മരണത്തെ മറികടക്കാനുള്ള മനുഷ്യന്‍റെ ശ്രമമാണ് ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’: ടി.ഡി. രാമകൃഷ്ണൻ

മരണത്തെ മറികടക്കാനുള്ള മനുഷ്യന്‍റെ ശ്രമമാണ് ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’: ടി.ഡി. രാമകൃഷ്ണൻ
Published on: 

മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മരണമെന്ന യാഥാർഥ്യമാണെന്നും അതിനെ എങ്ങനെ മറികടക്കാമെന്ന ചിന്തയിൽനിന്നാണ് ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’ എന്ന നോവൽ രൂപപ്പെട്ടതെന്നും എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കപ്പുറം: കോരപ്പാപ്പന്‍റെ തിരിച്ചുവരവ്’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നല്ലെങ്കിൽ നാളെ മനുഷ്യവംശം മരണത്തെ മറികടക്കുമെന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ-പോപ്പും കെ-ഡ്രാമയും കണ്ട് കുട്ടികൾ ആത്മഹത്യ ചെയ്യുന്നുവെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ വരാറുണ്ട്. എന്നാൽ കുട്ടികൾ ഇത്തരം സാംസ്കാരിക പ്രവണതകളെ ക്രിയാത്മകമായാണ് സമീപിക്കുന്നതെന്നാണ് തന്‍റെ വിലയിരുത്തലെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. ചരിത്രം അറിയണമെങ്കിൽ ചരിത്രകാരന്മാർ എഴുതിയ പുസ്തകങ്ങൾ വായിക്കണം. എഴുത്തുകാരന്‍റെ മുന്നിലുള്ള പ്രധാന ലക്ഷ്യം പറയുന്ന കഥ വായനക്കാരനെ വിശ്വസിപ്പിക്കുക എന്നതാണ്. എന്നാൽ കഥയാണെന്ന് വ്യക്തമാക്കിയിട്ടും അത് വിശ്വസിക്കാൻ വായനക്കാർ തയ്യാറാകാത്ത അവസ്ഥയുണ്ടെന്ന് ‘ഫ്രാൻസിസ് ഇട്ടിക്കോര’യുടെ രചയിതാവ് പറഞ്ഞു. കുന്ദംകുളത്തെ ചില സുഹൃത്തുക്കൾ ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് സ്മാരകം പണിയാൻ ആലോചിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു.

നൂറ്റാണ്ടുകൾക്കുമുമ്പ് വിവിധ രാജ്യങ്ങളിൽ വ്യാപാരത്തിനായി പോയ മലയാളികളുണ്ടായിരുന്നുവെന്ന് അറിയാമെങ്കിലും ചരിത്രപരമായ തെളിവുകൾ നിരത്തി അത് സ്ഥാപിക്കുക എളുപ്പമല്ല. എന്നാൽ കഥയിലൂടെ അത്തരമൊരു ചരിത്രസാധ്യത വിശ്വസനീയമായി അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഫ്രാൻസിസ് ഇട്ടിക്കോര എന്ന കഥാപാത്രത്തിലേക്ക് എത്തിയത്.

ചരിത്രത്തിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ ജീവിതം കഥകളിലൂടെ മാത്രമേ പലപ്പോഴും പറയാൻ കഴിയൂ. ചരിത്രം രേഖപ്പെടുത്തപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും അധികാരത്തിന്‍റെയും അതിന്‍റെ താൽപര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. നൂറോ ഇരുനൂറോ വർഷങ്ങൾക്കുശേഷം ചരിത്രത്തിൽ ഇടംപിടിക്കുന്നത് സമൂഹത്തിന് വലിയ നന്മ ചെയ്തവരായിരിക്കണമെന്നില്ല. അവരുടെ പ്രവൃത്തികളുടെ ദുരിതം അനുഭവിച്ചവരുടെ ജീവിതം പലപ്പോഴും ചരിത്രത്തിൽനിന്ന് പുറത്താകുന്നു. ഇത്തരത്തിൽ വിസ്മരിക്കപ്പെട്ടവരുടെ ചരിത്രമാണ് താൻ എഴുതാൻ ശ്രമിക്കുന്നതെന്നും ടി.ഡി. രാമകൃഷ്ണൻ വ്യക്തമാക്കി.

നിലവിലുണ്ടായിരുന്ന നോവൽസങ്കൽപ്പങ്ങളോട് കലഹിച്ചുകൊണ്ടാണ് ‘ഫ്രാൻസിസ് ഇട്ടിക്കോര’ വായനക്കാരിലെത്തിയത്. വായനക്കാരെ വഴിതെറ്റിക്കുന്നുവെന്നും സാഹിത്യവിരുദ്ധമാണെന്നും ഉൾപ്പെടെ വിമർശനങ്ങളുയർന്നു. എന്നാൽ 15 വർഷത്തിനുശേഷം മലയാളിയുടെ വായനാശീലത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും അതിന് ‘ഇട്ടിക്കോര’ ഒരു നിമിത്തമായെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

നോവൽ പെട്ടെന്ന് അവസാനിപ്പിച്ചതുപോലെ തോന്നിയെന്ന് പല വായനക്കാരും അഭിപ്രായപ്പെട്ടിരുന്നു. തുടക്കത്തിൽ അതിന് വലിയ പ്രാധാന്യം നൽകിയില്ലെങ്കിലും പിന്നീട് ഒരു തുടർനോവലിനുള്ള സാധ്യത തിരിച്ചറിഞ്ഞു. ‘ഫ്രാൻസിസ് ഇട്ടിക്കോര’ എഴുതിത്തുടങ്ങിയ കാലത്ത് ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങളും പരാമർശങ്ങളും വായനക്കാർ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് മലയാളി വായനാസമൂഹം കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം ഗൗരവമുള്ള ജ്ഞാനമേഖലയാണ്. ഒരു കൃതിയിൽ ചരിത്രപരമായ വസ്തുതകൾ എത്രത്തോളമുണ്ടെന്നും ഭാവന എത്രത്തോളമുണ്ടെന്നും എഴുത്തുകാരനുപോലും കൃത്യമായി വേർതിരിച്ചുപറയാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ഭാഷയുടെ സംസ്കാരം അടുത്തറിയുന്നയാൾ വിവർത്തനം ചെയ്യുമ്പോഴാണ് മികച്ച കൃതി രൂപപ്പെടുക. എഴുത്തുകാരൻ തന്നെ സ്വന്തം കൃതി മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതുകൊണ്ട് വലിയ ഗുണമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.മാധ്യമപ്രവർത്തകൻ ക്രിസ് അയ്യർ സംവാദം നയിച്ചു. പരിപാടിക്കുശേഷം അദ്ദേഹം വായനക്കാർക്ക് പുസ്തകങ്ങളിൽ ഒപ്പിട്ടുനൽകി.