Music

ഒരു എര്‍ദ്ദോഗന്മാരും സ്വയം ജനിക്കുന്നതല്ല, ജനതതികള്‍ നട്ടുനനച്ചുണ്ടാക്കുന്നതാണ്, മുളയിലേ നുള്ളേണ്ടവ

ഷഹബാസ് അമന്‍

(കലാ)ലോകത്തിനു കഴിഞ്ഞ ദിവസം കാണേണ്ടി വന്ന ഏറ്റവും ദുഖകരമായ രംഗങ്ങളിലൊന്നാണിത്! തന്റെ മ്യൂസിക് ബാന്‍ഡംഗവും തുര്‍ക്കിയിലെ യുവവിപ്ലവഗായികയുമായ ഹെലിന്‍ ബോലകിന്റെ നിശ്ചല ശരീരത്തിനു തൊട്ടരികില്‍ അവരുടെ നിലച്ച ഹൃദയത്തില്‍ കൈചേര്‍ത്ത് വെച്ച് ഇരിക്കുകയാണു വിപ്ലവ ഗായകന്‍ ഇബ്രാഹിം ഗോക്കെക്! ഏകാധിപതിയായ ടര്‍ക്കിഷ് പ്രസിഡണ്ട് എര്‍ദ്ദോഗാന്റെ 'വിപ്ലവസംഗീത വിരുദ്ധ നടപടി'കളില്‍ പ്രതിഷേഷിച്ച് നിരാഹാര സമരം നടത്തിവരികയായിരുന്നു ഇരുവരും! ബാക്കി ബാന്‍ഡംഗങ്ങള്‍ ജയിലിലാണ്! നിരാഹാരത്തിന്റെ 288 മത്തെ ദിവസമായ ഇന്നലെയാണു തുര്‍ക്കിയെ പിടിച്ച് കുലുക്കിയിരുന്ന യുവ ഗായിക ഹെലിന്‍ മെലിഞ്ഞൊട്ടി ജഡപ്രായയായി ഈ ലോകത്ത് നിന്ന് മറ്റുള്ളവര്‍ നോക്കി നില്‍ക്കെ ഇല്ലാതായത്.അഥവാ ഭരണകൂട അവഗണനയാല്‍ കൊല്ലപ്പെട്ടത്! ഇബ്രാഹിം ഏകദേശം അതേ അവസ്ഥയിലാണിപ്പോള്‍! വരും ദിനങ്ങളില്‍ എന്തും സംഭവിക്കാം!

ഭരണകൂട ഭീകരതയെ പേടിച്ചോ അതിന്റെ ആനുകൂല്യങ്ങള്‍ കിട്ടാതെയാകുമെന്ന് ഭയന്നോ അതിന്റെ ഏതു നെറികേടും സഹിച്ച് അതിനോടൊപ്പം അഭിമാനത്തോടെയും നന്ദിപൂര്‍വ്വവും സഞ്ചരിക്കാന്‍ തന്നെ തീരുമാനിച്ചിട്ടുള്ള അനേകം കലാകായിക താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ലോകമാണിത്! അങ്ങനെയുള്ളവര്‍ക്ക് ഹെലിനും ഇബ്രാഹിമും അവരുടെ ' ഗ്രുപ് യോര്‍' എന്ന ബാന്‍ഡുമൊക്കെ അഹങ്കാരികളും മണ്ടന്മാരും വിഡ്ഡികളുമാവാം ! പക്ഷേ ആത്മാഭിമാനവും സ്വതന്ത്രബുദ്ധിയുമുള്ള കലാകാരരെ സംബന്ധിച്ച് ഹെലിന്‍ ബോലെകും ഇബ്രാഹിം ഗോകെക്കും രണ്ടു കെടാവിളക്കുകളാണു! അനശ്വരനക്ഷത്രങ്ങള്‍! തുടരുന്ന ഈ ജീവിതത്തില്‍ കുറ്റബോധമൊന്നുമില്ലെങ്കിലും ധീരമോ സംഭവബഹുലമോ അല്ലാത്ത സ്വന്തം ഗാനജീവിതത്തെ ഓര്‍ത്തെങ്കിലും ഹെലിനും ഇബ്രാഹിമിനും മുന്‍പില്‍ ഒരു നിമിഷം ലജ്ജിച്ച് തലകുനിക്കുന്നതില്‍ സ്വയം ആശ്വാസം കണ്ടെത്തട്ടെ! ടസ്‌കിം ഇസ്തികാല്‍ തെരുവുകളില്‍ സ്വയം നഷ്ടപ്പെട്ടു നടന്ന ഏതാനും ദിന രാത്രങ്ങളും പിന്നീട് അതിന്റെ ഓര്‍മ്മകളും സമ്മാനിച്ച ആനന്ദങ്ങള്‍ മുഴുവനും ഇവിടെ റദ്ദാവുകയാണല്ലൊ! നമ്മുടെ രാജ്യത്ത് ഒരു കലാകാര്‍ക്കും ഈ അവസ്ഥ വരാതിരിക്കട്ടെ! ഒരു എര്‍ദ്ദോഗന്മാരും സ്വയം ജനിക്കുന്നതല്ല! അതാത് ജനതതികള്‍ നട്ടുനനച്ചുണ്ടാക്കുന്നതാണു! മുളയിലേ നുള്ളേണ്ടവ!

ഇനി വരുന്ന ഓരോ കോവിഡാനന്തര നിമിഷങ്ങളിലും ശാസ്ത്രീയമായ ഓരോ അറിവിനോടൊപ്പവും ഒരു നുള്ള് നീതി കൂടി നാം ഉറപ്പ് വരുത്തുക! കരുതല്‍ വേറെ! നീതി വേറെ!. ഇന്നത്തെ ഇന്‍ഡ്യന്‍ ദിനത്തിന്റെ 'രാഷ്ട്രീയ-ശാസ്ത്രീയ സ്വഭാവം' കണക്കിലെടുത്തും തുര്‍ക്കിയില്‍ത്തന്നെയാണു (കോന്യ) ഹെലിനെപ്പോലെ റൂമിയും അന്ത്യ വിശ്രമം കൊള്ളുന്നത് എന്നതിനാലും അദ്ദേഹത്തിന്റെ ഒരു വാക്കുദ്ധരിച്ച് കൊണ്ട് നിര്‍ത്തുന്നു!

''THE WOUND IS THE PLACE WHERE THE LIGHT ENTERS YOU'

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT