Gulf Stream

'കാക്കേ കാക്കേ കൂടെവിടെ'; ബാലകവിതയ്ക്കപ്പുറം സാമൂഹിക യാഥാർഥ്യങ്ങളുടെ വായന: പി.കെ. ഗോപി

കുട്ടിക്കാലത്ത് നാം പഠിച്ച 'കാക്കേ കാക്കേ കൂടെവിടെ' എന്ന കവിതയ്ക്ക് പുതിയ സാമൂഹിക വായന നൽകി കവി, ഗാനരചയിതാവ് പി.കെ. ഗോപി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും ലോകത്തെ ഏറ്റവും വലിയ പ്രശ്നമായ വിശപ്പുമാണ് കവിതയുടെ കാതലെന്ന് അദ്ദേഹം പറഞ്ഞു. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായി ഇന്‍റലക്ച്ല്‍ ഹാളിൽ നടന്ന 'കവിത ഒരു ഗാനമായി മാറുമ്പോൾ' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാക്കയെക്കുറിച്ചുള്ള ലളിതമായ ബാലകവിതയായി മാത്രം ഈ രചനയെ കണ്ടത് അതിന്‍റെ ആഴത്തിലുള്ള അർഥം തിരിച്ചറിയാതെയാണെന്ന് പി.കെ. ഗോപി പറഞ്ഞു. വിശപ്പിന്‍റെ സാമൂഹിക യാഥാർഥ്യമാണ് കവിത മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യം കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർ തയാറായില്ല. ശക്തമായ സാമൂഹിക ഉള്ളടക്കമുള്ള കവിതയെ ബാലകവിതയുടെ പട്ടികയിൽപ്പെടുത്തി ചൊല്ലി ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കവിതയെ സ്വീകരിക്കുകയും നിർവചിക്കുകയും നിരൂപണം ചെയ്യുകയും അതിലൂടെ സാമൂഹിക യാഥാർഥ്യങ്ങൾ പഠിക്കുകയും വേണമായിരുന്നു.

കാക്കയുടെ കറുത്ത നിറവും സമൂഹത്തിൽ അതിന് കൽപിക്കപ്പെടുന്ന സ്ഥാനം ഉൾപ്പെടെയുള്ള പ്രതീകാത്മകതകളും നാം കാണാതെ പോയി. മയിലിനെപ്പോലെ ആടുകയോ കുയിലിനെപ്പോലെ പാടുകയോ ചെയ്യാത്ത കാക്ക അടിയാളരുടെ പ്രതീകമാണെന്ന വായനയും അദ്ദേഹം മുന്നോട്ടുവച്ചു.

ഷാർജ പുസ്തകമേളയെ ഒരു സംസ്കാരത്തിന്‍റെ ആഘോഷമായാണ് കാണുന്നതെന്ന് പി.കെ. ഗോപി പറഞ്ഞു. പുസ്തകങ്ങളെയും സാഹിത്യത്തെയും കലയെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഭരണാധികാരിയുടെ ദീർഘവീക്ഷണം ശ്രദ്ധേയമാണ്. 'പുസ്തകം' എന്നതിനേക്കാൾ 'പുത്തകം' എന്നു പറയാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' വായിച്ച അനുഭവമാണ് എഴുത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ഓർത്തെടുത്തു.

