അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്, തങ്ങളുടെ തൊഴിലാളികൾക്ക് അന്താരാഷ്ട്ര യാത്രയൊരുക്കി ദുബായിലെ സംരംഭക ദമ്പതികൾ. തങ്ങളുടെ ആയിരക്കണക്കിന് തൊഴിലാളികളിൽനിന്നും കഴിഞ്ഞ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 10 തൊഴിലാളികളെ, 'സൂപ്പർഹീറോ' പദവി നൽകി ആദരിച്ചാണ്, യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ്ങ് ചെയർമാൻ നിഷാദ് ഹുസ്സൈനും മാനേജിംഗ് ഡയറക്റ്റർ ഹസീന നിഷാദും, തൊഴിലാളികൾക്ക് 4 ദിവസത്തെ ഉല്ലാസയാത്ര സമ്മാനിച്ചത്.
പ്രകൃതി സൗന്ദര്യംകൊണ്ട് സമ്പന്നമായ ജോർജിയ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായ തിബിലിസിയിലാണ് തൊഴിലാളി ദിനം ഇവർ ആഘോഷിച്ചത്. സിനിമകളിൽ മാത്രമാണ് തങ്ങള്‍ ഇതുപോലുള്ള സ്ഥലങ്ങൾ കണ്ടത്, ഇപ്പോള്‍ സ്വർഗ്ഗലോകത്തിലുളളതുപോലെയെന്നാണ് ഉത്തർപ്രദേശ് സ്വദേശിയായ ഉഗ്രസെന്‍ പറഞ്ഞത്. ഇതൊക്കെ സ്വപ്നത്തിൽപ്പോലും കണ്ടിട്ടില്ലെന്ന് തമിഴ്‌നാട് സ്വദേശി ബാലകൃഷ്ണൻ പറഞ്ഞു. സ്മാർട്ട് ഫോണും, വാട്സാപ്പും ഉപയോഗിക്കാത്ത ബാലകൃഷ്ണൻ കൂടെ യാത്ര ചെയ്യുന്ന സുഹൃത്തുക്കളുടെ മൊബൈലിൽനിന്നാണ് നാട്ടിലേക്ക് ചിത്രങ്ങളും വിഡിയോയോകളും അയക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ലീവൊന്നും എടുക്കാതെ ജോലി ചെയ്യുന്ന ദാരാ സിങ്ങിന് അപ്രതീക്ഷിതമായി ലഭിച്ച ഈ യാത്ര പുതിയ ഊർജ്ജമാണ് നൽകിയത്.
ജോലിചെയ്യുന്ന തൊഴിലാളികളാണ് നായകന്‍മാർ, അങ്ങനെയാണ് തങ്ങള്‍ കാണുന്നത്. യുഎയിലെ നിരവധി സുപ്രധാന കൺസ്ട്രക്ഷനുകളിൽ നൂറുക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. അവരുടെ മികച്ച പിന്തുണയാണ് തങ്ങളുടെ കമ്പനിയുടെ ഏറ്റവും വലിയ കരുത്തെന്നും മാനവ വിഭവശേഷി മേഖലയിൽ കൂടുതൽ പ്രശസ്തരായ കമ്പനിയുടെ ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. തൊഴിലാളികളുടെ സന്തോഷത്തിന് തങ്ങള്‍ എപ്പോഴും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഹസീന നിഷാദ് പറയുന്നു. മികച്ച തൊഴിലാളി ക്ഷേമ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഹസീന നിഷാദ്, ഷാർജ സർക്കാരിന്‍റെ ആദരംകഴിഞ്ഞദിവസം സജ്ജയിൽ വച്ചുനടന്ന ചടങ്ങിൽ, ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്‍റ് അതോറിറ്റി ചെയർമാൻ സാലിം യൂസഫ് അൽ ഖസീറിൽനിന്നും ഏറ്റുവാങ്ങിയിരുന്നു
കഴിഞ്ഞ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിലും തങ്ങളുടെ തൊഴിലാളികളെ ആദരിച്ച് അവർക്ക് രണ്ടു ദിവസത്തെ ആഡംബര ജീവിതം സമ്മാനിച്ചതും ആഗോള ശ്രദ്ധ നേടിയിരുന്നു. അന്ന് തൊഴിലാളികൾ റോൾസ് റോയ്‌സ് കാറിൽ സഞ്ചരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും, ലോകത്തിലെ ഏറ്റവും വലിയ ആഢംബര ഹോട്ടലുകളിലൊന്നായ ബുർജ് അൽ അറബും സന്ദർശിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിലായിരുന്നു രണ്ടുദിവസം താമസിച്ചത്