Filmy Features

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

തിര കഴിഞ്ഞ് പിന്നീട് വിനീത് ശ്രീനിവാസൻ എന്തുകൊണ്ടാണ് ഒരു ത്രില്ലർ സിനിമ ചെയ്യാത്തത് എന്ന ചോദ്യം ഉന്നയിക്കുന്നവർക്കുള്ള ഉത്തരം ഉടൻ എത്തുകയാണ്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ഒരു ത്രില്ലർ സിനിമയുടെ പണിപ്പുരയിലാണ് വിനീത് ഇപ്പോൾ. 'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വിനീത് വീണ്ടും സംവിധായകന്റെ തൊപ്പി ധരിക്കുമ്പോൾ, ഒരു ഹാട്രിക്ക് വിജയത്തിനായി സുഹൃത്ത് വിശാഖ് സുബ്രഹ്മണ്യവും മെരിലാൻഡും ഒപ്പം തന്നെയുണ്ട്. നോബിൾ ബാബു തോമസ് നായകനാകുന്ന ഈ സിനിമയുടെ വിശേഷങ്ങളും ഒപ്പം വിനീതിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും മെരിലാൻഡിന്റെ അടുത്ത സിനിമകളെക്കുറിച്ചുമെല്ലാം ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയാണ് വിശാഖ് സുബ്രഹ്മണ്യം.

വിനീത് ശ്രീനിവാസനൊപ്പമുള്ള ഈ മൂന്നാം ചിത്രത്തെക്കുറിച്ച്

ഒരു വർഷത്തോളം സമയമെടുത്താണ് ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയത്. 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണത്തിന് മുന്നേയാണ് വിനീത് എന്നെ വിളിച്ച് മൂന്നാമത് ഒരു സിനിമ നമുക്ക് ചെയ്താലോ എന്ന് ചോദിക്കുന്നത്. ഇതൊരു ത്രില്ലർ സിനിമയായിരിക്കും എന്ന് വിനീത് ഒരു ഹിന്റ് നൽകിയിരുന്നു. അതുപോലെ ഒരു ഇന്റർനാഷണൽ സ്കെയിലായിരിക്കും സിനിമ പ്ലാൻ ചെയ്യുന്നത് എന്നും വിനീത് പറഞ്ഞിരുന്നു. ഇന്റർനാഷണൽ സ്കെയിൽ എന്ന് കേട്ടപ്പോൾ വിദേശത്ത് ഒരു മൂന്ന്-നാല് ദിവസത്തെ ഷൂട്ടായിരുന്നു ഞാൻ മനസ്സിൽ കണ്ടത്.

എന്നാൽ 85-90 ശതമാനവും പുറത്തായിരുന്നു ഷൂട്ട് ചെയ്തത്. ജോർജിയ, അസര്‍ബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പോയി ഒരു സിനിമ ചിത്രീകരിക്കുക എന്നത് തീർത്തും ചലഞ്ചിംഗ് ആയൊരു അനുഭവം തന്നെയായിരുന്നു. അതിനാൽ തന്നെയാണ് ഒരു വർഷത്തെ പ്രീ പ്രൊഡക്ഷൻ വേണ്ടിവന്നത്.

വിനീതും സഹ നിർമാതാവായി ഒപ്പം

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയായത് കൊണ്ട് തന്നെയാണ് വിനീതും നിർമാണത്തിൽ പങ്കാളിയായത്. ഈ സിനിമയുടെ ബജറ്റ് ഏത് ലെവലിലേക്ക് വേണമെങ്കിലും പോകാമെന്ന് വിനീത് ആദ്യമേ പറഞ്ഞിരുന്നു. 'നീ പേടിക്കേണ്ട, പ്രൊഡക്ഷനിലും ഞാൻ നിനക്കും ഒപ്പമുണ്ടാകും' എന്ന് പറഞ്ഞുകൊണ്ടാണ് വിനീത് ഈ സിനിമയുടെ ഭാഗമായത്. വിനീത് ഇതിന് മുന്നേ 'ആനന്ദം', 'ഹെലൻ' എന്നീ സിനിമകൾ നിർമിച്ചിട്ടുണ്ട്.

ഈ ത്രില്ലർ ചിത്രം എന്ന് തിയറ്ററുകളിലേക്ക്?

ജൂൺ മാസത്തിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സെപ്റ്റംബർ 26 ന് പൂജ റിലീസായി സിനിമ എത്തിക്കുവാനാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. ഒരു മാസത്തിനകം ടൈറ്റിൽ അനൗൺസ്‌മെന്റ് ഉണ്ടാകും. ആദ്യം ഓണം റിലീസ് എന്നൊരു പ്ലാൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ ലാലേട്ടന്റെ 'ഹൃദയപൂർവ്വം' ഓണത്തിന് എത്തുന്നുണ്ട്. എനിക്കും വിനീതിനും അദ്ദേഹവുമായി വർഷങ്ങളായുള്ള ബന്ധമാണ്. അപ്പോൾ ലാലേട്ടൻ സിനിമയുമായി ഒരു ക്ലാഷ് റിലീസ് വേണ്ട എന്ന് കരുതിയാണ് പൂജ റിലീസിലേക്ക് എത്തിയത്.

