നിശ്ചയദാർഢ്യക്കാരായ കുട്ടികള്‍ക്കായുളള അക്കാദമി ഷാർജയില്‍ പ്രവർത്തനം ആരംഭിച്ചു. എച്ച്.കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സിന്റെ കീഴിലാണ് എച്ച്.കെ ബ്രിഡ്ജ് എജുക്കേഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പഠനബുദ്ധിമുട്ടുകൾ, ശ്രദ്ധാപരിമിതികൾ, മാനസിക വെല്ലുവിളികൾ എന്നിവ മൂലം സാധാരണ സ്കൂളുകളില്‍ പഠനം ബുദ്ധിമുട്ടാകുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്നുളള ലക്ഷ്യത്തോടെയാണ് ഹരീഷ് കണ്ണന്റെ നേതൃത്വത്തില്‍ എച്ച്.കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങുന്നത്. ഇത്തരം വിദ്യാർഥികളുടെ അക്കാദമികവും നൈപുണ്യപരവുമായ സമഗ്ര വികസനമാണ് അക്കാദമിയുടെ ലക്ഷ്യം.
നവംബർ 22ന് നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഇന്റർനാഷനൽ മിഡിൽ ഈസ്റ്റിന്റെ ഡിസ്ട്രിക്റ്റ് ഗവർണർ ലൈയൺ അഗസ്റ്റോ ഡീ പിയെട്രോ ഉദ്ഘാടനം നിർവഹിച്ചു. ശിശുരോഗവിദഗ്ധനും ആന്റണി മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടറുമായ ഡോ. ഡെയിസ് ആന്റണി ചടങ്ങിൽ സന്നിഹിതനായിരുന്നു. എച്ച്.കെ ബ്രിഡ്ജ് എജുക്കേഷൻ അക്കാദമിയുടെ ആദ്യ നിയമനം മുഹമ്മദ് താഹ മസൂദിന് അദ്ദേഹം ചടങ്ങിൽ കൈമാറി. എച്ച്.കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഉപദേശകസമിതി അംഗങ്ങളായ സന്തോഷ് കുമാർ കെട്ടത്ത്, സുനിൽ ഗംഗാധരൻ, മോഹനചന്ദ്രൻ മേനോൻ, ശോഭ മോഹൻ, ജോസഫ് തോമസ്, വിജയ മാധവൻ, ടി.എൻ. കൃഷ്ണകുമാർ, എസ്.എഫ്. ഇഗ്നേഷ്യസ് എന്നിവരും സാമൂഹിക, സാംസ്കാരിക മേഖലയിലുളളവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് അടിസ്ഥാനമാക്കിയ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. 10, 12 ക്ലാസ് യോഗ്യത നേടാനുമുള്ള സൗകര്യം ഇത് വിദ്യാർഥികൾക്ക് നൽകുന്നു. ഓരോ വിദ്യാർഥിക്കും ഐ.ഇ.പി അടിസ്ഥാനമാക്കി കുറഞ്ഞ അധ്യാപകവിദ്യാർഥി അനുപാതത്തിൽ വ്യക്തിഗത പഠനാനുഭവം നൽകുന്നു. വിദ്യാർഥികൾ നേരിടുന്ന പഠന വ്യവഹാര, ഭാവനാത്മക വെല്ലുവിളികൾക്ക് പരിഹാരം കാണാൻ തെറപ്പിസ്റ്റുകളും അധ്യാപകരും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്, ഇത് പഠനപ്രക്രിയയെ കൂടുതൽ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗമ്യ ഹരീഷ്, സന്തോഷ് കേട്ടത്ത്, ടി.എൻ. കൃഷ്ണകുമാർ, വി.എസ്. ബിജുകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.