Gulf Stream

ഷാർജ പുസ്തകോത്സവത്തിന് നാളെ സമാപനം

പുസ്തകപ്രേമികൾക്ക് ഒരിക്കൽക്കൂടി പുസ്തകങ്ങളുടെ ലോകത്ത് സമയം ചെലവഴിക്കാനും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാനും അവസരം. എക്സ്പോ സെന്‍റർ ഷാർജയിൽ നടക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവം (എസ്ഐബിഎഫ്) ഞായറാഴ്ച സമാപിക്കും. ആയിരക്കണക്കിന് പുസ്തകങ്ങൾക്കൊപ്പം സാഹിത്യസംവാദങ്ങൾ, നാടകാവതരണങ്ങൾ, കുട്ടികൾക്കും യുവാക്കൾക്കുമായി വിവിധ വിനോദ-വിജ്ഞാന പരിപാടികൾ എന്നിവയാണ് അവസാനദിനത്തിലെ പ്രധാന ആകർഷണങ്ങൾ.

പുസ്തകങ്ങളുടെ വലിയ ലോകം

നോവൽ, സാഹിത്യം, കവിത, ചരിത്രം, തത്ത്വചിന്ത, ശാസ്ത്രം, സ്വയംവികസനം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. കല, പാചകം, യാത്ര, കുട്ടികളുടെ കഥകൾ, ചിത്രപുസ്തകങ്ങൾ, വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ എന്നിവയും സന്ദർശകർക്ക് പരിചയപ്പെടാം. അറബ്, രാജ്യാന്തര പ്രസാധകരുടെ സ്റ്റാളുകളിൽ പുതിയ പുസ്തകങ്ങൾ കണ്ടെത്താനും വാങ്ങാന്‍ കഴിയാതിരുന്ന പുസ്തകങ്ങൾ സ്വന്തമാക്കാനും അവസാനദിനം അവസരമൊരുങ്ങും.

സാഹിത്യവും കഥപറച്ചിലും

ഇന്ത്യൻ പണ്ഡിതനും കവിയുമായിരുന്ന ഷൗക്കത്ത് പർദേശിയുടെ ജീവിതവും സാഹിത്യസംഭാവനകളും പരിചയപ്പെടുത്തുന്ന 'ദസ്താൻ ഇ ഷൗക്കത്ത് പർദേശി' എന്ന പരിപാടി വൈകിട്ട് 3 മുതൽ 5 വരെ ഇന്‍റലക്ച്വല്‍ ഹാളിൽ നടക്കും. പരമ്പരാഗത ഇന്ത്യൻ വാമൊഴിക്കഥപറച്ചിൽ രീതിയായ ദസ്താൻഗോയാണ് പരിപാടിയുടെ പ്രത്യേകത. സാഹിൽ അഗയാണ് അവതാരകൻ.

വൈകിട്ട് ആറിന് ഫോറം ഒന്നിൽ റിയ ചോപ്ര പങ്കെടുക്കുന്ന 'ദി റീഡർ ഈസ് നൗ ഇൻ ദി റൂം' എന്ന സംവാദം നടക്കും. സമൂഹമാധ്യമങ്ങളും എഴുത്തുകാരുമായുള്ള നേരിട്ടുള്ള ഇടപെടലുകളും വായനക്കാരും എഴുത്തുകാരും തമ്മിലുള്ള ബന്ധത്തിൽ വരുത്തിയ മാറ്റങ്ങളാണ് ചർച്ച ചെയ്യുന്നത്.

വൈകിട്ട് 7.15ന് ഫോറം രണ്ടിൽ നടിയും എഴുത്തുകാരിയും സഞ്ചാരിയുമായ ഷെനാസ് ട്രഷർവാല പങ്കെടുക്കുന്ന സംവാദമുണ്ട്. യാത്രകൾ, വ്യത്യസ്ത സംസ്കാരങ്ങൾ, ഭക്ഷണരീതികൾ എന്നിവയിലൂടെ ലഭിച്ച അനുഭവങ്ങൾ വ്യക്തിത്വത്തെയും സർഗാത്മകതയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് വിഷയം.

