Filmy Features

ലാലിനൊപ്പം സിനിമ ചെയ്ത് കൊതി തീരുന്നില്ല, ഹൃദയപൂർവ്വം ഓണത്തിന് പ്രേക്ഷകർക്ക് മുന്നിൽ: സത്യൻ അന്തിക്കാട്

മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഹൃദയപൂർവ്വം' ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും. 2015ൽ റിലീസ് ചെയ്ത എന്നും എപ്പോഴിനും ശേഷം ഏകദേശം 9 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. നവാഗതനായ ടി.പി സോനു തിരക്കഥയെഴുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെന്നൈിൽ പുരോ​ഗമിക്കുകയാണ്. ചിത്രം മനോഹരമായി വന്നിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ചിത്രത്തിന്റെ എഡിറ്റിങ് കഴിഞ്ഞു, പശ്ചാത്തലസംഗീതത്തിന്റെ പണിപ്പുരയിലാണ് സത്യൻ അന്തിക്കാടും, സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനും. വാസ്തുഹാരയ്ക്ക് ശേഷം മോഹൻലാൽ സിങ്ക് സൗണ്ടിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'ഹൃദയപൂർവം' എന്ന ടൈറ്റിൽ എഴുതിയിരിക്കുന്നതും മോഹൻലാലിന്റെ കൈപ്പടയിലാണ്. ചിത്രത്തിന്റെ കഥ അഖിൽ സത്യന്റേതാണ്. സഹ സംവിധായകനായി അനൂപ് സത്യനും ചിത്രത്തിനൊപ്പമുണ്ട്. സംവിധായകരായ രണ്ട് മക്കളും ഹൃദയപൂർവത്തിന്റെ ഭാഗമാണ് എന്നതും പ്രത്യേകതയാണ്. ചിത്രത്തെ കുറിച്ചും, മോഹൻലാൽ എന്ന അഭിനേതാവിനൊപ്പം ജോലി ചെയ്യുന്നതിനെ കുറിച്ചും, മറ്റ് അഭിനേതാക്കളെ കുറിച്ചും സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

'ഹൃദയപൂർവ്വം' കുടുംബപ്രേക്ഷകർക്ക്..

ഹൃദയപൂർവ്വം വളരെ ഇന്ററസ്റ്റിങ്ങ് ആയിട്ടുള്ളൊരു സിനിമയായി മാറിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മോഹൻലാലും ഞാനും ചേർന്ന് ചെയ്യുന്ന സിനിമകളുടെ ഒരു പാറ്റേൺ തന്നെയാണ്. ഹ്യൂമർ ഉള്ള, കുറച്ച് കാലമായി നമ്മൾ കാണാത്ത ലാലിന്റെ മുഖവും, മുഖഭാവങ്ങളും ഈ സിനിമയിൽ കാണാൻ പറ്റുമെന്നാണ് വിചാരിക്കുന്നത്. ഒരു പ്ലെസന്റ് ആയിട്ടുള്ള സിനിമയാണ്. ചിത്രത്തിന്റെ എഡിറ്റിങ് കഴിഞ്ഞു, ഇപ്പോൾ നമ്മൾ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യാനിരിക്കുകയാണ്. 'പാച്ചുവും അത്ഭുതവിളക്കും' ഒക്കെ ചെയ്ത ജസ്റ്റിൻ പ്രഭാകരനാണ് സംഗീതസംവിധാനം. ചെന്നൈയിലാണ് ഞങ്ങളിപ്പോൾ ഉള്ളത്. ഓണത്തിന് ഒരാഴ്ച മുൻപാകും തിയറ്ററുകളിൽ എത്തുന്നുണ്ടാവുക, അതുകൊണ്ട് കുടുംബപ്രേക്ഷകർക്ക് രസം തോന്നാവുന്ന, ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ഒരു സിനിമ തന്നെയാണ്.

സിങ്ക് സൗണ്ട് നൽകുന്ന സത്യസന്ധത

സിങ്ക് സൗണ്ട് മോഹൻലാൽ അധികം ചെയ്തിട്ടില്ല. ജി അരവിന്ദന്റെ വാസ്തുഹാരയ്ക്ക് ശേഷം മോഹൻലാൽ സിങ്ക് സൗണ്ടിൽ ഒരു സിനിമ ചെയ്തിട്ടില്ല. മമ്മൂട്ടി സ്ഥിരമായി പലപ്പോഴും സിങ്ക് ചെയ്യാറുണ്ട്. ഈ സിനിമയെ വേണമെങ്കിൽ ലാലിന്റെ ആദ്യത്തെ സിങ്ക് സൗണ്ട് സിനിമയാണെന്ന് വേണമെങ്കിൽ പറയാം. കാരണം ടെക്‌നോളജി ഒക്കെ മാറിയല്ലോ. ഞാൻ ലാലിനോട് പറഞ്ഞത് പടം കാണുമ്പോൾ വ്യത്യാസം മനസ്സിലാകും എന്നാണ്. അദ്ദേഹം വളരെ കംഫർട്ടബിൾ ആയി പിന്നീടത് ചെയ്യുമ്പോൾ. റീറെക്കോഡിങ് ഇല്ലാതെ തന്നെ സിനിമ കാണുമ്പോൾ സിങ്ക് സൗണ്ടിന്റെ സത്യസന്ധത അനുഭവപ്പെടും. നമ്മൾ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ചില മൂളലുകളും, ചില അക്ഷരതെറ്റുകൾ പോലും ഭംഗിയായി വരും. നമ്മൾ സംസാരിക്കുമ്പോൾ എല്ലാവരും ഒരേപോലെ ആകണം എന്നില്ലല്ലോ, ചില തെറ്റുകളൊക്കെ അതേ പോലെ തന്നെ കേൾക്കാൻ പറ്റുക എന്നത് വേറെ തന്നെയൊരു എക്സ്പീരിയൻസ് ആണ്. ലാലിന്റെ സീനുകൾ കാണുമ്പോൾ ഞാൻ ആലോചിച്ചു എന്തൊരു രസമായിട്ടാണ് വന്നിരിക്കുന്നതെന്ന്. അതായത് പെർഫോം ചെയ്യുന്ന അതേ എഫക്റ്റ് നമുക്ക് കിട്ടുകയല്ലേ... ഡബ്ബിങ് എന്ന് പറയുമ്പോൾ അത് കണ്ട് ചുണ്ടനക്കുന്നത് രണ്ടാമതൊരു ടേക്ക് ആണല്ലോ. എത്ര നന്നായാലും ഈ റിയൽ സൗണ്ടിന്റെ പെർഫെക്ഷൻ അതിനുണ്ടാകില്ല.

മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം എന്ന പ്രതീക്ഷ

ലാൽ എന്റെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. എന്റെ ആദ്യ സിനിമയായ കുറുക്കന്റെ കല്യാണത്തിൽ ലാൽ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്. അന്ന് തൊട്ട് ഞങ്ങൾ ഒന്നിച്ച് യാത്ര ചെയ്യുകയാണ്. പക്ഷെ ഓരോ സിനിമ കഴിയുമ്പോഴും മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. കൊതി തീരുന്നില്ല എന്ന് പറയില്ലേ. നമുക്കെന്നുമെന്നും ഫ്രഷ് ആണ്. നമ്മളൊരു സീൻ വായിച്ചു കൊടുത്തിട്ട്, ക്യാമറ വച്ച് ലാൽ അത് പ്രസന്റ് ചെയ്യുമ്പോൾ, വായിച്ചു കൊടുത്ത ഞാൻ തന്നെ അതിശയിച്ചു പോകും. അദ്ദേഹം തന്നെ പറയാറുണ്ട്, ഡയലോഗ് നന്നായി പറയുന്നതാണ് പെർഫോമൻസ് എന്ന് പലരും വിചാരിക്കും പക്ഷെ ഡയലോഗുകളുടെ ഇടയിലുള്ള സൈലൻസിലാണ് പെർഫോമൻസ് സംഭവിക്കുന്നത്. മോഹൻലാലിന്റെ ഹൈലൈറ്റും അത് തന്നെയാണല്ലോ. അഭിനയിക്കുകയാണെന്ന് തോന്നാതെ സ്വന്തം ഉള്ളിൽ നിന്ന് വരുന്ന സംഭാഷണങ്ങളാണെന്ന് തോന്നും. ഹൃദയപൂർവ്വത്തിലും സ്വാഭാവികമായ ആ പെർഫോമൻസ് വന്നിട്ടുണ്ട്.

