

ഒരു കഥയിൽ എഴുതുന്ന വികാരങ്ങൾ എഴുത്തുകാരൻ സ്വന്തം ജീവിതത്തിൽ അനുഭവിക്കണോ? അതോ ഭാവനയിലൂടെ തന്നെ വിശ്വസനീയമായ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും സൃഷ്ടിക്കാനാകുമോ? എഴുത്തും ജീവിതാനുഭവങ്ങളും ഭാവനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്ത് ഷാർജ പുസ്തകമേള. മേളയില് സംഘടിപ്പിച്ച സംവാദത്തിൽ ഡോ. അസ്മ അൽഅലാദ്ദീനും ഡോ. ദലാൽ അൽബറൂദും പങ്കെടുത്തു. 'യാഥാർഥ്യത്തെ വെല്ലുവിളിക്കുന്ന ഭാവന: കഥപറച്ചിലിന്റെ മായികതയും മനുഷ്യവികാരങ്ങളുടെ ആഴങ്ങളും' എന്ന വിഷയത്തിലായിരുന്നു ചർച്ച. യൂസഫ് അൽനുഐമി മോഡറേറ്ററായി.
മനുഷ്യരുടെ വികാരങ്ങളും ജീവിതാനുഭവങ്ങളുമാണ് പലപ്പോഴും കഥകൾക്ക് അടിത്തറയാകുന്നതെന്ന് ഡോ. ദലാൽ അൽബറൂദ് പറഞ്ഞു. ചുറ്റുപാടുകളിൽനിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ എഴുത്തുകാർ ഭാവനയിലൂടെ കഥകളാക്കി മാറ്റുന്നു. അതിനാൽ ഭാവനയും യഥാർഥ ജീവിതാനുഭവങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അവർ പറഞ്ഞു.
ഓരോ എഴുത്തുകാരനും കഥ പറയുന്നതിൽ തനതായ രീതിയുണ്ടെന്ന് ഡോ. അസ്മ അൽഅലാദ്ദീൻ അഭിപ്രായപ്പെട്ടു. കഥാപാത്രങ്ങളെയും അവരുടെ കാഴ്ചപ്പാടുകളെയും അവതരിപ്പിക്കുന്ന രീതിയിലാണ് ഈ വ്യത്യാസം പ്രകടമാകുന്നത്. യാഥാർഥ്യത്തിൽനിന്ന് മാറിനിൽക്കാനുള്ള മാർഗം മാത്രമല്ല എഴുത്ത്. ചുറ്റുമുള്ള ലോകത്തോടുള്ള പ്രതികരണം കൂടിയാണെന്നും അവർ പറഞ്ഞു.
എഴുത്തുകാരന്റെ ഇഷ്ടത്തിനനുസരിച്ച് മാത്രമല്ല കഥാപാത്രങ്ങൾ
കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ അവർക്ക് സ്വന്തമായ വ്യക്തിത്വം നൽകേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. എഴുത്തുകാരന്റെ ചിന്തകൾ പറയാനുള്ള ഉപകരണങ്ങളായി മാത്രം കഥാപാത്രങ്ങളെ കാണരുതെന്ന് ഡോ. അസ്മ പറഞ്ഞു. ഓരോ കഥാപാത്രത്തിന്റെയും പ്രവൃത്തികൾക്കും തീരുമാനങ്ങൾക്കും പിന്നിൽ വ്യക്തമായ അനുഭവങ്ങളും കാരണങ്ങളും ഉണ്ടായിരിക്കണം. എഴുത്തുകാരന്റെ വ്യക്തിത്വവും കഥാപാത്രങ്ങളുടെ വ്യക്തിത്വവും ഒന്നല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
എഴുതാൻ വേദന അനുഭവിക്കണമെന്നില്ല
സ്വന്തം ജീവിതത്തിലെ വേദനകളും ദുരിതങ്ങളുമാണ് മികച്ച എഴുത്തിന്റെ പ്രധാന ഉറവിടമെന്ന ധാരണയോട് ഡോ. ദലാൽ അൽബറൂദ് വിയോജിച്ചു. ജീവിതാനുഭവങ്ങൾ എഴുത്തിന് സഹായകമാണെങ്കിലും മറ്റുള്ളവരെ നിരീക്ഷിച്ചും അവരുടെ വികാരങ്ങൾ മനസ്സിലാക്കിയും ഭാവന ഉപയോഗിച്ചും നല്ല കഥകൾ എഴുതാനാകും. വേദന മാത്രമല്ല സർഗാത്മകതയുടെ ഉറവിടമെന്നും അവർ പറഞ്ഞു.
എഴുത്തുകാരന്റെ ജീവിതത്തിന്റെയും ചിന്തകളുടെയും ചില ഭാഗങ്ങൾ അവരുടെ രചനകളിൽ പ്രതിഫലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഒരു കൃതിയെ മാത്രം അടിസ്ഥാനമാക്കി എഴുത്തുകാരന്റെ വ്യക്തിത്വം വിലയിരുത്താനാകില്ല. കാലത്തിനൊപ്പം എഴുത്തുകാരന്റെ ചിന്തകളും കാഴ്ചപ്പാടുകളും മാറാമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
വായനക്കാരെ തങ്ങൾക്ക് പരിചയമില്ലാത്ത ജീവിതസാഹചര്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും കൊണ്ടുപോകാൻ കഥകൾക്ക് കഴിയുമെന്ന് ഇരുവരും പറഞ്ഞു. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ ചിന്തിക്കാനും മറ്റുള്ളവരുടെ അനുഭവങ്ങൾ മനസ്സിലാക്കാനും വായന സഹായിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.
'കഥകളാൽ മെനഞ്ഞത്' എന്ന പ്രമേയത്തിൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്നത്. ഒമാനാണ് ഇത്തവണ അതിഥിരാജ്യം. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലേറെ പുസ്തകങ്ങളുണ്ട്. 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.