ലൈബ്രറി അംഗത്വത്തിന് 50 ശതമാനം ഇളവ്

ഷാർജ പബ്ലിക് ലൈബ്രറീസ് സ്റ്റാളിൽ മുതിർന്നവർക്കുള്ള അംഗത്വ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലൈബ്രറി സേവനങ്ങളും പുസ്തകശേഖരങ്ങളും വർഷം മുഴുവൻ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതിലൂടെ അംഗത്വമെടുക്കാം.

വാട്ടർലാൻഡ് നാടകാവതരണം

വൈകിട്ട് ആറിന് ഔട്ട്ഡോർ തിയറ്ററിൽ 'വാട്ടർലാൻഡ്' എന്ന നാടകാവതരണം നടക്കും. സാങ്കൽപിക ലോകത്ത് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതോടെ ആഘോഷം ദുരന്തത്തിലേക്ക് മാറുന്നതും സുരക്ഷിത ഇടം തേടി ഒരു കൂട്ടം ജീവികൾ നടത്തുന്ന യാത്രയുമാണ് പ്രമേയം. സാഹസികതയും നർമവും ചേർന്ന അവതരണം വ്യത്യസ്തതകളെ അംഗീകരിക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള സന്ദേശവും നൽകുന്നു.

കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ

കുട്ടികൾക്കും യുവാക്കൾക്കുമായി വിവിധ മേഖലകളിൽ ശിൽപശാലകളും പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. 'ഫ്യൂച്ചർ ഹാൻഡ്സ്' മേഖലയിൽ വിവിധ തൊഴിലുകൾ പരിചയപ്പെടാൻ റോൾ പ്ലേ പരിപാടികളുണ്ട്. 'ഡിസ്കവറി' മേഖലയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും സംവേദനാത്മക പ്രവർത്തനങ്ങളും നടക്കും.

'ആർട്സ് ആൻഡ് എക്സ്പ്രഷൻ' മേഖലയിൽ ചിത്രരചനയും കരകൗശലവും, 'ക്രിയേറ്റീവ് ഇൻഡസ്ട്രീസ്' മേഖലയിൽ ഉൽപന്നങ്ങളുടെ രൂപകൽപനയും പരിചയപ്പെടാം. 'ഫിറ്റ്നസ് ആൻഡ് ഹെൽത്ത്' മേഖലയിൽ ചലനവും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും 'ക്രിയേറ്റീവ് കുക്കിങ്' മേഖലയിൽ പാചകപരിശീലനവുമുണ്ട്.

ഒമാൻ പവിലിയനിലും സന്ദർശകരെത്തുന്നു

45-ാമത് പുസ്തകോത്സവത്തിലെ അതിഥിരാജ്യമായ ഒമാന്റെ പവിലിയനും അവസാനദിനത്തിൽ സന്ദർശിക്കാം. ഒമാന്‍റെ സാഹിത്യ-കലാ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, നാടൻ കരകൗശല വസ്തുക്കൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒമാനി ഹൽവയുടെ രുചി അറിയാനും അവസരമുണ്ട്.

തലമുറകളുടെ രുചിക്കൂട്ട്; ഷാർജ പുസ്തകോത്സവത്തിൽ ഒമാനി ഹൽവയുടെ മധുരം

കളങ്കാവലിലെ സ്റ്റീഫനിൽ നിന്ന് ബാഹുബലി നിർമ്മാതാക്കളുടെ 'ജോൺ ഡോ'യിലേക്ക്: സുശീൽ സുരേന്ദ്രൻ അഭിമുഖം

'മെറിബോയ്സ്' റിലീസ് ഡിസംബറിൽ; ചിത്രത്തിലെ ആദ്യ ക്യാമ്പസ് ഗാനം പുറത്തിറങ്ങി

ഭാവനയിലൂടെ യാഥാർഥ്യത്തെ മാറ്റാം; കഥകളുടെ ലോകം ചർച്ച ചെയ്ത് പുസ്കകമേള

വായനയുടെ വലിയ ആഘോഷം; ഷാർജ പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും

SCROLL FOR NEXT