മുതിർന്ന സാഹിത്യകാരന്മാ‍ർ യുവ എഴുത്തുകാർക്ക് വഴികാട്ടികളാകണം; സർഗാത്മക പ്രതിഭകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഷെയ്ഖ് സുൽത്താൻ

മുതിർന്ന സാഹിത്യകാരന്മാ‍ർ യുവ എഴുത്തുകാർക്ക് വഴികാട്ടികളാകണം; സർഗാത്മക പ്രതിഭകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഷെയ്ഖ് സുൽത്താൻ
Published on: 

എഴുത്തിന്‍റെയും സർഗാത്മകതയുടെയും ലോകത്തേക്ക് കടന്നുവരുന്ന യുവപ്രതിഭകൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് ഷാർജ് ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. സാഹിത്യരംഗത്ത് അനുഭവസമ്പത്തുള്ളവരുടെ ഉപദേശങ്ങളും മാർഗനിർദേശങ്ങളും പുതിയ തലമുറയിലെ എഴുത്തുകാർക്ക് വഴിത്തിരിവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തികളുടെയും സമൂഹത്തിന്‍റെയും വളർച്ചയ്ക്ക് അറിവും പഠനവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി സിറ്റിയിലെ ഡോ. സുൽത്താൻ അൽ ഖാസിമി സെന്‍ററില്‍ എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഷെയ്ഖ് സുൽത്താന്‍റെ പരാമർശം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും യൂണിയന്‍റെ ഓണററി പ്രസിഡന്‍റുമായ അദ്ദേഹം യൂണിയൻ ചെയർമാൻ ഡോ. സുൽത്താൻ അൽ അമിമി, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ഷെയ്ഖ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയും സന്നിഹിതയായിരുന്നു. ഒരു സമൂഹത്തിന്‍റെ സാഹിത്യപരവും ചരിത്രപരവും സാംസ്കാരികവുമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതിൽ പുസ്തകങ്ങൾക്കും എഴുത്തിനുമുള്ള പ്രാധാന്യവും കൂടിക്കാഴ്ചയിൽ അദ്ദേഹം വിശദീകരിച്ചു. എമിറാത്തി സമൂഹത്തിന്‍റെ ചരിത്രവും പാരമ്പര്യവും സാംസ്കാരിക സമ്പന്നതയും എഴുത്തുകാർക്ക് വിവിധ മേഖലകളിലെ രചനകൾക്ക് പ്രചോദനമാകണം. രാജ്യത്തിനകത്തും പുറത്തും സ്വന്തം സമൂഹത്തിന്‍റെ സാംസ്കാരിക സ്വത്വം കൂടുതൽ പരിചയപ്പെടുത്താൻ ഇത്തരം രചനകൾക്ക് കഴിയണമെന്നും ചർച്ചയിൽ വിലയിരുത്തി.

വസ്തുതകളുടെ കൃത്യതയ്ക്ക് പ്രാധാന്യം

ഗവേഷണവും ചരിത്രവും അടിസ്ഥാനമാക്കിയുള്ള രചനകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഷെയ്ഖ് സുൽത്താൻ എഴുത്തുകാരെ ഓർമിപ്പിച്ചു. വിവരങ്ങൾ ശേഖരിക്കുന്നതിലും അവലംബങ്ങൾ ഉപയോഗിക്കുന്നതിലും ഉദ്ധരണികൾ നൽകുന്നതിലും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്‍റെ ആധികാരികത ഉറപ്പാക്കണം. കൃത്യമായ രേഖപ്പെടുത്തലും വിശ്വസനീയമായ സ്രോതസ്സുകളും മാത്രമാണ് വായനക്കാർക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന രചനകളുടെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കാലയളവിൽ എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ നടത്തിയ പ്രവർത്തനങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. യൂണിയനിലെ അംഗങ്ങളുടെ എണ്ണത്തിലും സംഘടിപ്പിച്ച പരിപാടികളിലും പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യത്തിലും വർധനയുണ്ടായതായി ചെയർമാൻ ഡോ. സുൽത്താൻ അൽ അമിമി അറിയിച്ചു. നോവലുകൾ, ചെറുകഥകൾ, പ്രത്യേക പഠനങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രസിദ്ധീകരണങ്ങൾ വ്യാപിച്ചതായും അദ്ദേഹം വിശദീകരിച്ചു. സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഷെയ്ഖ് സുൽത്താൻ നൽകിവരുന്ന പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും ഡോ. സുൽത്താൻ അൽ അമിമി നന്ദി അറിയിച്ചു.