ഹ്രസ്വചിത്രങ്ങൾ ഒരു ഫിലിം മേക്കർക്ക് സിനിമയിലേക്കുള്ള വാതിലാണ്. ഷോർട് ഫിലിമുകളിലൂടെ മുഖ്യധാരാ സിനിമകളുടെ ഭാഗമായവരും ഇന്ന് ധാരാളമാണ്. മലയാളത്തിൽ നിന്നും ഈ വർഷം ഫിലിം ഫെയറിൽ നേട്ടം കൊയ്ത ഒരു കൊച്ചു ചിത്രമുണ്ട്; 'വകുപ്പ്'. മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ചിത്രം ഫിലിം ഫെയർ പുരസ്‌കാര വേദിയിൽ നിന്ന് സ്വന്തമാക്കിയത്. പുരസ്‌കാര നേട്ടത്തിൽ ചിത്രത്തിന്റെ സംവിധായകനായ ആർ ജയരാജ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
'വകുപ്പി'ലേക്ക് വന്ന വഴി
ഞാനൊരു ആഡ് ഫിലിം മേക്കറാണ്. കുറച്ചു വർഷങ്ങളായി പരസ്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. 'വകുപ്പ്' എന്ന ഷോർട്ട് ഫിലിമിന്റെ കഥ എഴുതിയിരിക്കുന്നത് എന്റെ സുഹൃത്ത് കൂടിയായ അഭിഷേകാണ്. അഭിഷേകിന്റെ 'ജാമ്യം' എന്ന കഥയിൽ നിന്നാണ് 'വകുപ്പ്' രൂപപ്പെടുത്തിയത്. എഴുതുന്ന കാര്യങ്ങൾ മുൻപേ അഭിഷേക് എനിക്ക് അയച്ചു തരാറുണ്ടായിരുന്നു. കുറെ കഥകൾ ഷോർട്ട്ഫിലിമിന് വേണ്ടി ഞങ്ങൾ ആലോചിച്ചിട്ടുമുണ്ട്. 'ജാമ്യം' എന്ന കഥ വായിച്ചപ്പോൾ കിട്ടിയ അനുഭവം പ്രത്യേകതയുള്ളതായിരുന്നു. ആ ഫീലിനെ അങ്ങനെ തന്നെ സ്‌ക്രീനിൽ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു 'വകുപ്പ്' എന്ന ഷോർട്ട് ഫിലിം.
എരൂരായിരുന്നു സിനിമ ഷൂട്ട് ചെയ്തത്. സാബു മോഹനാണ് സിനിമയുടെ ആർട്ട് ഡയറക്ടർ. 'ഇയ്യോബിന്റെ പുസ്തകം' സിനിമയുടെ കലാസംവിധായകനാണ് സാബു മോഹൻ. എന്റെ ഒപ്പം പരസ്യങ്ങളിൽ അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. 'വകുപ്പി'ന് വേണ്ടി ഒരു പഴയ വീട് പോലീസ് സ്റ്റേഷനാക്കി മാറ്റുകയായിരുന്നു. ക്യാമറ ചെയ്തതു ഷിനോസ് ഷംസുദീൻ (പ്രണയവിലാസം, footage ). ഷിനോസും വളരെക്കാലമായി എന്റെ സുഹൃത്താണ്.
സിനിമ ചെയ്യണം എന്ന ആഗ്രഹം ഒരുപാട് കാലമായി മനസ്സിലുണ്ട്. 30,60 സെക്കന്റ് ദൈർഘ്യമുള്ള പരസ്യങ്ങളാണ് ഇതുവരെയും ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ഫുൾ ഫ്ലഡ്ജ് ഫിലിമിലേക്ക് പോകുന്നതിന് മുൻപായി കഥ പറയാനുള്ള ഒരു കോൺഫിഡൻസ് കിട്ടാൻ വേണ്ടി കൂടിയാണ് ഷോർട്ട്ഫിലിം ചെയ്തത്. അങ്ങനെയാണ് സുഹൃത്തുക്കളെയും പരിചയക്കാരെയും എല്ലാം വിളിച്ചു കൂട്ടി 'വകുപ്പ്' ചിത്രീകരിച്ചത്.
