Gulf Stream

വായനയുടെ വലിയ ആഘോഷം; ഷാർജ പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും

പുസ്തകങ്ങൾ തേടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും വായനക്കാരും പ്രസാധകരും ഒരുമിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള ഞായറാഴ്ച സമാപിക്കും. നവംബർ 15ന് സമാപിക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇതിനകം നിരവധി സാഹിത്യചർച്ചകൾക്കും പുസ്തകപ്രകാശനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും വേദിയായി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിവിധ ശിൽപശാലകളും കലാപരിപാടികളും സന്ദർശകരുടെ ശ്രദ്ധ നേടി.

നവംബർ 4ന് എക്സ്പോ സെന്‍റർ ഷാർജയിൽ ആരംഭിച്ച മേളയുടെ സന്ദർശകരുടെ ഇതുവരെയുള്ള ആകെ കണക്ക് സംഘാടകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന ഇത്തവണത്തെ മേളയിൽ 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25 രാജ്യങ്ങളിൽനിന്നുള്ള 106 എഴുത്തുകാരും കലാകാരന്മാരും ചിന്തകരും പങ്കെടുക്കുന്ന 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുന്നത്. 'കഥകളാൽ മെനഞ്ഞത്' (Made of Stories) എന്നതാണ് ഇത്തവണത്തെ പ്രമേയം. ഒമാനാണ് അതിഥിരാജ്യം.

കഥകളും എഴുത്തും ചർച്ചയായി

മേളയുടെ ആദ്യ ദിവസങ്ങളിൽ സാഹിത്യവും കഥപറച്ചിലും പ്രധാന ചർച്ചാവിഷയങ്ങളായി. നവംബർ ആറിന് കുവൈത്ത് സാഹിത്യകാരി ഡോ. ആലിയ ഷുഐബ്, ലബനീസ് നാടകപ്രവർത്തകൻ റഫീഖ് അലി അഹമ്മദ്, എമിറാത്തി നടനും സംവിധായകനുമായ ഡോ. ഹബീബ് ഗുലൂം എന്നിവർ പങ്കെടുത്ത 'ആരാണ് കഥയുടെ ഉടമ?' എന്ന സംവാദം ശ്രദ്ധ നേടി. എഴുത്തിലൂടെയും നാടകത്തിലൂടെയും സിനിമയിലൂടെയും കഥകൾ അവതരിപ്പിക്കുന്ന രീതികളെക്കുറിച്ചായിരുന്നു ചർച്ച.

ഇതേ ദിവസം മേളയുടെ ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വമായി ആദരിക്കപ്പെട്ട മൊറോക്കൻ സാഹിത്യവിമർശകൻ ഡോ. സഈദ് യഖ്തീൻ സാഹിത്യവും സാംസ്കാരിക പൈതൃകവും സംബന്ധിച്ച ആശയങ്ങൾ പങ്കുവച്ചു.

എല്ലാവ‍ർഷത്തേയും പോലെ ഇത്തവണയും ഷാർജ പുസ്തകോത്സവം ഗംഭീരമായിരുന്നുവെന്ന് ചിരന്തന പബ്ലിക്കേഷന്‍സിന്‍റെ ഉടമയും സാമൂഹ്യപ്രവർത്തകനുമായ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പുസ്തകോത്സവത്തിന് വരുന്നവരൊക്കെ പുസ്തകങ്ങള്‍ വാങ്ങുന്നുണ്ട്. ലോകത്തെ എഴുത്തുകാരെ കാണാനും അവരുമായി സംവദിക്കാനുമുളള ഒരു അവസരം കൂടിയാണ് പുസ്തകമേള. എന്നിരുന്നാല്‍ തന്നെയും ഇത്തവണ അതിഥികള്‍ കുറവായിരുന്നുവെന്നാണ് തന്‍റെ അഭിപ്രായമെന്നും പുന്നക്കന്‍ പറഞ്ഞു. ഈ പ്രതിസന്ധികള്‍ക്കിടയിലും പുസ്തകങ്ങള്‍ എത്തി, പുസ്തകമേള നടന്നുവെന്നതുതന്നെ ഏറ്റവും പ്രധാന കാര്യമാണ്. ഇക്കാര്യത്തില്‍ പ്രസാധകർക്ക് ഷാ‍ർജ സ‍ർക്കാർ നല്‍കിയ പിന്തുണയും എടുത്തുപറയേണ്ടത്.