കവിതയും പാട്ടും തമ്മിലുള്ള ബന്ധവും വ്യത്യാസവും വിശദീകരിച്ച കവി, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, കവിത പാട്ടിനേക്കാൾ ഉയർന്നതാണെന്ന ധാരണയോട് വിയോജിച്ചു. കവിത സ്വയം പ്രകാശനമാണെങ്കിൽ പാട്ടിന് അതിന്‍റേതായ ആവിഷ്കാര രീതിയുണ്ട്. രണ്ടും ഒന്നിനു മുകളിലോ താഴെയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ആദ്യകാല സാഹിത്യകൃതികളിൽ പലതും പാട്ടിന്‍റെ രൂപത്തിലായിരുന്നുവെന്നും ഹരിനാരായണൻ ചൂണ്ടിക്കാട്ടി. ചീരാമന്‍റെ രാമചരിതത്തിലെ 'കാനനം' എന്നു തുടങ്ങുന്ന വരികൾ മുതൽ കണ്ണശ്ശ രാമായണം, രാമായണം കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട്, മോയിൻകുട്ടി വൈദ്യരുടെ കെട്ടിവെച്ച പാട്ട് തുടങ്ങിയവയെല്ലാം പാട്ടിന്‍റെ പാരമ്പര്യമാണ് അടയാളപ്പെടുത്തുന്നത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും മുൻകാലത്ത് കൃഷ്ണപ്പാട്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്‍റെ പാട്ടുകൾക്ക് അർഹിക്കുന്ന പരിഗണന നൽകാൻ നാം തയാറായില്ലെന്ന് പി.കെ. ഗോപി ചൂണ്ടിക്കാട്ടി. അത്തരം പാട്ടുകൾക്ക് പാഠ്യപദ്ധതിയിലും വേണ്ടത്ര ഇടം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയുടെ സംഗീതാഭിരുചികളെക്കുറിച്ച് സംസാരിച്ച ഹരിനാരായണൻ, ഇന്നത്തെ കുട്ടികൾ വിവിധ ഭാഷകളിലെയും സംസ്കാരങ്ങളിലെയും പാട്ടുകളെ സ്വാംശീകരിക്കുന്നവരാണെന്ന് അഭിപ്രായപ്പെട്ടു. സമരങ്ങൾ എങ്ങനെ നടത്തണമെന്ന് പോലും സമൂഹത്തിന് കാണിച്ചുതരുന്ന തലമുറയാണിത്. പാട്ടിന്‍റെ മാറിയ വളർച്ചയാണ് 'വിയർപ്പ് തുന്നിയിട്ട കുപ്പായം' പോലുള്ള വരികൾക്കും വേടനെപ്പോലുള്ള പുതിയ കലാകാരന്മാർക്കും ഇടമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രണയത്തിന്‍റെ അർഥത്തിലും മൂല്യങ്ങളിലും വന്ന മാറ്റങ്ങളെക്കുറിച്ചും പി.കെ. ഗോപി സംസാരിച്ചു. പ്രണയം സത്യവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ സ്നേഹത്തിന്റെ സ്ഥാനത്ത് ശാരീരികത മാത്രം കടന്നുവരുമ്പോൾ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും കാര്യങ്ങൾ എത്തുന്നു. ഭാഷയും സ്നേഹവും സംസ്കാരവും നഷ്ടപ്പെടുന്നിടത്ത് താളവും സത്യവും നിലനിൽക്കില്ലെന്നും ഭാഷയുടെ സൗന്ദര്യവും സത്യവും നഷ്ടമാകുന്ന കാലത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാധാകൃഷ്ണൻ മച്ചിങ്ങൽ സംവാദത്തിൽ മോഡറേറ്ററായിരുന്നു. പരിപാടിക്കുശേഷം ഇരുവരും വായനക്കാർക്ക് പുസ്തകങ്ങളിൽ ഒപ്പിട്ടുനൽകി.

മരണത്തെ മറികടക്കാനുള്ള മനുഷ്യന്‍റെ ശ്രമമാണ് ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’: ടി.ഡി. രാമകൃഷ്ണൻ

ഷാർജ ഭരണാധികാരി പ്രകാശനം ചെയ്തു; രാജ്യാന്തര പുസ്തകമേളയിൽ ചരിത്രമായി ടി.എൻ. പ്രതാപന്‍റെ പുസ്തകം

ഒമാന്‍റെ പൈതൃകപ്പെരുമയുമായി വനിതകളുടെ പരമ്പരാഗത വേഷങ്ങൾ; ഷാർജ പുസ്തകമേളയിൽ വേറിട്ട കാഴ്ച

സോണിയാ ഗാന്ധിയുടെ പുസ്തകം അസാധാരണമായൊരു മനുഷ്യ ജീവിതത്തിന്റെ സാക്ഷ്യപ്പെടുത്തല്‍: മന്ത്രി ടി.സിദ്ദിഖ്

മലയാളം സിനിമകളെ പല ഇൻഡസ്ട്രികളും ഉറ്റുനോക്കുന്നു എന്ന് പറയാറില്ലേ, ഭൗമ ആ ഗണത്തിൽ ചേർക്കാൻ കഴിയുന്ന സിനിമ: സാഗർ സൂര്യ

SCROLL FOR NEXT