

ഒരു പാത്രത്തിൽ വെള്ളവും അന്നജവും ബ്രൗൺ ഷുഗറും ചേർത്ത് തുടർച്ചയായി ഇളക്കണം. രണ്ടര മണിക്കൂറോളം നീളുന്ന ഈ അധ്വാനത്തിനുശേഷമാണ് നെയ്യും കുങ്കുമപ്പൂവും ഏലക്കയും റോസ് വാട്ടറും ചേർക്കുന്നത്. അവസാനം കശുവണ്ടിയും വാൾനട്ടും എള്ളും കൂടി ചേരുമ്പോൾ ഒമാന്റെ പരമ്പരാഗത മധുരപലഹാരമായ ഹൽവ തയ്യാറാകും. മൂന്ന് മണിക്കൂറോളം നീളുന്ന ഈ പാചകരീതി 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ സന്ദർശകർക്ക് നേരിട്ട് കാണാം.
ഈ വർഷത്തെ പുസ്തകോത്സവത്തിലെ അതിഥിരാജ്യമായ ഒമാന്റെ പവിലിയനിലാണ് ഹൽവ നിർമാണത്തിന്റെ തത്സമയ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഒമാന്റെ ആതിഥ്യമര്യാദയുടെയും ആഘോഷങ്ങളുടെയും ഭാഗമായ ഹൽവയുടെ രുചിക്കൊപ്പം അതിന്റെ പിന്നിലെ തലമുറകളുടെ പാരമ്പര്യവും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 200 വർഷത്തിലേറെ പഴക്കമുള്ള റാഷിദ് സഈദ് അൽ അമ്രി ഫാക്ടറിയിലെ ഹൽവ നിർമാണ പാരമ്പര്യം പിന്തുടരുന്ന മുഹമ്മദ് അൽ അമ്രിയാണ് പവിലിയനിൽ ഹൽവ തയ്യാറാക്കുന്നത്. തലമുറകളായി കൈമാറിവന്ന കുടുംബത്തൊഴിലാണിത്.
ബ്രൗൺ ഷുഗർ ഉപയോഗിച്ച് തയ്യാറാക്കുന്ന കറുത്ത ഹൽവയാണ് അദ്ദേഹം ഉണ്ടാക്കുന്നത്. വെള്ളം, അന്നജം, ബ്രൗൺ ഷുഗർ എന്നിവ ചേർത്ത മിശ്രിതം രണ്ടര മണിക്കൂറോളം ചൂടിൽ തുടർച്ചയായി ഇളക്കിയാണ് ആദ്യം തയ്യാറാക്കുന്നത്. പാത്രത്തിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ 'ബുസ്താൻ' എന്നറിയപ്പെടുന്ന തടി കൊണ്ടുള്ള ഉപകരണം ഉപയോഗിക്കുന്നു. തുടർന്ന് ഏകദേശം 20 മിനിറ്റുകൊണ്ട് നെയ്യ് കുറേശ്ശെയായി ചേർക്കും. പിന്നാലെ കുങ്കുമപ്പൂവ്, ഏലക്ക, റോസ് വാട്ടർ എന്നിവയും ചേർക്കും. അവസാനം കശുവണ്ടി, വാൾനട്ട്, എള്ള് എന്നിവ കൂടി ചേർത്ത് പാത്രങ്ങളിലേക്ക് മാറ്റുന്നതോടെ ഹൽവ തയ്യാറാകും.
ഓരോ ചേരുവയും എപ്പോൾ ചേർക്കണം, മിശ്രിതം പാകമായോ എന്ന് എങ്ങനെ തിരിച്ചറിയണം തുടങ്ങിയ കാര്യങ്ങൾ വർഷങ്ങളുടെ പരിശീലനത്തിലൂടെയാണ് പഠിക്കുന്നത്. മുഹമ്മദ് അൽ അമ്രി മുത്തച്ഛനിൽനിന്നാണ് ഈ വിദ്യയുടെ ആദ്യപാഠങ്ങൾ നേടിയത്. 1950-കളിൽ മുത്തച്ഛൻ പിന്തുടർന്ന രീതി പിന്നീട് 1980-കളുടെ അവസാനത്തിൽ പിതാവും തുടർന്നു. ഇപ്പോൾ അദ്ദേഹം ആ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നു. ചൂടോടെയും ഹൽവ കഴിക്കാം. എന്നാൽ തണുക്കുമ്പോൾ ചേരുവകളുടെ രുചി കൂടുതൽ നന്നായി യോജിക്കുമെന്ന് അൽ അമ്രി പറയുന്നു.
പരമ്പരാഗതമായി വിറക് അടുപ്പുകളിലാണ് ഹൽവ തയ്യാറാക്കിയിരുന്നത്. ഇപ്പോൾ ഗ്യാസ് അടുപ്പുകൾ വ്യാപകമായെങ്കിലും പാകം നിർണയിക്കുന്നതിൽ ഹൽവ നിർമാതാവിന്റെ പരിചയത്തിനും ശ്രദ്ധയ്ക്കും തന്നെയാണ് പ്രധാന്യം.
വെള്ള, മഞ്ഞ, കറുപ്പ് തുടങ്ങി വിവിധ നിറങ്ങളിലും രുചികളിലും ഒമാനി ഹൽവ ലഭ്യമാണ്. നിസ്വ, ബർക്ക, നഖൽ, അൽ ഹംറ, സോഹാർ തുടങ്ങിയ പ്രദേശങ്ങൾക്ക് തനതായ ഹൽവ രീതികളുമുണ്ട്. ഈന്തപ്പഴം, തേൻ, കുന്തിരിക്കം, ഒട്ടകപ്പാൽ തുടങ്ങിയവ ചേർത്തുള്ള പുതിയ രുചിക്കൂട്ടുകളും ഇപ്പോൾ പരീക്ഷിക്കുന്നുണ്ട്. ഒമാനി കാപ്പിക്കൊപ്പമാണ് സാധാരണ ഹൽവ വിളമ്പുന്നത്. വിവാഹങ്ങൾ, മതപരമായ ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ തുടങ്ങിയ അവസരങ്ങളിലും ഇത് പ്രധാന വിഭവമാണ്. തലമുറകളായി അതിഥികളെ സ്വീകരിക്കാൻ ഒമാനി വീടുകളിൽ ഉപയോഗിക്കുന്ന ഈ മധുരപലഹാരത്തിന്റെ നിർമാണരീതി നേരിൽ കാണാനും രുചിച്ചറിയാനുമുള്ള അവസരമാണ് പുസ്തകോത്സവത്തിലെ ഒമാൻ പവിലിയൻ ഒരുക്കുന്നത്.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവം നടക്കുന്നത്. 'മെയ്ഡ് ഓഫ് സ്റ്റോറീസ്' എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാനാണ് അതിഥിരാജ്യം. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളാണുള്ളത്. 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.