നോബിൾ എങ്ങനെ നായകനായെത്തി

ഇതേ ചോദ്യം ഞാൻ വിനീതിനോടും ചോദിച്ചിരുന്നു. നോബിളാണ് ഈ കഥ എഴുതിയത്. വിനീത് സംവിധാനം ചെയ്യുന്നതിന് വേണ്ടിയായിരുന്നില്ല നോബിൾ ഈ കഥ വിനീതിനെ കേൾപ്പിച്ചത്. കഥ കേട്ട് ആകാംക്ഷ തോന്നിയ വിനീത് ഈ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിക്കുകയായിരുന്നു. ഈ കഥ പറഞ്ഞപ്പോൾ നോബിൾ കഥാപാത്രങ്ങളെ എക്സ്പ്രസ് ചെയ്താണ് അവതരിപ്പിച്ചത്. അത് വിനീതിന് ഇഷ്ടമാവുകയും ചെയ്തു. അതുപോലെ വിനീതിന് അറിയാം നോബിളിന്റെ ക്യാലിബർ എന്താണെന്ന്.

വിനീതിന്റെ ആദ്യ സിനിമയായ 'മലർവാടി ആർട്സ് ക്ലബ്' നോക്കിയാൽ അതിൽ മുഴുവൻ പുതുമുഖങ്ങളാണല്ലോ. 'തട്ടത്തിൻ മറയത്തി'ലേക്ക് വന്നാൽ അന്ന് നിവിനും അജുവും അത്രത്തോളം ശ്രദ്ധേയരായ താരങ്ങൾ ആയിട്ടുമില്ല. 'തിര' ധ്യാനിന്റെ ആദ്യ സിനിമയാണ്. 'ഹൃദയ'ത്തിലേക്ക് വന്നാൽ പ്രണവും ആ സമയം ലെസ്സ് എക്‌സ്‌പ്ലോർഡ് ആയിരുന്നു. അങ്ങനെ നോക്കിയാൽ ആദ്യ സിനിമ മുതൽ വിനീത് ഇത്തരത്തിൽ തന്നെയാണ് അപ്രോച്ച് ചെയ്തിട്ടുള്ളത്. ഓരോ കഥയിലും എങ്ങനെയാണ് ഒരു നായകനെ അവതരിപ്പിക്കേണ്ടത് എന്ന് വിനീതിന് വ്യക്തമായ ബോധ്യമുണ്ട്. അതിനാലാണ് നോബിളിനെ തിരഞ്ഞെടുത്തത്.

'തിര' പോലെ വ്യത്യസ്തമായ സിനിമ പ്രതീക്ഷിക്കാമോ

തീർച്ചയായും, തിയറ്ററിൽ പ്രതീക്ഷ വിജയം നേടിയില്ലെങ്കിലും പിന്നീട് ഒരു കൾട്ട് സ്റ്റാറ്റസ് ലഭിച്ച സിനിമയാണ് 'തിര'. തിരയ്ക്ക് ശേഷം മറ്റൊരു ത്രില്ലർ സിനിമ വിനീത് ഇതുവരെ ചെയ്‌തിട്ടില്ല. അത് എന്തുകൊണ്ടെന്നാൽ ഇനി മറ്റൊരു ത്രില്ലർ ചെയ്യുമ്പോൾ അത് തികച്ചും വ്യത്യസ്തമായിരിക്കണം എന്ന് വിനീത് ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് വിനീത് ഇത്രയും നാൾ കാത്തിരുന്നത്. വിനീതിനും അറിയാം പ്രേക്ഷകർ വിനീതിൽ നിന്ന് ഒരു വ്യത്യസ്തമായ ത്രില്ലർ പ്രതീക്ഷിക്കുന്നുണ്ട് എന്നും. അത് ഈ സിനിമയിൽ നിന്ന് ലഭിക്കും.

ഈ സിനിമയിലേക്ക് വിശാഖിനെ ആകർഷിച്ച ഘടകം

വിനീത് ശ്രീനിവാസൻ എന്ന എന്റെ സുഹൃത്തിനോടുള്ള വിശ്വാസമാണ് ഈ സിനിമ ചെയ്യാം എന്ന തീരുമാനത്തിന് പിന്നിൽ. ആവശ്യമായ കാര്യങ്ങൾ മാത്രമേ ചിത്രീകരിക്കൂ എന്നതാണ് വിനീതിന്റെ ഗുണം. നിർമാതാവിൽ നിന്ന് അനാവശ്യമായി പണം ചെലവാക്കാതെ, എന്നാൽ സിനിമയുടെ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതെയാണ് വിനീത് സിനിമകൾ ചെയ്യുന്നത്. അതിനായി വിനീത് ഏറെ ഹോംവർക്ക് ചെയ്യും.

അതുപോലെ 2013 മുതൽ ഞാനും വിനീതും തമ്മിൽ സുഹൃത്തുക്കളാണ്. ഇത്രയും കാലമായി ഞങ്ങൾക്കിടയിൽ ഒരു ബോണ്ട് ഉണ്ട്, ഒരു വിശ്വാസമുണ്ട്. എന്റെ സുഹൃത്ത് ഈ കഥ പറയുമ്പോൾ അദ്ദേഹത്തിന്റെ വിഷനൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നി. അതുപോലെ ഒന്നോ രണ്ടോ സിനിമകൾ അല്ലല്ലോ, ഇനിയും നിരവധി സിനിമകൾ ചെയ്യാനുണ്ടല്ലോ. ഈ സിനിമ ഒരു സൗഹൃദത്തിന്റെ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഈ സിനിമ ഒരുക്കുന്നത്.

വിനീതിനൊപ്പം ഒരു നാലാം സിനിമ ഉടൻ പ്രതീക്ഷിക്കാമോ

ഉറപ്പായും, ഒരു രണ്ട് വർഷം കഴിഞ്ഞ് മറ്റൊരു സിനിമ ചെയ്യണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ഞങ്ങളുടെ ഫിലിമോഗ്രഫി നോക്കിയാൽ 'ഹൃദയം' ഒരു ലവ് സ്റ്റോറിയായിരുന്നു, 'വർഷങ്ങൾക്ക് ശേഷം' ഒരു ഡ്രാമയായിരുന്നു, ഇപ്പോൾ ഒരു ത്രില്ലർ സിനിമ ചെയ്യുന്നു. ഇനി ഒരു ഫുൾ ഹ്യൂമർ സിനിമയാണ് ഞങ്ങളുടെ പ്ലാൻ. അത്തരമൊരു സ്ക്രിപ്റ്റിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.

നിവിൻ-വിനീത് ശ്രീനിവാസൻ-വിശാഖ് സുബ്രഹ്മണ്യം കൂട്ടുകെട്ടിൽ ഒരു സിനിമ ഉണ്ടാകുമോ

നിവിനൊപ്പം ചെയ്ത 'ലവ് ആക്ഷൻ ഡ്രാമ' സൂപ്പർഹിറ്റായിരുന്നു. 'വർഷങ്ങൾക്ക് ശേഷം' ആണെങ്കിലും നിവിന് ഏറെ ഗുണം ചെയ്ത സിനിമയാണ്. പ്രേക്ഷകരും ഈ കോംബോയുടെ സിനിമ വന്നാൽ സ്വീകരിക്കും എന്ന് ഉറപ്പാണ്. അത്തരമൊരു കഥ വന്നാൽ ചെയ്യും.

ധ്യാൻ ശ്രീനിവാസനൊപ്പം അടുത്ത സിനിമ എപ്പോൾ

രണ്ടാഴ്ചയ്ക്ക് മുമ്പ് തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോൾ രണ്ടുപേരെ വെച്ച് സിനിമ ചെയ്യണമെന്ന് ധ്യാൻ ആഗ്രഹം പറഞ്ഞു. അതിൽ ഒന്ന് ലാലേട്ടനൊപ്പം ഒരു കോമഡി സബ്ജക്ട് ആയിരുന്നു. മറ്റൊന്ന് പൃഥ്വിരാജിനൊപ്പമായിരുന്നു, അതൊരു ത്രില്ലർ പശ്ചാത്തലത്തിലുള്ള കഥയാണ്. രണ്ട് കഥകളും എനിക്ക് ഇഷ്ടമായി.

എന്നാൽ രസകരമായ കാര്യം എന്തെന്നാൽ ഇവർ രണ്ടുപേരോടും ധ്യാൻ കഥ പറഞ്ഞിട്ടില്ല. ഒന്ന് ഇരുന്ന് ഈ രണ്ട് സ്ക്രിപ്റ്റും ഫുള്ളാക്കിയിട്ട് അവരോട് പോയി പറയാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ധ്യാൻ നിരവധി സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലോ. അതിനാൽ സ്ക്രിപ്റ്റ് എഴുതാൻ സമയം കിട്ടുന്നില്ല. ലവ് ആക്ഷൻ ഡ്രാമ മുതൽ നിരവധി ഐഡിയാസ് ധ്യാനിന് ഉണ്ട്.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT