കേരള ക്രൈം ഫയൽസ് രണ്ടാം സീസൺ പുറത്തിറങ്ങിയപ്പോൾ ആളുകൾ തിരഞ്ഞിറങ്ങിയ മുഖമാണ് ജെയ്‌സ്‌മോന്റേത്. സിറാജുദ്ധീൻ നാസർ എന്ന നടന്റെ പതിനാറോളം വർഷങ്ങൾ നീളുന്ന സിനിമാ യാത്രയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാത്രമേ പ്രേക്ഷകർ കൂടെക്കൂടിയിട്ടുള്ളൂ. അവസാന എപ്പിസോഡിലെ ക്ലോസ് അപ്പ് ഷോട്ട് പെർഫോമൻസിന് പ്രശംസകളേറെയാണ്. അത് ഒറ്റ ടേക്കിൽ എടുത്തതാണ് എന്ന് സിറാജുദ്ധീൻ പറയുന്നു. പ്രധാനപ്പെട്ട ഷോട്ട് ആണെന്നും, ആ ഷോട്ട് വർക്ക് ആയാൽ മാത്രമേ സീരീസ് വർക്ക് ആകുകയുമുള്ളൂ എന്ന തിരക്കഥാകൃത്ത് ബാഹുൽ രമേശിന്റെ വാക്കുകൾ കൊണ്ട് അതിന് തയ്യാറെടുത്തിരുന്നുവെന്നും സിറാജ് പറഞ്ഞു. കേരള ക്രൈം ഫയൽസിലേക്ക് എത്തിപ്പെട്ടതിനെ പറ്റിയും, ജെയ്‌സ്‌മോനാകാൻ എടുത്ത തയ്യാറെടുപ്പുകളെ പറ്റിയും, തന്റെ ചലച്ചിത്ര യാത്രയെ പറ്റിയും സിറാജുദ്ധീൻ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
കേരള ക്രൈം ഫയൽസിലേക്ക്...
അന്ന് ഞാൻ കൊച്ചിയിൽ അവസരങ്ങൾ തേടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അഹമ്മദ് കബീർ എന്നെ വിളിച്ച്, "ഇതുപോലെ ഒരു പ്രോജക്ട് ഉണ്ട്, നീ വന്നു കാണണം" എന്ന് പറഞ്ഞു. ഞാൻ ചെന്നപ്പോൾ, "എന്താണെങ്കിലും ചെയ്യാം" എന്ന് മാത്രം പറഞ്ഞു. ഇത്രയും വലിയൊരു റോൾ ആയിരിക്കുമെന്ന് ആദ്യം മനസ്സിലായില്ല. പിന്നീട് അദ്ദേഹം വിശദീകരിച്ചു: "ഈ സീരീസിലെ മെയിൻ വില്ലൻ റോൾ നീയാണ് ചെയ്യേണ്ടത്". കിഷ്കിന്ധാകാണ്ഡം റിലീസ് ആയിട്ടില്ലാത്ത സമയമായിരുന്നു അന്ന്. എനിക്ക് കഥ മുഴുവൻ പറഞ്ഞുതന്നിട്ടില്ല - എന്റെ ഭാഗം മാത്രമേ അറിയിച്ചുള്ളൂ. ബാഹുൽ എന്നോട് വളരെ വിശദമായി എല്ലാം വിവരിച്ചുതന്നു. ഓരോ ഷോട്ടിനും മുമ്പ് വന്ന് കഥാപാത്രത്തിന്റെ പശ്ചാത്തലം, ലക്ഷ്യം, ഇപ്പോഴത്തെ മാനസികാവസ്ഥ - ഇതെല്ലാം വിശദീകരിച്ചുതരും. ഡയലോഗ് ഡെലിവറിയിൽ അദ്ദേഹം വളരെ കൃത്യത പാലിക്കും. ഒരു അക്ഷരം പോലും തെറ്റിയാൽ അത് സീനിന്റെ അർത്ഥം മാറ്റിമറിക്കും എന്നാണ് ബാഹുൽ വിശ്വസിക്കുന്നത്.
ക്ലൈമാക്സിലെ മോണോലോഗിന് നടത്തിയ തയ്യാറെടുപ്പുകൾ
ആ സീനിനെക്കുറിച്ച് ബാഹുൽ തുടക്കം മുതൽക്കേ വിശദമായി പറഞ്ഞിരുന്നു: "ഇത് നമ്മുടെ സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളിലൊന്നാണ്. ഇത് വർക്ക് ആയാൽ മാത്രമേ സീരീസ് വർക്ക് ആകൂ." ഞാൻ അന്ന് 'കൊണ്ടൽ' എന്ന സിനിമയിൽ ഒരു മുക്കുവന്റെ റോൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ തിരിച്ചുവന്ന് ഈ പോലീസ് റോൾ ചെയ്യേണ്ടി വന്നു. ഡയലോഗുകൾ മുൻകൂർ അറിയിച്ചിരുന്നതിനാൽ ഞാൻ ബോട്ടിൽ ഇരുന്ന് അത് വായിച്ച പഠിക്കുമായിരുന്നു അങ്ങനെ ഷൂട്ടിന്റെ ദിവസം എൻ്റെ മനസ്സിൽ ഞാൻ പ്രിപ്പയർ ചെയ്തു വെച്ച ഒരു സാധനം അവതരിപ്പിച്ചു. ആ സീൻ ഞങ്ങൾ ഒറ്റ ടേക്കിൽ തന്നെ ചെയ്തു. ഓരോ ആംഗിളിൽ ഷോട്ട് എടുത്ത്, പിന്നെ ക്ലോസപ്പ് എടുത്ത് - ഒറ്റ ടേക്കിൽ തന്നെ പൂർത്തിയാക്കി. ഇമ്പോർട്ടൻ്റ് സീൻ ആണെന്നുള്ളത് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും, പെർഫോം ചെയ്യുന്ന എനിക്കും അറിയാമായിരുന്നു, അതുകൊണ്ട് അതിൻ്റെ ഒരു സീരിയസ്നെസ് വെച്ചിട്ട് നമ്മൾ ചെയ്തു. ഭാഗ്യത്തിന് അത് കൃത്യമായി വന്നു.
നായകളുമായുള്ള അടുപ്പം
എനിക്ക് നായ്ക്കളെ വളരെ ഇഷ്ടമാണ്. ഞാൻ കമ്മിറ്റ് ചെയ്യുമ്പോൾ ഒന്നും ഡോഗ്സിൻ്റെ പരിപാടിയാണെന്നും, ഡോഗ്സിനെ ഇത്രയും സ്നേഹിക്കുന്ന ഒരു ക്യാരക്ടറാണ് എന്നുള്ളതൊന്നും അറിയില്ലായിരുന്നു. ഞാൻ സ്വന്തമായി നായ വളർത്തിയിട്ടില്ലെങ്കിലും എന്റെ സുഹൃത്തുക്കളുടെ വീട്ടിൽ നായ്ക്കൾ ഉണ്ട്. എന്നെ കണ്ടാൽ ഓടിവരും. പലർക്കും നായ്ക്കളെ കണ്ടാൽ ഭയമാണല്ലോ, പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അവർ വളരെ സ്നേഹമുള്ളവരാണെന്ന് എനിക്കറിയാം.
ആർഡിഎക്സ് തന്ന ഐഡന്റിറ്റി
അത് എന്റെ ജീവിതത്തിലെ ഒരു മറക്കാനാവാത്ത അനുഭവമാണ്. ഫസ്റ്റ് ഡേ ഷൂട്ടിംഗ് ക്രൂവിനൊപ്പമായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു നടന് വളരെ ടെൻഷൻ ആയിരുന്നു. പക്ഷെ ആദ്യത്തെ അടി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി, 'പടം സെയ്ഫ് ആണ്'. ആ സിനിമ വലിയ ഹിറ്റ് ആയപ്പോൾ വില്ലൻ കഥാപാത്രങ്ങളെക്കുറിച്ച് ആളുകൾ സംസാരിച്ചുതുടങ്ങി. വളരെ സന്തോഷം തോന്നിയ ദിവസങ്ങളായിരുന്നു അവ. പിന്നെ സിനിമയിൽ അടി സീനുകൾ ചെയ്യുമ്പോൾ അതൊരു ഫ്രെയിമിലെ കഥാപാത്രം മാത്രമാണെന്ന് മനസ്സിലാക്കണം. ഹീറോയോട് അടി കൊള്ളുന്ന സീനുകൾ ചെയ്യുമ്പോൾ അതൊരു പ്രൊഫഷണൽ ജോബ് ആണെന്ന ബോധ്യം മാത്രമേ ഉണ്ടാവൂ. ഞങ്ങൾ ചെയ്യുന്നത് കഥാപാത്രങ്ങളാണ്, യഥാർത്ഥ ജീവിതത്തിൽ ആരോടും എനിക്ക് പ്രശ്നമില്ല. ഷൂട്ടിംഗ് സമയത്ത് എല്ലാം വളരെ പ്ലാൻ ചെയ്തുകൊണ്ടാണ് നടക്കുന്നത്. അടി സീനുകൾക്ക് റിയൽ ലൈഫിൽ ഒരു പ്രാധാന്യവുമില്ല - അതൊരു കലയുടെ ഭാഗം മാത്രമാണ്.
വ്യത്യസ്തമായ റോളുകൾക്കിടയിൽ മാനസികമായി തയ്യാറെടുക്കുന്നത്
ഇല്ല, ഞാൻ പെർഫോം ചെയ്യുന്ന സമയത്ത് അങ്ങനെ കോൺഷ്യസ് ആവാറില്ല. നമ്മൾ ചെയ്യുന്ന സമയത്ത് നമ്മൾ ചെയ്യുന്നതാണ് പെർഫെക്റ്റ് എന്ന് ഭയങ്കര കോൺഫിഡൻസ് ഓടുകൂടി നിന്നാൽ മാത്രമേ നമുക്ക് ആ സീൻ ചെയ്യാൻ പറ്റുള്ളൂ. അപ്പോൾ നമ്മൾ കോൺഷ്യസ് ആയി കഴിഞ്ഞാൽ ചിലപ്പോൾ നമുക്ക് ആൾക്കാർ എന്ത് ചിന്തിക്കും, ഇത് ശരിയായി വരുമോ, തെറ്റായി കഴിഞ്ഞാൽ മോശമാകില്ലേ എന്നൊക്കെ ചിന്തകൾ വന്നു നമുക്കത് ചെയ്യാൻ പറ്റാതെ പോകും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ചെയ്യുമ്പോൾ, ഞാൻ ചെയ്യുന്നതാണ് ശരി, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ നമുക്ക് തിരുത്താൻ പറ്റും എന്നുള്ള ഒരു കോൺഫിഡൻസ് ഉണ്ട്.
ഇന്റെൻസ് കഥാപാത്രങ്ങൾ സ്വകാര്യ ജീവിതത്തെ ബാധിക്കുകയുണ്ടായോ?
ഷൂട്ടിംഗ് പൂർത്തിയാകുമ്പോൾ ഞാൻ ആ കഥാപാത്രത്തിൽ നിന്ന് വിട്ടുമാറുന്നു. വില്ലൻ ഷെയ്ഡ് ആയ കഥാപാത്രങ്ങൾ പോലും എന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കാറില്ല. ഓരോ കഥാപാത്രത്തിനും ഒരു രണ്ടാം ഷെയ്ഡ് ഉണ്ടാകും - ഒരു മനുഷ്യനെപ്പോലെയുള്ള ഒരു വശം. അത് മനസ്സിലാക്കുമ്പോൾ, ഏത് റോളും ചെയ്തശേഷം അതിൽ നിന്ന് മോചിതനാകാൻ സാധിക്കും.
ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ യാത്രയിൽ, ആദ്യമായി തിയറ്ററിൽ കയ്യടി നേടിയപ്പോൾ
ശരിക്കും പറഞ്ഞാൽ 10-16 വർഷം കാത്തിരിക്കേണ്ടി വന്നു. 'ഭരതൻ എഫക്റ്റ്' ആയിരുന്നു ഞാൻ ചെയ്ത ആദ്യത്തെ സിനിമ, ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് തുടങ്ങിയത്. അവിടെ നിന്നാണ് എന്റെ സിനിമാ യാത്ര തുടങ്ങിയത്. പിന്നെ 'ക്ലാസ്മേറ്റ്സ്' പോലെയുള്ള സിനിമകളിൽ ചെറിയ റോളുകൾ ചെയ്തു. അവസരങ്ങൾ കിട്ടാതെ വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. എവിടെ പോയി എന്ത് ചെയ്യണമെന്നറിയാതെ നിന്ന കാലങ്ങളുണ്ടായി. പക്ഷെ എന്റെ പാഷൻ സിനിമയോടുള്ളത് കൊണ്ട് ഞാൻ ഒരിക്കലും ഉപേക്ഷിച്ചില്ല. ഒടുവിൽ 'അവിയൽ' എന്ന സിനിമയിൽ ലീഡ് റോൾ കിട്ടിയപ്പോൾ ആണ് ആദ്യമായി തിയറ്ററിൽ കയ്യടി കേട്ടത്. വലിയ സന്തോഷമായിരുന്നു.
കെസിഫ് നൽകിയ പ്രശംസകൾ
ആളുകളുടെ പ്രതികരണങ്ങൾ വളരെ നല്ലതാണ്. ഇൻഡസ്ട്രിയിൽ നിന്ന് പലരും വിളിച്ച് അഭിനന്ദനം പറഞ്ഞിട്ടുണ്ട്. പക്ഷെ ഫോൺ കോളുകളേക്കാൾ, ഇനി നല്ലൊരു അവസരം തരണം എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. 'നിങ്ങൾ നന്നായി ചെയ്തു' എന്ന് പറയുന്നതിനേക്കാൾ ഇനി ഇത് ചെയ്യാൻ അവസരം തരൂ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ എല്ലാവരുടെയും അഭിപ്രായങ്ങൾ വളരെ പോസിറ്റീവ് ആയിരുന്നു, അത് എനിക്ക് വലിയ സന്തോഷം തന്നു.
ലൈറ്റ് ഹാർട്ടഡ് കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടോ?
എനിക്ക് എല്ലാ ഴോണറിലും പ്രവർത്തിക്കാനുള്ള താല്പര്യമുണ്ട്. കോമഡി എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ സുഹൃത്തുക്കളോടൊപ്പം ഞാൻ എപ്പോഴും തമാശ പറയുന്നവനാണ്. സ്കൂൾ, കോളേജ് ദിവസങ്ങളിൽ മിമിക്രി ചെയ്തിരുന്നു. പക്ഷെ സിനിമയിൽ എനിക്ക് ലഭിച്ചിട്ടുള്ളത് മിക്കവാറും സീരിയസ് റോളുകളാണ്. എന്നെ നന്നായി അറിയുന്ന ഫിലിംമേക്കർമാർ പറയും, 'ഒരു കോമഡി ഇവനെക്കൊണ്ട് ചെയ്യിച്ചാൽ നന്നായിരിക്കും' എന്ന്. അങ്ങനെയൊരു അവസരം കിട്ടിയാൽ ഞാൻ തീർച്ചയായും അത് ചെയ്യും
വരാനുള്ള പ്രോജക്ട്സ്?
'പെറ്റ് ഡിറ്റക്റ്റീവ്' എന്നൊരു കോമഡി സിനിമ റിലീസിന് തയ്യാറാണ്. ഷറഫുദ്ദീൻ ഹീറോ ആയിട്ടുള്ള ഈ സിനിമയിൽ ഞാൻ ഒരു സീരിയസ് കഥാപാത്രമാണ് ചെയ്തിട്ടുള്ളത്. കോമഡി സീനുകളിൽ പോലും ഞാൻ സീരിയസായിരിക്കും എന്നതാണ് രസകരം. മറ്റൊരു പ്രോജക്ട് പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്, പക്ഷെ അതിനെക്കുറിച്ച് ഇപ്പോൾ വിശദമായി പറയാൻ കഴിയില്ല. എല്ലാം ശരിയായി നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു