'ഫെഫ്കയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നി';കോസ്റ്റ്യൂം ഡിസൈനിങ് ഉപേക്ഷിക്കുന്നു എന്ന് മെൽവി.ജെ.

'ഫെഫ്കയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നി';കോസ്റ്റ്യൂം ഡിസൈനിങ് ഉപേക്ഷിക്കുന്നു എന്ന് മെൽവി.ജെ.
Published on: 

ഫെഫ്ക യൂണിയനിൽ അംഗത്വ കാർഡിനായി വലിയ തുക ഈടാക്കുന്നതിനെതിരെ കോസ്റ്റ്യൂം ഡിസൈനർ മെൽവി.ജെ. മൂന്ന് ലക്ഷം രൂപയാണ് സംഘടന മെമ്പർഷിപ്പ് കാർഡിനായി ഈടാക്കുന്നത്. വിദ്യാഭ്യാസ വായ്പകൾ എടുത്ത് പഠിച്ച് പുറത്തിറങ്ങുന്നവർ തൊഴിലിനായി വീണ്ടും വലിയൊരു തുക നൽകേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുകയായിരുന്നു മെൽവി.ജെ.

മെൽവി.ജെ.യുടെ വാക്കുകൾ

ഞാൻ 10 വർഷമായി ഈ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണ്. ആദ്യ ചിത്രം ചെയ്തുകൊണ്ടിരിക്കുന്ന വേളയിൽ പെട്ടെന്ന് ഒരുദിവസം ആ സിനിമയിൽ നിന്ന് എന്നെ മാറ്റുകയുണ്ടായി. ആ സിനിമയുടെ ഏകദേശം 90 ശതമാനത്തോളം വർക്ക് കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു ഈ സംഭവം. യൂണിയൻ മെമ്പർഷിപ്പ് കാർഡ് ഇല്ലാതെ നമുക്ക് സിനിമയിൽ വർക്ക് ചെയ്യാൻ പറ്റില്ല എന്നതായിരുന്നു അതിന് കാരണം. ഏറെ ആത്മാർത്ഥമായാണ് ആ സിനിമയിൽ ഞാൻ വർക്ക് ചെയ്തത്. 45 - 50 ദിവസത്തോളം ലിഗമെന്റ് ഫ്രാക്ചറായിരുന്ന അവസരത്തിലാണ് ഞാൻ ആ ചിത്രത്തിൽ വർക്ക് ചെയ്തത്. അത്തരമൊരു അവസരത്തിൽ പോലും ആ സിനിമയ്ക്ക് വേണ്ടി ഏറെ എഫേർട്ട് എടുത്തിട്ടുണ്ട്.

അക്കാരണത്താൽ എനിക്കന്ന് ഫോഴ്‌സ്‌ഫുള്ളി കാർഡ് എടുക്കേണ്ടി വന്നു. അന്ന് ആപ്ലിക്കേഷൻ കൊടുത്തിട്ട് എനിക്ക് ഫെഫ്കയിൽ നിന്ന് മെമ്പർഷിപ്പ് കാർഡ് തന്നില്ല. പണമായി 1.5 ലക്ഷത്തോളം രൂപ അടച്ച്, ഫെഫ്കയിൽ കാർഡ് എടുക്കാൻ ചെന്നപ്പോൾ അന്ന് എനിക്ക് കാർഡ് നിഷേധിക്കപ്പെട്ടു. തുടർന്ന് ഫെഫ്‌സിയിൽ നിന്നാണ് എനിക്ക് കാർഡ് കിട്ടുന്നത്.

അത്രയേറെ കഷ്ടപ്പെട്ട് ചെയ്ത ആ സിനിമ നഷ്ടപ്പെടുത്തരുത് എന്ന ആഗ്രഹം കൊണ്ട് വീട്ടിൽ വിവരങ്ങൾ പറഞ്ഞപ്പോൾ, അച്ഛനറിയാതെ അമ്മ തന്റെ കെട്ടുതാലി ഊരിത്തരികയും, അത് പണയം വെച്ചുമാണ് അന്ന് അതിനുള്ള പണം കണ്ടെത്തിയത്. മൂന്ന് ലക്ഷം രൂപ നൽകിയാണ് ചെന്നൈയിൽ നിന്നും മെമ്പർഷിപ്പ് കാർഡ് എടുത്തത്. സിനിമയിൽ പഠനം പൂർത്തിയാക്കി വരുന്ന പുതിയ തലമുറയ്ക്ക് ഈ കാർഡ് സിസ്റ്റം എത്രത്തോളം പ്രായോഗികമാണെന്ന് എനിക്കറിയില്ല. ഇതിലൊരു മാറ്റം വരുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴും കാർഡ് എടുക്കുന്നതിനുള്ള ഫീസ് താങ്ങാവുന്നതിലും അപ്പുറമാണ്. സിനിമയുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിച്ചിറങ്ങാൻ തന്നെ വലിയൊരു തുക ആവശ്യമാണ്. ഞാൻ പഠിക്കുന്ന കാലത്ത് തന്നെ ആറ് മുതൽ എട്ടുലക്ഷം രൂപ വരെ അതിനായി ചെലവായിട്ടുണ്ട്.

പല കുട്ടികളും വിദ്യാഭ്യാസ വായ്പ എടുത്താണ് ഇപ്പോൾ ഇത്തരം കോഴ്സുകൾ പൂർത്തിയാക്കുന്നത്. വിവിധ കോളേജുകളിൽ ക്ലാസുകൾ എടുക്കാൻ പോകുന്ന സമയത്ത് പല വിദ്യാർത്ഥികളുടെയും മാതാപിതാക്കളെ കാണാറുണ്ട്. കുട്ടികളെക്കുറിച്ചുള്ള അവരുടെ വലിയ പ്രതീക്ഷകളും ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇതൊക്കെ കാണുമ്പോൾ പുതിയ കുട്ടികൾക്ക് പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് തോന്നാറുണ്ട്.

വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാനും മറ്റും എന്റെ സിനിമകളിൽ യൂണിയൻ കാർഡ് ഇല്ലാത്തവർക്കും ഞാൻ പരമാവധി അവസരങ്ങൾ നൽകാറുണ്ട്. എന്നാൽ അതിന്റെ പേരിൽ ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് വേട്ടയാടപ്പെടുന്നതുപോലെ ഒരു അവസ്ഥയാണ് നേരിടുന്നത്. അതൊരു വലിയ ബാധ്യതയായി എനിക്ക് മാറുന്നതായാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

വരുംകാലങ്ങളിൽ സിനിമയിൽ നല്ല സാങ്കേതിക പ്രവർത്തകർ ഉണ്ടാകണം, പുതിയവർക്ക് തൊഴിലവസരങ്ങൾ ലഭിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ പലർക്കും അവസരങ്ങൾ നൽകുന്നത്. എന്നാൽ ഇവിടെ യൂണിയൻ കാർഡ് എടുത്താൽ മാത്രമേ സിനിമയിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നൊരു നിർബന്ധമുണ്ട്. തുടക്കക്കാർക്ക് താൽക്കാലിക കാർഡ് നൽകുകയോ, അല്ലെങ്കിൽ മൂന്നോ നാലോ സിനിമകൾ ചെയ്ത് ആ വ്യക്തി ഈ മേഖലയ്ക്ക് അനുയോജ്യനാണെന്ന് കണ്ടാൽ മാത്രം സ്ഥിരമായി ഉൾപ്പെടുത്തുകയോ ചെയ്യുന്ന ഒരു സിസ്റ്റം ഇവിടെയില്ല. ഈ സിസ്റ്റത്തിനെതിരെ ഞാൻ പലപ്പോഴും സംസാരിക്കുകയും ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ വേട്ടയാടപ്പെടുന്നു എന്നല്ലാതെ വേറൊരു പരിഹാരവും ഇതിൽ കാണാൻ സാധിച്ചിട്ടില്ല. എന്നാൽ കൂടെ നിന്ന ഡിസൈനർമാർ, സ്റ്റൈലിസ്റ്റുകൾ, മറ്റ് യൂണിയൻ മെമ്പർമാർ അടക്കം പലരും എന്നെ സഹായിച്ചിട്ടുണ്ട്.

