സിനിമക്ക് മുന്‍പായി പുറത്തുവന്ന ചില സംവാദങ്ങളില്‍ മുന്‍ ചിത്രങ്ങളുടെ അനുഭവങ്ങള്‍ പ്രതീക്ഷിച്ച് പോകരുതെന്ന അഭ്യര്‍ത്ഥനയും നമ്മള്‍ കേട്ടിരുന്നു. എന്നിട്ടും സിനിമയുടെ ഫൈനല്‍ ആക്ടില്‍ നിറഞ്ഞ കയ്യടികള്‍ തിയറ്ററില്‍ ഉയരുന്നത് എഴുത്തുകാരന്റെ, സംവിധായകന്‍റെ, സിനിമയുടെ വിജയമാണ്.
ആശയം മുതല്‍ നിര്‍മ്മാണം വരെ ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമ മാത്രമായി വിഭാവനം ചെയ്യപ്പെട്ടതായിരിക്കണം ‘ദൃശ്യം’. മലയാള സിനിമയില്‍ അന്നുവരെയില്ലാത്ത വിധം വിജയത്തിന്‍റെ പുതിയ കണക്കുകള്‍ പ്രസ്താവിച്ച സിനിമ. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ചില വിദേശ രാജ്യങ്ങളിലും പുനര്‍നിര്‍മ്മിക്കുംവിധം അസാധാരണമായ അഭിപ്രായം കാണികളില്‍ നിന്നും നിരൂപകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചു. ആ ഉജ്ജ്വലമായ വിജയവും ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മകളില്‍ പ്രത്യക്ഷപ്പെട്ട ചര്‍ച്ചകളുമായിരിക്കണം രണ്ടാം ഭാഗത്തിന് കാരണമായത്.
തുടര്‍ച്ചകള്‍ മുന്‍കൂട്ടി നിശ്ചയിച്ച സിനിമകളെപ്പോലെയല്ല, ഒരൊറ്റ നിര്‍മ്മിതിയില്‍ നിന്ന് പിന്നീട് തുടര്‍ഭാഗങ്ങളൊരുക്കുക എന്നത്. പറഞ്ഞു പൂര്‍ത്തിയാക്കിയ കഥയില്‍ മുന്നോട്ട് പോക്ക് ബുദ്ധിമുട്ടായിരിക്കും. ഒപ്പം കഥാലോകത്തിന്‍റെയും കഥാപാത്രങ്ങളുടെയും സ്വാഭാവികമായ തുടര്‍ച്ച മുന്‍ഭാഗം ബാക്കിവെച്ച പ്രതീക്ഷകളോളം ഉയരത്തില്‍ വാര്‍ത്തെടുക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്.
ദൃശ്യത്തിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും കഥാലോകത്തിനും കാലത്തിനനുസരിച്ച വളര്‍ച്ചകള്‍ വരുത്തി അവതരിപ്പിക്കുന്നതില്‍ ജീത്തു ജോസഫ് ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തില്‍ വിജയിച്ചിരുന്നു. ഒന്നാം ഭാഗത്തിന് സമാനമായ രീതിയില്‍ ചിത്രത്തിന്‍റെ അവസാനത്തോടടുപ്പിച്ച് അസാധാരണമായ ‘വൗ ഫാക്ടര്‍’ ഉണ്ടാക്കുന്നതിലൂടെ അഭൂതപൂര്‍വമായ രീതിയില്‍ സിനിമ സ്വീകരിക്കപ്പെട്ടു. ആ സിനിമയുടെ ചിത്രീകരണത്തിലെ കുറവുകള്‍ പോലും റിലീസ് വേളയില്‍ കാര്യമായങ്ങനെ ആരും വിമര്‍ശന വിധേയമാക്കിയില്ല.
