ബിസിനസ് വിജയത്തിന്‍റെ സന്തോഷം ജീവനക്കാർക്കൊപ്പം പങ്കിട്ട് വേറിട്ട വിജയാഘോഷവുമായി യുഎഇയിലെ മലയാളി യുവസംരംഭകൻ. മികച്ച പ്രകടനം കാഴ്ചവച്ച അഞ്ച് ഉന്നത ജീവനക്കാർക്ക് പുത്തൻ ജെറ്റൂർ ടി2 ആഡംബര എസ്‌യുവികൾ സമ്മാനമായി നൽകി ദുബായ് ആസ്ഥാനമായ ബിസിസി ഗ്രൂപ്പ് ഇന്‍റർനാഷണല്‍ ശ്രദ്ധേയമായി. കണ്ണൂർ സ്വദേശിയും ബിസിസി ഗ്രൂപ്പിന്‍റെയും ബിസിസി പ്രോപർട്ടീസിന്‍റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ അംജദ് സിത്താരയാണ് ജീവനക്കാർക്ക് അപ്രതീക്ഷിത സമ്മാനം നൽകിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിസിസിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ജീവനക്കാരോടുള്ള ആദരവ് കൂടിയാണ് ഈ സമ്മാനമെന്ന് അധികൃതർ പറഞ്ഞു.
മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു അഞ്ച് വാഹനങ്ങളുടെയും താക്കോൽ ജീവനക്കാർക്ക് കൈമാറിയത്. സമ്മാനം പ്രഖ്യാപിച്ചതോടെ അപ്രതീക്ഷിത സന്തോഷത്തിലായ ജീവനക്കാരുടെ പ്രതികരണങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ബിസിനസിലെ നേട്ടങ്ങൾ ജീവനക്കാരുമായി പങ്കിടുന്നതിന് വ്യത്യസ്തമായ രീതികൾ നേരത്തെയും സ്വീകരിച്ചിട്ടുണ്ട് അംജദ് സിത്താര.