'ഹൃദയപൂർവ്വം' ലാലിന്റെ കയ്യക്ഷരത്തിൽ

ലാൽ അസ്സലായിട്ട് എഴുതും. ഓട്ടോഗ്രാഫ് മോഹൻലാൽ എഴുതിക്കൊടുക്കുന്നത് ഞാൻ കാണാറുണ്ട്. മോഹൻലാൽ എന്നൊക്കെ എഴുതുന്നത് രസകരമായിട്ടാണ്. പണ്ട് ഈ മൊബൈൽ ഫോൺ ഇല്ലാതിരുന്ന കാലത്ത്, എന്റെ സിനിമകളിൽ മോഹൻലാൽ അഭിനയിക്കുമ്പോൾ ഫാൻസ്‌ ചുറ്റും കൂടിയിട്ട് ഓട്ടോഗ്രാഫ് ഒപ്പിടാൻ നോട്ട്ബുക്കുകൾ കൊടുക്കും. തമാശയ്ക്ക് ഞാനും ഒരു പേപ്പർ സൈഡിലൂടെ കൊടുക്കും, എന്നെ കാണില്ലല്ലോ, ആൾക്കൂട്ടത്തിനിടയിലൂടെ എന്റെ കൈ മാത്രം നീട്ടി ഒപ്പ് വാങ്ങും. അങ്ങനെ സ്നേഹപൂർവ്വം മോഹൻലാൽ എന്നെല്ലാം എഴുതിയ പേപ്പറുകൾ എന്റെ കയ്യിലുണ്ട്. അതിന്റെ ഒരു സ്റ്റൈൽ ഓഫ് റൈറ്റിംഗ് ഉണ്ട്. അതിമനോഹരമായ കയ്യക്ഷരം.

ഹൃദയപൂർവം എന്ന് പറയുന്നത് നമ്മൾ കത്തുകളൊക്കെ എഴുതുമ്പോൾ കൊടുക്കുന്ന സംബോധനയാണല്ലോ. ആ ലെറ്റർ പോലെ ലാലിനോട് എഴുതാൻ പറഞ്ഞപ്പോൾ, ലാൽ കുറെ തരത്തിൽ എഴുതി തന്നു. അതിൽ നിന്ന് എടുത്തതാണ് നമ്മുടെ ടൈറ്റിൽ ഡിസൈൻ.

ടൈറ്റിലിന് വേണ്ടി മോഹൻലാൽ എഴുതി നോക്കിയത്

ശരാശരി മലയാളിയുടെ നായകൻ

ഞാൻ മനഃപൂർവ്വം ഗ്രാമത്തിന്റെ കഥ പറയാം എന്ന് വിചാരിച്ച് കടന്നു വന്നതല്ലല്ലോ. നമുക്ക് ഇഷ്ടപ്പെടുന്ന സബ്ജക്റ്റ് അങ്ങനെയാകുന്നതാണ്. പൊന്മുട്ടയിടുന്ന താറാവ് ഗ്രാമത്തിന്റെ കഥയാണ്, മഴവിൽക്കാവടി ആയാലും, സന്ദേശം ആയാലും. ഞാൻ ജീവിക്കുന്ന പശ്ചാത്തലത്തിൽ നിന്നുണ്ടാകുന്നതാണ്. പിന്നീടത് ഒരു ബ്രാൻഡ് ആയി മാറിയതാണ്. മിക്കവാറും സിനിമകൾ ഇടത്തരക്കാരുടെ കാഴ്ചപ്പാടിലായിരിക്കും, ഈ സിനിമയും അതിൽ വ്യത്യാസമൊന്നുമില്ല. ഗ്രാമമായാലും, നഗരമായാലും, നാട്ടിൻപുറം ആയാലും, പൂനെ ആയാലും ഒരു മിഡിൽ ക്ലാസ് ഫാമിലി അതിന്റെ ഉള്ളിലുണ്ട്. നമുക്ക് ചിന്തിക്കാൻ സാധിക്കാത്ത തരത്തിലുള്ള സാഹചര്യങ്ങൾ അല്ല. ഒരു ശരാശരി മലയാളിക്ക് അറിയാവുന്ന ജീവിതങ്ങളാണ്. സാധാരണക്കാരനായ മോഹൻലാൽ തന്നെയാണ് ഇതിൽ. മോഹൻലാലിനെ വച്ച് ചെയ്യുമ്പോൾ മാത്രമല്ല. ജോമോന്റെ സുവിശേഷത്തിൽ ദുൽഖർ സൽമാനാണ്, ഞാൻ പ്രകാശനും, ഇന്ത്യൻ പ്രണയകഥയും ഫഹദ് ഫാസിലാണ്, അവരൊക്കെ സാധാരണക്കാരാണ്. എന്റെ നായകന്മാർ, എന്റെ കഥാപാത്രങ്ങൾ സാധാരണക്കാരാണ്. അതിൽ നിന്ന് മാറ്റമില്ല.ഹൃദ്യപൂർവ്വത്തിലെ മോഹൻലാൽ നമുക്കിടയിലുള്ള ഒരാളാണ്. നമുക്കിയാളെ പരിചയുമുണ്ടല്ലോ എന്ന് നമുക്ക് തോന്നും.