എയർ കാർഗോയില്‍ വരെ പുസ്തകങ്ങള്‍ എത്തി. ഷാർജ ഭരണാധികാരി ഇത്തവണ പുസ്തകോത്സവവേദിയിലേക്ക് രണ്ട് തവണയാണ് എത്തിയത്. അതുതന്നെ പുസ്തകോത്സവത്തിന് ഷാർജ നല്‍കുന്ന പ്രാധാന്യം ഒരിക്കല്‍ കൂടി ബോധ്യപ്പെടുകയാണ്. ചിരന്തനയുടെ 14 പുസ്തകങ്ങളാണ് ഇത്തവണ പ്രകാശനം ചെയ്തത്. ആദ്യമായിട്ടാണ് ഇത്രയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നതെന്നും പുന്നക്കന്‍ പറഞ്ഞു.തന്‍റെ പുസ്തകമായ ഇതുവഴി കടന്നുപോയവരും ഇത്തവണ വായനക്കാരിലേക്ക് എത്തി. ഈ പ്രവാസത്തില്‍ വന്നുപോയവരെ കുറിച്ചാണ് പുസ്തകം പറയുന്നതെന്നും പുന്നക്കന്‍ പറഞ്ഞു.

പുന്നക്കന്‍ മുഹമ്മദ് അലി

ത്രില്ലർ ഫെസ്റ്റിവലും പുസ്തകപ്രകാശനങ്ങളും

നവംബർ 7 മുതൽ 10 വരെ അഞ്ചാമത് ത്രില്ലർ ഫെസ്റ്റിവൽ നടന്നു. ലണ്ടനിലെ ക്യാപിറ്റൽ ക്രൈം, ന്യൂയോർക്കിലെ ത്രില്ലർ ഫെസ്റ്റിവൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുറ്റാന്വേഷണ നോവലുകൾ, മിസ്റ്ററി കഥകൾ, ത്രില്ലർ രചനകൾ തുടങ്ങിയവ ചർച്ചയായി.

നവംബർ ഏഴിന് 'വെൻ മെമ്മറീസ് സിങ്' എന്ന സംഗീതനാടകവും അരങ്ങേറി. നവംബർ എട്ടിന് ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി രചിച്ച 'ദി കോൺഫറൻസ് ഓഫ് ദി ബേർഡ്സ്' എന്ന പുസ്തകം പ്രകാശനം ചെയ്തു. കുട്ടികൾക്കായി തയ്യാറാക്കിയ പുസ്തകം അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.

ശാസ്ത്രവും മാജിക്കും കൂട്ടിച്ചേർത്ത 'ഇംപോസിബിൾ ഓർ സയൻസ്!' എന്ന കുടുംബപരിപാടിയും നവംബർ എട്ടിന് നടന്നു. ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളും ശാസ്ത്രപരീക്ഷണങ്ങളും ഉൾപ്പെടുത്തിയ പരിപാടിയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും നേരിട്ട് പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു.

പുസ്തകങ്ങൾക്കപ്പുറം സാമൂഹിക ഇടപെടലുകളും

വായനയിലൂടെ മറ്റുള്ളവരെ സഹായിക്കാനുള്ള പദ്ധതിയും മേളയുടെ ഭാഗമായി നടന്നു. ബിഗ് ഹാർട്ട് ഫൗണ്ടേഷനും യുഎഇ ബോർഡ് ഓൺ ബുക്സ് ഫോർ യങ് പീപ്പിളും ചേർന്ന് 10,000ത്തിലേറെ പുസ്തകങ്ങൾ ശേഖരിക്കാനുള്ള ക്യാംപെയിൻ ആരംഭിച്ചു. സന്ദർശകർക്ക് പുതിയതും ഉപയോഗിച്ചവയുമായ പുസ്തകങ്ങൾ സംഭാവന ചെയ്യാം. കുട്ടികൾക്കും വിവിധ സമൂഹങ്ങൾക്കും വായനാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

നവംബർ ഏഴു മുതൽ ഒൻപതു വരെ ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസും നടന്നു. അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ 400ലേറെ ലൈബ്രേറിയന്മാരും വിവരസാങ്കേതിക രംഗത്തെ വിദഗ്ധരും പങ്കെടുത്തു.

സർഗാത്മകതയിൽ എഐയുടെ സ്വാധീനവും ചർച്ചയായി

നവംബർ 11ന് നടന്ന സംവാദത്തിൽ എഴുത്തിലും കലാരംഗത്തും നിർമിതബുദ്ധിയുടെ സ്വാധീനം ചർച്ചയായി. ഓസ്ട്രേലിയൻ ഡിസൈനറും എഴുത്തുകാരനുമായ പീറ്റർ ഗൂൾഡ്, ഈജിപ്ഷ്യൻ എഴുത്തുകാരി നൂറ നാഗി, എമിറാത്തി കലാകാരൻ നാസർ നസ്റുല്ല എന്നിവർ പങ്കെടുത്തു. ആവർത്തനസ്വഭാവമുള്ള ജോലികൾ എളുപ്പമാക്കാൻ എഐ സഹായിക്കുമെങ്കിലും മനുഷ്യന്‍റെ ഭാവനയ്ക്കും സ്വന്തം ചിന്തകൾക്കും പകരമാകരുതെന്നായിരുന്നു സംവാദത്തിലെ പ്രധാന അഭിപ്രായം. നവംബർ 12ന് നടന്ന മറ്റൊരു സംവാദത്തിൽ എഴുത്തുകാരുടെ ജീവിതാനുഭവങ്ങളും ഭാവനയും കഥാപാത്രങ്ങളുടെ സൃഷ്ടിയും തമ്മിലുള്ള ബന്ധം ചർച്ചയായി. സാഹിത്യപണ്ഡിതരായ ഡോ. അസ്മ അൽഅലാദ്ദീനും ഡോ. ദലാൽ അൽബറൂദുമാണ് പങ്കെടുത്തത്.

എം എ ഷഹനാസ്

സൗഹൃദങ്ങളുടെ കൂടെ ഉത്സവമാണ് ഷാർജ പുസ്തകോത്സവമെന്ന് മാക്ബത്ത് പബ്ലിക്കേഷന്‍റെ എം.എ.ഷഹനാസ് പറഞ്ഞു. കേരളത്തില്‍ നിന്നും നിരവധി പേരാണ് ഷാർജ പുസ്തകോത്സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യണമെന്ന ആഗ്രഹവുമായി ഓരോ വർഷവും ഇവിടേയ്ക്ക് എത്തുന്നത്. യഥാർത്ഥത്തില്‍ ഹാള്‍ നമ്പർ 7 നും മലയാളി പവലിയനുകളുമാണ് എഴുത്തുകള്‍ ആഘോഷമാക്കുന്നത്. നേരത്തെ 25 മിനിറ്റായിരുന്നു പുസ്തകപ്രകാശനത്തിന് അനുവദിച്ചിട്ടുളള സമയമെങ്കില്‍ ഇത്തവണ അത് 15 മിനിറ്റായി ചുരുക്കി. കുട്ടികളുടേതും മുതിർന്നവരുടേതുമുള്‍പ്പടെ ആയിരത്തോളം പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നു. കുട്ടികളുടെ എഴുത്തിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്നതും ഏറ്റവും പ്രധാനപ്പെട്ടകാര്യം. അക്ഷരങ്ങള്‍ ഉളളിലുളള മനുഷ്യരല്ലേ എഴുതുന്നത്. ഒരാളുടെ കൈയ്യിലേക്ക് പേനയെടുത്ത് കൊടുത്ത് എഴുതൂവെന്ന് പറയുന്നതല്ലേ വലിയ കാര്യം. അതുകൊണ്ട് എഴുതാനാഗ്രഹമുളളവരെല്ലാം എഴുതട്ടെ. എഴുത്തിന്‍റെ നിലവാരം വായനക്കാരനല്ലേ നിശ്ചയിക്കേണ്ടതെന്നും ഷഹനാസ് പറഞ്ഞു.