ഞാൻ വർക്ക് ചെയ്ത പല സിനിമകളിലും പുതിയ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് വർക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇന്റേൺഷിപ്പ് ചെയ്യാനും അവരുടെ പോർട്ട്‌ഫോളിയോ നിർമ്മിക്കാനുമൊക്കെ അതൊരു അവസരമാണ്. ഭാവിയിൽ അവർക്ക് ഈ ജോലി ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും കാർഡ് എടുക്കാൻ അവരോട് പറയാറുമുണ്ട്. എന്നാൽ അടുത്തിടെ ചില വിദ്യാർത്ഥികൾ എന്നോട് ചോദിച്ചു, അസിസ്റ്റന്റ് കാർഡിന് തന്നെ രണ്ട് ലക്ഷം രൂപയാണ് ഫീസ്. ഈ രണ്ട് ലക്ഷം കൊടുത്ത് കാർഡ് എടുത്താൽ ഭാവിയിൽ സിനിമയിൽ സ്ഥിരമായി ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന്. ആ ചോദ്യത്തിന് എനിക്കോ ഒരുപക്ഷേ ഫെഫ്കയ്ക്ക് തന്നെയോ ഉത്തരം നൽകാനാവില്ല.

കഴിഞ്ഞ 10 വർഷമായി ഞാൻ ഫെഫ്‌സിയുടെ (FEFSI) ഭാഗമായി വർക്ക് ചെയ്യുന്നു. ഞാൻ ചെന്നൈയിൽ മെമ്പർഷിപ്പ് ഉള്ള വ്യക്തിയാണ്. എന്നാൽ ഇന്നേവരെ ഒരു തമിഴ് ചിത്രം പോലും ഞാൻ ചെയ്തിട്ടില്ല. മൂന്ന് ലക്ഷം രൂപ അടച്ച് അവിടെ ഞാൻ അംഗത്വം നേടിയെങ്കിലും ഒരു തമിഴ് സിനിമ പോലും എനിക്ക് അവിടെ നിന്ന് ലഭിച്ചിട്ടില്ല. അതുപോലെ കേരളത്തിലെ യൂണിയനുകളിൽ നിന്ന് എനിക്ക് സിനിമകൾ ലഭിച്ചിട്ടില്ല. ഞാൻ ഇവിടെ ലെവി അടച്ചാണ് സിനിമകൾ ചെയ്യുന്നത്. ഒരു താൽക്കാലിക കാർഡ് ഉപയോഗിച്ച് വർക്ക് ചെയ്യുന്ന ഇവിടുത്തെ അംഗങ്ങൾ നൽകുന്നതിനേക്കാൾ കൂടുതൽ തുകയാണ് എനിക്ക് ലെവിയായി നൽകേണ്ടി വരുന്നത്. അതെല്ലാം ഞാൻ കൃത്യമായി അടയ്ക്കുകയും യൂണിയൻ പറയുന്ന എണ്ണം മെമ്പർമാരെ വച്ച് വർക്ക് ചെയ്യുകയും എന്റെ ശമ്പളത്തിൽ നിന്ന് തന്നെ മറ്റ് പലർക്കും അവസരങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ട്.

