ വർഷത്തെ പുസ്തകമേളയുടെ പ്രമേയമെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച ഷെയ്ഖ ബുദൂർ പറഞ്ഞു. വ്യക്തികളുടെ ഓർമകളും സ്വത്വവും രൂപപ്പെടുത്തുന്നതിൽ കഥകൾക്കുള്ള പങ്കാണ് പ്രമേയം അടയാളപ്പെടുത്തുന്നത്. പുസ്തകങ്ങൾ, അറിവ്, സംസ്കാരം എന്നിവയിലൂടെ രൂപപ്പെട്ടതാണ് ഷാർജയുടെ സ്വന്തം കഥയെന്നും അവർ പറഞ്ഞു.

വിദ്യാഭ്യാസ-സാംസ്കാരിക-ഗവേഷണ സ്ഥാപനങ്ങളുടെ സമഗ്ര ശൃംഖലയായി ഷാർജയുടെ സാംസ്കാരിക പദ്ധതി വളർന്നത് ഭരണാധികാരിയുടെ ദീർഘവീക്ഷണത്തിന്റെയും നിരന്തര പിന്തുണയുടെയും ഫലമാണ്. ചരിത്രരേഖകൾ പരിശോധിച്ച് വസ്തുതകൾ കണ്ടെത്താനുള്ള അദ്ദേഹത്തിന്‍റെ താൽപര്യവും അറിവിനെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഉപാധിയായി കാണുന്ന കാഴ്ചപ്പാടും ഷെയ്ഖ ബുദൂർ എടുത്തുപറഞ്ഞു. അറബി ഭാഷയുടെ സംരക്ഷണത്തിനും വിജ്ഞാനവ്യാപനത്തിനുമായി നടപ്പാക്കിയ ചരിത്ര അറബി ഭാഷാ നിഘണ്ടു ഉൾപ്പെടെയുള്ള പദ്ധതികളും അവർ പരാമർശിച്ചു.

അതിഥിരാജ്യമായ ഒമാനെ പ്രതിനിധീകരിച്ച് സംസാരിച്ച സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു, ഒമാന്‍റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനും മേളയിലെ പങ്കാളിത്തം അവസരമൊരുക്കുന്നു. പ്രസാധനം, വിവർത്തനം, ഗവേഷണം, സർഗാത്മക വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന സാഹിത്യകാരന്മാ‍ർ യുവ എഴുത്തുകാർക്ക് വഴികാട്ടികളാകണം; സർഗാത്മക പ്രതിഭകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഷെയ്ഖ് സുൽത്താൻ

'ഫെഫ്കയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നി';കോസ്റ്റ്യൂം ഡിസൈനിങ് ഉപേക്ഷിക്കുന്നു എന്ന് മെൽവി.ജെ.

പീക്ക് തുപ്പാക്കി വിളയാട്ട്... ഒന്നൊന്നര അങ്കത്തിന് ഇറങ്ങി അമൽ നീരദും ടീമും, ബാച്ച്ലർ പാർട്ടി D’eux ട്രെയ്‌ലർ എത്തി

ഫൺ വൈബിൽ 'പ്രേംപാറ്റ'; പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു

അരങ്ങിന് പിന്നിലെ അവഗണന; കാലടി ഉയര്‍ത്തുന്ന ഗൗരവകരമായ ചില അക്കാദമിക ചോദ്യങ്ങള്‍

SCROLL FOR NEXT