യുഎഇ സ്വദേശികളോടുള്ള ആദരസൂചകമായി 25 ലക്ഷം ദിര്‍ഹം മൂല്യമുള്ള സാമൂഹിക ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെന്‍റല്‍ ക്ലിനിക്കും. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 2,500 സ്വദേശി പൗരന്മാര്‍ക്ക് 1,000 ദിര്‍ഹം വീതം വിലവരുന്ന വെല്‍നസ് വൗച്ചറുകള്‍ വിതരണം ചെയ്യും. അഡ്വാന്‍സ്ഡ് ബയോളജിക്കല്‍ ഡെന്‍റിസ്ട്രി, സ്‌മൈല്‍ മേക്കോവര്‍, ഫേഷ്യല്‍ ഈസ്‌തെറ്റിക്‌സ്, ചര്‍മ്മ സംരക്ഷണം, ആന്‍റി-ഏജിംഗ് ചികിത്സകള്‍, കോസ്‌മെറ്റിക് സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ആരോഗ്യ-സൗന്ദര്യ സേവനങ്ങള്‍ ഈ വൗച്ചറുകള്‍ ഉപയോഗിച്ച് സൗജന്യമായി ലഭ്യമാക്കും. മാസിന്‍സ് ഗ്രൂപ്പ് സ്ഥാപകനും എ.എം ഹെല്‍ത്ത് ഹബ്ബിന്റെ കോ-ഫൗണ്ടറുമായ പ്രവീണ്‍ പിള്ളയും, ഏരീസ് ഡെന്‍റല്‍ ആന്‍ഡ് ഈസ്‌തെറ്റിക് ക്ലിനിക്കിന്‍റെ സ്ഥാപകയായ ഡോ. നിവേദ്യ റോയും ചേര്‍ന്നാണ് പദ്ധതി രൂപകല്‍പന ചെയ്തത്.
ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷെയ്ഖ് ജുമാ ബിന്‍ മക്തും അല്‍ മക്തുമിന്‍റെ ഓഫീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡ്വൈസറുമായ യാക്കൂബ് അല്‍ അലി, എമിറേറ്റ്‌സ് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫരീദ് ലുത്ഫി എന്നിവര്‍ പങ്കെടുത്തു. എ.എം ഹെല്‍ത്ത് ഹബ്ബിന്റെയും ഏരീസ് ക്ലിനിക്കിന്‍റെയും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളെ വിശിഷ്ടാതിഥികള്‍ അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെയും ബിസിനസ് സംരംഭങ്ങളെയും ചേര്‍ത്തുപിടിച്ച യു.എ.ഇ. സ്വദേശി സമൂഹത്തോടുള്ള ചെറിയ നന്ദിപ്രകടനമാണ് പദ്ധതിയെന്ന് പ്രവീണ്‍ പിള്ളയും ഡോ. നിവേദ്യ റോയും പറഞ്ഞു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എ.എം ഹെല്‍ത്ത് ഹബ്ബും, ജെ.ബി.ആറില്‍ പ്രവര്‍ത്തിക്കുന്ന ഏരീസ് ഡെന്‍റല്‍ ക്ലിനിക്കും സാമൂഹിക പ്രതിബദ്ധതയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.