എന്നിട്ടും ഈ സിസ്റ്റത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാനോ ഇതിനെതിരെ സംസാരിക്കാനോ ആർക്കും സാധിക്കുന്നില്ല. എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഡിസൈനർമാരെ ജോലിക്കായി ഉപയോഗിക്കുന്ന അവസരങ്ങളിൽ അല്ലെങ്കിൽ പുതിയ ആളുകൾക്ക് അവസരങ്ങൾ കൊടുക്കാൻ ശ്രമിക്കുമ്പോൾ, അത് എന്റെ ജോലിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവരെ ഒഴിവാക്കാനും സഹകരിക്കില്ലെന്നും പറയുന്ന സാഹചര്യങ്ങളൊക്കെ ഉണ്ടായപ്പോൾ എന്റെ 10 വർഷത്തെ സിനിമ അനുഭവം ഇവിടെ അവസാനിച്ചുവെന്ന് എനിക്ക് തോന്നി.

ഇതൊക്കെ ഞാൻ സംസാരിക്കാനുള്ള പ്രധാന കാരണം, എന്നെക്കാൾ സീനിയർ ആയ ആരും ഇതിനെക്കുറിച്ച് സംസാരിച്ചതായി ഞാൻ കണ്ടിട്ടില്ല. ഇത്രയും പണം കൊടുത്ത് കാർഡ് എടുത്തിട്ട് ജോലിയില്ലാതെ നിൽക്കുന്ന നിരവധി കുട്ടികളുണ്ട്. കാർഡ് ഉണ്ടായിട്ടും സിനിമകൾ ചെയ്യാത്ത ഡിസൈനർമാരുമുണ്ട്. അതുകൊണ്ട് ഈ ജോലിയിൽ ഒരു സ്ഥിരതയോ ഇതിനൊരു ഭാവിയോ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആ ഒരു ചിന്തയിലാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഈ സംസാരം ചിലപ്പോൾ എന്റെ കരിയറിനെ ബാധിച്ചേക്കാം. എന്നാൽ അതിന്റെ ഭവിഷ്യത്തുകൾ നേരിടാൻ ഞാൻ തയ്യാറാണ്.

ഈ യാഥാർഥ്യങ്ങൾ ചുരുങ്ങിയത് 10 പേരെങ്കിലും അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം എല്ലാവർക്കും നല്ലൊരു സാമ്പത്തിക പശ്ചാത്തലം ഉണ്ടായിരിക്കണമെന്നില്ല. അന്ന് അമ്മ എന്നെ സഹായിച്ചതുപോലെ ഒരുപക്ഷെ എല്ലാവരുടെയും വീട്ടിൽ അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകില്ല.

ഇന്ന് Gen Z കുട്ടികളൊക്കെ വിദ്യാഭ്യാസ സംരക്ഷണത്തിനായി സമരം ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്. വിദേശത്ത് പഠിക്കാൻ പോകുന്ന പല വിദ്യാർത്ഥികളെയും നേരിട്ടും കണ്ടിട്ടുണ്ട്. അവിടെ പോയി എന്ത് ജോലിയും ചെയ്യാൻ അവർ തയ്യാറാണ്. അതുപോലെ ഇവിടെയുള്ള കുട്ടികളും അവർ പഠിച്ച മേഖലയിൽ ജോലി ചെയ്യാൻ താൽപര്യം കാണിക്കുന്നവരാണ്. ആ ആഗ്രഹത്തോടെയാണ്, പല കോളേജുകളിലും ക്ലാസുകൾ എടുക്കുമ്പോഴും ഇന്റേൺഷിപ്പിന് അവസരം ചോദിക്കുന്ന കുട്ടികൾക്കും ഞാൻ വർക്കുകൾ നൽകാറുള്ളത്. നല്ല സിനിമകൾ ചെയ്യുമ്പോഴൊക്കെ എന്റെ കൂടെ നല്ല ക്രാഫ്റ്റുള്ള ഡിസൈനർമാർ ഉണ്ടാവാറുണ്ട്.

സിനിമകൾ ഒരു പ്രത്യേക ബഡ്ജറ്റിലായിരിക്കും നമ്മൾ ചെയ്യുക. ആ ബഡ്ജറ്റിൽ നിന്നുകൊണ്ട് തന്നെ നമുക്ക് വ്യത്യസ്ത വിലയിലുള്ള സാധനങ്ങൾ പലയിടത്തുനിന്നും കണ്ടെത്തേണ്ടിവരും. അവിടെ അവരുടെ സഹായം എനിക്ക് ആവശ്യമാണ്. അവർക്കത് വലിയൊരു അനുഭവം കൂടിയാണ്. ഈ മേഖലയാണ് അവർ തിരഞ്ഞെടുക്കുന്നതെങ്കിൽ പിന്നീട് കാർഡ് എടുത്ത് സിനിമയിൽ വർക്ക് ചെയ്യട്ടെ.

യൂണിയനുകളിൽ ഏറ്റവും കൂടുതൽ പണം ഈടാക്കുന്നത് ഞങ്ങളുടെ സംഘടനയിലാണെന്ന് തോന്നുന്നു. ഏറ്റവും കൂടുതൽ പണം നൽകി പഠിച്ചിറങ്ങി വീണ്ടും ഒരുപാട് പണം കൊടുത്ത് ജോലി നേടേണ്ടി വരുന്ന ഈ അവസ്ഥ 2026-ലും കാണേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

മൂന്ന് ലക്ഷം രൂപ കൊടുത്ത് എടുത്ത എന്റെ കാർഡിന്റെ സബ്സ്ക്രിപ്ഷൻ തുക പെൻഡിങ് ആണെന്ന് പറഞ്ഞ് കാർഡ് ഡിക്ലൈൻഡായി. ഇതിനെക്കുറിച്ച് എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അടുത്തിടെ ഒന്നര ലക്ഷത്തോളം രൂപ പിഴ അടച്ചാണ് ഞാൻ ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. ഇപ്പോൾ കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് ശേഷം അതൊക്കെ സാധ്യമാകുമോ എന്നെനിക്കറിയില്ല. പ്രൊഡക്ഷൻ ടീം എന്നെ സഹകരിപ്പിക്കുകയാണെങ്കിൽ ആ സിനിമകളൊക്കെ തീർത്ത് കൊടുക്കാൻ ഞാൻ തയ്യാറാണ്.

ഈ ഒരു സിസ്റ്റത്തെക്കുറിച്ച് ഒരു പത്ത് പേരെങ്കിലും മനസ്സിലാക്കണമെന്നാണ് എന്റെ ആഗ്രഹം. ഈ സ്വപ്നം കണ്ട് സിനിമയിലേക്ക് വരുന്ന ഒരാൾ ഇതൊക്കെ തിരിച്ചറിയേണ്ടതുണ്ട്. കാരണം, ഇത് എല്ലാവർക്കും അനുയോജ്യമായൊരു മേഖലയല്ല. ഇതിലെ ടെൻഷൻ, പ്രഷർ, സമയപരിധി, ബഡ്ജറ്റ് പ്രശ്നങ്ങൾ, ശമ്പള പ്രശ്നങ്ങൾ ഇതെല്ലാം എല്ലാവർക്കും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. എന്റെ കൂടെ വന്ന പലരും ഈ മേഖല തങ്ങൾക്ക് യോജിച്ചതല്ലെന്ന് തിരിച്ചറിഞ്ഞ് മറ്റ് പല ജോലികളിലേക്കും മാറിയിട്ടുണ്ട്. എന്നാൽ സിനിമയിൽ തന്നെ തുടരുന്ന പല കുട്ടികളുമുണ്ട്. നല്ല പ്രൊജക്റ്റുകൾ വരുമ്പോൾ എന്റെ കൂടെയുള്ള അസോസിയേറ്റ് ഡിസൈനർമാരെ ഞാൻ ഇൻഡിപെൻഡന്റ് ഡിസൈനർമാരായി വർക്ക് ചെയ്യാൻ സഹായിക്കാറുണ്ട്. കാരണം എന്റെ കൂടെയുള്ളവർ എന്നെപ്പോലെ ആഗ്രഹങ്ങളുമായി വരുന്നവരാണ്.

എന്നാൽ പല സിനിമകളിലും 10 മുതൽ 30 ദിവസമൊക്കെ വർക്ക് ചെയ്തിട്ട് വളരെ വിഷമത്തോടെ ഇറങ്ങിപ്പോകുന്ന ഒരുപാട് കുട്ടികളെ കാണേണ്ടി വന്നിട്ടുണ്ട്. അവരൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്, പല ഇൻ്റർവ്യൂകളിലും സംസാരിക്കാറുള്ള ചേട്ടൻ എന്തുകൊണ്ടാണ് ഈ വിഷയം സംസാരിക്കാത്തത് എന്ന്. പലരും കടം വാങ്ങിയാണ് യൂണിയൻ കാർഡ് എടുക്കുന്നത്. ഈ ജോലിയിൽ കയറിയാൽ സ്ഥിരമായി ജോലി കിട്ടുമെന്ന് എന്താണ് ഉറപ്പ്? രണ്ട് ലക്ഷമോ മൂന്ന് ലക്ഷമോ ഇൻവെസ്റ്റ് ചെയ്ത് ഒരു ബിസിനസ്സ് തുടങ്ങിയാൽ അത് നടന്നുപോയി എന്നൊരു സമാധാനമെങ്കിലും ഉണ്ടാകില്ലേ? ഇവിടെ നാളെ എനിക്ക് ജോലി നിഷേധിക്കപ്പെട്ടാൽ ഞാൻ എന്ത് ചെയ്യും?" എന്നൊക്കെയുള്ള ചോദ്യങ്ങൾ മാനസികമായി എന്നെ പലപ്പോഴും അലട്ടിയിട്ടുണ്ട്.

"ഇതിനെ എപ്പോഴെങ്കിലും ഈ എമൗണ്ട് ഡിഡ്യൂസ് ചെയ്യുന്നതിനെപ്പറ്റി അവരോട് സംസാരിച്ചിട്ട് ഉണ്ടായിരുന്നു അപ്പോൾ ഉള്ള റെസ്പോൺസ് അങ്ങനെ എന്തെങ്കിലും ഉണ്ടോ?"

കേരളത്തിൽ മാത്രമല്ല, കൽക്കട്ടയിലും മുംബൈയിലുമൊക്കെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അവിടെയൊന്നും ഡിസൈനർമാർക്ക് ഇത്രയും കാർക്കശ്യമില്ല. അവിടെ യൂണിയനില്ലാത്ത ടെയ്‌ലർമാരും ഡ്രെസ്സർമാരും ഉണ്ട്. യൂണിയനുകളിൽ കാർഡ് വേണം എന്ന് തന്നെയാണ് ഞാനും പറയുന്നത്. ഡിസൈനർമാർക്കും കാർഡ് നിർബന്ധമാക്കാം. എന്നാൽ അത് ഇത്രയും വലിയ തുക ഈടാക്കിക്കൊണ്ട് ആകരുത്. സംഘടന എന്നത് നല്ലതാണ്, എന്നാൽ അത് മുന്നോട്ടുവെക്കുന്ന ചില ചട്ടങ്ങൾ എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല. പണം നൽകി ജോലി വാങ്ങുന്ന ഈ സംവിധാനത്തോട് എനിക്ക് യോജിക്കാൻ കഴിയില്ല. 10 വർഷമായി ഞാൻ പൈസ കൊടുത്തുതന്നെയാണ് ജോലി ചെയ്യുന്നത്. എനിക്ക് ഒരു സംഘടനയും ഇതുവരെ സിനിമ നൽകിയിട്ടില്ല. ഞാൻ എന്റെ കഴിവിൽ വിശ്വസിക്കുന്നു. ഞാൻ ചെയ്യുന്ന സിനിമകളിൽ പല പ്രശ്നങ്ങളും ഉണ്ടാകാമെങ്കിലും അതിൽ ഞാൻ തൃപ്തനാണ്. എന്റെ കഴിവ് പത്തുപേർ അറിയണം, അംഗീകരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ സിനിമകൾക്ക് പിന്നാലെ പോയത്. സാമ്പത്തിക ഭദ്രത നോക്കിയല്ല ഞാൻ സിനിമകൾ ചെയ്തത്.

തുടക്കക്കാരായ കുട്ടികൾക്കും ഫ്രഷേഴ്സിനും ഇത്രയും വലിയൊരു തുക ഒരിക്കലും താങ്ങാൻ കഴിയില്ലെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. അവർക്ക് ഈ മേഖല അനുയോജ്യമാണോ എന്നറിയാൻ കുറച്ച് സമയമെടുക്കും. അവർക്ക് അതിനുള്ള സമയം കൊടുക്കുക. അതിനുശേഷം ഒന്നോ രണ്ടോ സിനിമകൾ കഴിഞ്ഞ് അവരിൽ നിന്നും പണം ഈടാക്കാം. ആദ്യത്തെ സിനിമകളിൽ അവർക്ക് എത്രത്തോളം പ്രതിഫലം കിട്ടുമെന്നതും ഒരു ചോദ്യമാണ്.

ഞാൻ എന്റെ ആദ്യ സിനിമ ചെയ്തത് 2000 രൂപയ്ക്കാണ്. ആ 2000 രൂപ വെച്ച് ഒരിക്കലും എനിക്ക് 3 ലക്ഷം രൂപയുടെ കാർഡ് എടുക്കാൻ കഴിയില്ലായിരുന്നു. പിന്നീട് ഞാൻ ചെയ്ത സിനിമകൾക്ക് കിട്ടിയ ശമ്പളം ഒരു 40,000 രൂപയാണ്. അതും ഒന്നര വർഷമെടുത്ത സിനിമകൾക്കായിരുന്നു. ആ ഒന്നര വർഷത്തിൽ ഇത്രയും തുക ഇൻവെസ്റ്റ് ചെയ്തിട്ട് എന്റെ കരിയർ എന്താകുമെന്ന് എനിക്കൊരു ഉറപ്പുമില്ലായിരുന്നു. എന്നാൽ എന്റെ കഴിവിലും ഞാൻ ചെയ്യുന്ന വർക്കിലും ഞാൻ വിശ്വസിച്ചു. അതുകൊണ്ടാണ് എനിക്കിപ്പോൾ ഈ നിലയിലെത്താൻ കഴിഞ്ഞത്.

എന്നാൽ ഇതുപോലെ സ്വപ്നങ്ങളുമായി വരുന്ന പല കുട്ടികളും ഒരു ഘട്ടത്തിൽ എത്തുമ്പോൾ പെട്ടുപോയേക്കാം. എന്റെ വീട്ടിൽ നല്ലൊരു സാമ്പത്തിക പിന്തുണ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് എനിക്ക് പിടിച്ചുനിൽക്കാനും സാമ്പത്തിക നേട്ടങ്ങൾ ഇല്ലാതിരുന്നപ്പോഴും ജീവിച്ചുപോകാനും സാധിച്ചത്. എന്നാൽ ഭാവിയിൽ പുതിയ ആളുകൾക്ക് ജോലി കൊടുക്കാൻ സാധിക്കാത്ത ഈ സാഹചര്യത്തിൽ, എന്റെ ജോലിക്ക് എന്ത് അർത്ഥമാണുള്ളത് എന്ന ചിന്ത എനിക്കുണ്ടായി. ഈ കാര്യങ്ങളിൽ ഒരു മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് ബോധ്യമായതുകൊണ്ടാണ് എന്റെ തീരുമാനം തുറന്നുപറഞ്ഞത്.