മറ്റ് കഥാപാത്രങ്ങൾ

മാളവിക മോഹനനും, സംഗീതയുമാണ് കേന്ദ്ര നായികാകഥാപാത്രങ്ങൾ. ഇത് പ്രണയകഥയൊന്നുമല്ല അതുകൊണ്ട് തന്നെ മോഹൻലാലിന്റെ നായിക എന്നതല്ല. കഥയിലെ ലീഡിങ് സ്ത്രീകഥാപാത്രങ്ങൾ. സിദ്ധിക്ക്, ലാലു അലക്സ് തുടങ്ങിയവരുമുണ്ട്. കഥ കൂടുതലും നടക്കുന്നത് പൂനെയിലാണ്. അവിടെ ജനിച്ച് വളർന്ന ഒരു പെൺകുട്ടിയായിട്ടാണ് മാളവിക അഭിനയിക്കുന്നത്. ഹിന്ദിയും, ഇംഗ്ലീഷും, മറാത്തിയും എല്ലാം സംസാരിക്കുന്നുണ്ട്. അവർ മലയാളി ആണെങ്കിലും ഈ ഭാഷകളൊക്കെ സംസാരിക്കുന്ന ആൾ കൂടെയാണ്. അത് സിങ്ക് സൗണ്ടിൽ വരുന്നതും ഒരു എക്സ്പീരിയൻസ് ആണ്.

സംഗീത അതിമനോഹരമായിട്ടുണ്ട്. എന്ത് രസമായിട്ടാണ് സംഗീത പെർഫോം ചെയ്തിരിക്കുന്നത്! മലയാള സിനിമയിൽ സംഗീതക്ക് വേണ്ടി ഒരുപാട് കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു. നായികാ സ്ഥാനത്ത് നിന്ന് മാറി വളരെ പെർഫോമൻസ് വാല്യൂ ഉള്ള സീനുകൾക്ക് ഉപയോഗിക്കാവുന്ന ഒരു നടിയാണ് അവർ. എന്റെ കൂടെ ആദ്യമായിട്ടാണ് സംഗീത ജോലി ചെയ്യുന്നത്. ചിന്താവിഷ്ടയായ ശ്യാമള ചെയ്യുന്ന സമയത്ത് കണ്ട് പരിചയമുണ്ട് എന്നതല്ലാതെ ജോലി ചെയുന്നത് ഇപ്പോഴാണ്. അന്ന് ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ ഞാൻ സംഗീതയോട് പറഞ്ഞിരുന്നു ഒരു സ്റ്റേറ്റ് അവാർഡ് കിട്ടിയേക്കുമെന്ന്.

സംഗീത് പ്രതാപ് ഇതിലെ വലിയൊരു ഘടകമാണ്. മോഹൻലാൽ - ശ്രീനിവാസൻ, അല്ലെങ്കിൽ മോഹൻലാൽ - ജഗതി ശ്രീകുമാർ എന്നൊക്കെ പറയുന്ന കോമ്പിനേഷൻസ് ഉണ്ടായത് പോലെ രണ്ട് തലമുറകളുടെ സംഗമമായി കണക്കാക്കാം ഇത്. രണ്ട് പേരും കോമ്പിനേഷൻ സീനുകളിൽ രസമുള്ള ആളുകൾ. ഭയങ്കര ഹ്യൂമർ ആണ് ഇവർ കൂടിചേർന്നാൽ. ഓണത്തിന് ആളുകൾ വരുന്നത് സിനിമ കണ്ട് ആസ്വദിക്കാനാണല്ലോ. ആവശ്യത്തിൽ കൂടുതൽ വയലൻസോ ഒന്നുമില്ലാതെ, വളരെ സിംപിൾ ആയ ഒരു കഥ, മനോഹരമായി അവതരിപ്പിക്കുന്നു. ബാക്കി നമുക്ക് നോക്കാം.

തുടരും കഴിഞ്ഞ് വരുന്നത് എന്ന പ്രതീക്ഷ

മോഹൻലാലിൽ നിന്ന് ആളുകൾ എന്നും പ്രതീക്ഷിക്കുന്നുണ്ടല്ലോ. സിനിമകൾ പരാജയപ്പെടുമ്പോഴും, മോഹൻലാൽ എന്ന അഭിനേതാവിൽ മലയാളിക്കൊരു വിശ്വാസമുണ്ട്. ആ വിശ്വാസമാണ് നമ്മൾ തുടരും വന്നപ്പോൾ കണ്ടത്. ലാലിനോടൊരു സ്നേഹമുണ്ട് ജനങ്ങൾക്ക്. ആ സ്നേഹം ഹൃദയപൂർവ്വത്തിലും ഉണ്ടാകും എന്നെനിക്ക് തോന്നുന്നു. എത്ര കണ്ടാലും നമുക്ക് മതിയാകാത്ത ഒരു അഭിനേതാവാണ് നമുക്ക് മോഹൻലാൽ.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT