45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മലയാള പുസ്തകം പ്രകാശനം ചെയ്ത് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. മുൻ തൃശൂർ എംപിയും കെപിസിസി വർക്കിങ് പ്രസിഡന്‍റുമായ ടി.എൻ. പ്രതാപന്‍റെ പത്താമത്തെ പുസ്തകമായ 'അമ്മേ അനുപമ സൗന്ദര്യമേ' ആണ് ഭരണാധികാരി പ്രകാശനം ചെയ്തത്. മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകം ഷാർജ ഭരണാധികാരി ആദ്യമായി പ്രകാശനം ചെയ്യുന്നതാണിതെന്ന് സംഘാടകർ അറിയിച്ചു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് പ്രതാപനെ ഭരണാധികാരിയുടെ അടുത്തെത്തിച്ച് പുസ്തകപ്രകാശനത്തിന് അവസരമൊരുക്കിയത്. അക്ഷരങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ആദരിക്കുന്ന ഭരണാധികാരിയിൽനിന്ന് പുസ്തകം പ്രകാശനം ചെയ്യാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നുവെന്ന് പ്രതാപൻ പറഞ്ഞു. ഷാർജ പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലി, അഷ്റഫലി എം.എ., ഡിസി ബുക്സ് പ്രതിനിധികളായ രവി ഡിസി, മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കൃതിയിൽ ലോകപ്രശസ്തരും അധികമറിയപ്പെടാത്തവരുമായ അമ്മമാരുടെ ജീവിതവും സ്നേഹവും ത്യാഗവും കരുണയുമാണ് പ്രതിപാദിക്കുന്നത്. എം.എ. യൂസഫലിയുടെയും അഷ്റഫലിയുടെയും മാതാവ് ഇത്തുമ്മയെക്കുറിച്ചുള്ള അധ്യായവും പുസ്തകത്തിലെ ശ്രദ്ധേയമായ ഭാഗമാണ്. ഇത്തുമ്മയുടെ സ്നേഹവും സമഭാവനയും അവരുടെ മകനായ യൂസഫലിയുടെ മനുഷ്യസ്നേഹത്തിൽ പ്രതിഫലിക്കുന്നുവെന്നാണ് പ്രതാപന്‍റെ നിരീക്ഷണം. വർഷങ്ങൾക്കുമുമ്പ് തൃശൂർ സ്നേഹതീരത്ത് സംഘടിപ്പിച്ച 'അമ്മക്കിളിക്കൂട്' പരിപാടിയിൽ ഇത്തുമ്മയെക്കുറിച്ച് സംസാരിച്ചപ്പോൾ യൂസഫലി വികാരാധീനനായ അനുഭവവും പ്രതാപൻ ഓർമിച്ചു. അന്ന് 70 വയസ്സു കഴിഞ്ഞ ആയിരത്തിലേറെ അമ്മമാരെ ആദരിച്ച ചടങ്ങിൽ സിനിമാ-സാംസ്കാരിക-സാമൂഹിക രംഗത്തുളളവരും പങ്കെടുത്തിരുന്നു.