ഫിലിം ഫെസ്റ്റിവലുകൾ നൽകിയ പ്രോത്സാഹനം
'വകുപ്പ്' പൂർത്തിയാക്കിയിട്ട് ഒരു വർഷത്തോളമായി. ഫെസ്റ്റിവലുകളിൽ അയക്കാനാണ് ആദ്യം തീരുമാനിച്ചത്. ഹ്യൂമർ സിനിമ ഒന്നും അല്ലാത്തതുകൊണ്ട് തന്നെ ഒരു യൂട്യൂബ് റിലീസ് മാത്രമായി ആദ്യമേ ആലോചിച്ചിട്ടില്ല. നമ്മൾ ചെയ്തതിനെക്കുറിച്ചുള്ള ചില സംശയങ്ങളും ഉണ്ടായിരുന്നു. ചില ഫെസ്റ്റിവലുകളിൽ സിനിമ റിജെക്ട് ആയിട്ടുണ്ട്. ആദ്യം സിനിമ അയച്ചത് മുംബൈ അക്കാഡമി ഓഫ് മൂവിങ് ഇമേജ് ( MAMI 2023 ) ഫെസ്റ്റിവലിലാണ്. അവിടെ ജെയിംസേട്ടന് മികച്ച നടനുള്ള അവാർഡ് കിട്ടി. കൂടുതൽ ഫെസ്റ്റിവലുകൾക്ക് സിനിമ അയക്കാൻ ഊർജം അവിടെ നിന്ന് കിട്ടി. കാരണം എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ഒരുപാട് സമയവും എഫർട്ടും നൽകിയ സിനിമയാണിത്. വെറുതെ ഒരു റിലീസിനപ്പുറം ഒരു വാല്യൂ ചിത്രത്തിന് കിട്ടാൻ ഫെസ്റ്റിവലുകൾ നല്ലതായിരിക്കും എന്ന് തോന്നി.
ടെക്സസിലും, ന്യൂ യോർക്കിലും ഫെസ്റ്റിവലുകളിൽ സിനിമ സെലക്ട് ആയിരുന്നു. അവിടെക്കെല്ലാം അയക്കുന്നതിനും ചിലവുകളുണ്ട്. നിബന്ധനകളും വ്യത്യസ്തമായിരിക്കും. ചിലയിടത്ത് ഒരു പ്രത്യേക ഫോർമാറ്റ് വേണം എന്നുണ്ടാകും. അപ്പോൾ വീണ്ടും സിനിമ റീമാസ്റ്റർ ചെയ്യേണ്ടതായി വരും. ഒരവസരത്തിൽ സിനിമ അയക്കുന്നത് നിർത്തി എവിടെയെങ്കിലും റിലീസ് ചെയ്യാം എന്ന് ആലോചിക്കുമ്പോഴാണ് സുഹൃത്ത് ഹരി ഫിലിം ഫെയറിന് അയക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് ഫിലിം ഫെയറിന് അയച്ചത്. ഫൈനലിസ്റ്റായി എന്നറിഞ്ഞപ്പോൾ തന്നെ സന്തോഷമായി. ആ പ്രതീക്ഷയുടെ പുറത്താണ് ഫിലിം ഫെയർ അവാർഡിന്റെ ഇവന്റിൽ പങ്കെടുക്കാൻ പോയത്. അവാർഡ് അനൗൺസ് ചെയ്തതെല്ലാം വലിയ സർപ്രൈസായിരുന്നു. അവിടെ ലൈവായി തന്നെയായിരുന്നു സിനിമയ്ക്ക് അവാർഡ് ഉണ്ടെന്ന് പ്രഖ്യാപിച്ചത്. ഫിലിം ഫെയറിലാണ് സംവിധായകനുള്ള വിഭാഗത്തിൽ എനിക്ക് ആദ്യമായി അവാർഡ് കിട്ടിയത്. ഒരുപാട് പ്രചോദനം നൽകുന്ന കാര്യമാണ് ഈ അവാർഡ്. സിനിമകൾ ചെയ്യാനുള്ള ആത്മവിശ്വാസം ഇന്നുണ്ട്.
അടുത്ത സിനിമ
വകുപ്പിന് ശേഷം ഒരു സിനിമ ചെയ്യുന്നതിന് ഇപ്പോൾ കുറച്ചു കാലമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചു സ്ക്രിപ്റ്റുകൾ സംസാരിച്ചിരുന്നു. അതിൽ ഒരു സ്ക്രിപ്റ്റ് ഇപ്പോൾ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 2025 ൽ തന്നെ അത് ചെയ്യണം എന്നാണ് ആഗ്രഹം. ഷോർട്ട് ഫിലിം എന്ന് പറയുന്നതിന് ഇവിടെ മീഡിയ കവറേജ് വളരെ കുറവാണ്. ഒടിടി അവാർഡ്‌സും ഷോർട് ഫിലിം അവാർഡുകളും സംയുക്തമായിട്ടാണ് ഫിലിം ഫെയർ അവാർഡുകൾ നൽകിയത്. അവിടെ ഒരു മലയാളം കണ്ടന്റിനു അവാർഡ് കിട്ടിയതു ഞങ്ങൾക്കു ഒരു പ്രത്യേക സന്തോഷമാണ് . പക്ഷെ പൊതുവെ നോക്കുമ്പോൾ ഷോർട്ട് ഫിലിമുകൾക്ക് ശ്രദ്ധ കിട്ടുന്നത് കുറവാണ്. ഇതുവരെ ഇങ്ങോട്ട് ഒരന്വേഷണം വന്നിട്ടില്ല. ചിലരിലേക്ക് സിനിമ എത്തിക്കാൻ ഞങ്ങൾ ശ്രമം നടത്തുന്നുണ്ട്.
പ്രചോദനവും പ്രോത്സാഹനവുമായവർ
ഒരുപാട് പരസ്യങ്ങൾ ചെയ്തിട്ടുള്ള വിനോദ് എ കെ എന്ന സംവിധാകയനൊപ്പം അസിസ്ററ് ചെയ്താണ് എന്റെ തുടക്കം. മാർട്ടിൻ പ്രക്കാട്ട് സാറിനൊപ്പവും പരസ്യ ചിത്രങ്ങളിൽ ഞാൻ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ട്. പരസ്യങ്ങളാണ് ഞാനും കൂടുതൽ ചെയ്തിട്ടുള്ളത്. ഡയറക്ഷൻ ടീമിൽ തന്നെയാണ് ആദ്യം മുതൽ വർക്ക് ചെയ്തിട്ടുള്ളത്.
എല്ലാ സിനിമകളും സംവിധായകൻ എന്ന നിലയിൽ ഏതെങ്കിലും തരത്തിൽ ഇൻഫ്ലുവെൻസ് ചെയ്യുന്നുണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഏറ്റവും പ്രചോദനമായി തോന്നിയിട്ടുള്ള സംവിധായകൻ അനുരാഗ് കശ്യപാണ്. ഹിന്ദി സിനിമയിലേക്ക് കൂടുതൽ അടുപ്പിച്ചത് അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാനിയും എല്ലാം ആണ്. മലയാളത്തിൽ സംവിധായകരും പല രീതിയിൽ പ്രചോദനമാകുന്നുണ്ട്. അമൽ നീരദ്, ലിജോ ജോസ് പല്ലിശ്ശേരി ,സമീർ താഹിർ, മാർട്ടിൻ പ്രക്കാട്ട്, ആൻവർ റഷീദ് എല്ലാം നമ്മളെ ഞെട്ടിച്ച ഫിലിം മേക്കേഴ്‌സ് ആണ് . പിന്നിലേക്ക് ആലോചിക്കുമ്പോൾ ഐ വി ശശിസാർ മുതൽ പ്രചോദനമായിട്ടുള്ള ആളുകളാണ്. ഇതിൽ നിന്നെല്ലാം ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമാകും.
അനുരാഗ് കശ്യപും ഇഷ്ട സിനിമകളും
ഒരു ഴോണറിൽ മാത്രം സിനിമ ചെയ്യരുത് എന്നാഗ്രഹമുള്ള ആളാണ് ഞാൻ. പല രീതിയിലുള്ള സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. കോമഡി സിനിമകൾ കാണാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. അതുപോലെ തന്നെ ഇവെസ്റ്റിഗേറ്റീവ് മിസ്റ്ററിയും ഇഷ്ടമാണ്. കെ ജി ജോർജ് സാറിന്റെ സിനിമകൾ ഇഷ്ടമാണ്. എനിക്ക് കൂടുതൽ അടുപ്പം തോന്നിയിട്ടുള്ളത് റിയലിസ്റ്റിക്കായ ചിത്രങ്ങളോടാണ്.
അനുരാഗ് കശ്യപിനെ ഫെസ്റ്റിവലിൽ പരിചയപ്പെട്ടത് ഒരു ഫാൻബോയ് മൊമെന്റായിരുന്നു. മാമി ഫെസ്റ്റിവലിലെ ജൂറിയിൽ അനുരാഗ് കശ്യപ് ഉണ്ടായിരുന്നു. ശോഭിതയാണ് അന്ന് അവാർഡ് നൽകിയത്. പത്തു മിനിട്ടുള്ള ഷോർട്ട് ഫിലിമുകളാണ് അന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ടു കൂടിയാണ് മത്സരത്തിന് അയച്ചത്. ഷോർട്ട് ലിസ്റ്റ് ചെയ്തതിന് ശേഷം അവിടെ എത്തിയപ്പോഴാണ് അവാർഡ് അറിയുന്നത്.