വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന എട്ടാമത് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ ഡിസംബർ 2ന് ദുബായ് മുഹൈസ്നിലെ ന്യൂ ഡോൺ പ്രൈവറ്റ് സ്കൂളിൽ നടക്കും. യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായാണ് മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 60-ലധികം സ്കൂളുകളും 30-ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കും. 300-ലധികം സന്നദ്ധപ്രവർത്തകരും 3,000ത്തിലേറെ കാണികളും പരിപാടിയുടെ ഭാഗമാകും. വിവിധ രാജ്യങ്ങളിലെ കുട്ടികൾക്കിടയിൽ സൗഹൃദവും ഐക്യവും പരസ്പര ബഹുമാനവും വളർത്തുകയാണ് ലക്ഷ്യം.
പബ്ലിക് സ്പീക്കിങ്, സ്റ്റോറിടെല്ലിങ്, ഫോക്ക് ഡാൻസ്, സ്കിറ്റ്, ടാലന്റ് ഷോ, ഖുർആൻ പാരായണം, ചിത്രരചന, അറബിക് കാലിഗ്രഫി, മൈം തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രത്യേക പുരസ്കാരങ്ങളും മികച്ച സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും നൽകും. ഇന്റർ സ്കൂൾ ക്വിസ് മത്സരമായ 'ചാമ്പ്യൻസ് ട്രോഫി'യും ഇത്തവണയുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കല, പെയിന്റിങ്, ക്രാഫ്റ്റ്, സ്റ്റോറിടെല്ലിങ് തുടങ്ങിയ മേഖലകളിൽ കഴിവുകൾ അവതരിപ്പിക്കാൻ പ്രത്യേക വേദിയും ഒരുക്കും.മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വ്യക്തിഗത പ്രതിഭകളെയും സ്കൂളുകളെയും ആദരിക്കുന്നതിനായി മൂന്ന് പ്രധാന പുരസ്കാരങ്ങള് ഏർപ്പെടുത്തിയിട്ടുണ്ട്.
സന്നദ്ധസേവനം, ജീവകാരുണ്യ പ്രവർത്തനം, യുവജന ശാക്തീകരണം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് 2025ൽ ദുബായ് ഗവൺമെന്റിന്റെ 'ഇത്ര ഗോൾഡൻ അവാർഡ്' നേടിയ സംഘടനയാണ് എംഎസ്എസ്. മൂന്ന് പതിറ്റാണ്ടിലേറെയായി യുഎഇയിൽ സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ ലൈസൻസുണ്ട്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് ഫെസ്റ്റിവൽ. വൈകിട്ട് ആറു മുതൽ എട്ടു വരെ സമാപനവും പുരസ്കാരദാനവും നടക്കും. ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ എംഎസ്എസ് ചെയർമാൻ ഫയാസ്, യൂത്ത് ഫെസ്റ്റിവൽ ഡയറക്ടർ നസീർ അബൂബക്കർ ഉൾപ്പെടെയുള്ള ഭാരവാഹികൾ പങ്കെടുത്തു.