സ്വതന്ത്രനായി വർക്ക് ചെയ്യാൻ ഞാൻ തയ്യാറാണ്. ഏതെങ്കിലും യൂണിയന്റെ കീഴിൽ നിന്ന് എന്റെ കഴിവ് തെളിയിക്കണമെന്ന് എനിക്ക് നിർബന്ധമില്ല. എന്റെ കഥാപാത്രങ്ങളിലൂടെ ഞാൻ എന്റെ കഴിവ് തെളിയിച്ചതാണ്. വരുന്ന തലമുറയ്ക്ക് വേണ്ടി ശബ്ദമുയർത്തണമെന്ന് 10 വർഷത്തെ എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നി. ഞങ്ങളുടെ തലമുറയിൽ നിന്നാരും ഇത്തരമൊരു വിഷയത്തിൽ ശബ്ദമുയർത്തിയതായി ഞാൻ കേട്ടിട്ടില്ല. ബോംബെയിലും ചെന്നൈയിലുമുള്ള പല പ്രമുഖ ഡിസൈനർമാരുടെയും കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അവരാരും കാർഡ് എടുത്തിട്ടല്ല വർക്ക് ചെയ്യുന്നത്.

ഉദാഹരണത്തിന്, ബാജിറാവു മസ്താനിയുടെ കോസ്റ്റ്യൂം ഡിസൈനർ ഒരു യൂണിയന്റെ ഭാഗമായിട്ടല്ല വർക്ക് ചെയ്യുന്നത്. അദ്ദേഹം ഒരുപാട് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നുണ്ട്. അതൊക്കെ കാണുമ്പോൾ വലിയ സന്തോഷമാണ്.

നമ്മുടെ സംഘടനയുടെ ഒരു പ്രധാന പ്രശ്നം എന്ന് പറയുന്നത്, ഇവിടെ ഡിസൈനർമാർക്കും ടെയ്‌ലർമാർക്കും ഒരേ പാറ്റേൺ ആണ് പിന്തുടരുന്നത്. എന്നാൽ മറ്റ് സംഘടനകളുടെ വർക്കിംഗ് സ്റ്റാൻഡേർഡ് വ്യത്യസ്തമാണ്. അവിടെ അസോസിയേറ്റ് ഡിസൈനർ, കോസ്റ്റ്യൂമർ, ടെയ്‌ലർ, ഡ്രെസ്സർ, സ്റ്റൈലിസ്റ്റ് തുടങ്ങി ഓരോ കാറ്റഗറിയിലും വ്യത്യസ്ത അവസരങ്ങളുണ്ട്.

അങ്ങനെ വിശാലമായ തൊഴിലവസരങ്ങളുള്ള ഒരു മേഖലയെയാണ്, യൂണിയൻ കാർഡില്ലെങ്കിൽ സിനിമയിൽ വർക്ക് ചെയ്യാൻ കഴിയില്ല എന്ന കർക്കശമായ നിയമത്തിലൂടെ നിയന്ത്രിക്കുന്നത്. ഈ സിസ്റ്റത്തോട് എനിക്കൊരു വിയോജിപ്പുണ്ട്. എന്റെ ഏറ്റവും നല്ലൊരു സമയത്ത് ഇത് സംസാരിക്കണമെന്ന് തോന്നി, ഞാൻ സംസാരിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഞാൻ തയ്യാറാണ്. ഞാൻ എന്റെ ജോലിയും രാജിവെച്ചു. എനിക്ക് സിനിമയ്ക്ക് നൽകാൻ കഴിയുന്നതൊക്കെ ഞാൻ നൽകി. എന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന ചിന്തയിൽ നിന്നാണ് ഞാൻ ഇതെല്ലാം തുറന്നുപറയാൻ തീരുമാനിച്ചത്. സിനിമയുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് എന്നെപ്പോലെ വരണമെന്ന് ആഗ്രഹിക്കുന്നവർ അറിയണമെന്നത് എന്റെ ഒരാഗ്രഹമാണ്.