സ്ത്രീകള്‍ എഴുതുകയും സിനിമയില്‍ അഭിനയിക്കുകയും രാഷ്ട്രീയത്തില്‍ പ്രവർത്തിക്കുകയുമെല്ലാം ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. ആശയപരമായി സ്ത്രീകളെ എതിർക്കുന്നതിന് പകരം അവരുടെ ശരീരത്തേയും വസ്ത്രത്തേയും ഉള്‍പ്പടെ അപഹസിക്കുന്നത് ഇത്തരക്കാരുടെ സ്വഭാവമാണ്. അത്തരം വിഷവിത്തുകളെ അവഗണിച്ച് മുന്നോട്ടുപോകുകയെന്നുളളതുമാത്രമാണ് സ്തീകള്‍ക്ക് ചെയ്യാനാവുകയെന്നും ഷഹനാസ് പറഞ്ഞു.

ഒമാന്‍റെ പൈതൃകത്തിന് പ്രത്യേക വേദി

അതിഥിരാജ്യമായ ഒമാന്‍റെ ചരിത്രവും സാഹിത്യവും കലയും ഭക്ഷണസംസ്കാരവും പരിചയപ്പെടുത്തുന്ന പരിപാടികൾ മേളയുടെ മറ്റൊരു ആകർഷണമാണ്. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 പ്രതിനിധികളാണ് ഒമാനിൽനിന്ന് എത്തിയത്. സാഹിത്യചർച്ചകൾ, കുട്ടികൾക്കായുള്ള ശിൽപശാലകൾ, സംഗീത-നാടോടി കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നവംബർ 13, 14, 15 തീയതികളിൽ കൂടുതൽ പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. നവംബർ 14, 15 തീയതികളിൽ 'വാട്ടർലാൻഡ്' എന്ന നാടകാവതരണം നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ശിൽപശാലകളും തുടരും. പുസ്തകങ്ങൾ പരിചയപ്പെടാനും എഴുത്തുകാരുമായി സംവദിക്കാനും പുസ്തകങ്ങൾ സ്വന്തമാക്കാനുമുള്ള അവസരങ്ങൾ അവസാന ദിവസങ്ങളിലും ലഭിക്കും.

ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മേള നവംബർ 15ന് സമാപിക്കും. പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യാന്തര പ്രസാധകരെയും എഴുത്തുകാരെയും ഒരുമിപ്പിക്കുന്ന വേദി എന്ന നിലയിലും ഷാർജയുടെ സാംസ്കാരിക പ്രവർത്തനങ്ങളിൽ പ്രധാന സ്ഥാനമാണ് പുസ്തകമേളയ്ക്കുള്ളത്.

ഭാവനയിലൂടെ യാഥാർഥ്യത്തെ മാറ്റാം; കഥകളുടെ ലോകം ചർച്ച ചെയ്ത് പുസ്കകമേള

അങ്കിത് മേനോൻ മ്യൂസിക്കിൽ 'നെഞ്ചാടിയെ...'; 'പ്രേംപാറ്റ' പുതിയ ഗാനമെത്തി

മലയാളത്തിൽ നിന്ന് ഒരു പുതിയ പരീക്ഷണം; ഭൗമ തിയറ്ററുകളിൽ

'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം മധു സി നാരായണന്‍; നസ്ലെൻ ചിത്രത്തിന് പാക്കപ്പ്

സൂഖ് അൽ ജുബൈലിന്‍റെ ചരിത്രം പുസ്തകമാക്കുന്നു; 2027-ലെ ഷാർജ പുസ്തകമേളയിൽ പുറത്തിറക്കും

SCROLL FOR NEXT