

ഷാർജയിലെ സൂഖ് അൽ ജുബൈലിന്റെ ചരിത്രവും വളർച്ചയും രേഖപ്പെടുത്താൻ കലിമാത്ത് ഗ്രൂപ്പും ഷാർജ അസറ്റ് മാനേജ്മെന്റും കൈകോർക്കുന്നു. കലിമാത്ത് ഗ്രൂപ്പിന്റെ പ്രസാധക വിഭാഗമായ സറാബിലൂടെ പുറത്തിറക്കുന്ന അറബിക്–ഇംഗ്ലീഷ് ദ്വിഭാഷാ പുസ്തകം 2027 നവംബറിൽ നടക്കുന്ന അടുത്ത ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും കലിമാത്ത് ഗ്രൂപ്പ് സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും സഹകരണ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു. എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന 45-ാമത് രാജ്യാന്തര പുസ്തകമേളയിലെ സറാബ് പവലിയൻ സന്ദർശിച്ച ഇരുവരും പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
പഴയ മാർക്കറ്റിൽനിന്ന് സൂഖ് അൽ ജുബൈലിലേക്കുള്ള മാറ്റം, വിപണിയുടെ വികസനം, നിർമാണ-നടത്തിപ്പ് ഘട്ടങ്ങളിലെ വെല്ലുവിളികൾ, ഭാവി പദ്ധതികൾ എന്നിവ പുസ്തകത്തിൽ പ്രതിപാദിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും പിന്തുണ നൽകുന്നതിലും വിപണിക്കുള്ള പങ്കും ഭക്ഷ്യഗുണനിലവാരം, ശുചിത്വം, മിതമായ വില എന്നിവയും വിശദമായി അവതരിപ്പിക്കും. പദ്ധതിയുടെ വികസനത്തിന് നേതൃത്വം നൽകുകയും വിപണി തുറന്നുകൊടുക്കുന്നതുവരെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്ത അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ വൈസ് ചാൻസലർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ) അലി അൽ സുവൈദിയുടെ അനുഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ പിന്നിലെ കാഴ്ചപ്പാടും പ്രവർത്തനങ്ങളും വരുംതലമുറയ്ക്കായി രേഖപ്പെടുത്താനുള്ള അവസരമാണ് ഈ സഹകരണമെന്ന് കലിമാത്ത് ഗ്രൂപ്പ് ജനറൽ മാനേജർ അഹമ്മദ് അൽ അലി പറഞ്ഞു. പ്രാദേശിക പൈതൃകവും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന വിപണിയുടെ വളർച്ചയും നടത്തിപ്പിലെ അനുഭവങ്ങളും പുസ്തകത്തിലൂടെ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുസ്തകത്തിന്റെ ഉള്ളടക്കരൂപീകരണം, രചന, എഡിറ്റിങ്, പ്രൂഫ് റീഡിങ്, വിവർത്തനം, ഫോട്ടോഗ്രഫി, ഡിസൈൻ, അച്ചടി തുടങ്ങിയ പ്രസാധന ചുമതലകൾ സറാബ് നിർവഹിക്കും.ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, ഷാർജ ഡിജിറ്റൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ശൈഖ് സൗദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സാംസ്കാരിക മന്ത്രി ഷെയ്ഖ് സാലിം ബിൻ ഖാലിദ് അൽ ഖാസിമി, നാഷനൽ മീഡിയ അതോറിറ്റി ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി അൽ ഹമദ്, ഷാർജ അസറ്റ് മാനേജ്മെന്റ് ചീഫ് മാർക്കറ്റ്സ് മാനേജ്മെന്റ് ഓഫീസർ സുൽത്താൻ മുസാബിഹ് അൽ കെത്ബി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.