‘മിറാഷ്’, ‘വലതുവശത്തെ കള്ളന്‍’ പോലെയുള്ള ജീത്തു ജോസഫിന്‍റെ സമീപകാല സിനിമകള്‍ കണ്ടവര്‍ അദ്ദേഹത്തിന്‍റെ പുതിയ സിനിമയില്‍ വലിയ പ്രതീക്ഷയൊന്നും കാത്തുവെക്കാനിടയില്ല. എന്നാല്‍, കരിയറിലെ ഏറ്റവും മികച്ച സൃഷ്ടിയുടെ തുടര്‍ച്ചയിലേക്ക് വരുമ്പോള്‍ പലപ്പോഴും ലോജിക്കില്ലായ്മയുടെയും പ്ലാസ്റ്റിക് കഥാപാത്രങ്ങളുടെയും സൃഷ്ടിയില്‍ വീണ് ഗതികിട്ടാതെ പോകുന്ന അവസ്ഥയില്‍ നിന്ന് ജീത്തു ജോസഫിലെ എഴുത്തുകാരനും സംവിധായകനും ഒരുപോലെ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നുണ്ട്.
ജീത്തു ജോസഫെന്ന തിരക്കഥാകൃത്തിന്‍റെ കഥാവതരണത്തിലെ കൗശലങ്ങളെ, കഥാസന്ദര്‍ഭങ്ങളിലെ മുറുക്കത്തിനെ കൈകാര്യം ചെയ്യുന്ന വൈഭവത്തിനെ, ക്രൈം - മിസ്റ്ററി ഉള്ളടക്കങ്ങളില്‍ കാണികള്‍ക്ക് പിടികൊടുക്കാതെയും അവര്‍ ഉദ്ദേശിക്കുന്നതിനും അപ്പുറത്തുള്ള മറ്റൊരു ഫലം കാണിച്ച് തരിപ്പിക്കാനുള്ള ബുദ്ധിയെ ഏറ്റവും ഫലവത്തായി വെളിവാക്കിയവയാണ് ദൃശ്യം സിനിമകള്‍. ആ അവതരണ മികവിലെ മൂര്‍ച്ച തന്നെയാണ് ഭാഷയുടെയും രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കപ്പുറം ആഖ്യാനം പലയാവര്‍ത്തി പുനര്‍നിര്‍മ്മിക്കപ്പെട്ടതിന്റെ കാരണവും.
ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും കഥ രണ്ടാം ഭാഗത്തില്‍ നിന്നും സ്വാഭാവികമായ തുടര്‍ച്ചയില്‍ ഫലവത്തായി പറയുന്നതില്‍ വിജയിച്ചുവെന്നതാണ് മൂന്നാംഭാഗത്തിന്റെ എടുത്ത് പറയേണ്ടതായ കാര്യം. രണ്ടാം ഭാഗത്തില്‍ സൂചിപ്പിക്കുന്നതുപോലെ ജോര്‍ജ്ജുകുട്ടി ചലച്ചിത്ര നിര്‍മ്മാതാവായി. മക്കള്‍ വളര്‍ന്നു. പക്ഷേ, ഒന്നും തീര്‍ന്നിട്ടില്ലെന്ന തോന്നലില്‍ അയാള്‍ ജീവിതം തുടരുന്നുവെന്നതാണ് ‘ദൃശ്യം 3’-ലെ കഥാസന്ദര്‍ഭം. ‘ദൃശ്യം 3’ കാണികള്‍ക്ക് ബോധ്യപ്പെടും വിധം കഥാതുടര്‍ച്ചയുള്ള സിനിമയാണ്. ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും കണ്ട കഥാപാത്രങ്ങള്‍ തന്നെയാണ് ഇവിടെയും. ആ കഥാപാത്രങ്ങളോട് ബന്ധപ്പെടുത്തി ഏതാനും പുതിയ കഥാപാത്രങ്ങളുമുണ്ട്.
ഇനിയും എന്താവും ഈ കഥയില്‍ പറയാന്‍ ബാക്കിയുണ്ടാവുക എന്നാവും ‘ദൃശ്യം 3’ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പലരും ചിന്തിച്ചിട്ടുണ്ടാവുക. ജോര്‍ജ്ജുകുട്ടി, കുടുംബം. പ്രഭാകര്‍ - ഗീത പ്രഭാകര്‍, കുറ്റാന്വേഷണത്തില്‍ ഭാഗമായവര്‍ എന്നിവരുടെ പിന്നീടുള്ള ജീവിതത്തിന് സ്വാഭാവികമായ മാറ്റങ്ങള്‍ വരുത്തുവാനാണ് സംവിധായകന്‍റെ ശ്രമം. ഫ്രാഞ്ചൈസ്, ദൃശ്യമായതുകൊണ്ട് അപ്രതീക്ഷിതമായ വെട്ടിത്തിരിയലുകളും ‘വൗ ഫാക്ടറും’ കാണികള്‍ സ്വാഭാവികമായും പ്രതീക്ഷിക്കും. അത് സിനിമയുടെ പ്രൊഫൈല്‍ എത്രകണ്ട് ചെറുതാക്കിയാലും ഉണ്ടാകും.
അപ്രതീക്ഷിതമായ വെട്ടിത്തിരിയലുകളുള്ള കഥ തന്നെയാണ് മൂന്നാം ഭാഗത്തിന്‍റെയും. അതില്‍ ആദ്യഭാഗങ്ങളില്‍ വന്നിട്ടുള്ള കഥാപാത്രങ്ങളെ ഈ ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് കണ്ടാല്‍ നമ്മള്‍ അമ്പരന്നേക്കും. വൗ ഫാക്ടര്‍ മൊമന്റുകള്‍ സാധ്യമാകുന്ന രീതിയില്‍ കഥയില്‍ അടിത്തറയും നന്നായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ആദ്യ രണ്ട് ഭാഗങ്ങളിലെപ്പോലെ ഉച്ചസ്ഥായില്‍ അമ്പരിപ്പിക്കുന്ന ഒരിടം ഈ സിനിമയിലില്ല. ദൃശ്യത്തിന്‍റെ തുടര്‍ച്ചയെന്ന രീതിയില്‍ പറയാവുന്ന പോരായ്മയും ഇതുതന്നെയാകും.
ഡയറക്റ്റ് ഒടിടി റിലീസായതുകൊണ്ട് കൂടിയാവാം വല്ലാതെ വിട്ടുവീഴ്ച ചെയ്തതായി അനുഭവപ്പെടുന്ന ദൃശ്യമികവ് കുറഞ്ഞ ഒന്നായിരുന്നു രണ്ടാം ഭാഗം. പുതിയ ചിത്രത്തില്‍ സതീഷ് കുറുപ്പ് മികച്ച സ്ക്രീനനുഭവം തരുന്നുണ്ട്. തിയറ്റര്‍ അനുഭവത്തില്‍ അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതത്തിന്‍റെ പിന്തുണയും എടുത്ത് പറയേണ്ടതാണ്. ഒരുപക്ഷേ, മലയാളത്തില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയിട്ടുള്ള സംഗീത സംവിധായകനായിരിക്കണം, അനില്‍ ജോണ്‍സണ്‍. മലയാളത്തില്‍ ദൃശ്യം ഫ്രാഞ്ചൈസ്, മെമ്മറീസ്, ജോസഫ്, ഇലവീഴാപൂഞ്ചിറ, റോന്ത് എന്നിങ്ങനെ സമീപ വര്‍ഷങ്ങളിലെഎണ്ണംപറഞ്ഞ മിസ്റ്ററി, ത്രില്ലര്‍ സ്വഭാവമുള്ള സിനിമകളുടെ അനുഭവത്തില്‍ അനില്‍ ജോണ്‍സണ്‍ ഒരുക്കിയിട്ടുള്ള സംഗീതം ആ സിനിമകള്‍ കാഴ്ചയിലുണ്ടാക്കുന്ന ആഘാതത്തില്‍ വലിയ പങ്കുതന്നെ വഹിച്ചിട്ടുണ്ട്. സിനിമയുടെ സ്വഭാവത്തിനും ഉള്ളടക്കത്തിനും ഉതകുന്ന രീതിയില്‍ ബഹളങ്ങളില്ലാതെ ചേര്‍ന്ന് നില്‍ക്കുന്ന സംഗീതം.
ജോര്‍ജ്ജുകുട്ടിയുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് മൂന്നാം ഭാഗത്തില്‍ കുറേക്കൂടി ആഴമുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളിലെ പ്രശ്നസങ്കീർണ്ണതകളിലൂടെ കടന്നുപോയ, കുറേക്കൂടി മുതിര്‍ന്ന രണ്ട് മക്കളുടെ അച്ഛനാണിന്ന് അയാള്‍. ജോര്‍ജ്ജുകുട്ടിയെന്ന കഥാപാത്രം ആദ്യ സിനിമയില്‍ തന്നെ വലിയ പരിണാമങ്ങള്‍ക്ക് വിധേയമായതാണ്. ജീവിതത്തിന്‍റെ മുന്നോട്ട് പോക്കില്‍ ഓരോ നിമിഷത്തിലും കൂടുതല്‍ സൂക്ഷ്മമായും കലശലായ വികാരവിചാരങ്ങളോടെയും തുടരുകയെന്നതാണ് ജോര്‍ജ്ജുകുട്ടി അനുഭവിക്കുന്ന ഞെരുക്കം. എന്നാല്‍ കുടുംബ ജീവിതത്തില്‍ അതൊട്ട് ബാധിക്കാനും പാടില്ല. ഒന്നാലോചിച്ചാല്‍ ഉള്ളിലെ സംഘര്‍ഷത്തിനെയും പുറത്തെ സന്തോഷജീവിതത്തിന്‍റെയും ദ്വന്ദങ്ങളെ അതിസമര്‍ത്ഥമായി വേണ്ടത്രയും വിശദാംശങ്ങളോടെ സ്ക്രീനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന്‍റെ കാര്യത്തില്‍ ഈ ഫ്രാഞ്ചൈസിലെ തന്നെ ഏറ്റവും മികച്ച ചില സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്.
ഏറ്റവും കുറവ് പ്രതീക്ഷകളോടെ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനും ദൃശ്യമായതുകൊണ്ട് കാഴ്ച വെറുതെയാവില്ലെന്ന് പ്രതീക്ഷിച്ചാവും ഈ സിനിമക്ക് പോകാന്‍ തീരുമാനിക്കുക. രണ്ടില്‍ നിന്ന് മൂന്നിലെത്തുമ്പോള്‍ കാണികളോട് അണിയറ പ്രവര്‍ത്തകര്‍ക്ക് നീതിപുലര്‍ത്താന്‍ കഴിയുകയെന്നത് അത്യന്തം ദുഷ്കരമായതും ഭാരമേറിയതുമായ വിഷമപ്രശ്നമാണ്. സിനിമക്ക് മുന്‍പായി പുറത്തുവന്ന ചില സംവാദങ്ങളില്‍ മുന്‍ ചിത്രങ്ങളുടെ അനുഭവങ്ങള്‍ പ്രതീക്ഷിച്ച് പോകരുതെന്ന അഭ്യര്‍ത്ഥനയും നമ്മള്‍ കേട്ടിരുന്നു. എന്നിട്ടും സിനിമയുടെ ഫൈനല്‍ ആക്ടില്‍ നിറഞ്ഞ കയ്യടികള്‍ തിയറ്ററില്‍ ഉയരുന്നത് എഴുത്തുകാരന്റെ, സംവിധായകന്‍റെ, സിനിമയുടെ വിജയമാണ്.
പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ഹിന്ദിയിലും ഒക്ടോബറില്‍ ചിത്രം പുറത്തുവരും. വേണമെങ്കില്‍ തുടരാവുന്ന വിധം കഥാതുടര്‍ച്ചയിലേക്ക് തുന്നിവെയ്ക്കുന്ന ചില ഭാഗങ്ങളോടെയാണ് സിനിമ അവസാനിക്കുന്നത്. ഒന്നും മുന്‍കൂട്ടി കാണാതെ അങ്ങനെയൊരു ഭാഗം സിനിമയുടെ അവസാനം ഉള്‍പ്പെടുത്തേണ്ട കാര്യമില്ലല്ലോ. പ്രേക്ഷകനെന്ന നിലയില്‍ ഈ ട്രിലജിയില്‍ ദൃശ്യം അവസാനിക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്ന് കരുതുന്നു. മലയാളത്തിലെ എണ്ണംപറഞ്ഞ ഫ്രാഞ്ചൈസായി തന്നെ..